മായാവി

Published on: 2/08/2007 12:26:00 AM

രാജമാണിക്യത്തിനു ശേഷം മമ്മൂട്ടി കൈവെച്ച കോമഡി ചിത്രങ്ങളൊന്നും അത്രയ്ക്കങ്ങ് ജനം സ്വീകരിച്ചു എന്ന് കരുതുവാന്‍ വയ്യ (തുറുപ്പുഗുലാന്‍, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, പോത്തന്‍ വാവ). ബല്‍‌റാം Vs. താരാദാസ് പരാജയപ്പെട്ടത്, മമ്മൂട്ടിയുടെ അമിതമായ കോമഡിപ്രേമം കൊണ്ടാണെന്നും കേള്‍ക്കുകയുണ്ടായി. എന്നാല്‍ മായാവി മമ്മൂട്ടിയുടെ കോമഡി ചിത്രങ്ങളില്‍ മറ്റൊരു വിജയമാവാനാണ് സാധ്യത. ഒരു രസികന്‍ ചിത്രത്തിനു വേണ്ട ചേരുവകളെല്ലാം ഇതില്‍ സമാസമം ചേര്‍ത്തിരിക്കുന്നു തിരക്കഥാകൃത്തുക്കളായ റാഫി-മെക്കാര്‍ട്ടിനും സം‌വിധായകന്‍ ഷാഫിയും. പി. രാജനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

കഥാനായകനായ മഹിയെ (മമ്മൂട്ടി)ക്കുറിച്ച് കാര്യമായൊന്നും സം‌വിധായകന്‍ പറയുന്നില്ല. ഒരനാഥന്‍, കഥയുടെ തുടക്കത്തില്‍ ജയിലിലാണ്. ഇരുട്ടടിയിലാണ് സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്. ആളറിയിക്കാതെ, തെളിവുകള്‍ ബാക്കിവെയ്ക്കാതെ വേഗവും ബലവും കൊണ്ട് ശത്രുവിനെ ഇടിച്ചിടുവാനുള്ള മഹിയുടെ സാമര്‍ത്ഥ്യം മഹിയ്ക്ക് ‘മായാവി’യെന്ന ഓമനപ്പേരു നല്‍കി. ജയിലില്‍ വെച്ചു കിട്ടുന്ന കൂട്ടുകാരനാണ് ബാലന്‍ (മനോജ് കെ. ജയന്‍). ബാങ്ക് മാനേജരായിരുന്ന ബാലന്‍ സേഫ് കടത്തിയ കുറ്റത്തിനാണ് ജയിലിലെത്തിയത്. സ്വാതന്ത്ര്യദിനത്തില്‍ ശിക്ഷയിളവ് ചെയ്ത് പുറത്തിറങ്ങുന്ന മഹി, ബാലന്‍റെ സഹോദരന്‍റെ ഓപ്പറേഷനുള്ള പണം എത്തിക്കാമെന്ന് ബാലന് വാക്കു നല്‍കുന്നു.

പുറത്തിറങ്ങുന്ന മഹി, ആദ്യം കാണുന്നത് ഉറ്റ സുഹൃത്തും, അല്ലറ ചില്ലറ മോഷണം നടത്തി ജീവിക്കുന്നവനുമായ ഗിരിയെയാണ്(സുരാജ് വെഞ്ഞാറമ്മൂട്). പണം സംഘടിപ്പിക്കുവാനായി ഒരു കൊലക്കുറ്റം ഏറ്റെടുക്കുവാന്‍ മഹി തയ്യാറാവുന്നു. സ്ഥലത്തെത്തുമ്പോളാണ് അറിയുന്നത് കൊലപാതകം നടന്നിട്ടില്ല, നടക്കുവാന്‍ പോവുന്നതേയുള്ളൂവെന്ന്. ഐരാണിമുട്ടം കുടുംബവുമായുള്ള ശത്രുതയുടെ പേരില്‍ സുരേന്ദ്രന്‍ (വിജയരാഘവന്‍) എന്ന നാട്ടുപ്രമാണി ആ കുടുംബത്തിലെ ഏഴുപേരെ വകവരുത്തി. അതിനു പകരമായി ഐരാണിമുട്ടത്തെ ശിവശങ്കരന്‍ (സായി കുമാര്‍) സുരേന്ദ്രന്റെ അച്ഛനേയും സഹോദരനേയും കൊന്ന് ഇപ്പോള്‍ ജയിലിലാണ്. പരോളിലിറങ്ങുന്ന ശിവശങ്കരനെ വകവരുത്തുവാനുള്ള കരുക്കളാണ് സുരേന്ദ്രന്‍ ഇപ്പോള്‍ നീക്കുന്നത്. ശിവശങ്കരന്റെ അമ്മ ദേവകി (കെ.പി.എ.സി. ലളിത) യാണ് ഇപ്പോള്‍ ഐരാണിമുട്ടത്തെ കാരണവര്‍, കാര്യങ്ങള്‍ നോക്കിനടത്തുവാനായി ഐരാണിമുട്ടത്തെ കാര്യസ്ഥന്റെ മകള്‍ ഇന്ദു (ഗോപിക) വുമുണ്ട്. ഐരാണിമുട്ടവുമായുള്ള ബന്ധം കാരണം ഇന്ദുവിനേയും സഹോദരിയേയും പലതരത്തില്‍ സുരേന്ദ്രനും സുരേന്ദ്രന്റെ അനിയനും ദ്രോഹിക്കുന്നുമുണ്ട്. ശിവശങ്കരന്റെ വലംകൈയ്യായിരുന്ന സ്രാങ്ക് (സലിം കുമാര്‍) സുരേന്ദ്രന്റെ ഭീഷണിയില്‍ ഭയന്ന് അവരുടെ കൊള്ളരുതായ്കകള്‍ക്ക് കൂട്ടുനില്‍ക്കുന്നു. പിന്നീട് മായാവിയുടെ വിശ്വസ്ത സഹായിയായി ഐരാണിക്കാരോടുതന്നെ ചേരുന്നു.

നര്‍മ്മ പ്രധാനമായ രംഗങ്ങളിലൂടെ, സസ്പെന്‍സ് ചോര്‍ന്നു പോവാതെ കഥ പുരോഗമിക്കുന്നു. കൊലപാതകക്കുറ്റം ഏറ്റെടുക്കുവാനെത്തുന്ന മായാവി ഒടുവില്‍, കൊല്ലപ്പെടേണ്ടയാളിന്‍റെ രക്ഷകനാവുന്നു. മറ്റ് ചില സംഭവവികാസങ്ങളും കഥയിലുണ്ട്. സുരാജിന്‍റേയും സലിം കുമാറിന്‍റേയും തമാശകളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്, കൂടാതെ മമ്മൂട്ടിയുടെ ഡയലോഗുകളും. കൊച്ചിന്‍ ഹനീഫ, മാമുക്കോയ, സ്‌ഫടികം ജോര്‍ജ്ജ്, കീരിക്കാടന്‍ ജോസ്, മണിക്കുട്ടന്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. അനാവശ്യമായ സംഘട്ടനരംഗങ്ങള്‍ ഒഴിവാക്കി, കഥ മുഷിപ്പില്ലാതെ വേഗത്തില്‍ പറഞ്ഞു പോകുവാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിരിക്കുന്നു. ഉള്ള സംഘട്ടന രംഗങ്ങളുടെ തന്നെ ദൈര്‍ഘ്യത്തില്‍ മിതത്വം പാലിച്ചിരിക്കുന്നതും എടുത്തു പറയേണ്ടതാണ്. അനാവശ്യമായി കഥാപാത്രങ്ങളെ തിരുകി കയറ്റിയിട്ടുമില്ല.

ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അലക്സ് പോള്‍. ഗാനരംഗങ്ങള്‍ക്ക് പറയത്തക്ക പുതുമയൊന്നുമില്ല. ആദ്യം കാണിക്കുന്ന ജയിലിലെ ഗാനരംഗം ആവശ്യമാണെന്നും തോന്നിയില്ല. രണ്ടാം പകുതിയിലെ ‘മുറ്റത്തെ മുല്ല... ’ എന്ന ഗാനം തരക്കേടില്ല, അത് ചിത്രത്തോട് ചേര്‍ന്നു പോവുകയും ചെയ്യുന്നു. എന്നിരുന്നാലും മായാവി എന്ന മഹിയുടെ പാത്രസൃഷ്ടിയിലും മറ്റും അല്പം ശ്രദ്ധിക്കാമായിരുന്നെന്നു തോന്നുന്നു. ചില അസ്വാഭാവികതകള്‍ അവിടെയുമിവിടെയും ചൂണ്ടിക്കാണിക്കുവാനും കഴിയും. ഗോപികയുടെ അഭിനയം ചിലയിടങ്ങളില്‍ അരോചകമായിത്തോന്നി (വെള്ളത്തില്‍ മുങ്ങുന്ന രംഗം ഒരുദാഹരണം). എന്നിരുന്നാലും ഈ കുറവുകളെല്ലാം മായാവിയിലെ നര്‍മ്മം നികത്തുന്നുണ്ട്, അതുകൊണ്ടുതന്നെ പ്രേക്ഷകര്ക്ക് ഈ സിനിമ ആസ്വാദ്യകരമായിരിക്കും.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
മായാവി - ഇന്ദുലേഖ

18 comments :

 1. മമ്മൂട്ടിയുടെ മറ്റൊരു കോമഡി ചിത്രം. രാജമാണിക്യത്തിനു ശേഷം, അദ്ദേഹത്തിന്റെ കോമഡിച്ചിത്രങ്ങളൊന്നും അത്രയ്ക്കങ്ങ് ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ ‘മായാവി’ മറ്റൊരു ഹിറ്റ് ആവാന്‍ സാധ്യതയുണ്ടെന്നു തോന്നുന്നു.
  --
  പുതിയ മമ്മൂട്ടിച്ചിത്രമായ ‘മായാവി’യെക്കുറിച്ചുള്ള എന്റെ തോന്നലുകള്‍....
  --

  ReplyDelete
 2. യെവന്‍ പുലിയാണ് കേട്ടാ സ്റ്റൈലില്‍ പഞ്ച് വാക്യങ്ങളൊന്നും ഇല്ലേ ഹരീ :-)
  ഈപ്പടം കാണണം..റാഫി മെക്കാര്‍ട്ടില്‍ നിരാശപ്പെടുത്തില്ല.

  ഇപ്പോ ഓര്‍മവന്ന പാണ്ടിപ്പടയിലെ എണ്ണം പറഞ്ഞ ഒരു ഡയലോഗ്
  (അധികം ആരും ശ്രദ്ധിച്ചുകാണില്ല)
  ഹായ് ബാസിഗര്‍ എന്നും പറഞ്ഞ് ഭാസിയുടെ(ഹരി‍ശ്രീ)വീട്ടിലേക്ക് കയറിച്ചെല്ലുന്ന ദിലീപ്
  അല്പസമയത്തെ സംഭാഷണത്തിന്‍ ശേഷം, “ഓഹ്..ചൂടെടുക്കുന്നു..കാറ്റ് കൊള്ളാന്‍ ഫാനില്ലേ“ എന്ന്
  ചോദിക്കുന്നു.
  അപ്പോ ഹരിശ്രീ..”ദേ എന്റെ കാറ്റിപ്പം പോകും, നീ വേണേ അത് കൊണ്ടോ” എന്ന്.
  ചിരിക്കാതെ എന്ത് ചെയ്യും!

  ഇത് ഉറപ്പായും കാണും.

  ReplyDelete
 3. ഹരി പറഞ്ഞതല്ലേ, ഈയാഴ്ച വീട്ടില്‍ പോകുമ്പോള്‍ കണ്ടു കളയാം (എന്തു കളയാമെന്നാ)

  ReplyDelete
 4. താങ്ക്യൂ താങ്ക്യൂ ഹരി!

  പടത്തെക്കുറിച്ച് ഒരു ധാരണ തന്നതിന്. റാഫിയും മെക്കാര്‍ട്ടിനും അരവിന്ദ് പറഞ്ഞപോലെ ചിരിക്കുള്ള എന്തെങ്കിലും പത്ത് നമ്പര്‍ തരാതെ പോകില്ല!

  ഓ.ടോ:

  പിന്നെ, ദേ മമ്മുട്ടി എന്റെ പോലെ തലയില്‍ മുണ്ടിട്ടിരിക്കണൂ! ഇതിനെതിരെ പ്രതികരിക്കാന്‍ ഇവിടാരുമില്ലേ?? :)

  ReplyDelete
 5. മോശമില്ല എന്നല്ലേ ഹരി പറഞ്ഞത്? ഞാന്‍ കണ്ടില്ല. എനിക്ക് പക്ഷെ, മമ്മൂട്ടി, കോമഡിയുടെ പേരും പറഞ്ഞ് എന്തെങ്കിലും ഒക്കെ പൊട്ടത്തരങ്ങള്‍ കാണിക്കുന്നത് എന്തോ ഇഷ്ടമല്ല. അദ്ദേഹത്തിന് ചേരുന്നത് സീരിയസ്സ് റോളുകള്‍ ആണ്. എത്രയോ ഉണ്ട് പറയാന്‍. (എന്റെ അഭിപ്രായം മാത്രം.)

  ReplyDelete
 6. ഹരീ വളരെ നന്നായി ഈ അവലോകനം. മമ്മൂട്ടിയുടെ കോമഡി പണ്ട് അത്ര രസിക്കുമായിരുന്നില്ല. പക്ഷെ ഇപ്പോള്‍ കാലത്തിനനുസരിച്ച് പുള്ളിയും ഹാസ്യം അഭിനയിക്കാന്‍ പഠിച്ചു.

  ഓ.ടോ: വിശാലേട്ടാ, കോപ്പീ റൈറ്റാക്ട് ആക്ട് 1947, സെക്ഷന്‍ 15-agu പ്രകാരം സം‌വിധായകന്‍റെ പേരിലും, നിര്‍മ്മാതാവിന്‍റെ പേരിലും നമുക്കൊരു കേസു കൊടുക്കാം.

  ReplyDelete
 7. മായാവീടെ തുടരന്‍ പതിപ്പ്‌ ലുട്ടാപ്പിയാവുമോ? മമ്മുക്ക ഏതായാലും അതിലില്ലെന്നറിഞ്ഞു. ഇനിയിപ്പോ...?? വേണ്ട, ഒരു ലഹളയ്‌ക്ക്‌ ഞമ്മളില്ലേ.. ഞാനൊന്നും ചോദിച്ചൂല്ല, പറഞ്ഞൂല്ല.
  ശരിയാണല്ല്, വിശാലേട്ടനെ അനുകരിച്ചോണ്ട്‌ തലേലതെ നിറത്തിലുള്ള തോര്‍ത്തിട്ടാണല്ലോ മമ്മുക്ക നിക്കുന്നത്‌!!

  ReplyDelete
 8. അരവിന്ദിനോട്,
  അങ്ങിനെയൊരു പഞ്ച് ലൈനൊന്നും ഇതിലില്ല. പിന്നെ, അര്‍ത്ഥമറിയാതെ കട്ടിയുള്ള മലയാളം പദങ്ങള്‍ മമ്മൂട്ടി ഇടയ്ക്കിടെ ഉപയോഗിക്കും, അവ പലപ്പോഴും ഉദ്ദേശിക്കുന്നതിന്‍റെ നേരേ എതിരാവുകയും ചെയ്യും... അത്തരം ഡയലോഗുകളാണ് ഇതിലെ പഞ്ച്.
  --
  സിജു,
  കണ്ടു (പൈസ, സമയം)കളയാമെന്ന്... അല്ലേ? :)
  --
  വി.എമ്മിനോട്,
  അതെയതെ... ചിരിക്കാനുള്ള പത്തല്ല, ഒരു ഇരുപത് നമ്പര്‍ ചിത്രത്തിലുണ്ടാവും. ങ്‍ഹാ... ചുമല നിറം, അതേ കെട്ട്... അപ്പോള്‍ വിശാലന്‍റെ സ്വഭാവവും മായാവിയുടേതാണോ!
  --
  അങ്ങിനെ പറയാമോ സൂ,
  കണ്ടു ശീലിച്ചതില്‍ നിന്നൊരു മാറ്റം, അതുകൊണ്ടു തോന്നുന്നതല്ലേ അങ്ങിനെയൊക്കെ? കോമഡിയും നന്നായിത്തന്നെ അദ്ദേഹം ചെയ്യുന്നുണ്ടെന്നാണ് (എല്ലാത്തിലുമല്ല) എന്‍റെയൊരു വിശ്വാസം.
  --
  സുഗതാരാജിനോട്,
  മാഷിനെ ഞാനാദ്യമായി കാണുകയാണല്ലോ...
  അതെയതെ, ഡാന്‍സ് കളിക്കുവാന്‍ അറിയില്ല, പറ്റുകില്ല എന്ന സത്യം, അദ്ദേഹം അക്സപ്റ്റ് ചെയ്ത് അതിലൊരു കോമഡി കണ്ടെത്തി. ഉദയനാണു താരം കൊണ്ടുവന്ന ഒരു കണ്‍സപ്റ്റാണതെന്നു തോന്നുന്നു, തങ്ങളുടെ കുറവുകള്‍ മറച്ചുവെയ്ക്കാതെ പുറത്തുപറയുന്നതിലെ കോമഡി, അല്ലേ?
  --
  എന്തോ... ലുട്ടാപ്പിയാവുമോ? അതോ ഡിങ്കനായിരിക്കുമോ?
  ഇതിലിപ്പോ എന്തോ ലഹളയാക്കാനാ?
  --

  ReplyDelete
 9. ഹരി പറഞ്ഞതിനോടു 100% യോജിക്കുന്നു. ഇന്നലെ പടം കണ്ടു. ചിരിക്കാന്‍ എറെയുണ്ടു, സലിംകുമാറാണു താരം, സുരജിന്റെ റോള്‍ തിരുകി ചേര്‍ത്തതു പൊലെ തോന്നി. വിശാല്‍ജി, പത്തോ ? മൊത്തം നമ്പറുകള്‍ അല്ലേ....കുട്ടുകാരേ, ദൈര്യമായി കണ്ടോ ഇഷ്ടപ്പെടും തിര്‍ച്ച...

  ReplyDelete
 10. ഇവിടെ എന്നണോ ആവോ വരുന്നത്. കാണണം എന്നു ഒരു ആഗ്രഹം.വിവരണത്തിന്ന് നന്ദി ഹരീ.

  ഡോണ.

  ReplyDelete
 11. ഹരിയേട്ടാ‍,
  വളരെ നന്നായിട്ടുണ്ട്ട്ടോ.

  മമ്മുട്ടിയുടെ മുന്‍‌കാലചിത്രങ്ങളിലേത് പോലെ ഏതെങ്കിലും പ്രാദേശിക സംസാരഭാ‍ഷ ഇതിലും ഉണ്ടോ? രാജമാണിക്യം,പോ.വാവ പോലെ..

  ReplyDelete
 12. കൊള്ളാം.. വിവരണത്തിനു നന്ദി..ഇനി നാട്ടില്‍ ചെല്ലുമ്പോല്‍ ഒത്താല്‍ കാണാം.. ഇല്ലേല്‍ കണ്ടവറ് പറയുന്ന കേട്ടു രസിക്കം..

  ReplyDelete
 13. തക്കുടുവിനോട്,
  വായിച്ചതിലും കമന്റിയതിലും ഒത്തിരി സന്തോഷം.... :)
  പക്ഷെ, സുരാജിന്റെ റോളില്‍ എനിക്ക് കുഴപ്പമൊന്നും തോന്നിയില്ല, ആ കഥാപാത്രം തിരുകികയറ്റിയെന്നും പറയുവാന്‍ കഴിയുകയില്ല.
  --
  ഡോണയോട്,
  എത്രമാസങ്ങള്‍ക്കു ശേഷമാണ് വിദേശങ്ങളിലെത്തുന്നത്? ഒന്നു രണ്ടു മാസമെടുക്കുമായിരിക്കും അല്ലേ? അല്ലെങ്കില്‍ വി.സി.ഡി. കിട്ടില്ലേ?
  --
  ശ്രീറാമിനോട്,
  ഇല്ല ശ്രീരാമേ... പ്രാദേശിക ഭാഷയൊന്നും ഉപയോഗിച്ചിട്ടില്ല. അരവിന്ദനോട് ഞാന്‍ പറഞ്ഞ കമന്റ് ഒന്നു നോക്കൂ... അതാണ് ഈ ചിത്രത്തിലെ നമ്പര്‍.
  --

  ReplyDelete
 14. ഹരിയുടെ ചിത്ര അവലോകനങ്ങളൊക്കെ നന്നാകുന്നു. പുതിയ സിനിമയെക്കുറിച്ചു് ഞങ്ങള്‍ക്കു് അറിയാന്‍ ഉപകരിക്കുന്നു. ഹാ.ഒന്നും ഇവിടെ കാണാന്‍ പറ്റില്ലല്ലോ.നാട്ടില്‍ വരുമ്പോള്‍ കാണേണ്ട പടങ്ങളെ ഹരി പരിചയപ്പെടുത്തുന്നതു നന്നായി. ആശംസകള്‍

  ReplyDelete
 15. മായാവി കണ്ടു, അത്രക്കങ്ങോട്ട് പിടിച്ചില്ല
  പിന്നെ മറ്റു സിനിമകളെ വെച്ചു നോക്കുമ്പോ.. ഭേദമെന്നു പറയാം
  റാഫി-മെക്കാര്‍ട്ടിന്റെ പതിവു നമ്പറുകളൊക്കെ തന്നെ
  മലയാളം വാക്കുകള്‍ അര്‍ത്ഥം തെറ്റിച്ചു പറയുന്നതും സലിംകുമാറിന്റെ കൊച്ചി ശൈലിയും (മ്യായാവി, ദിങ്ങോട്ട്, ..) ഇതൊക്കെ കുറെ കണ്ടതല്ലേ.. എങ്കിലും ഞാന്‍ ചിരിച്ചില്ല എന്നു പറഞ്ഞാല്‍ നുണയാകും :-)
  സിനിമ ഹിറ്റാവും, ഒരാഴ്ചക്കുള്ളില്‍ തന്നെ മൂന്നാമത്തേയും നാലാമത്തേയും പ്രാവശ്യം കാണാന്‍ വന്ന ആളുകള്‍ (കൊച്ചിയിലെ മമ്മൂട്ടി ഫാന്‍സ്) രാജമാണിക്യത്തേക്കാളും അടിപൊളിയെന്നോക്കെയാണ് പറഞ്ഞത്.
  മലയാള സിനിമയിലെ ഹാസ്യത്തിന്റെ നിലവാരം കുറച്ചു കൂടി ഉയര്‍ത്തിക്കൂടെയെന്നു തോന്നി

  സുരേന്ദ്രന്‍ (വിജയരാഘവന്‍) എന്ന നാട്ടുപ്രമാണി ആ കുടുംബത്തിലെ ഏഴുപേരെ വകവരുത്തി
  വിജയരാഘവന്റെ അച്ഛനല്ലേ കൊല്ലുന്നത് ?

  നര്‍മ്മ പ്രധാനമായ രംഗങ്ങളിലൂടെ, സസ്പെന്‍സ് ചോര്‍ന്നു പോവാതെ കഥ പുരോഗമിക്കുന്നു

  ഇതില്‍ സസ്പെന്‍സ് ഉണ്ടായിരുന്നോ :-)

  ReplyDelete
 16. സിജുവിനോട്,
  ആണോ? ആ, ആരു വകവരുത്തിയാലുമെന്താ... കഥയിലവരിരുവരും തമ്മിലൊരു ശത്രുതയ്ക്കൊരു കാരണം, അത്രയുമല്ലേയുള്ളൂ... വിട്ടു കള :) പിന്നെ, സസ്പെന്‍സിന്റെ കാര്യം... ങ്ഹാ, ഒരു ചെറിയ സസ്പെന്‍സൊക്കെയുണ്ടല്ലോ, അത്രയും അവസാനംവരെ കാത്തു സൂക്ഷിച്ചു എന്നതേ ഞാനുദ്ദേശിച്ചുള്ളൂ‍, ഇവിടിനിയും വിശദീകരിച്ചാല്‍ ഇതൊരു സ്പോയിലര്‍ ആയിപ്പോവില്ലേ...
  --

  ReplyDelete
 17. കൊള്ളാം ഹരി...സിനിമയെപ്പറ്റി നല്ലൊരു വിമര്‍ശനം തന്നതിനു.ഇവിടെ വരട്ടെ എന്നിട്ടു കാണാം അല്ലെങ്കില്‍ വി സി ഡി കിട്ടണം അതിപ്പൊ നാട്ടില്‍ നിന്നും അങ്ങിനെ വരുന്നില്ലാന്നാണറിഞ്ഞതു.അപ്പൊ പിന്നെ കാത്തിരിക്കുക തന്നെ ല്ലേ.മമ്മൂക്കക്കു ഡാന്‍സ്‌ പണ്ടെ പറ്റില്ല പിന്നിപ്പൊ കോമഡി എങ്ങിനുണ്ടാകുമോ എന്തോ...കണ്ടറിയുക തന്നെ..ഏത്‌....

  ReplyDelete
 18. Search by typing in Malayalam.

  http://www.yanthram.com/ml/

  ReplyDelete