
തുടക്കക്കാരനായ ജിത്തു ജോസഫ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ സുരേഷ് ഗോപി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മഹി. ടൈറ്റിത്സ് എഴുതിക്കാണിക്കുന്നതിലെ പുതുമ, തുടക്കം മുതല്ക്കു തന്നെ ഒരു കുറ്റാന്വേഷണ ചിത്രത്തിന്റെ ഫീല്‍ നല്കുവാന് സഹായിക്കുന്നുണ്ട്. മലയാളത്തില്‍ ഇന്നോളം ഇറങ്ങിയിട്ടുള്ള (ഞാന്‍ കണ്ടിട്ടുള്ള) കുറ്റാന്വേഷക ചിത്രങ്ങളില്‍ ‘ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്’ കഴിഞ്ഞാല്‍ ഒരുപക്ഷെ ഡിറ്റക്ടീവിനെ പരിഗണിക്കാമെന്നു തോന്നുന്നു. സുരേഷ് ഗോപി ഇരട്ടവേഷങ്ങളില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
കുറ്റാന്വേഷണ ചിത്രങ്ങളിലെ(മലയാളം) സ്ഥിരം ശൈലിയില്‍ നിന്നും വളരെയൊന്നും മുന്നോട്ടു പോയിട്ടില്ല ഈ ചിത്രവും. എങ്കിലും തെളിവുകള്‍ കണ്ടെത്തുന്ന രീതിയിലും, സമീപനത്തിലും, അനുമാനങ്ങളിലുമെല്ലാം ഡിറ്റക്ടീവ് മികച്ചു നില്ക്കുന്നു. നിയുക്ത എം.എല്‍.എ-യും അടുത്തു തന്നെ മന്ത്രിയാകുവാന്‍ സാധ്യതയുമുള്ള മോഹന്‍ കുമാറിന്റെ (സുരേഷ് ഗോപി) ഭാര്യയായ രശ്മി മോഹന്‍ (സിന്ധു മേനോന്) വിഷം ഉള്ളില്‍ ചെന്നു മരിച്ച നിലയില്‍, സ്വവസതിയില്‍, കാണപ്പെടുന്നതില്‍ നിന്നും കഥയാരംഭിക്കുന്നു. എസ്.പി. ജയിംസ് ജോസഫ് (സായി കുമാര്‍) ആദ്യം കേസന്വേഷിക്കുന്നു, ആത്മഹത്യയാണെന്ന നിഗമനത്തില്‍ എത്തിച്ചേരുകയും ചെയ്യുന്നു. എന്നാല്‍ അന്വേഷണത്തില്‍ തൃപ്തിവരാതെ രശ്മിയുടെ പിതാവ് പ്രഭാകരന് തമ്പി(ബാബു നമ്പൂതിരി) മുഖ്യമന്ത്രി (പ്രേം പ്രകാശ്) യെക്കണ്ട് നിവേദനമര്‍പ്പിക്കുന്നു. അതേ തുടര്‍ന്ന് കേസന്വേഷണം ശ്യാം പ്രസാദിനെ (സുരേഷ് ഗോപി) ഏല്‍പ്പിക്കുന്നു.
മറ്റൊരു ത്രെഡ് ശ്യാം പ്രസാദും മോഹന്‍ കുമാറും അര്‍ദ്ധ സഹോദരങ്ങളാണെന്നുള്ളതാണ്. ശ്യാം പ്രസാദിന്റേയും മോഹന്‍ കുമാറിന്റേയും അച്ഛന് ഒരാളാണെന്നത് പരസ്യമായ രഹസ്യമാണ്, എന്നിരുന്നാലും കുട്ടിക്കാലം മുതല്ക്കേ അച്ഛനില്ലാത്ത കുട്ടിയെന്ന അപമാനവും അവഗണനയും സഹിച്ചാണ് മോഹന്‍ വളരുന്നത്. മോഹന്റേയും അമ്മയുടേയും കാര്യം പറഞ്ഞ് സ്ഥിരമായി ശണ്ഠകൂടിയിരുന്ന ശ്യാമിന്റെ അച്ഛനുമമ്മയും, അടുത്തടുത്തൂ തന്നെ മരണമടയുന്നു. മരണങ്ങള്‍ക്ക് പരോക്ഷമായെങ്കിലും കാരണമായത് മോഹനാണെന്ന വിശ്വാസത്തില്‍ ശ്യാമിന് മോഹനോട് തീര്‍ത്താല്‍ തീരാത്ത വിരോധമുണ്ട്. എന്നിരുന്നാലും തന്റെ ജോലിയില്‍ ആത്മാര്‍ത്ഥതയുള്ള ശ്യാം മുന്‍വിധികളില്ലാതെ കേസിനെ സമീപിക്കുകയും, ഭംഗിയായി അത് അവസാനിപ്പിക്കുകയും ചെയ്യുന്നു.
തെളിവുകള്‍ക്കനുസരിച്ച് ഒന്നിലധികം വഴികളിലൂടെയുള്ള സഞ്ചാരവും, കുറ്റാന്വേഷകര്‍ക്ക് നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങളും, അവിചാരിതമായി കഥാഗതിയില്‍ ഇടയ്ക്കിടെവരുന്ന മാറ്റങ്ങളും ഈ സിനിമയെ ഒരു കൊള്ളാവുന്ന കുറ്റാന്വേഷണ സിനിമയാക്കുന്നു. ശ്യാമിന്റേയും മോഹന്റേയും ദ്വന്ദവ്യക്തിത്വങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കുവാന്‍ സുരേഷ് ഗോപിക്ക് നല്ലൊരളവുവരെ സാധിച്ചിട്ടുണ്ട്. മോഹന്റെ വലംകൈയ്യായ കുമ്പളം ജോസ് (മധുപാല്‍), പ്രതിപക്ഷ നേതാവ് (കൊച്ചിന് ഹനീഫ), പ്രതിപക്ഷ നേതാവിന്റെ സഹോദരന്-ചന്ദ്രചൂഡന് (ജഗതി ശ്രീകുമാര്‍), ഡി.ജി.പി (ദേവന്), സിന്ധുവിന്റെ കസിന് (ബൈജു), കേസന്വേഷണത്തില്‍ സുരേഷ് ഗോപിയുടെ സഹായിയായി മധു വാര്യര്‍, തുടങ്ങിയവരൊക്കെയാണ് കഥയിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. സാക്ഷികളും സംശയിക്കപ്പെടുന്നവരുമൊക്കെയായി ഒരു കൂട്ടം കഥാപാത്രങ്ങള്‍ വേറേയുമുണ്ട്.
കണ്ടുപതിഞ്ഞ ശൈലിയിലുള്ള ശ്യാമിന്റെ ഇന്‍ട്രൊഡക്ഷനും, അനാവശ്യമായ ഒരു ഫൈറ്റും ഒഴിവാക്കാവുന്നതായിരുന്നു. അതുപോലെ അവസാന രംഗം ‘ദി ട്രൂത്ത്’ എന്ന മമ്മൂട്ടി ചലച്ചിത്രത്തെ ഓര്‍മ്മപ്പെടുത്തി. സുരേഷ് ഗോപിയുടെ ശ്യാം എന്ന കുറ്റാന്വേഷകന് ഇടയ്ക്കിടെ മമ്മൂട്ടിയുടെ സേതു രാമയ്യരാവുന്നതും കാണാം. ഇടയ്ക്കിടെ ചിത്രം വല്ലാതെ ഇഴയുന്നതായും അനുഭവപ്പെട്ടു. സമയം തികയ്ക്കുവാനെന്ന വണ്ണം ചില അനാവശ്യ സീനുകളും, നീളം കൂടിയ ഷോട്ടുകളും ചിത്രത്തില്‍ അവിടെയുമിവിടെയും കാണാം. ചില കണ്ണികള്‍ക്ക് സിനിമയുടെ അവസാനവും ഉത്തരം ലഭിക്കില്ലെങ്കിലും, സസ്പെന്‍സ് ത്രില്ലറുകള്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്തുവാന്‍ ഡിറ്റക്ടീവിനാവും എന്നാണ് എന്റെ വിശ്വാസം.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
• ഡിറ്റക്ടീവ് - ഇന്ദുലേഖ
• ഡിറ്റക്ടീവ് - മലയാളം മൂവി റിവ്യൂസ്
Read more:
• Detective - IndiaGlitz
• Detective - NowRunning
• Detective - Sify Movies
--
സുരേഷ് ഗോപി ഇരട്ടവേഷത്തില്‍ അഭിനയിക്കുന്ന അപസര്‍പ്പക സിനിമയാണ് ഡിറ്റക്ടീവ്. മോഹന്‍ കുമാറെന്ന രാഷ്ട്രീയ നേതാവിന്റെ ഭാര്യ രശ്മി മോഹന്റെ ആത്മഹത്യയുടെ കാരണം തേടിച്ചെല്ലുന്ന ശ്യാം പ്രസാദ് ഞെട്ടിക്കുന്ന ചില സത്യങ്ങളില്‍ എത്തിച്ചേരുന്നു.
ReplyDelete--
ഡിറ്റക്ടീവ് എന്ന സിനിമയുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും. :)
--
കാണാന്‍ ശ്രമിക്കാം...
ReplyDeleteഇഷ്ടപെട്ടില്ലെങ്കില്‍ വന്നു ചീത്ത പറയും
മലയാളത്തില്‍ ഇന്നോളം ഇറങ്ങിയിട്ടുള്ള (ഞാന്‍ കണ്ടിട്ടുള്ള) കുറ്റാന്വേഷക ചിത്രങ്ങളില്‍ ‘ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്’ കഴിഞ്ഞാല്‍ ഒരുപക്ഷെ ഡിറ്റക്ടീവിനെ പരിഗണിക്കാമെന്നു തോന്നുന്നു.
ഹരി യവനിക കണ്ടിട്ടില്ലേ. മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണത്. പൂനെയില്‍ സ്ക്രിപ്റ്റ് റൈറ്റിംഗില്‍ അതൊരു ലെസ്സണാണെന്നും കേട്ടിട്ടുണ്ട്. സത്യമാണോയെന്നറിയില്ല
നന്ദി ഹരീ.. ഇവിടെയിരുന്ന കഥയൊക്കെ വായിക്കാം എന്നല്ലാതെ കാണണമെങ്കില്‍ .....
ReplyDeleteസിജുവിനോട്,
ReplyDeleteയവനിക ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ ഇപ്പോളത് അത്രയ്ക്കങ്ങ് ഓര്‍മ്മ കിട്ടുന്നില്ല. പിന്നെ, എനിക്കിഷ്ടപ്പെടുന്നത് സിജുവിന് ഇഷ്ടപ്പെടണമെന്നില്ലല്ലോ... :) (മുന്‍കൂര്‍ ജാമ്യം)
--
ഒരു സിനിമയിലെ കുഴപ്പങ്ങള്‍ കണ്ടു പിടിച്ച്, അതൊരു മോശം സിനിമയാണെന്നു പറയുവാന്‍ താരതമ്യേന എളുപ്പമാണ്. പക്ഷെ, ഒരു സിനിമ നല്ലതെന്നു പറയുവാന്‍ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്, ചിലപ്പോളതിലെ കുഴപ്പങ്ങള്‍ എന്റെ ശ്രദ്ധയില്‍ പെടാത്തതാവാം.
--
തോക്കായിച്ചനോട്,
വായിച്ചതിനും കമന്റിയതിനും നന്ദി... :)
--
മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കൂടി ചേര്‍ത്തത് കൂടുതല്‍ നന്നായി.
ReplyDeleteഇവിടെ സസ്പെന്‍സ് ഒട്ടും കളഞ്ഞില്ലല്ലോ.
:)
ReplyDeleteഹിന്ദുവിലും നല്ലൊരു റിവ്യൂ വന്നിരുന്നു..സിജു യവനിക എന്റെയും ഒരു ഫേവറൈറ്റാണ്.
ശാലിനിയോട്,
ReplyDeleteഞാന്‍ ആ റിവ്യൂകളില്ലാം വായിക്കാറുണ്ട് (ഞാനെഴുതിക്കഴിഞ്ഞതിനു ശേഷം). അതുകൊണ്ട് അതും കൂടി ഇതിന്റെ ഭാഗമാക്കിയേക്കാം എന്നു കരുതി. ഒരു സ്വാര്‍ത്ഥ ലാഭവുമുണ്ട് കേട്ടോ, ഗൂഗിള്‍ ആഡ്സെന്‍സ് അപ്രൂവല്‍ കിട്ടണമെങ്കില്‍ ഇംഗ്ലീഷ് കണ്ടന്റ് കുറച്ചു വേണം, അതൊന്നൊപ്പിക്കാന് പറ്റുമോന്ന് അറിയണമല്ലോ... :) പിന്നെ, ഇതിന്റെ സസ്പെന്‍സ് ഒക്കെ ഇവിടെപ്പറഞ്ഞാല്‍ പിന്നെ ഈ ബ്ലോഗ് എല്ലാവരും കൂടി ഫ്ലാഗ് ചെയ്താലോ? ;)
--
ചക്കരയോട്,
ദി ഹിന്ദുവിലെ റിവ്യൂ ഞാന്‍ കണ്ടിരുന്നില്ല. ലിങ്ക് ലഭ്യമാണെങ്കില്‍ ഇവിടെ പോസ്റ്റ് ചെയ്താല്‍ നന്നായിരുന്നു.
--
ഹരി ..നിരൂപണം നന്നായിരിക്കുന്നു
ReplyDeleteപിന്നെ നിരൂപണമെന്നൊരു ബ്ലോഗുണ്ട് അതില്‍ ശ്രിജിത്തും മറ്റു ചിലരുമാണ് എഴുതുന്നത് ഹരിക്ക് താല്പര്യമുണ്ടെങ്കില് അതില്‍ മെമ്പര്‍ഷിപ്പെടുത്ത് എഴുതാമല്ലോ ഒത്തിരി പേര് വായിക്കുന്നൊരിടമാണത് ഇതിനര്‍ത്ഥം ഇവിടെ ആരും വായിക്കുന്നില്ലാന്നര്ത്ഥമാക്കരുത് ട്ടോ
ഈ ലിങ്കില്‍ കുറച്ച് വിത്യസ്തമായ ഒരു വിമര്‍ശനമുണ്ട്.
ReplyDeleteവിചാരത്തോട്,
ReplyDeleteസിനിമാനിരൂപണമെന്ന ബ്ലോഗ് ഞാനും സന്ദര്‍ശിക്കാറുണ്ട്. പക്ഷെ, ചിത്രവിശേഷം എന്ന പേരില്‍ മറ്റൊന്നായി തുടരുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവിടെയുമിവിടെയും ഒരു സിനിമ തന്നെ റിവ്യൂ ചെയ്യുമ്പോള്‍, വായനക്കാര്‍ക്ക് തന്നെയല്ലേ അതിന്റെ നേട്ടം? അവിടെ ഞാന്‍ റിവ്യൂ ചെയ്ത ഒരു സിനിമയുണ്ടെന്നറിഞ്ഞാല് അങ്ങോട്ടേക്ക് ഒരു ലിങ്ക് നല്‍കാറുണ്ട്. അതുപോലെ ശ്രീജിത്ത് തിരിച്ചും നല്‍കാറുണ്ട്. പതിയെ അറിഞ്ഞു വരുമ്പോള്‍ എല്ലാവരും ഇതും ശ്രദ്ധിക്കുമായിരിക്കും.
--
സിജുവിനോട്,
ലിങ്ക് ഞാന്‍ കണ്ടു. വളരെ നന്ദി. അത് ഞാന്‍ പോസ്റ്റില്‍ തനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ പറയുന്നത്
• സുരേഷ് ഗോപി macho ആവാന്‍ നന്നേ ശ്രമിക്കുന്നു. 'അനിത' എന്ന പേര് 'അനീറ്റ' എന്നു നീട്ടിപ്പറയുന്നത് ഒരുദാഹരണം.- പേര് ‘അനീറ്റ’ എന്നുതന്നെയാണ് ഞാന്‍ മനസിലാക്കിയത്. സുരേഷ് ഗോപി (ചിത്രത്തിലുള്ള സ്റ്റണ്ട് സീന്‍ ഒഴികെ) macho ആവാന്‍ ശ്രമിക്കാത്ത (സംവിധായകന് ആക്കാത്ത) ഒരു പടമാണിത്.
• പതിവു പോലെ അച്ചടി ഭാഷയിലുള്ള സംഭാഷണങ്ങളും, അസഹനീയമായ ഇംഗ്ലീഷും. - ഇതില്‍ ഇവയൊക്കെ കുറവായാണ് എനിക്കു തോന്നിയത്.
• ഈ വക പടങ്ങളുടെ സ്ഥിരം ഏര്‍പ്പാടുണ്ടല്ലോ – അവസാനം വഴിയെ പോയവനെ വില്ലനാക്കുകയും, കുറച്ചു ഫ്ലാഷ് ബാക്ക് കാട്ടി കഥയുമായി ബന്ധം വരുത്തിക്കലും - അല്ലാതെ എല്ലാവരും സംശയിക്കുന്നവര്‍ തന്നെ വില്ലനാവണോ? അതിലെന്ത് സസ്പെന്‍സ്. ഒരു കണക്കിന് നോക്കിയാല്‍, അങ്ങിനെയല്ലേ ശരിക്കുള്ള കുറ്റകൃത്യങ്ങളിലും സംഭവിക്കുന്നത്? ശവം മാന്തിയെടുക്കുവാന് ഏറ്റവും ഉത്സാഹിച്ച അയല്ക്കാരനൊക്കെ എത്ര തവണ കുറ്റവാളിയായി മാറിയിരിക്കുന്നു.
--
സുരേഷ്ഗോപിയുടെ ഭരത് ചന്ദ്രന് എന്തോ ഒരു ബഹളം പോലെ തോന്നി. ഇത് നന്നായിട്ടുണ്ടാവും അല്ലേ? :)
ReplyDeleteനല്ല ഒരു ഡിറ്റക്റ്റീവ് പടം മലയാളത്തില്‍ ഇറങ്ങി എന്ന് കേള്‍ക്കാന്‍ സന്തോഷമുണ്ട്. പക്ഷേ മുന്‍വിധികള്‍ ഒന്നും ഇല്ല.
ReplyDeleteപക്ഷേ സി ബി ഐ അത്ര നല്ല പടമാണെന്ന് എനിക്ക് തോന്നിയിട്ടേയില്ല. പിന്നെ, ഇപ്പോളിറങ്ങുന്ന ചിന്താമണി സ്റ്റൈല്‍ അറുബോറന്‍ പടങ്ങള്‍ വച്ചു നോക്കുമ്പോള്‍ സി.ബി.ഐ ഇതിഹാസമാണ്. ഹഹ.
മനുഷ്യരെ വടിയാക്കുന്ന തരത്തിലാണ് പല തെളിവുകളും ഇപ്പോളും മല്ലു ഡിറ്റക്ട്)വ് ഏമാന്മാര് സിനിമകളില്‍ കണ്ടു പിടിക്കുന്നത്.
വല്യ കൊട്ടിഘോഷിച്ച സിദ്ദിഖ് എഴുതിയ ഒരു പടമുണ്ടാരുന്നല്ലോ..ജയറാമും ഇന്ദ്രജിത്തും..അവസാനം തെളിവ് നെടുമുടിയുടെ മാല. പഷ്ട്!
മാല, മോതിരം, വാറുപൊട്ടിയ ചെരുപ്പ്, വാച്ച്, പൂട, രക്തം, പിന്നെ ക്യാമറ, വഴിപോക്കന് ...എല്ലാത്തിലും അവസാനം ഒടുക്കത്തെ ഒരു ഡയറിയും..ഇതല്ലാതെ കുറ്റവാളിയെ കണ്ടുപിടിക്കാന്‍ കേരളത്തില്‍ വേറെ ഒന്നുമില്ല്യോ?
സസ്പെന്‍സ് കാറ്റഗറിയില്‍ നല്ല കുറേ പടങ്ങള്‍ മലയാളത്തിലുണ്ടായിരുന്നു.
ഉത്തരം, ഒരു മെയ്മാസപുലരിയില്‍, അങ്ങനെ...
മുഖവും തരക്കേടില്ലായിരുന്നു. ചരിത്രം എന്നൊരു മമ്മൂട്ടി-റഹ്മാന് പടം വ്യത്യസ്തമായ കഥയുണ്ടായിരുന്നു, പക്ഷേ എടുത്തത് ശരിയായില്ല.
ഇംഗ്ലീഷിലും പൊതുവേ ഡിറ്റക്റ്റീവ് പടങ്ങള്‍ എനിക്കത്ര ഇഷ്ടപ്പെടാറില്ല..എങ്കിലും തരക്കേടില്ലാത്ത ചിലതുണ്ട് താനും.
ഏതായാലും ഈ ഡിറ്റക്റ്റീവ് ഒന്നു കണ്ട് നോക്കാം (എപ്ലോ എന്തോ!)
സുവിനോട്,
ReplyDeleteഏയ്, ഭരചന്ദ്രനെപ്പോലെയൊന്നുമല്ല, ഇത് കുറച്ചുകൂടി നല്ല സിനിമയാണ്.
--
അരവിന്ദനോട്,
അതെ, മലയാളത്തിലെ കുറ്റാന്വേഷണസിനിമകള്‍ എനിക്കത്ര തൃപ്തികരമല്ല. പിന്നെ, തമ്മില്‍ ഭേദം തൊമ്മന് എന്ന രീതിയില്‍ പറയാമെന്നേയുള്ളൂ. ഡയറിയുടെ കാര്യം ഞാനും പറയണമെന്നു വെച്ചതാണ്. പിന്നെ, ഒഴിവാക്കി. ഇതില്‍ തെളിവുകള്‍ക്ക് ചെറിയ ഒരു പുതുമയൊക്കെയുണ്ട്, അതുപോലെ കുറ്റവാളിയിലെത്തിപ്പെടുന്ന രീതിയും കൊള്ളാം, ഡയറിതപ്പി പോവുന്നതല്ലെന്ന് സാരം. ‘സെവന്‍സ്’ എന്നൊരു ഇംഗ്ലീഷ് സിനിമ കണ്ടിട്ടുണ്ടോ? ബ്രാഡ് പിറ്റും മോര്ഗന് ഫ്രീമാനും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ഈ സിനിമ എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒന്നാണ്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെയും ഇവിടെയും.
--
ഉണ്ട് ഹരീ അത് കണ്ടിട്ടുണ്ട്. സെവന് ആണ്.
ReplyDeleteനല്ല പടമാണ്.
എല്‍.എ കോണ്‍ഫിഡെന്‍ഷ്യല്‍,
സൈലന്‍സ് ഓഫ് ദി ലാംബ്സ് ,
ദി ലോംഗ് കിസ്സ് ഗുഡ്നൈറ്റ്,
എന്നിവയും നല്ല പടങ്ങള്‍ തന്നെ.
ഡിറ്റക്ടീവ് ഇന്ന് കണ്ടു.. എനിക്കിഷ്ടപ്പെട്ടു..
ReplyDeleteഹരീഷേട്ടന് പറഞ്ഞ പോലെ അനാവശ്യമായ ഒരു ഫൈറ്റും, പിന്നെ ജഗതിയുടേത് പോലെ ചില കഥാപാത്രങ്ങളും ഒഴിവാക്കിയാല്‍ മികച്ചൊരു ചിത്രം തന്നെയാണ് ഇതും.. എങ്കിലും കുറ്റാന്വേഷണ ചിത്രങ്ങള്‍ക്കുള്ള പരിമിതി എന്റര്ടെയ്നര് എന്ന നിലയില്‍ ഡിറ്റക്ടീവിനുമുണ്ട് എന്ന് തോന്നുന്നു..
സി.ബി.ഐ സീരീസിലെ അവസാന രണ്ട് ചിത്രങ്ങളേക്കാള്‍ നല്ലൊരു സിനിമയായി ഞാന്‍ ഇതിനെ കാണുന്നു..
റിവ്യൂ നന്നായിട്ടുണ്ട്..
അരവിന്ദിനോട്,
ReplyDeleteഅതെ, സെവനാണ്. സെവന്‍സല്ല... :) സൈലന്‍സ് ഓഫ് തെ ലാംബ്സ്, അതിന്റെ മുന്നെയുള്ള ചിത്രം ‘ഹാനിബാള്‍’ എന്നിവ കണ്ടിട്ടുണ്ട്. പിന്നെപ്പറഞ്ഞിരിക്കുന്നതൊന്നും കണ്ടിട്ടില്ല. നല്ല കുറ്റാന്വേഷണ ചിത്രങ്ങള്‍ ഒന്നു പോസ്റ്റ് ചെയ്യുമോ? കാണുവാന്‍ ശ്രമിക്കാനാണ്.
--
ബാലുവിനോട്,
:) ശരിതന്നെ, അവസാനത്തെ രണ്ട് സി.ബി.ഐയിലേക്കാളും ഡിറ്റക്ടീവ് നിലവാരം പുലര്‍ത്തുന്നു. എസ്. എന്‍. സ്വാമി തിരക്കഥയെഴുതിയ നാല് സി.ബി.ഐ കഥയിലും ഒരു കാര്യം പൊതുവായുണ്ട്. എന്താണെന്നറിയുമോ?
--
ഹരി,
ReplyDeleteഎന്റെ വീടിനടുത്തുള്ള മലയാള സിനിമ കാസറ്റ് കിട്ടുന്ന കട പൂട്ടിപ്പോയതിനാല്‍ മലയാള സിനിമകള്‍ കാണുവാന്‍ അധികം അവസരം കിട്ടാറില്ല. ത്രില്ലര്‍,ഹൊറര്‍ ഒക്കെ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കാറ്റഗ്ഗറിയാണ്. ഇംഗ്ഗ്ലീഷിലിറങ്ങുന്ന മിക്കതും എടുത്ത് കാണാറുണ്ട്.
കുറെ നല്ല ഇംഗ്ലീഷ് കുറ്റ്വാന്വേഷണങ്ങള് കണ്ടിട്ടുണ്ട്, ഓര്‍മ്മയില്‍ നിന്നെടുത്ത ചിലത് ഇവിടെ എഴുതുന്നു.
Twisted
Along came a spider
Kiss the Girls
The Usual Suspects
L.A Confidential
Memento
സിജി.
ചാത്തനേറ്: അവസാനഭാഗങ്ങള്‍ അല്പം അവിശ്വസനീയമല്ലേ?.. അഭിനേതാക്കളില്‍ ‘ദേവന്‘ എന്നെഴുതിക്കണ്ടു എനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലാ ഹരേ...
ReplyDeleteമലയാളത്തിലെ ലക്ഷണമൊത്ത ഏറ്റവും നല്ല പത്തുചിത്രങ്ങളിലൊന്നായാണ് യവനികയെ ഞാനും ഇഷ്ടപ്പെടുന്നത്.
ReplyDeleteഎല്ലാ നിലയ്ക്കും ഒരു ടോപ് സ്കോറര്‍ ആയിരുന്നു യവനിക.
വിശ്വം,
ReplyDeleteശരിയാണ്, മറ്റു പല ചിത്രങ്ങളെയും അപേക്ഷിച്ച് വളരെ മുന്നിലാണ് യവനിക. കെ.ജി. ജോര്‍ജ്ജിനെ മലയാള സിനിമാപ്രേക്ഷകരും നിരൂപകരും അദ്ദേഹം അര്‍ഹിക്കുന്ന പരിഗണന കൊടുത്തിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്. സ്ത്രീകളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഏറെ ആര്‍ജ്ജവത്തോടെ അവതരിപ്പിച്ച ഒരാളായിരുന്നു അദ്ദേഹം. ജോര്‍ജ്ജിന്റെ ആത്മവിശ്വാസം നശിപ്പിച്ച് വെറുമൊരു സീരിയല്‍ നടനാക്കി മാറ്റിയവരാണോ നമ്മള് എന്നു പോലും സംശയിച്ചു പോകും ചിലപ്പോള്‍.
ഹരീ, കമന്റ് ഓഫ് ടോപിക് ആണ്, ക്ഷമിക്കണേ.
കുട്ടിച്ചാത്തനോട്,
ReplyDeleteഎനിക്ക് അവശ്വസിനീയമായിത്തോന്നിയില്ല. ദേവന് ഒരു പോലീസ് ഓഫീസറായാണ്്, പറയത്തക്ക റോളൊന്നുമില്ല. അദ്ദേഹം ആ സിനിമയിലില്ലെങ്കിലും ഒന്നും സംഭവിക്കില്ല.
--
വിശ്വേട്ടാ, പരാജിതാ... :)
(യവനികയെക്കുറിച്ചുള്ള ചര്‍ച്ച ഓണ്ടോപ്പിക്ക് അല്ലേ? അതും ഒരു കുറ്റാന്വേഷണ ചിത്രമായി കാണാമെങ്കില്‍...)
--
ചാത്തനേറ്: ഞാനാ കമന്റ് എഡിറ്റ് ചെയ്യണോന്ന് വിചാരിച്ചതാ..എന്തായാലും വേണ്ടിവന്നില്ല.. ഞാന്‍ മനസ്സില്‍ കണ്ടതു ഹരി മാനത്ത് കണ്ടു...
ReplyDelete“ദേവന് ഒരു പോലീസ് ഓഫീസറായാണ്്, പറയത്തക്ക റോളൊന്നുമില്ല. അദ്ദേഹം ആ സിനിമയിലില്ലെങ്കിലും ഒന്നും സംഭവിക്കില്ല.“
ബൈജുവിനും കൂറ്റിക്കല് ജയചന്ദ്രനും അഗസ്റ്റിനും പോലും കൂടുതല്‍ റോളുണ്ടായിരുന്നു...
ഹരേ.. സി ബി ഐ - കളിലെ ആ പൊതുവായ കാര്യം എന്താണെന്നു മനസ്സിലാവുന്നില്ലല്ലോ. ഒരു പക്ഷേ, കുറ്റാന്വേഷകന്റെ കണ്വെട്ടത്തുള്ള ആള് തന്നെയാണു കൊലയാളി എന്നതൊഴിച്ചാല്‍...
ReplyDeleteറ്റെന്ഷന് കൂട്ടല്ലേ.. എനിക്കു ഭാവിയില്‍ ബീ പ്പി വരാനുള്ളതാ..
ഇതിലെ റിവ്യൂ + റേറ്റിംഗ് നോക്കി പടം കാണുന്ന പരിപാടി ഇനി ശ്രദ്ധിച്ചേയുള്ളു :( ആവര്‍ത്തിച്ചു പറയുന്ന രാഷ്ടീയഅവബോധമുള്ള വായനാക്കാരിയായ നായിക! ഇത്തിരി ഇന്റലിജന്‍സ് പ്രതീക്ഷിക്കാന്‍ പറ്റിയില്ല, അപ്പോളെയ്ക്കും വീണു പഴയ ട്രാക്കില്‍, കാമുകനെ പറ്റിച്ച് കല്യാണം കഴിക്കുന്ന. യോ കറക്റ്റ് വായ്ക്ക് മേലെ പൈപ് വെച്ചാ പോയ്സണ്‍ കൊടുക്കുന്നെ! ഞം ഞം ന്ന് പറഞ്ഞ് കഴിക്കണത് കാണാന്‍ നല്ല രസമുണ്ടാരുന്നു ;) ഒരു 0.5 നുള്ളത് ഉണ്ട്
ReplyDeleteയവനിക കഴിഞ്ഞാ ഈ തണുത്ത വെളുപ്പാന്‍ കാലത്ത് ആണുന്ന് തോന്നുന്നു മലയാളകുറ്റാന്വേഷണത്തില് ഭേദം
യവനികയില്‍ ആദ്യമേ ഗസ് ചെയ്യാം ആരായിരിക്കുംന്ന്, but motivation തുടര്‍ന്നുള്ള സീക്വെന്‍സ്, പെര്‍ഫെക്റ്റ് ആക്റ്റിംഗ് യെല്ലാം കൊണ്ടും ഒരുപാട് മുന്നില്‍.
യെന്റമ്മച്ച്യോ! ഇതിലു മോഡറേഷനാ??
ReplyDelete@ കുട്ടിച്ചാത്തന്,
ReplyDelete:-)
@ അനിയന്‍കുട്ടി,
:-) ബി.പി. കൂട്ടേണ്ടന്നേ... എന്താന്നു വെച്ചാല്‍, എല്ലാത്തിലും അവിഹിതമാണ് കുറ്റകൃത്യത്തിലെത്തുന്നത്. :-P
@ പൊടിക്കുപ്പി,
ഹ ഹ ഹ, പൊടീടെ റെക്കമന്റേഷന് നോക്കി പടം കാണുന്ന പരിപാടി ഞാന്‍ ഒരു വര്‍ഷം മുന്നേ നിര്‍ത്തിയതല്ലേ... :-) ഇതിന്റെ കഥയൊന്നും ഇപ്പോ ഓര്‍മ്മയില്ല. തേനിലോ മറ്റോ അല്ലേ വിഷം കൊടുക്കുന്നത്? ഉറക്കത്തില്‍ മധുരം വന്നാല്‍ ഇങ്ങിനെതന്നെയാവും കഴിക്കുക. (എക്സ്പീരിയന്‍സ് ഇല്ലേ... ഉണ്ടെങ്കില്‍, ഞാന്‍ എഗ്രീഡ്... ;-)
കമന്റ് മോഡറേഷന്, നാല്പതു ദിവസത്തിനു മുകളില്‍ പഴക്കമുള്ള പോസ്റ്റുകള്‍ക്കു മാത്രം ബാധകം. സ്പാം കുറയ്ക്കാനായാണ്. വേഡ് വേരി എടുത്തു കളഞ്ഞതിനു ശേഷമുള്ള ഒരു പ്രൊട്ടക്ഷന്‍.
--