സ്പൈഡര്‍മാന്‍ 3

Published on: 5/05/2007 06:02:00 PM

യുവര്‍ ഫ്രണ്ട്‌ലി നൈബര്‍ ഹുഡ്, സ്പൈഡര്‍മാന്റെ വീരസാഹസങ്ങളുടെ തുടര്‍ച്ചയാണ് ഈ ചലച്ചിത്രം. മൂന്നാം ഭാഗം കഥ പൂര്‍ണ്ണമായും മനസിലാക്കി ആസ്വദിക്കുവാന്‍, സ്പൈഡര്‍മാന്റെ കഴിഞ്ഞ ചിത്രങ്ങള്‍, പ്രത്യേകിച്ച് ഒന്നാം ഭാഗം കണ്ടിരിക്കുന്നതാണ് നല്ലത്. സ്പൈഡര്‍മാന്‍ ഒന്നും രണ്ടും സംവിധാനം ചെയ്ത സാം റൈമി തന്നെയാണ് ഇതിന്റെയും സംവിധാനം. സാം റൈമി, ഇവാന്‍ റൈമി, അല്‍‌വിന്‍ സാര്‍ജന്റ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതിയിരിക്കുന്നു.

പീറ്റര്‍ പാര്‍ക്കര്‍/സ്പൈഡര്‍മാന്‍ (ടോബി മഗ്വയര്‍) തന്റെ അത്ഭുത സിദ്ധികളാല്‍‍ ന്യൂയോര്‍ക്ക് നിവാസികളെ കള്ളന്മാരില്‍ നിന്നും കൊള്ളക്കാരില്‍ നിന്നും വിപത്തുകളില്‍ നിന്നുമൊക്കെ സംരക്ഷിച്ചു കൊണ്ടിരിക്കുന്നു. തനിക്ക് പീറ്ററിന്റെ സാമീപ്യം ആവശ്യമുള്ളപ്പോള്‍ പീറ്ററിനെ ലഭിക്കാത്തതില്‍ കാമുകി മേരി ജയിന്‍ വാട്സണ്‍ (കിര്‍സ്റ്റന്‍ ഡന്‍സ്റ്റ്) അസന്തുഷ്ടയാണ്. യൂണിവേഴ്സിറ്റിയില്‍ സഹപാഠിയും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ മകളുമായ ഗ്വെന്‍ സ്റ്റസി (ബ്രേസ് ഡല്ലാസ് ഹോവാര്‍ഡ്)യുമായി പീറ്റര്‍ അടുത്തിടപഴകുന്നത് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ഹാരി ഓസ്ബോണ്‍ (ജയിംസ് ഫ്രാങ്കോ) തന്റെ അച്ഛന്റെ മരണത്തിന് സപൈഡര്‍മാനോട് പകരം ചോദിക്കുവാന്‍ തയ്യാറായിരിക്കുന്നു. ന്യൂ ഗോബ്ലിനായി ഹാരി മാറുന്നു.

അങ്കിള്‍ ബെന്‍ യഥാര്‍ത്ഥത്തില്‍ കൊല്ലപ്പെട്ടത് ഫ്ലിന്റ് മാര്‍ക്കോ (തോമസ് ഹേഡന്‍ ചര്‍ച്ച്) എന്ന കൊള്ളക്കാരനാലാണെന്ന് ഇതിനിടയില്‍ പീറ്റര്‍ അറിയുന്നു. എന്നാലിപ്പോള്‍, മണല്‍ക്കാറ്റായി സഞ്ചരിക്കുകയും, അസാമാന്യ ശക്തികളുള്ളതുമായ സാന്‍ഡ്‌മാന്‍ ആയി മാര്‍ക്കോ‌ പരിവര്‍ത്തനപ്പെട്ടിരിക്കുന്നു. ഇതിനിടയില്‍ പീറ്ററിന്റെ ഡെയ്‌ലി ബൂഗിളിലെ ഫോട്ടോഗ്രാഫര്‍ ജോലിക്ക് ഭീഷണിയായി എഡ്ഡീ ബ്രോക്ക് (ടോഫര്‍ ഗ്രേസ്) എത്തുന്നു. തന്റെ കള്ളത്തരം പുറത്തു കൊണ്ടുവന്ന പീറ്ററിനോടുള്ള പ്രതികാരം ചെയ്യുവാന്‍ ഉത്സുകനായ എഡ്ഡി വേനം എന്ന പൈശാചിക ശക്തിയായി മാറുന്നു. അമ്മാവന്റെ കൊലയാളിയോട് പ്രതികാരവുമായി നടക്കുന്ന പീറ്ററിനേയും ഇടയ്ക്ക് വേനം ബാധിക്കുന്നുണ്ട്. ന്യൂ ഗോബ്ലിന്‍, സാന്‍ഡ്മാന്‍, വേനം എന്നിവരെ സ്പൈഡര്‍മാന്‍ എങ്ങിനെ നേരിടും? കാമുകിയേയും ന്യൂയോര്‍ക്ക് നഗരത്തേയും ഇവരില്‍ നിന്നും സംരക്ഷിക്കുവാന്‍ സ്പൈഡര്‍മാന് കഴിയുമോ? ഇതൊക്കെയാണ് സിനിമയുടെ കാതല്‍.


ഈ ചിത്രത്തിലും സ്പൈഡര്‍മാനായി ടോബി മഗ്വയര്‍ തിളങ്ങിയിരിക്കുന്നു. ഡൈയ്‌ലി ബൂഗിള്‍ പത്രാധിപര്‍, ജെ. കെ. സിംസണ്‍(ജെ. ജൊനാഹ് ജേംസണ്‍), വരുന്ന നര്‍മ്മരംഗങ്ങള്‍ രസിപ്പിക്കുന്നവതന്നെ. പീറ്റര്‍ - മേരി ജേയ്ന്‍ റൊമാന്റിക് രംഗങ്ങളൊഴിച്ചാല്‍ ചിത്രത്തിന്റെ കഥ വളരെ വേഗതയുള്ളതാണ്, കുട്ടികള്‍ക്ക് രസിക്കുന്നതുമാണ്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളും നന്നായിത്തന്നെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. എന്നിരുന്നാലും മനോഹരമായ ഗ്രാഫിക്സ് തന്നെയാണ് ഈ ചിത്രത്തിന്റേയും ഹൈലൈറ്റ്. സ്പൈഡര്‍മാന്‍ കൂടാതെ, വേനം, സാന്‍ഡ്മാന്‍ എന്നിവരുടെ ഗ്രാഫിക്സും വളരെ മികച്ചു നിന്നു. പക്ഷെ ഇടയ്ക്കെങ്കിലും സ്പൈഡര്‍മാന്‍, വേനം എന്നിവരുടെ വേഷം പ്രത്യേക കുപ്പായമാണോ അതോ അവരുടെ ശരീരം തന്നെയാണോ എന്ന് പ്രേക്ഷകര്‍ക്ക് സംശയം തോന്നാതിരിക്കില്ല.

മൂന്ന് വില്ലന്മാരെ ഒരുമിച്ച് അവതരിപ്പിച്ചിരിക്കുന്നതിനാല്‍, മൂന്നു പേരേയും മികവുറ്റതാക്കുവാന്‍ (ഡെപ്ത് നല്‍കുവാന്‍) സിനിമയുടേ സൃഷ്ടാക്കള്‍ക്ക് കഴിഞ്ഞില്ല. ഒന്നാം ഭാഗത്തില്‍ ഗ്രീന്‍ ഗോബ്ലിന്‍, രണ്ടില്‍ ഡോക്ക് ഓക്ക്, എന്നാല്‍ മൂന്നില്‍ വേനമെന്നോ സാന്‍ഡ് മാനെന്നോ ന്യൂ ഗോബ്ലിനെന്നോ പറയുവാന്‍ കഴിയുകയില്ല. മൂന്നുപേരുമുണ്ട് എന്നാല്‍ മൂവരുമില്ല എന്ന അവസ്ഥ. ചില രംഗങ്ങള്‍, പ്രത്യേകിച്ചും തനിക്ക് മറ്റൊരാളോട് ഇഷ്ടമുണ്ടെന്ന് കാമുകി പറയുമ്പോള്‍ പീറ്റര്‍ കരയുന്ന രംഗം, വളരെ അരോചകമായിത്തോന്നി. മറ്റു പല സീനുകളിലും ടോബി മഗ്വിറേയുടെ അമിതാഭിനയം സീനിന്റെ ഗൌരവം കളയുന്നതായി. ചിത്രത്തിലെ വില്ലന്മാരുടെമേല്‍ സപൈഡര്‍മാന്‍ ആധികാരികമായ വിജയമാണ് നേടിയതെന്ന് പ്രേക്ഷകര്‍ക്കു തോന്നില്ല, അത് ചിത്രത്തിന്റെ രസം കുറയ്ക്കുന്നു. സ്പൈഡി കഴിവുകളുടെ വിദഗ്ദ്ധമായ ഉപയോഗങ്ങളിലൂടെയും, തന്ത്രങ്ങളിലൂടെയുമുള്ള സപൈഡര്‍മാന്റെ മുന്നേറ്റങ്ങള്‍ ഇതില്‍ കുറയും. സ്പൈഡര്‍മാന്റെ പ്രത്യേക കഴിവുകളേക്കാളേറെ, സാധാരണ നായകന്മാരുടെ കൈകരുത്തുതന്നെയാണ് ക്ലൈമാക്സ് രംഗങ്ങളില്‍ കൂടുതല്‍ പ്രകടമാവുന്നത്. സ്പൈഡര്‍മാന്‍ ഒന്നും രണ്ടും ഭാഗങ്ങള്‍ കണ്ടപ്പോള്‍ അടുത്ത ഭാഗം ഇറങ്ങണമെന്നും കാണണമെന്നും തോന്നിയിരുന്നെങ്കില്‍, ഈ ചിത്രം കണ്ടിറങ്ങുന്നവര്‍ നാലാം ഭാഗത്തിനായി ആഗ്രഹിക്കുമോ എന്ന കാര്യം സംശയമാണ്.
--

Post a Comment

Keywords: Spiderman 3, Spider-Man 3, Spider-Man III, Spiderman III, സ്പൈഡര്‍മാന്‍, Movie Review, Film Review, Malayalam, Cinema, Venom, Sandman, New Goblin, Mary Jane, Toby Magire, ടോബി മാഗിറേ

10 comments :

 1. ദുഷ്ടശക്തികള്‍ക്കെതിരെയുള്ള പോരാട്ടം സ്പൈഡര്‍മാന്‍ തുടരുന്നു. സ്വന്തം മനസിനുള്ളില്‍ കടന്നുവരുന്ന ദുഷ്ടചിന്തകളെയാണ് സ്പൈഡി ആദ്യം ജയിക്കേണ്ടത്. തുടര്‍ന്ന് വേനം, സാന്‍ഡ് മാന്‍, ന്യൂ ഗോബ്ലിന്‍ എന്നിവരുമായും പീറ്ററിന് ഏറ്റുമുട്ടേണ്ടിവരുന്നു.

  സ്പൈഡര്‍മാന്‍ സീക്വലിലെ പുതിയ ചിത്രം സ്പൈഡര്‍മാന്‍ 3-ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. നല്ല നിരൂപണം ഹരീ. ഇഷ്ടപ്പെട്ടു. വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.

  സ്പൈഡര്‍മാനെപ്പറ്റി (3) “കൊള്ളായ്കയില്ല” എന്നാണ് ആളുകള്‍ പറയുന്നത്. എന്നാലും, മോള്‍ക്ക് വേണ്ടി ഡിവിഡി എടുക്കണം. മിക്കവാറും സിനിമയ്ക്ക് മുന്‍പൊക്കെ സ്പൈഡിയുടെ ട്രെയ്‌ലര്‍ വരുമ്പോള്‍ ചുള്ളത്തി ഭയങ്കര ആവേശത്തിലാണ്.

  സ്പൈഡര്‍മാന്‍ 1 എനിക്കും ഇഷ്ടമായിരുന്നു.

  ReplyDelete
 3. ഒരുകാര്യം കൂടി സജസ്റ്റ് ചെയ്തോട്ടേ :

  തുടക്കത്തില്‍ തന്നെ കഥ ഏതാണ്ട് വിശദമായിത്തന്നെ എഴുതുന്നത് വായനാരസം കുറയ്ക്കുന്നു. ത്രെഡും ഹൈലൈറ്റ്സും പറഞ്ഞിട്ട് നേരേ നിരൂപണത്തിലേയ്ക്ക് കടക്കുന്നതാവില്ലേ കുറച്ചൂകൂടി രസം എന്നൊരു ചിന്ത. Just a suggestion. :)

  Also, ടോബി മഗ്വയര്‍ എന്നാണ് ആളുകള്‍ ഉച്ചരിക്കുന്നത്. And, “Your friendly neighborhood web-slinger“ എന്നല്ലേ സ്പൈഡര്‍മാനെപ്പറ്റി പറയുന്നത്

  :)


  Slooby

  qw_er_ty

  ReplyDelete
 4. ഓഫീസില്‍ ഫ്രീ ടിക്കറ്റ് കിട്ടി (ഓസിന് കിട്ടിയാല്‍ ആസിഡും.. :) ഞാനും ഇന്നലെ ഈ പടം കണ്ടിരുന്നു. ഒരു തറപ്പടം എന്നാണ് തോന്നിയത്‌. ഞാന്‍ 2 മാര്‍ക്കേ മാക്സിമം കൊടുക്കൂ.

  സാന്‍ഡ്മാനിന്റെ ഗ്രാഫിക്സും ഇഫക്റ്റുകളും മാത്രം ഇഷ്ടമായി. കഥയിലുടനീളം സ്പൈഡര്‍മാനെ ഒരു സാധാരണമനുഷ്യനാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്‌. അവസാനം എതിരാളികളെ തോല്‍പ്പിക്കുന്നതും കൂട്ടുകാരന്റെ നമ്പറുകള്‍ കൊണ്ടാണ്. ഒടുവില്‍ അന്ത്യത്തില്‍ സ്പൈഡര്‍മാന്‍ കരയുമ്പോള്‍ തിയറ്റര്‍ മുഴുവന്‍ കൂട്ടച്ചിരിയായിരുന്നു. മൊത്തത്തില്‍ ഒരു പെണ്ണുണ്ണിയായാണ് സ്പൈഡര്‍മാനെകാണുന്നത്‌. കഥയാവട്ടെ ഒരു കളിക്കുടുക്കയിലെ മായാവിയുടേയോ സ്നേഹസേനയുടേയോ കഥയുടെ അത്രമാത്രം ആഴമുള്ളത്‌. സ്പൈഡര്‍മാര്‍ പെണ്ണുങ്ങളെ വളയ്ക്കാന്‍ നടക്കുന്നത്‌ തികച്ചും വെറുപ്പുളവാക്കുന്നതാണ്.

  ReplyDelete
 5. ചുരുക്കം പറഞ്ഞാല്‍ ബാലരമ വാങ്ങി വായിച്ചാല്‍ മതീന്നു അര്‍ഥം......

  വിനയന്‍ മലയാളത്തില്‍ ഈ സൈസ്‌ പടം ഒരെണ്ണം പിടിക്കാന്‍ പോണെന്ന് പറഞ്ഞ്‌ കേട്ടു......
  അത്‌ ഇറങ്ങണേനു മുന്‍പ്‌ വല്ല കോര്‍ക്കും വിഴുങ്ങി അത്മഹത്യ ചെയ്യുന്നതാ നല്ലത്‌.....
  അല്ലേല്‍ വിനയനെ പിടിച്ച്‌ കയ്യും കാലും തല്ലിയൊടിച്ച്‌ വല്ലയിടത്തും ഇടണം....

  ReplyDelete
 6. ഹരീഷേട്ടാ, നിരൂപണം കലക്കി.. ഒരു നാലാം ഭാഗം ഇതേ ടീമില്‍ നിന്ന് വരുമെന്ന് തോന്നുന്നില്ല. ടോബി മഗ്വയറിന് പ്രായം കൂടുന്നു..!

  സിബു ചേട്ടാ, തറപ്പടം എന്നൊക്കെ പറയല്ലേ.. സ്‌പൈഡര്‍മാന്‍ ചിത്രങ്ങളുടെ പൊതു സ്വഭാവമാണ് സൂപ്പര്‍ ഹീറൊ സംഭവങ്ങളേക്കാള്‍ പീറ്റര്‍ പാര്‍ക്കറുടെ കഥ പറയുക എന്നത്. എനിക്ക് തോന്നുന്നത് ആദ്യത്തെ രണ്ട് ഭാഗത്തേക്കാള്‍ കഥ ഈ മൂന്നാം ഭാഗത്തില്‍ ഉണ്ടെന്നാണ്. പിന്നെ പെണ്ണിനെ വളയ്ക്കുന്നു എന്നത് വെറുപ്പുളവാക്കിയെങ്കില്‍ അത് ആ നടന്റെ അഭിനയമികവാണ് സൂചിപ്പിക്കുന്നത്.

  ഈ മൂന്നാം ഭാഗം തീര്‍ച്ചയായും ഒരു സൂപ്പര്‍ഹീറൊ ചിത്രമല്ല.. ഇത് വായിച്ചിട്ട് കാണാന്‍ പോകുന്നവര്‍ക്ക് സിനിമ കൂടുതല്‍ ഇഷ്ടപ്പെട്ടേക്കും.. :)

  ReplyDelete
 7. ദിവായോട്,
  നന്ദി :)
  ഞാന്‍ കഥ വിശദമായി എഴുതിയിട്ടില്ലല്ലോ! ഈ മൂന്ന് ശക്തികളേയും സ്പൈഡി എങ്ങിനെ നേരിടുന്നു, പിന്നീടെന്ത് സംഭവിക്കുന്നു എന്നതൊക്കെയല്ലേ ശരിക്കും കഥ?
  ടോബി മഗ്വയര്‍ എന്ന് തിരുത്തിയിട്ടുണ്ട്. അതാണ് ശരിയെന്ന് കരുതുന്നു. (യാഹൂവിന്റെ സൈറ്റില്‍ ടോബി മാഗിര്‍ എന്നാണ് കാണുന്നത്!)

  സിബുവിനോട്,
  സ്പൈഡര്‍മാനെ വേനം ബാധിക്കുന്നത് ഫീല്‍ ചെയ്യിക്കുകയും വേണം, എന്നാല്‍ തിരുത്താന്‍ പറ്റാത്ത തെറ്റുകളൊന്നും ചെയ്യിക്കുകയും ചെയ്യരുത്... അപ്പോളെന്തു ചെയ്യുവാന്‍? എനിക്കു തോന്നുന്നു സംവിധായകന്റെ/തിരക്കഥാകൃത്തുക്കളുടെ ആ സംശയമാണ് പീറ്ററിനെക്കൊണ്ട് അങ്ങിനെയൊക്കെ കാണിച്ചതെന്ന്. വായിച്ചതിലും കമന്റിയതിലും സന്തോഷം... :)

  സാന്‍ഡോസിനോട്,
  അഹിംസയുടെ പാതയല്ലേ നല്ലത്... :) നമുക്ക് കാണാതിരിക്കുക എന്നൊരു ഓപ്ഷന്‍ എപ്പോഴുമുണ്ടല്ലോ!

  കൃഷ്ണചന്ദ്രനോട്,
  നന്ദി :)

  ബാലുവിനോട്,
  ഉം... പീറ്റര്‍ പാര്‍ക്കറെക്കുറിച്ച് പറയാനും മാത്രമൊന്നുമില്ല എന്നതാണ് ഇവിടുത്തെ പ്രശ്നം... സത്യത്തില്‍ വേനം എന്നത് ഒരു പ്രധാന വില്ലന്‍ അല്ലേ? സപൈഡര്‍മാന്‍ ഗെയിമുകളിലും മറ്റും തോല്പിക്കുവാന്‍ പ്രയാസമുള്ള ഘട്ടമാണ് വേനം വരുന്ന ഭാഗം, എന്നാല്‍ ഇതില്‍ വേനം മൂന്നിലൊന്നായിപ്പോയി!
  കമന്റിനു നന്ദി... :)
  --

  ReplyDelete
 8. ഹരീഷേട്ടാ, ശരിയാ..ശരിയാ.. വെനം ആളു ഭയങ്കരന്‍ തന്നെയാ.. പണ്ട് കാര്‍ട്ടൂണായി സ്‌പൈഡര്‍മാന്‍ കാണുമ്പോള്‍ എനിക്ക് തോന്നിയിട്ടുള്ളത് ഏറ്റവും അപകടകാരിയായ വില്ലനാണ് വെനം എന്നാണ്.. പക്ഷെ സിനിമയില്‍ വെനം അത്ര ഭയങ്കരനായി തോന്നിയില്ല.. പിന്നെ സംസാരിക്കാന്‍ ആ മുഖം മാറി വരുന്നതും ശരിയായില്ല.. വെനത്തിന്റെ ഹൈലൈറ്റ് നാക്കാണ്.. പക്ഷെ സിനിമയില്‍ ആ നാക്ക് കാണാന്‍ പോലും ഇല്ലായിരുന്നു.. എന്നിരുന്നാലും സിനിമ ബോറടിയൊന്നുമല്ലായിരുന്നു.. ശരിയല്ലേ??

  ReplyDelete
 9. wow gold!All wow gold US Server 24.99$/1000G on sell! Cheap wow gold,wow gold,wow gold,Buy Cheapest/Safe/Fast WoW US EUwow gold Power leveling wow gold from the time you World of Warcraft gold ordered!fanfan980110

  wow power leveling wow power leveling power leveling wow power leveling wow powerleveling wow power levelingcheap wow power leveling wow power leveling buy wow power leveling wow power leveling buy power leveling wow power leveling cheap power leveling wow power leveling wow power leveling wow power leveling wow powerleveling wow power leveling power leveling wow power leveling wow powerleveling wow power leveling buy rolex cheap rolex wow gold wow gold wow gold wow goldfanfan980110
  dfsdf

  ReplyDelete