ടൈം

Published on: 5/20/2007 08:41:00 AM
ടൈം - അഴിമതിയാരോപണങ്ങളെത്തുടര്‍ന്ന് രാജിവെച്ച് പുറത്തുപോയ, ഇപ്പോള്‍ അന്വേഷണം നേരിടുന്ന മന്ത്രിമാരുടെ മരനമന്വേഷിക്കുവാനെത്തുന്ന പോലീസുദ്യോഗസ്ഥനാണ് ഡോ. അപ്പന്‍ മേനോന്‍ ഐ.പി.എസ്. കേസിന്റെ അന്വേഷണമാണ് ടൈം എന്ന സിനിമ.
ചിന്താമണി കൊലക്കേസിനു ശേഷം ഷാജി കൈലാസ് - സുരേഷ് ഗോപി ടീ‍മില്‍ നിന്നും മറ്റൊരു ആക്ഷന്‍ ചിത്രം. സുരേഷ് ഗോപി പോലീസ് വേഷത്തിലെത്തുന്ന ടൈമിന്റെ കഥ-തിരക്കഥ-സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് രാജേഷ് ജയരാമന്‍. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഗോപന്‍. പകയുടേയും പ്രതികാരത്തിന്റേയും തന്നെ കഥ, പക്ഷെ അനുബന്ധമായി കുറേ സെന്റിമെന്റ്സും ആനുകാലിക പ്രസക്തിയുള്ള സംഭവങ്ങളും ചേര്‍ത്തിട്ടുണ്ടെന്നു മാത്രം.

അഴിമതിയാരോപണങ്ങളെത്തുടര്‍ന്ന് കൃഷ്ണന്‍ നമ്പ്യാര്‍ എന്ന മന്ത്രി രാജിവെച്ച് അന്വേഷണങ്ങളെ നേരിടുവാനൊരുങ്ങുന്നു, എന്നാല്‍ അദ്ദേഹം കൊല്ലപ്പെടുന്നു. കേസന്വേഷിക്കുവാന്‍ നിയോഗിക്കപ്പെട്ട അലക്സാണ്ടര്‍ മേക്കാടന്‍ (സിദ്ദിഖ്) ഒരു മാസമായിട്ടും അന്വേഷണം എവിടെയുമെത്തിക്കാത്തതിനാല്‍ മുഖ്യമന്ത്രി അന്വേഷണം, സര്‍വ്വീസ് ബുക്കില്‍ നല്ല പേരുള്ള, ക്രിമിനോളജിയില്‍ ഡോക്ടറേറ്റ് നേടിയ, ഡോ. അപ്പന്‍ മേനോനെ (സുരേഷ് ഗോപി) ഏല്‍പ്പിക്കുന്നു. അപ്പന്‍ മേനോന്‍, അലക്സാണ്ടര്‍ പിന്നെ വേണു (വിജയകുമാര്‍) എന്നിവര്‍ ചേര്‍ന്ന് കേസന്വേഷണം തുടരുന്നു. അന്വേഷണം ആരംഭിക്കുമ്പോള്‍ തന്നെ, അഴിമതിയാരോപണത്തെത്തുടര്‍ന്ന് രാജിവെച്ച് അന്വേഷണത്തിനു തയ്യാറായ രണ്ടു മന്ത്രിമാര്‍ കൂടി വധിക്കപ്പെടുന്നു. ഈ മന്ത്രിമാരുടെയെല്ലാം അഴിമതിക്കഥകള്‍ തെളിവുസഹിതം പുറത്തുകൊണ്ടുവന്നത് ദിശ എന്ന മിതവാദി സംഘടനയാണ്. ബുക്കര്‍ സമ്മാനം നേടിയ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സൂസന്‍ മേരി തോമസാണ് (പത്മപ്രിയ) ദിശയുടെ അമരത്ത്. ഈ കൊലപാതകങ്ങള്‍ക്കു പിന്നിലാര്? എന്താണ് കാരണം? ഇതൊക്കെയാണ് ടൈമിന്റെ തുടര്‍ന്നുള്ള ഭാഗം.

അപ്പന്‍ മേനോന്റെ കാര്‍ക്കശ്യക്കാരനായ അച്ഛന്‍ വിശ്വനാഥന്‍ മേനോനെ സുരേഷ് ഗോപി തന്നെ അവതരിപ്പിച്ചിരിക്കുന്നു. അപ്പന്റെ സ്നേഹസമ്പന്നയായ ഭാര്യ വൈഗയെ അവതരിപ്പിച്ചിരിക്കുന്നത് പുതുമുഖം വിമല രാമന്‍. മനോജ് കെ. ജയന്‍, സായി കുമാര്‍, ലാല്‍, കീരിക്കാടന്‍ ജോസ്, ടി. പി. മാധവന്‍ എന്നിങ്ങനെ ഒരു നീണ്ട താരനിരതന്നെ ചിത്രത്തിലുണ്ട്, പക്ഷെ ആര്‍ക്കും കാര്യമായ റോളൊന്നുമില്ല. ഡയറി വായന കാണിച്ചും, ടൈം/കാലം എന്നതിന്റെ പേരില്‍ കുറേ ഡയലോഗുകള്‍ പലതവണ കേള്‍പ്പിച്ചും, ടെന്നീസ് ബോളുരുട്ടിയും, സുരേഷ് ഗോപിയുടെ നടത്തം കാണിച്ചും ഒരുവിധം നന്നായിത്തന്നെ പ്രേക്ഷകരെ ബോറടിപ്പിക്കുന്നുമുണ്ട് സംവിധായകന്‍. ഒരു അരമുക്കാല്‍ മണിക്കൂര്‍ കാണിക്കുവാനുള്ള സാധനം രണ്ടേകാല്‍ മണിക്കൂറെത്തിക്കുവാന്‍ സംവിധായകര് പെടുന്ന പാട് ഇതു കണ്ടാല്‍ മനസിലാവും.

ചിന്താമണി കൊലക്കേസ്, ഡോണ്‍ എന്നീ ഷാജി ചിത്രങ്ങളിലേതുപോലെ, അന്യായത്തെ എതിര്‍ക്കുവാനൊരു ബദല്‍ സംവിധാനം ഉയരുന്ന കഥതന്നെയാണിതും. ചില സിനിമകളില്‍ അത് വ്യക്തിയുടെ ഒറ്റയാള്‍ പോരാട്ടമാവുന്നു, മറ്റു ചിലതില്‍ ഒരു സംഘം ആ വ്യക്തിക്ക് കൂട്ടായുണ്ടാവുന്നു എന്നതാണ് ആകെയുള്ള വ്യത്യാസം. സംഭാഷണം പൂര്‍ണ്ണമായും രാജേഷ് ജയരാമന്റേതല്ല, നമ്മുടെ മുഖ്യമന്ത്രി അച്ചുതാനന്ദനും കുറച്ചു ക്രെഡിറ്റ് നല്‍കണം. കണ്ടുമടുത്ത ഷാജി കൈലാസ് ഇഫക്ടുകളും സുരേഷ് ഗോപിയുടെ സാന്നിധ്യവും ഒഴിച്ചു നിര്‍ത്തിയാല്‍ ടൈമില്‍ കാര്യമായൊന്നുമില്ല. ചിത്രത്തില്‍ നായകന്‍ പലയിടത്തായി പറയുന്ന വാചകം തന്നെയാവും തിയ്യേറ്റര്‍ വിട്ടിറങ്ങുന്ന പ്രേക്ഷകര്‍ സംവിധായകനോടും പറയുക: “യുവര്‍ ടൈം ഈസ് അപ്പ്...”
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
ടൈം - മലയാളം മൂവി റിവ്യൂസ്


Read More:
IndiaGlitz
NowRunning

--

Keywords: Time, Suresh Gopi, Shaji Kailas, Padmapriya, Siddique, Vimala Raman, Double Role, Malayalam Movie Review, Film, Cinema, May Release, Action, Police Story
--

8 comments :

 1. അഴിമതിയാരോപണങ്ങളെത്തുടര്‍ന്ന് രാജിവെച്ച് പുറത്തുപോയ, ഇപ്പോള്‍ അന്വേഷണം നേരിടുന്ന മന്ത്രിമാരുടെ മരനമന്വേഷിക്കുവാനെത്തുന്ന പോലീസുദ്യോഗസ്ഥനാണ് ഡോ. അപ്പന്‍ മേനോന്‍ ഐ.പി.എസ്. കേസിന്റെ അന്വേഷണമാണ് ടൈം എന്ന സിനിമ.

  സുരേഷ് ഗോപി - ഷാജി കൈലാസ് എന്നിവര്‍ ഒന്നിക്കുന്ന പുതിയ ചിത്രം ടൈമിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --
  “ടൈം പ്രമേയത്തില്‍ ഒരു വ്യത്യസ്തതയുമില്ലാത്ത ചിത്രമാണ്. പകയുടേയും പ്രതികാ‍രത്തിന്റേയും ആവര്‍ത്തനം തന്നെ ഇതിലും. എങ്കിലും എങ്ങിനെ അതു പറഞ്ഞിരിക്കുന്നു, തിരക്കഥയിലെ പുതുമ ഇതൊക്കെയാണ് ടൈമിനെ വ്യത്യസ്തമാക്കുന്നത്.” - സുരേഷ് ഗോപി (ഇന്നലെ ഒരു ടി.വി. ഷോയില്‍ കണ്ടത്.)

  ReplyDelete
 2. ഹരിയുടെ ചിത്ര വിശേഷം വായിക്കാറുണ്ടായിരുന്നു,
  ഫിലിം കാണുന്നത് ഒരു ക്രേസ് അല്ലാത്തതിനാലും, അവസരങ്ങളില്ലാത്തതിനാലും കമന്റാറില്ലാരുന്നു, എങ്കിലും താങ്കളുടെ സരംഭത്തെ അഭിനന്ദിക്കുന്നു:)

  ReplyDelete
 3. ഷാജിയോട് മാത്രമല്ല.. എനിക്ക് വേറെ കുറെ പേരോടും അതു പറയാനുണ്ട്. :-)

  ReplyDelete
 4. hariyude kasu ipravasyavum poyi alle? shaji kailasinte padanagl ellam pottiyittum vindum vindum padam pidikkayanallo!!!!! producermarude kashtakalam ennellathe endhu parayan...shaji kailas pillarem nokki veettil irikkan ayi ennu saram...

  ReplyDelete
 5. ചാത്തനേറ്: ചാത്തനോടി വരുകായിരുന്നു ഇത് നിരൂപിക്കാന്‍ വേണ്ടിയാണേലും പോയിക്കാണരുത് ന്ന് പറയാ‍ന്‍.. അപ്പോഴേക്കും കണ്ടു അല്ലേ..ഭാഗ്യവാന്‍, അല്ലാതെന്താ പറയുക!!! :)

  ReplyDelete
 6. ഏറെ ചര്ച്ച ചെയ്യപ്പെടേണ്ട ഒരു സിനിമ ആണ് “ടൈം”.സിനിമയുടെ മറ്റ് എല്ലാ ഡിഫക്ടും മാറ്റിവയ്ക്കാം എന്നാലും ഒന്ന് പറയാതെ വയ്യ. സമൂഹത്തിന് ഒരു തെറ്റായ സന്ദേശം തരുന്ന സിനിമ ആണിത് എന്ന് വിഷമത്തോടെ പറയട്ടെ. മുന്പുള്ള പല സുരേഷ് ഗോപി പടങ്ങളിലും അക്രമത്തിലൂടെ വിജയം നേടുന്നതു പോലെ അവഗണിക്കാവിന്നതല്ല ഈ സിനിമയുടെ ക്ളൈമാക്സ്.

  അഹിംസാവാദികളായ “ദിശ” എന്ന സംഘടനയെ, അവസാനം ഹിംസയിലൂടെയെ ഇനി വിജയം വരിക്കാന് കഴിയൂ എന്ന തിരിച്ചറിവിലോട്ട് എത്തിക്കുന്നത് അപ്പന് മേനോന്റെ ഒരു വിജയമായി സിനിമയില് കാണിക്കുന്നുണ്ട്.. പല യുവത്വങ്ങളേയും ഇത് തെറ്റി ധരിപ്പിക്കും. മഹാത്മാ ഗാന്ധിയെ പേരെടുത്ത് പറഞ്ഞ് അദ്ദേഹം വിഭാവനം ചെയ്ത അഹിംസ എന്ന സമര മുറയിലൂടെ, സമൂഹത്തിലെ അക്രമത്തിനും, കൊള്ളരുതായ്മകള്ക്കും സമരം ചെയ്യുന്ന “ദിശ” എന്ന സംഘടനയെ, അതില് നിന്നും മാറ്റി ചിന്തിപ്പിച്ച് ഹിംസയിലൂടെയേ ഇനിയുള്ള കാലത്ത് പ്രതികരിക്കാനാവൂ എന്ന രീതിയിലുള്ള വിഷ്വലൈസേഷന് ഒരിക്കലും അഭികാമ്യമല്ല. നിര്ഭാഗ്യവശാല് അത്തരത്തില് ആണ് ഷൂട്ട് ചെയ്തിരിക്കുന്നത്.

  ഇതിന് പ്രദര്ശനാനുമതി കിട്ടിയത് എന്നെ അത്ഭുതപ്പെടുത്തുന്നു. സിനിമയുടെ നിലവാരം അല്ലിവിടെ പ്രശ്നം. ഒരിക്കലും പറയാന് പാടില്ലാത്തത് പറയുക മാത്രമല്ല, പ്രവര്ത്തിച്ചു കാണിക്കുകയും ചെയ്യുന്നു. ഇതുവരെ ഒരു മധ്യമങ്ങളിലും ഇത്തരത്തില് ഒരു അഭിപ്രായം കാണുകയുണ്ടായില്ല എന്നത് നിര്ഭാഗ്യകരം തന്നെ. സിനിമ കണ്ട് എന്റെ ടൈം പോയതു മിച്ചം. എന്റെ നാല്പ്പതു രൂപ പോയതിന് “കാലം” ഷാജി കൈലാസിനോട് കണക്ക് ചോദിക്കട്ടെ , അല്ലാതെ എന്തു പറയാന് ,അല്ലേ ഹരീ…..

  ReplyDelete
 7. നീ പുതിയ സിനിമയുടെ ഒക്കെ കഥ ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ പിന്നെ തീയേറ്ററില്‍ പോകേണ്ട ആവശ്യം ഇല്ലല്ലോ? ആരെങ്കിലും പരാതി കോടുത്താല്‍ മോനെ, നീ അഴി എണ്ണും.

  ReplyDelete
 8. സാജനോട്,
  നന്ദി... :)

  സിജുവിനോട്,
  ഹി ഹി ഹി... :) (നമ്മളോടു പറയുന്ന ഒരു തലമുറയുമുണ്ടാവും, അതും മറക്കണ്ട. :)

  ഷജീറിനോട്,
  അങ്ങിനെയൊന്നുമില്ല. ഷാജിയുടെ അടുത്ത പ്രോജക്ട് മോഹന്‍ലാലുമായി ചേര്‍ന്നാണ്‌.

  കുട്ടിച്ചാത്തനോട്,
  അപ്പോള്‍ ചാത്തനിപ്പോള്‍ നാട്ടിലാണോ? അതോ, ഈ ചിത്രം ഇന്ത്യയിലൊട്ടുക്ക് ആദ്യ ദിനം തന്നെ റിലീസ് ചെയ്തോ?

  അനൂപിനോട്,
  തീവ്രവാദം തോക്കിലൂടെ മാത്രമല്ലല്ലോ ആവാവുന്നത്... സിനിമയിലൂടെയുമാവാം. ഷാജിയുടെ ആശയം, അഹിംസകൊണ്ട് ഇനിയിപ്പോള്‍ വലിയ കാര്യമൊന്നുമില്ല. ഹിംസ തന്നെയേ പരിഹാരമായുള്ളൂ എന്നാണ്. അതുകൊണ്ട് അങ്ങിനെ സിനിമയെടുക്കുന്നു... അത്രതന്നെ... വെറുതേ പ്രദര്‍ശനമൊക്കെ തടഞ്ഞിരുന്നെങ്കില്‍, പബ്ലിസിറ്റിയൊക്കെ കിട്ടി, ഇതങ്ങ് ഹിറ്റായേനേ... :)

  സുധീഷിനോട്,
  എന്താണ് പരാതിപ്പെടുന്നത്? പല പ്രാവശ്യം പറഞ്ഞു കഴിഞ്ഞതാണ്, ഞാനിവിടെ കഥ പറയാറില്ല. ഇതു വായിച്ചാല്‍ ടൈമിന്റെ കഥ മനസിലാവുമോ? പിന്നെ കഥാസാരം, അത് പ്രിവ്യൂകളില്‍ പോലും ലഭ്യമാണ്.
  --

  ReplyDelete