ആനന്ദഭൈരവി

Published on: 2/17/2007 09:15:00 PM

കഥകളി, ശാസ്ത്രീയ സംഗീതം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്ന ഒരു ചിത്രമാണ് ആനന്ദഭൈരവി. ജയരാജാണ് സംവിധാനം. ബി. ലെനിന്‍ നിര്‍മ്മിച്ച് മഹേഷ് സജീവ് കഥയും തിരക്കഥയുമെഴുതിയിരിക്കുന്ന ഈ ചിത്രത്തിന്റെ സംഭാഷണങ്ങള്‍ മാടമ്പിന്റേതാണ്.

വാസുദേവപ്പണിക്കര്‍ (സായി കുമാര്‍) പ്രശസ്തനായ ഒരു കഥകളി നടനാണ്. അദ്ദേഹത്തിന്റെ മകനാണ് അപ്പു (മാസ്റ്റര്‍ ദേവദാസ്) . ചെറുപ്പത്തിലേ അമ്മ മരിച്ചു പോയ അപ്പുവിനെ വളര്‍ത്തുന്നത് എന്റമ്മയെന്ന് അപ്പു സ്നേഹത്തോടെ വിളിക്കുന്ന വാസുവിന്റെ അമ്മയും (കെ.പി.എ.സി ലളിത) മുത്തശ്ശിമാരും ചേര്‍ന്നാണ്. ഒരു സാധാരണ വികൃതിപ്പയ്യനായിരുന്ന അപ്പുവിന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ പെട്ടെന്നായിരുന്നു. ഗ്രാമത്തിലെ ഭാഗവതര്‍, പാട്ടുപഠിപ്പിക്കുമ്പോള്‍ ആദ്ദേഹത്തെ കളിയാക്കിയെന്ന കുറ്റത്തിന് അപ്പുവിനെ അച്ഛന്‍ പൊതിരെത്തല്ലുന്നു. കളിയാക്കിയതെന്തിനാണെന്ന ചോദ്യത്തിന് അപ്പുപറഞ്ഞ ഉത്തരങ്ങള്‍ ആരേയും അത്ഭുതപ്പെടുത്തുന്നവയായിരുന്നു. ശാസ്ത്രീയസംഗീതത്തില്‍ വളരെയറിവു നേടിയവര്‍ക്കു മാത്രം മനസിലാക്കുവാന്‍ കഴിവുള്ള രാഗഭാവത്തിലെ കുറവും, ഉച്ചാരണത്തിലെ മാറ്റം കൊണ്ടുവരുന്ന അര്‍ത്ഥഭംഗവും വിശദമായി പറയുന്നു അപ്പു. തുടര്‍ന്നുള്ള ഭാഗവതരുടെ ചോദ്യങ്ങള്‍ക്കും അപ്പു കൃത്യമായ ഉത്തരങ്ങള്‍ നല്‍കുന്നു, മാത്രമല്ല രാഗത്തിലുള്ള കീര്‍ത്തനം, ഭാവത്തോടെ ആലപിക്കുകയും ചെയ്യുന്നു.

ഈ വാര്‍ത്ത കാട്ടുതീപോലെ പരക്കുന്നു. മാധ്യമപ്പടതന്നെ അപ്പുവിനെത്തേടിയെത്തുന്നു. നാടൊട്ടുക്കും കച്ചേരികള്‍, പ്രശസ്തി ഇതൊക്കെ അപ്പുവിന് ചെറുപ്രായത്തില്‍ തന്നെ ലഭിക്കുന്നു. വണ്ടര്‍ കിഡ്ഡിന്റെ പ്രശസ്തി ലോകമൊട്ടുക്കുമെത്തിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി, സ്ഥലം എം.എല്‍.എ-യുടെ ഉപദേശപ്രകാരം ഒരു പ്രൊമോട്ടറേയും, നമ്പ്യാര്‍ (എം. എം. രാമചന്ദ്രന്‍), നിയമിക്കുന്നു. തഞ്ചാവൂരിലുള്ള ഒരു പ്രശസ്ത സംഗീതജ്ഞന്‍ കുട്ടിയുടെ കഴിവില്‍ സംശയിച്ച്, തന്നോട് മത്സരിക്കുവാന്‍ വെല്ലുവിളിക്കുന്നു. എന്നാല്‍ മത്സരശേഷം കുട്ടിയുടെ കഴിവിനെ അംഗീകരിക്കുന്നു അദ്ദേഹം. കുട്ടിയുടെ കഴിവിന് അംഗീകാരമായി, ഗിന്നസ് ബുക്കിലും പേരുവരുന്നു. എന്നാല്‍ സന്തോഷത്തിന്റെ ദിനങ്ങള്‍ അധികം നീണ്ടുനിന്നില്ല. അവിചാരിതമായി ഒരു ദിവസം തലകറങ്ങിവീണ അപ്പുവിനേയും കൊണ്ട് ആശുപത്രിയിലെത്തുന്ന വാസുവാശാനെ കാത്തിരുന്നത് ശുഭവാര്‍ത്തകളായിരുന്നില്ല.

ചലച്ചിത്രത്തിന്റെ കഥ അവിശ്വസിനീയമാണ്. യാതൊരു വിധ പരിശീലനവും നേടാതെ ഒരു കുട്ടിക്ക് കീര്‍ത്തനങ്ങളുടെ സാഹിത്യവും, അവയുടെ അര്‍ത്ഥവും, അവയൊക്കെയും വേണ്ടുംവണ്ണം ആലപിക്കുവാനുള്ള കഴിവും ജന്മനാ ലഭിച്ചു എന്നു പറഞ്ഞാലത് വിശ്വസിക്കുവാനാവുന്നതല്ല. രാഗം പാടുവാനുള്ള കഴിവ് ജന്മനാ ലഭിക്കാം, അവയുടെ പേരുകള്‍ ഒന്നു പറഞ്ഞുകൊടുത്താല്‍ പിന്നെ മാറില്ലായിരിക്കാം, കീര്‍ത്തനം കേട്ട് പഠിച്ച് പാടുവാന്‍ കഴിവുള്ളവരുമുണ്ടാവാം... എന്നിരുന്നാലും ഈ അത്ഭുതം അല്പം കടന്നു പോയി. കര്‍മ്മങ്ങള്‍ ബാക്കിവെച്ച ഒരാത്മാവിന്റെ പുനര്‍ജന്മമാണ് അപ്പുവെന്ന് ഒരു സൂചന തരുന്നുണ്ടെങ്കിലും അതും അടിസ്ഥാനമില്ലാത്തതായിപ്പോയി.

അതുപോലെ ഇതേതു കാലത്തെ കഥയാണെന്നും മനസിലാക്കുവാന്‍ കഴിയുന്നില്ല. കഥകളിയുടെ സമ്പ്രദായത്തില്‍ ലവകുശന്മാരായും, ഹനുമാനായും മറ്റും സങ്കല്പിച്ച് കുട്ടികള്‍ കളിക്കുന്നത് എവിടെ, ഏതുകാലത്ത് സംഭവിച്ചിരുന്നതാണെന്നാണ് സംവിധായകന്‍ പറയുന്നത്? ഇതു മാത്രമല്ല, അവരുടെ സംഭാഷണങ്ങള്‍ കഥകളി പദങ്ങളിലൂടെയാണ്, മുദ്രകളിലൂടെയാണ്. ഒരു പക്ഷെ, വളരെപ്പണ്ട് ഇങ്ങിനെയൊക്കെ കഥകളി പഠിച്ചിരുന്ന കുട്ടികള്‍ കളിച്ചിരിക്കാം. എന്നാല്‍ കുട്ടിയുടെ വാര്‍ത്ത വരുന്ന പത്രങ്ങളുടെ (ദി ഹിന്ദു, മാതൃഭൂമി, മനോരമ... ) ലേ-ഔട്ടും മറ്റും പുതിയ രീതിയിലുള്ളവയും (പുതുക്കിയിട്ട് രണ്ടുവര്‍ഷത്തിലേറെയായില്ല എന്നാണെന്റെ ഓര്‍മ്മ). ഇതുമാത്രമല്ല, കലയെ ലോകം മുഴുവന്‍ സ്പോണ്‍സര്‍ ചെയ്യുന്നതും, വിദേശരാജ്യങ്ങളില്‍ വേദികള്‍ സംഘടിപ്പിക്കുവാനായി മാനേജറെവെയ്ക്കുന്നതുമെല്ലാം അടുത്തകാലമുണ്ടായ പുതുമകളാണല്ലോ! അതായത് കഥയുടെ ഇടയ്ക്കിടെയുള്ള ഭാഗം ആധുനിക യുഗത്തിലും, മറ്റു ചില ഭാഗങ്ങള്‍ പത്തറുപതു വര്‍ഷം പുറകിലുമാണ് നടക്കുന്നത്. വാസുദേവപ്പണിക്കരെന്ന കഥകളി കലാകാരന്റെ പാത്രസൃഷ്ടി പോലും പഴമയില്‍ നിന്നുമാണ്, ഇന്നത്തെ കഥകളി വേഷക്കാരന്റെ ചുറ്റുപാടുകളല്ല അദ്ദേഹത്തിന്റേത്.

ശാസ്ത്രീയ സംഗീതം, അതു നിറഞ്ഞുനില്‍ക്കുന്ന ഒരു സിനിമയെടുക്കണം എന്നതായിരുന്നു സംവിധായകന്റെ ലക്ഷ്യം, പിന്നതിനു പറ്റിയ ഒരു കഥ തല്ലിക്കൂട്ടി, എങ്ങിനെയൊക്കെയോ അത് സിനിമയാക്കി. ഇങ്ങിനെയാവണം ഈ സിനിമയുടെ ജനനം. വളരെ ദുര്‍ബലവും അവിശ്വസിനീയവുമായ കഥ, തിരക്കഥ; പ്രത്യേകിച്ച് കഥാപാത്രങ്ങളോട് മമത തോന്നിപ്പിക്കാത്ത രംഗങ്ങളും അവയുടെ ആവിഷ്കാരവും; ഈ കുഴപ്പങ്ങള്‍ക്കിടയിലും ആശ്വാസമായെത്തുന്നത് ഇതിലെ സംഗീതമാണ്. ശാസ്ത്രീയ സംഗീതവും, കഥകളിയും, കഥകളി പദങ്ങളൊക്കെയും ഇതില്‍ വേണ്ടുവോളമുണ്ട്. സംഗീത സംവിധാനം, പാര്‍ത്ഥസാരഥി എന്ന നവാഗതനാണെന്ന് എഴുതിക്കാണിക്കുന്നുണ്ടെങ്കിലും, കീര്‍ത്തനങ്ങളും പദങ്ങളും പരമ്പരാഗത ശൈലിയില്‍ തന്നെയാണ് ചിത്രത്തില്‍ ആലപിച്ചിരിക്കുന്നത്. എല്ലാ കീര്‍ത്തനങ്ങളും (പാടിയത്: അര്‍ജുന്‍ ബി. കൃഷ്ണ) പദങ്ങളും (പാടിയത്: കോട്ടയ്ക്കല്‍ മധു) വളരെ നന്നായിത്തന്നെ ആലപിച്ചിട്ടുണ്ടെന്നത് എടുത്തു പറയേണ്ടതാണ്.

വാസുദേവപ്പണിക്കരായി സായി കുമാര്‍ നന്നായി അഭിനയിച്ചിരിക്കുന്നു. അരങ്ങില്‍ കഥകളിയാടുന്നുമുണ്ട് അദ്ദേഹം. ഒരു പക്ഷെ, വാനപ്രസ്ഥത്തിലെ മോഹന്‍ലാലിന്റെ കഥകളി അവതരണത്തേക്കാള്‍ മികച്ചുനിന്നു സായി കുമാറിന്റെ ആട്ടം. അപ്പുവായി മാസ്റ്റര്‍ ദേവദാസ് തരക്കേടില്ലാതെ അഭിനയിച്ചിരിക്കുന്നു. എന്നിരുന്നാലും കീര്‍ത്തനം പാടുമ്പോളെപ്പോഴും ചിരിച്ചുകൊണ്ടിരിക്കണം എന്ന് സംവിധായകന്‍ നിര്‍ബന്ധം പിടിച്ചതുപോലെ തോന്നി. പാട്ടിലെ ലയം ഭാവത്തില്‍ കൊണ്ടുവരുവാന്‍ അപ്പുവിനോ, കൊണ്ടുവരുവിക്കുവാന്‍ സംവിധായകനോ കഴിയാതെ പോയി. എന്നിരുന്നാലും ഡബ്ബിംഗ് വളരെ ഭംഗിയായി നിര്‍വ്വഹിച്ചിരിക്കുന്നു. സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍, കഥകളി ഭാഗവതരായ പൊതുവാളാശാന്‍ (ബാബു നമ്പൂതിരി), പൊതുവാളാശാന്റെ മകള്‍ ഇന്ദുവെന്ന് വിളിക്കുന്ന ഇന്ദിര (ശ്രീബാല), തുടങ്ങിയവരാണ്. വാസുവിന്റെ അടുത്ത സുഹൃത്തുകൂടിയാണ് പൊതുവാളാശാന്‍. ഇന്ദുവും വാസുവും തമ്മില്‍ ഇഷ്ടത്തിലുമാണ്. അപ്പു പഠിക്കുന്ന സ്കൂളിലെ ടീ‍ച്ചറായ ഇന്ദുവിന്, അപ്പുവിനോടുള്ളത് ഒരു മകനോടെന്നപോലെയുള്ള വാത്സല്യമാണ്. ഇടയ്ക്കിടെ വന്നുപോവുന്ന അപ്രധാനവേഷങ്ങള്‍ ഇനിയും വളരെയുണ്ട് ചിത്രത്തില്‍.


സിനിമയെന്ന നിലയില്‍ ആസ്വദിക്കുവാന്‍ ഏറെയൊന്നുമില്ല ചിത്രത്തില്‍. കഥകളി, ശാസ്ത്രീയ സംഗീതം എന്നിവ മനസിലാക്കി ആസ്വദിക്കുവാന്‍ കഴിയുന്നവര്‍ക്ക് ബോറടിയില്ലാതെ കണ്ടിരിക്കുവാന്‍ സാധിക്കും ഈ ചിത്രം. ഇവയോട് താത്പര്യമില്ലാത്തവരുടെ അവസ്ഥ വളരെ പരിതാപകരമായിരിക്കുകയും ചെയ്യും. ഇരുപതാമത് മേളകര്‍ത്താരാ‍ഗമായ നാട്ടഭൈരവിയുടെ ജന്യരാഗം, സംഗീതത്തില്‍ അതാണ് ആനന്ദഭൈരവി. ‘വാല്‍‌ക്കണ്ണെഴുതിയ മകരനിലാവില്‍...’, ‘ആറാട്ടിനാനകളെഴുന്നള്ളി...’ എന്നിവയൊക്കെ ഈ രാഗത്തിലുള്ളവയാണ്. എന്നാല്‍ ഈ സിനിമയ്ക്ക് എന്തിന് ഈ പേരു നല്‍കിയെന്നത് അജ്ഞാതമായ ഒരു സംഗതിയാണ്. കര്‍ണ്ണാടിക് സംഗീതവുമായി ഈ ചിത്രത്തിന് ബന്ധമുണ്ടെന്നുള്ളതു വിസ്മരിക്കുന്നില്ല, എന്നിരുന്നാലും ഈ രാഗമെന്തുകൊണ്ടെന്നത്, ഉത്തരമില്ലാത്ത ചോദ്യമായി ചിത്രത്തിനു ശേഷവും അവശേഷിക്കുന്നു.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
ആനന്ദഭൈരവി - ഇന്ദുലേഖ

--

22 comments :

 1. ശാസ്ത്രീയ സംഗീതത്തില്‍ അസാമാന്യമായ പാടവം ചെറുപ്പത്തിലെ പ്രകടിപ്പിക്കുന്ന അപ്പുവിന്‍റെ കഥയാണ് ആനന്ദഭൈരവി. കഥകളി കലാകാരനായ അച്ഛന്‍ വാസുപ്പണിക്കരുടെ പ്രതിക്ഷകള്‍ക്കും അപ്പുറത്തേക്ക് അപ്പു വളരുന്നു....
  പുതിയ ജയരാജ് ചിത്രമായ ‘ആനന്ദഭൈരവി’യെക്കുറിച്ചുള്ള എന്‍റെ തോന്നലുകള്‍.
  --

  ReplyDelete
 2. ‘ആനന്ദഭൈരവി’ എന്ന ചിത്രം മിക്കവാറും എല്ലാ സൈറ്റുകളും അവഗണിച്ചിരിക്കുന്നല്ലോ! ഇന്‍ഡ്യാഗ്ലിറ്റ്സ്, സിഫി മൂവീസ്, നൌറണ്ണിംഗ്... ഇവയൊന്നിലും ഇതിനെക്കുറിച്ച് പരാമര്‍ശമേയില്ല... റിവ്യൂകളില്ല, പ്രിവ്യൂകളില്ല, ചിത്രങ്ങളില്ല... ഇതെന്തുപറ്റി?
  --

  ReplyDelete
 3. ആനന്ദഭൈരവി’ എന്ന ചിത്രം മിക്കവാറും എല്ലാ സൈറ്റുകളും അവഗണിച്ചിരിക്കുന്നല്ലോ - നമ്മള്‍ ബ്ലോഗേഴ്സ് ആനന്ദബൈരവിക്ക് പബ്ലിസിറ്റി കൊടുത്താ‍ാലോ :)

  ReplyDelete
 4. ഓ..ഇങ്ങനീം ഒരു പടമിറങ്ങ്യോ...

  ജോണ്‍ ട്രാവോള്‍‌ട്ട അഭിനയിച്ച ദി ഫിനോമിനന്‍ എന്ന പടം കണ്ടിട്ടുണ്ടോ?
  ഇതിന്റെ കഥ കേട്ടിട്ട് ചെറ്യോരു സാമ്യം...
  പക്ഷേ അതില്‍ പുനര്‍ജന്മം ഒന്നുമല്ല കേട്ടോ..പ്രത്യേക ബ്രയിന്‍ വളര്‍ച്ചയാണ്. അതിലങ്ങേര് അവസാനം വടിയുമാകും.

  എനിവേ..അപ്പോ ഈ പടോം സ്കിപ്പ്‌ഡ്.

  ReplyDelete
 5. അപ്പോള്‍ ഈ സിനിമയിലെ പാട്ട് സംഘടിപ്പിയ്ക്കണമല്ലോ. ഹരീ..ചിത്രവിശേഷം നന്നായി. പെന്നും പേപ്പറും കൊണ്ടാണോ തീയേറ്ററില്‍ പോകാറ് പോയിന്റ്സ് നോട്ട് ചെയ്യാന്‍? :-)

  ReplyDelete
 6. കുറുമാനോട്,
  കൊടുക്കാമായിരുന്നു... പക്ഷെ, അത്രയ്ക്ക് ചിത്രത്തിനു മികവില്ലല്ലോ! മറ്റാരും പറയുന്നില്ല, അതുകൊണ്ട് നമ്മള്‍ പറയുന്നു എന്ന രീതിയില്‍ വേണമെങ്കില്‍ ചെയ്യാം.
  --
  അരവിന്ദിനോട്,
  ദി ഫിനോമിനന്‍ ഞാന്‍ കണ്ടിട്ടില്ല. പക്ഷെ, IMDB-യിലെ വിവരണമനുസരിച്ച്, ഇതുമായി നേരിട്ട് ബന്ധമൊന്നും തോന്നിയില്ല. പിന്നെ പുനര്‍ജ്ജനിയാണെന്ന് ചിത്രത്തില്‍ വ്യക്തമായൊന്നും പറയുന്നില്ല, ഒരു കഥാപാത്രത്തിന്റെ ഡയലോഗില്‍ നിന്നും ഊഹിച്ചെടുത്തതാണ്, സംവിധായകന്‍(കഥാകൃത്ത്) അങ്ങിനെയാവാം ഉദ്ദേശിച്ചതെന്ന്.
  --
  ദില്‍ബാസുരനോട്,
  :) എപ്പോഴും വിചാരിക്കും, ഒരു റൈറ്റിംഗ് പാഡൊക്കെയായി കേറണമെന്ന്. പക്ഷെ, എപ്പോഴും മറക്കുകയും ചെയ്യും. പേന എന്റെ കയ്യില്‍ തന്നെയുണ്ടാവും, പിന്നെ ടിക്കറ്റിന്റെ പുറകിലോ മറ്റോ അങ്ങ് എഴുതും.
  --

  ReplyDelete
 7. ഹരിയുടെ ചിത്രവിശേഷം ബ്ലോഗുകളുടെ സാധ്യതകള്‍‌ക്കുള്ള ഒരു ഉത്തമോദാഹരണമാണ്. എഴുത്തും വളാരെ അടക്കമുള്ളത്‌. ചിത്രങളോട്‌ കമ്പമില്ലെന്ന്കിലും വായിക്കാറുണ്ട്‌. ചെലപ്പോള്‍ പ്രിന്റ് ചെയ്ത്‌ അകത്ത്‌ള്ളാള്‍‌ക്ക്‌ കൊടുക്കാറുമുണ്ട്‌. ടിവിയില്‍ പരസ്യം കണ്ട്‌ ഇത്‌ കാണണം (എപ്പോള്‍ കാണാന്‍പറ്റുമെന്നറിയില്ലെങ്കിലും)എന്ന് പറഞിരീക്കുകയായിരുന്നു. ഇനി അതിലെ പാട്ടുകേട്ടാല്‍ മതിയല്ലോ.

  ReplyDelete
 8. സുനിലിനോട്,
  :) ചിത്രവിശേഷം ഇഷ്ടപ്പെട്ടന്നറിഞ്ഞതില്‍ വളരെ സന്തോഷം.
  --

  ReplyDelete
 9. ആനന്ദഭൈരവിയെക്കുറ്ച്ചു എഴുതിയതില്‍ സന്തോഷം. ഇതിനെക്കുറിച്ച് ഞാനും ഇതിനു മുന്‍പ് കേട്ടിരുന്നില്ല.

  1. ജയരാജിന്റെ സിനിമകളോട് പൊതുവെ ഒരു വിരോധം (മലയാളം മീഡിയയില്‍ കണ്ടു വരുന്നുണ്ട്. പൈതൃകം ഹിന്ദുത്വത്തിന്റെ യാഥാസ്ഥിത താല്പര്യങ്ങളെ ഉയറ്ത്തിക്കാണിക്കുന്നെന്നോ മറ്റോ പറഞ്ഞ് ഇടതന്മാറ് പ്രക്ഷോപണമുയറ്ത്തിയെന്ന് കേട്ടിട്ടുണ്ട്. അതുപോലെ വല്ല കാരണങ്ങളാലുമായിരിക്കണം ഈ പടത്തെപ്പറ്റി അധികം കേള്‍ക്കാത്തത്. low budget പടമായിരിക്കാം... പരസ്യത്തിനു ചിലവാക്കാന്‍ കാശില്ലായിരിക്കാം...

  2. മുജ്ജന്മത്തിലെ ബാക്കിവന്ന കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനായി നമ്മുടെയിടയില്‍ ജന്മമെടുത്തതെന്ന theme വികസിപ്പിച്ചെടുത്ത് നമുക്കു പ്രദാനിച്ചതും ഒരുകണക്കിന് നല്ലതു തന്നെ. അമേരിക്കയിലും മറ്റും ഈ ചിന്തകള്‍ക്ക് പ്രചാരമേറി വരികയാണല്ലോ ...

  ആശംസകളോടെ, മനുക്കുട്ടന്‍.

  ReplyDelete
 10. മനുക്കുട്ടനോട്,
  ഒരു സിനിമയേയും അവോയ്ഡ് ചെയ്യുവാന്‍ പാടില്ല. ലോ ബഡ്ജറ്റ് പടമാണെങ്കില്‍ പരസ്യത്തിലെ കുറവുകള്‍ മനസിലാക്കാം, എന്നാല്‍ ഇത് മറ്റുള്ള സൈറ്റുകളില്‍ ഇതിനെക്കുറിച്ച് യാതൊന്നുമില്ല. സിനിമാക്കാരെല്ലാം അവര്‍ക്കും പൈസനല്‍കി ഇടുവിക്കുന്നതാണോ അതൊക്കെ? അവര്‍ നന്നായി വിമര്‍ശിക്കാറുമുണ്ടല്ലോ? എന്തോ, വ്യവസ്ഥാപിത ചാനലുകളിലൂടെയല്ലായിരിക്കാം ഇത്തരം പടങ്ങള്‍ പുറത്തുവരുന്നത്.

  മുന്‍‌ജന്മ സൂചനകള്‍ വ്യക്തമായി സംവിധായകന്‍ ഇതില്‍ തരുന്നില്ല, സത്യത്തില്‍ ഈ പ്രതിഭാസത്തിന് ശാസ്ത്രീയമായോ, വിശ്വാസമായോ ഒരു വിശദീകരണവും ചിത്രത്തിലില്ല, ഒരു കഥാപാത്രം ഇടയ്ക്കെപ്പോഴോ ഇങ്ങിനെ സൂചിപ്പിക്കുന്നുണ്ട് അത്രമാത്രം. മെട്രിക്സ് എന്ന ചിത്രം യഥാര്‍ത്ഥത്തില്‍ പരകായപ്രവേശത്തിന്റെ ടെക്നോളജിക്കല്‍ വേര്‍ഷനാണെന്നു പറയാം. എന്നാല്‍ അതില്‍ അവര്‍ ഒരു ലോജിക് ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു ശ്രമമൊന്നും ഇവിടെയില്ല. അതുകൊണ്ടു തന്നെ നല്ല സിനിമ എന്നു പറയുവാന്‍ വിഷമമുണ്ട്.

  ഒരു ചെറിയ കാര്യം. പാട്ടാവശ്യമുള്ളവര്‍ അത് തേടി ഡൌണ്‍ലോഡ് ചെയ്യുമല്ലോ, അതിനായി ധാരാളം വെബ് സൈറ്റുകള്‍, മുഖ്യമായും ഫോറങ്ങള്‍ ലഭ്യമാണ്. അതിവിടെ പോസ്റ്റ് ചെയ്യേണ്ടതുണ്ടോ? അത്തരത്തിലുള്ള കമന്റുകള്‍ ഞാന്‍ ഡിലീറ്റ് ചെയ്യുന്നു. (അങ്ങിനെ ലിങ്കുകള്‍ നല്‍കുവാനാണെങ്കില്‍ ഞാനെപ്പോഴേ അതൊക്കെ ഇവിടെയിട്ടേനേ :P)
  --

  ReplyDelete
 11. ഹരീ സിനിമയുടെ ക്ലിപ്പിങ് ഏതോ ചാനലില്‍ കണ്ടിരുന്നു. അപ്പുവിനു് അച്ഛനും അമ്മയും ഒരാളാണെന്നോ മറ്റോ ഒരു കഥാപാത്രം പൂതനാവേക്ഷം ആടുന്ന സായ്‌കുമാറിനെ സൂചിപ്പിച്ചു പറയുന്നുണ്ടു്. ആനന്ദഭൈരവിയല്ലേ പൂതനാമോക്ഷത്തിലെ ‘സുകുമാര നന്ദകുമാരാ’ എന്ന പദത്തിന്റെ രാഗം?

  ReplyDelete
 12. ആനന്ദഭൈരവി സിനിമയിലെ കഥകളി പദങ്ങള്‍ പടിയിരിക്കുന്നത് കോട്ടക്കല്‍ പരമശിവ വിലാസം നാട്യസംഘത്തിലെ ശ്രീ.കോട്ടക്കല്‍ മധുവാണ്. മധുവേട്ടന്റെ സുഹൃത്ത് എന്ന നിലയില്‍ എനിക്ക് അഭിമാനമുണ്ട് ആ പ്രതിഭയ്ക്ക് ഈ ഒരു എക്സ്പോഷര്‍ കിട്ടുന്നതില്‍.

  ReplyDelete
 13. ആ മധുവേട്ടന്റെ സുഹൃത്തിനെ ഞാന്‍ ബ്ലോഗില്‍ വെച്ചൊക്കെ കാണാറുണ്ടെന്നതില്‍ എനിക്കും അഭിമാനമുണ്ട് :)

  ReplyDelete
 14. പെരിങ്ങോടനോട്,
  അച്ഛന്റെ കഥകളി സ്ത്രീ വേഷങ്ങളാണ് അപ്പുവിന്റെ അമ്മ. അത് സീതയാവാം, പൂതനയാവാം, കുന്തിയാവാം... ശരിതന്നെ, ഈ പദം ചിത്രത്തിലുണ്ട്. എന്നാല്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത് ‘ഹന്ത ഹന്ത ഹനുമാന്‍’ എന്ന ലവണാസുരവധത്തിലെ പദമാണ്. അതിന്റെ രാഗം പുന്നഗവരാളിയാണ്. ‘സുകുമാര നന്ദകുമാര’ ചിട്ടപ്രകാരം എരിക്കിലക്കമോദരി രാഗത്തിലാണെങ്കിലും, ഇപ്പോള്‍ ആനന്ദഭൈരവിയിലും പാടിവരുന്നുണ്ട്. അങ്ങിനെയൊരു ബന്ധം നമുക്ക് കണ്ടെത്താം. :)
  --
  ദില്‍ബാസുരനോട്,
  അതെ, ശ്രീ. കോട്ടക്കല്‍ മധുവാണ് അതിലെ കഥകളി പദങ്ങള്‍ ആലപിച്ചിരിക്കുന്നത്. ശ്രീ. മധുവുമായി എനിക്കും പരിചയമുണ്ട്, പേരുപറഞ്ഞാല്‍ അറിയില്ലായിരിക്കും, പക്ഷെ, എന്നെ കണ്ടാല്‍ മനസിലാവും. :) അതെ, ഇങ്ങിനെയൊരു എക്സ്പ്ലോഷര്‍ കിട്ടുന്നത് വളരെ നല്ലതാണ്. രാഗഭാവവും രാഗവിസ്താരവുമൊക്കെ (കഥകളി പദക്കച്ചേരിയില്‍) നന്നായി മധു അവതരിപ്പിക്കും. :)
  --
  ഇഞ്ചിചേച്ചിയേ,
  ചേച്ചിക്കുമറിയുമോ കോട്ടയ്ക്കല്‍ മധുവിനെ? ചേച്ചിക്കും കഥകളിയിലൊക്കെ താത്പര്യമുണ്ടോ?
  --

  ReplyDelete
 15. ഇല്ല കരിക്കുട്ട്യേ, പിന്നെ നീ എന്താ കഥകളി പദമാണൊ ഈ കാണിക്കുന്നേ എന്ന് അമ്മ ചോദിക്കാറുണ്ട്, അത് ക്ക്വാളിഫൈ ചെയ്യുമൊ? :)
  മലയാളം നേരെ ചൊവ്വേ അറിയില്ല, പിന്നെയാണിനി :)

  ReplyDelete
 16. ഇത് ഞാന്‍ കാണണം എന്ന് ആഗ്രഹിച്ചതാ ഹരിക്കുട്ടാ. :) ഇനി ടി. വി യില്‍ കാണേണ്ടിവരും.

  ReplyDelete
 17. എനിക്ക് കഥ അറിഞ്ഞിട്ട് സിനിമ കാണാന്‍ ഇഷ്ടമില്ല. അതുകൊണ്ട് ഒന്നും വായിച്ചില്ല.:) അതാണ് ഞാന്‍ ഇവിടെ വന്നൊന്നും പറയില്ലാത്തത്.
  qw_er_ty

  ReplyDelete
 18. ആന്ദഭൈരവിയിലെ ഒരു ക്ലിപ്പിംഗ് കണ്ടിരുന്നു. എനിക്കു ശരിക്കും ഇഷ്ടപ്പെട്ടു, കളിയാടിക്കൊണ്ടിരുന്ന സായികുമാറിനെ അമ്മേ എന്നു വിളിച്ചുകൊണ്ട് ആ കുട്ടി കെട്ടിപിടിക്കുന്നത്, കഥകളിയുടെ ഉടുത്തുകെട്ടുകളോടെയാണെങ്കിലും സായികുമാര്‍ ആ കുട്ടിയെ ചേര്‍ത്തുപിടിക്കുന്ന രംഗം നന്നായി ചെയ്തിരിക്കുന്നു. അപ്പോള്‍ ഇപ്രാവശ്യം സായികുമാറിനുകൊടുത്ത അവാര്‍ഡ് അര്‍ഹതപെട്ടതായിരുന്നുവല്ലേ.

  ReplyDelete
 19. ഇഞ്ചിയോട്,
  കഥകളിപ്പദമാണോ ഈ കാണിക്കുന്നേ? എന്ന ചോദ്യത്തിലെന്തോ ഒരു മിസ്റ്റേക്കില്ലേ?
  --
  സുവിനോട്,
  അതെയതെ, ഞങ്ങളുടെ തിയേറ്ററീന്ന് പടം വിട്ടു, പകരം വല്ലവന്‍ വന്നു. സായികുമാറിന്റെ സ്ത്രീവേഷം ആര്‍ക്കുമത്ര പിടിച്ചില്ലെന്നു തോന്നുന്നു. ;) നയനെ വെച്ച് ട്രൈ ചെയ്യാമെന്ന് തിയേറ്ററുകാര്‍ വെച്ചുകാണും.
  --
  ബിന്ദുവിനോട്,
  ഞാനതിനിവിടെ കഥയൊന്നും പറയുന്നില്ലല്ലോ, ഒരു തുടക്കം മാത്രമല്ലേ പറയുന്നുള്ളൂ...
  --
  ശാ‍ലിനിയോട്,
  അതെ, സായി കുമാറിനുള്ള അവാര്‍ഡ് അര്‍ഹതപ്പെട്ടതു തന്നെയായിരുന്നു. പൃത്ഥ്വിരാജിനേക്കാള്‍ നന്നായില്ലേ? കഥകളി മോഹന്‍ലാല്‍ വാനപ്രസ്ഥത്തില്‍ കാട്ടിയതിലും നന്നായി.
  --

  ReplyDelete
 20. ഇന്ന് ഏഷ്യാനെറ്റില്‍ ഈ പടത്തെ പറ്റി ഒരു പരിപാടി ഉണ്ടായിരുന്നു കൂടെ ജയരാജുമായൊരു അഭിമുഖവും.പടത്തിന്റെ ക്ലിപ്പിങ്ങ്സ്‌ കുറെ കണ്ടു.കുറച്ചു കണ്ടപ്പൊ തോന്നിയതു ദേശാടനം പോലെ തന്നെയാണൊയെന്നാണു കാരണം കഥകളിയും അച്ചനും അമ്മൂമ്മയും പാട്ടും എല്ലാം ആയപ്പൊ.
  ഓഫീസില്‍ പോകാന്‍ സമയമായതു കൊണ്ടു ബാക്കി വാമഭാഗം ആണു കണ്ടതു.കുട്ടി സായ്കുമാറിനെ അമ്മേ എന്നുപറഞ്ഞു കെട്ടിപ്പിടിക്കുന്നതെല്ലാം നന്നായിട്ടുണ്ടെന്നു പറയുന്നു കൂടാതെ സായ്കുമാറിന്റെ അഭിനയവും.
  എന്തായാലും ഹരിയുടെ ശ്രമം നല്ലതുതന്നെ.അഭിനന്ദനങ്ങള്‍.

  ReplyDelete
 21. ഹരീ,
  ഇതു ഇപ്പോള്‍ തന്നെ വായിക്കുമെങ്കില്‍,
  ഒന്നു വിളിക്കാമോ?നമ്പര്‍: idd fe fe adi
  അല്ലെങ്കില്‍ ഒന്നു മെയില്‍ ചെയ്താലും മതി.
  നന്ദി.
  viswaprabha@ജീമെയില്‍.കോം

  ReplyDelete
 22. ഇതു തെലുങ്കില്‍ പട്ട് ഇറങ്ങിയ സിന്ധുഭൈരവി എന്ന ചിത്രത്തിന്റെ കുറെ ഭാഗങ്ങള്‍ അടിച്ച് മാറ്റിയതുപോലുണ്ട്.അതില്‍ ഗുരുമൂലം ശിഷ്യന്‍ ആത്മഹത്യ ചെയ്യുകയാണ്.ഗുരുവിനേക്കാളും വളര്‍ന്ന ശിഷ്യന്റെ സ്ഥിതി കണ്ട് അസൂയ മൂത്ത ഗുരു ശിഷ്യനെ വളരാന്‍ അനുവദിക്കുന്നില്ല.കഥ ഓര്‍ക്കുന്നില്ല.ഓര്‍മ്മയില്‍ നിന്നാണ്.(ആ ചിത്രത്തിലും അസാമാന്യ പ്രതിഭ കാണിച്ച ഒരു കുട്ടിയുടെ കഥയായാണ് അവതരണം).
  ഇപ്പൊഴുള്ള സിനിമകള്‍ എല്ലാം ഇങ്ങനെയാണ്.കഥ രണ്ട് കാലഘട്ടങ്ങളില്‍.കഥാ‍പാത്രത്തിന്റെ വസ്ത്രത്തിനോ‍,വസ്ത്രധാരണ രീതിക്കോ പോലും മാറ്റമുണ്ടാകില്ല.ഉദാ:ക്ലാസ്മേറ്റ്സ്.

  ReplyDelete