IFFK'06 - ഒരു തിരിഞ്ഞുനോട്ടം

Published on: 12/19/2006 02:27:00 PM

പതിനൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് കൊടിയിറങ്ങി. വിവിധരാജ്യങ്ങളില്‍ നിന്നുമായി ഇരുനൂറ്റി ഇരുപതോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച മേളയില്‍ ആറായിരത്തിലധികം ഡെലിഗേറ്റുകള്‍ പ്രേക്ഷകരായെത്തി. മാധ്യമപ്രതിനിധികളും ചലച്ചിത്ര പ്രവര്‍ത്തകരുമായി പിന്നെയും ആയിരത്തോളം പേര്‍ മേളയില്‍ പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട സിനിമകള്‍, മത്സരവിഭാഗത്തിന്റെ നിലവാരമില്ലായ്മ, മാറിമറിഞ്ഞ ഷെഡ്യൂളുകള്‍, സമയത്ത് എത്താതിരുന്ന/തികയാതിരുന്ന ഫെസ്റ്റിവല്‍ ഹാന്‍ഡ് ബുക്ക്, സാങ്കേതികവിദ്യയിലെ അപര്യപ്തതമൂലമുള്ള പ്രശ്നങ്ങള്‍, പ്രേക്ഷകരുടെ പ്രതികരണം എന്നിങ്ങനെ മേളയെക്കുറിച്ചുള്ള വിമര്‍ശനങ്ങളും അഭിപ്രായങ്ങളും ധാരാളം. അന്താരാഷ്ട്ര മേളയെക്കുറിച്ച് മേളയ്ക്ക് മുന്‍പ് ഞാനെഴുതിയിരുന്നത് ഇവിടെ വായിക്കാം.

ഉദ്ഘാടനം

പതിനൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ തുടക്കം പഴയ തലമുറയിലെ ചലച്ചിത്രകാരന്മാരുടെ സംഗമം കൊണ്ട് ശ്രദ്ധേയമായി. കേരളപ്പിറവിയുടെ സുവര്‍ണ്ണ ജൂബിലിയുടെ പ്രതീകമായി അന്‍പതോളം ചലച്ചിത്രകലാകാരന്മാരും പിന്നണിപ്രവര്‍ത്തകരും ചേര്‍ന്ന് അന്‍പത് വിളക്കുകള്‍ കൊളുത്തിയാണ് മേള ഉദ്ഘാടനം ചെയ്തത്. സംസ്കാരികവകുപ്പുമന്ത്രി എം.എ. ബേബി എല്ലാ കലാകാരന്മാരേയും വേദിയില്‍ ആദരിച്ചു. അടൂര്‍ ഭവാനി, വി. ദക്ഷിണാമൂര്‍ത്തി, കെ.ജെ. യേശുദാസ്, നവോദയ അപ്പച്ചന്‍, എ.പി. ഉദയഭാനു, പ്രോഫ. ഒ.എന്‍.വി. കുറുപ്പ്, ശോഭന പരമേശ്വരന്‍ നായര്‍, സുകുമാരി, ജയഭാരതി തുടങ്ങി മലയാള ചലച്ചിത്രലോകത്തിലെ പഴയ തലമുറക്കാര്‍ക്ക് പഴയ കാലം അയവിറക്കുവാനുള്ള ഒരു വേദിയുമായി രാജ്യാന്തര ചലച്ചിത്രോത്സവ ഉദ്ഘാടന വേദി. അമ്മയെ പ്രതിനിധീകരിച്ചെത്തിയ മധു ഈ കാര്യം എടുത്തു പറയുകയും ചെയ്തു. നല്ല സിനിമകള്‍ ജീവിതത്തിലേക്കും ലോകത്തിലെ വിവിധ പ്രതിസന്ധികളിലേക്കും തിരിച്ചുവച്ച കണ്ണാടിയാണെന്നും, നമ്മുടെ മനസിന്‍റെ കണ്ണാണ് അത് തുറപ്പിക്കുന്നതെന്നും മന്ത്രി എം.എ. ബേബി പറഞ്ഞു. നടന്‍ മധുപാലാണ് ഏവരേയും വേദിയിലേക്ക് ആനയിച്ചത്. നടിമാരായ നവ്യ നായരും ഗീതു മോഹന്‍‍ദാസും പൂച്ചെണ്ടുകളുമായി ഏവരേയും സ്വാഗതം ചെയ്തു.

ഉദ്ഘാടന ചടങ്ങിനു ശേഷം സൂര്യ കൃഷ്ണമൂര്‍ത്തി അണിയിച്ചൊരുക്കിയ 'ഇന്‍‍ക്രെഡിബിള്‍ കേരള' എന്ന ഒരു നൃത്തശില്പം അരങ്ങേറി. ദേവരാജന്‍ മാസ്റ്ററുടെ സ്മരണയ്ക്കായി സമര്‍പ്പിച്ച വേദിയില്‍ രാഘവന്‍മാസ്റ്ററുടെ പലയകാല സിനിമാ ഗാനങ്ങളുടെ ഈരടികളുള്‍പ്പെടുത്തിയതായിരുന്നു നൃത്ത ശില്പം. തിരുവാതിര, മാര്‍ഗം കളി, വേലകളി തുടങ്ങി ചവിട്ടു നാടകം വരെയും വേദിയിലവതരിപ്പിച്ചെങ്കിലും കഥകളി, മോഹിനിയാട്ടം, തുള്ളല്‍ എന്നിവയുടെ അഭാവം പ്രകടമായിരുന്നു. കേരളത്തിന്‍റെ എല്ലാ കലാ സംസ്കാരിക പൈതൃകവും ഉള്‍ക്കൊള്ളിച്ച നൃത്തശില്പം എന്ന പേരിലെത്തിയ പരിപാടിയില്‍ കഥകളിയും മോഹിനിയാട്ടവും ഓട്ടന്‍‍ തുള്ളലും ഒഴിവാക്കിയതെന്താണെന്ന്‌ മനസിലാവുന്നില്ല. ഫിലിം ഫെസ്റ്റിവലിന്‍റെ സിഗ്നേച്ചര്‍ ഫിലിം ആകര്‍ഷകമാണ്. മുന്‍‍വര്‍ഷങ്ങളിലെ അപേക്ഷിച്ച് കൂടുതല്‍ കേരളവുമായി ചേര്‍ന്നു നില്‍ക്കുന്ന പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് ഇത്തവണയുള്ള സിഗ്നേച്ചര്‍ ഫിലിം. ലെനിന്‍ രാജേന്ദ്രനാണ് സിഗ്നേച്ചര്‍ ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്.

മേളയിലെ സിനിമകള്‍

മൂന്നാം ലോക രാജ്യങ്ങളിലെ സിനിമകള്‍ക്ക് പ്രാമുഖ്യം നല്‍കിയ മേളയില്‍ ആകെ ഇരുനൂറ്റി ഇരുപതോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. മത്സരവിഭാഗത്തില്‍ ആകെ പതിനാല്‍ ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. നൂറ്റി എണ്‌പത്തിയഞ്ചോളം ചിത്രങ്ങളില്‍ നിന്നുമാണ് പതിനാലെണ്ണം തിരഞ്ഞെടുത്തത് എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മലയാള സിനിമകള്‍ വളരെക്കൂടുതല്‍ ഈ മേളയില്‍ പ്രദര്‍ശിപ്പിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്റെ എല്ലാ ചിത്രങ്ങളും, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ശ്രീവിദ്യ തുടങ്ങിയവര്‍ക്കുള്ള ആദരസൂചകമായ ചിത്രങ്ങള്‍, പുതിയ മലയാളം സിനിമ വിഭാഗത്തിലെ ചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ എന്നിങ്ങനെ പല വിഭാഗങ്ങളിലായി മുപ്പതോളം മലയാള ചലച്ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. കൂടാതെ മത്സരവിഭാഗത്തില്‍ ദൃഷ്ടാന്തവും പ്രദര്‍ശിപ്പിച്ചു.

മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചവയില്‍ എടുത്തു പറയേണ്ടവയാണ് ദി വയലിന്‍, കിസ്സ് മി നോട്ട് ഓണ്‍ ദി ഐസ്, ഓപ്പറ ജാവ, ഫയര്‍വക്സ് വെനസ്ഡേ, ശങ്കര എന്നിവ. മേളയിലെ ഏറ്റവും നല്ല ചിത്രമായി പ്രേക്ഷകര്‍ തിരഞ്ഞെടുത്തത് വയലിനെയാണ്. അന്‍പതു ശതമാനത്തിലധികം പേരുടെ വോട്ടു നേടിയാണ് പ്രേക്ഷകരുടെ ഇഷ്ടചിത്രമായി വയലിന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഒരു വയലിനിസ്റ്റ്, അദ്ദേഹത്തിന്റെ വിപ്ലവകാരിയായ മകന്‍, വിപ്ലവം അടിച്ചമര്‍ത്തുവാന്‍ നിയോഗിക്കപ്പെട്ട ഒരു പട്ടാള മേധാവി എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ഇവരെയെല്ലാം ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി ഒരു വയലിനും, വയലിന്‍ സംഗീതവും ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. ഗ്രാമത്തിലാണ് വിപ്ലവകാരികളുടെ ആയുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഗ്രാമം സേന കൈയ്യേറി, വിപ്ലവകാരികള്‍ക്ക് ഗ്രാമത്തില്‍ പ്രവേശിച്ച് ആയുധങ്ങളെടുക്കുവാന്‍ വഴിയൊന്നുമില്ല. വയലിനിസ്റ്റ് തന്‍റെ സംഗീതത്താല്‍ കാമാന്‍ഡറെ വശത്താക്കി അവസാനം ആയുധങ്ങള്‍ പുറത്തെത്തിക്കുന്നു, പക്ഷെ അതവര്‍ അറിഞ്ഞു കഴിഞ്ഞിരുന്നു. വിപ്ലവകാരികള്‍ പിടിക്കപ്പെടുന്നു. മ്യൂസിക് ഈസ് ഓവര്‍ എന്നു പറഞ്ഞ് സിനിമ അവസാനിക്കുമ്പോഴും, യുദ്ധം അവസാനിക്കുന്നില്ല എന്ന് വായിച്ചെടുക്കുവാന്‍ പ്രേക്ഷകനാവുന്നു, അതുതന്നെയാണ് സിനിമയുടെ വിജയവും.
സംവിധാന മികവുകൊണ്ടും അഭിനയത്തികവുകൊണ്ടും ഈ മെക്സിക്കന്‍ ചിത്രത്തിനു പകരം വെയ്ക്കുവാന്‍ മറ്റ് ചിത്രങ്ങള്‍ മേളയിലില്ലായിരുന്നു, കുറഞ്ഞപക്ഷം മത്സരവിഭാഗത്തിലെങ്കിലും ഇല്ലായിരുന്നു, എന്നു വേണം പറയുവാന്‍. ദുനിയ എന്ന ബെല്ലി ഡാന്‍സുകാരിയുടെ മകള്‍ തന്റെ സ്വന്തം ലോകവും സത്വവും കണ്ടുപിടിക്കുവാന്‍ ശ്രമിക്കുന്ന കഥയാണ് കിസ്സ് മി നോട്ട് ഓണ്‍ ദി ഐസ്. ഓപ്പറയും, ഇന്തോനേഷ്യന്‍ രാമായണവും ഇതിവൃത്തമാക്കുന്നു ഓപ്പറ ജാവ. ഒരു യുവബുദ്ധസന്യാസിയുടെ മനോവിചാരങ്ങളിലൂടെ ശങ്കര സഞ്ചരിക്കുന്നു.

മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഫയര്‍വക്സ് വെനസ്ഡേ എന്ന ചിത്രവും ശ്രദ്ധ നേടി. വിവാഹിതയാകുവാന്‍ പോവുന്ന ഒരു പെണ്‍കുട്ടി, അവള്‍ ഒരു വീട്ടില്‍ ജോലിക്കായി പോവുന്നു. അവിടെ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്നങ്ങള്‍, കാരണമോ അയല്പക്കത്ത് ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയും. സാധാരണയായി എവിടെയും സംഭവിക്കാവുന്ന കാര്യങ്ങളാണ് ചിത്രത്തില്‍, സ്നേഹത്തിന്‍റെ വിവിധ ഭാഷകള്‍ സംസാരിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍, കൂട്ടത്തില്‍ സ്നേഹത്തിനു വേണ്ടി പരസ്പരം വഞ്ചിക്കുവാനും വഞ്ചിതരാകുവാനും നിര്‍ബന്ധിതരാവുന്ന പങ്കാളികള്‍, പ്രത്യേകിച്ച് ഇതു ശരി, ഇതു തെറ്റ് എന്ന് ഉത്തരം കിട്ടാത്ത ഒരു പിടി ചോദ്യങ്ങളുയര്‍ത്തുന്ന പ്രതിസന്ധി. ഇതൊക്കെയുമാണ് ഈ ചിത്രം.

ഇന്ത്യയിലുള്ള പെര്‍ഫെക്ട് മാന്‍ എന്ന് ഏവരും വിശേഷിപ്പിക്കുന്ന വ്യക്തിയെക്കാണുവാനുള്ള യാത്രയിലാണ് രണ്ട് ഇറാനിയന്‍ ദമ്പതികള്‍. ഭാര്യ ദൈവത്തില്‍ വിശ്വസിക്കുമ്പോള്‍ ഭര്‍ത്താവ് തികഞ്ഞ നിരീശ്വരവാദിയും കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനുമാണ്. അവരുടെ രണ്ടുപേരുടേയും വീക്ഷണകോണുകളിലൂടെ ഒരേ ഇന്ത്യയെത്തന്നെ കാണുവാന്‍ ശ്രമിക്കുകയാണ് സം‌വിധായകന്‍. ട്രയിന്‍ തടഞ്ഞു നിര്‍ത്തുവാന്‍ കഴിവുള്ള വൃദ്ധനും, പെര്‍ഫെക്ട് മാനും, പുനര്‍ജ്ജനിയില്‍ വിശ്വസിക്കുന്ന ജനങ്ങളും എല്ലാം ചര്‍ച്ചയ്ക്കു വിധേയമാവുന്നു. കഥപറയുന്ന രീതികൊണ്ടും സിനിമ മുന്നോട്ടു വെയ്ക്കുന്ന മുന്‍ വിധികള്‍ തെറ്റിക്കുന്ന ചിന്തകള്‍ കൊണ്ടും തരക്കേടില്ലാത്ത ഒരു ചിത്രമായിരുന്നു സ്ക്രീം ഓഫ് ദി ആന്‍റ്സ്.

അദ്ധ്യാപകനാകുവാനായി ആഗ്രഹിച്ച് ഡിപ്ലോമ പാസായി സര്‍ട്ടിഫിക്കറ്റ് നേടിയ യുവാവിന്‍റെ കഥ പറയുന്നു ഫുള്‍ ഓര്‍ എം‌പ്റ്റി എന്ന സിനിമ. എന്നാല്‍ അദ്ധ്യാപകനാകുവാനുള്ള കടമ്പകള്‍ നിരവധി. ഇദ്ദേഹം ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുന്നു, വിവാഹം കഴിക്കുവാനാഗ്രഹിക്കുന്നു. പക്ഷെ ഒന്നും അത്ര എളുപ്പമാവുന്നില്ല. ജീവിക്കുവാനായി മറ്റ് ജോലികള്‍ ചെയ്യുന്നു, പലതിലും പരാജയപ്പെട്ടെങ്കിലും ബാര്‍ബര്‍ഷാപ്പ് നടത്തി വിജയിക്കുന്നു. പ്രത്യേകതകള്‍ നിരവധിയുള്ള ചെറുപ്പക്കാരന്‍ ശരിയെന്നു കരുതി ചെയ്യുന്ന പലതും ഒടുവില്‍ പ്രശ്നങ്ങളില്‍ ചെന്നവസാനിക്കുന്നു. വളരെ മികച്ച സിനിമ എന്നൊന്നും പറയുവാനില്ലെങ്കിലും ചെറുപ്പക്കാരന്‍റെ പെരുമാറ്റങ്ങള്‍, അവന്‍റെ ന്യായങ്ങള്‍ എല്ലാം രസകരമായിരുന്നു.

വേശ്യയായ തിതിയുടെ കഥപറയുന്നു ഫോറെവര്‍ ഫ്ലോസ്. മത്സരവിഭാഗത്തില്‍ പ്രദര്‍ശിക്കപ്പെട്ട ഈ ബംഗ്ലാദേശി ചലച്ചിത്രം ഒരു പുതിയ അനുഭവവും പ്രേക്ഷകനു നല്‍കുന്നില്ല. പറഞ്ഞു പഴകിയ ഒരു കഥാതന്തു തന്നെയാണ് ഇതിലും വിഷയം. കുടുംബ പ്രാരാബ്ധം, സാഹചര്യങ്ങള്‍, ചൂഷണങ്ങള്‍ ഇവയെല്ലാം മൂലം വേശ്യയാവേണ്ടിവന്ന തിതിയുടെ ജീവിതത്തില്‍ അത്ഭുതങ്ങളൊന്നും സംഭവിക്കുന്നില്ല. ഒരു പക്ഷെ, മരിക്കാറായ ഭാര്യയ്ക്ക് ഭര്‍ത്താവ് കൂടെക്കഴിഞ്ഞ(?) വേശ്യയോട് സൌഹൃദം തോന്നുന്നതും തന്‍റെ സമ്പാദ്യം മരണശേഷം അവള്‍ക്ക് കൈമാറുന്നതും ഒരു പുതുമയെന്ന് കേള്‍ക്കുമ്പോള്‍ തോന്നുമെങ്കിലും സിനിമയില്‍ അതും അത്ര നല്ലതെന്നു പറയാവുന്ന രീതിയില്‍ കൈകാര്യം ചെയ്തിട്ടില്ല.

ലോകസിനിമ വിഭാഗത്തിലുള്ള ലുക്ക് ബോത്ത് വേസ്, അധികമൊന്നും ഈ ചിത്രം ചര്‍ച്ചചെയ്യപ്പെട്ടില്ലെങ്കിലും സിനിമ വലിയ കുഴപ്പമില്ലാത്തതായി തോന്നി. നമ്മുടെ ജീവിതത്തില്‍ മരണവും നമ്മോടൊപ്പമുണ്ട്, ഒന്നു ചിന്തിച്ചാല്‍ ഒരു ചെറിയ മാറ്റം നമ്മുടെ ചുറ്റുപാടിലുണ്ടായാല്‍ അത് നമ്മുടെ മരണവുമായി ബന്ധപ്പെടുന്നു എന്നൊക്കെയുള്ള തോന്നലുകള്‍ ഉണര്‍ത്തുന്നതാണ് ഈ ചിത്രം. തീവണ്ടി കയറി മരിക്കുന്ന ഒരാള്‍, തീവണ്ടിയോടിച്ചിരുന്ന ഡ്രൈവര്‍, ദൃക്‌സാക്ഷിയായ ഒരു പെണ്‍കുട്ടി, സംഭവം തിരക്കിയെത്തുന്ന പ്രസ് ഫോട്ടോഗ്രാഫര്‍, റിപ്പോര്‍ട്ടര്‍, മരിച്ചയാളുടെ ഭാര്യ, വാര്‍ത്ത നല്‍കിയ പത്രത്തിന്‍റെ എഡിറ്റര്‍, ഇവരിലൂടെയും ഇവരുമായി ബന്ധപ്പെട്ട പല രീതിയിലുള്ള ആളുകളിലൂടെയും കഥ പുരോഗമിക്കുന്നു. അനിമേഷനുകളും ഇടയ്ക്കിടെ ഈ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നു, എന്നാലത് ഏച്ചുകെട്ടുന്നുമില്ല. അര്‍ജന്‍റീനിയയില്‍ നിന്നുമുള്ള ചലച്ചിത്രം ദി അവേഴ്സ് ഗോ ബൈ ഒരു ചെറിയ കുടുംബത്തിന്‍റെ ഒരു ദിവസത്തെ കഥ പറയുന്നു. ഭാര്യയും ഭര്‍ത്താവും അഞ്ചുവയസുകാരനുമടങ്ങുന്ന ഒരു ചെറിയ കുടുംബം. മകനോടൊപ്പം അവധിദിനം ആസ്വദിക്കുവാനായി കടപ്പുറത്തേക്കുപോവുന്നു അച്ഛന്‍, ഭാര്യയാവട്ടെ അസുഖം ബാധിച്ച അമ്മയോടൊപ്പം നാട്ടിന്‍പുറത്തെ വീട്ടിലേക്ക് തിരിക്കുന്നു. ചിത്രം ഇഴഞ്ഞു നീങ്ങുന്നതാണെങ്കിലും അവസാനമെത്തുമ്പോള്‍ അതിനൊരു അര്‍ത്ഥമുണ്ടെന്നു മനസിലാക്കാം. ദുരന്തങ്ങളിലേക്ക് മനുഷ്യനെത്തുവാന്‍ എത്ര എളുപ്പമാണെന്ന് ചിത്രം കാട്ടിത്തരുന്നു.

ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളില്‍ വോള്‍വര്‍, ദി ബോ എന്നീ ചിത്രങ്ങളാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. വെല്‍ക്കം ടു പാരഡൈസ്, ഓഫ്സൈഡ്, ക്രേസി, ദി വിന്‍ഡ് ദാറ്റ് ഷേക്ക് ദ ബാര്‍ലി, ദി ക്രിയേറ്റര്‍ എന്നീ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. കഥയിലെ നാടകീയതകൊണ്ടും, പ്രമേയത്തിലെ വ്യത്യസ്തതകൊണ്ടും, സംവിധാന മികവുകൊണ്ടും വോള്‍വര്‍ മികച്ചുനിന്നു. കിം കി ഡുക് ചിത്രങ്ങളുടെ എല്ലാ സ്വഭാവ വിശേഷങ്ങളും ദി ബോ-യിലും പ്രകടമായിരുന്നു. എന്നിരുന്നാലും കഴിഞ്ഞ വര്‍ഷം പ്രദര്‍ശിപ്പിച്ച കിം കി ഡുക് ചിത്രങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ദി ബോ അത്രയും നിലവാരം പുലര്‍ത്തിയില്ല എന്നു വേണം പറയുവാന്‍. ചെറുപ്പത്തിലെ ഒരു പെണ്‍കുട്ടിയെ തട്ടിയെടുത്തുകൊണ്ടുവന്ന് ബോട്ടില്‍ സൂക്ഷിക്കുകയാണ് വൃദ്ധനായ ബോട്ടുകാരന്‍. അവള്‍ക്ക് ബാഹ്യലോകവുമായി ഒരു ബന്ധവുമില്ല. മീന്‍ പിടിക്കുവാനായി നഗരവാസികളെ ബോട്ടിലെത്തിച്ചാണ് അവര്‍ കഴിയുന്നത്. പതിനേഴു തികയുന്ന അന്ന് അവളെ ഭാര്യയാക്കണമെന്നാണ് വൃദ്ധന്‍റെ ഉദ്ദേശം. മീന്‍ പിടിക്കുവാന്‍ വരുന്ന ഒരുവനുമായി പെണ്‍കുട്ടി അടുക്കുന്നതോടു കൂടി വൃദ്ധന്‍റെ സ്വപ്നങ്ങള്‍ കീഴ്മേല്‍ മറിയുന്നു. അവളുടെ രക്ഷകര്‍ത്താക്കള്‍ അവളെ കരയില്‍ തിരയുന്നുണ്ടെന്നും, താനവളെ അവരുടെ അടുത്തെത്തിക്കാമെന്നും പറഞ്ഞ് ചെറുപ്പക്കാരന്‍ പിന്നെയുമെത്തുന്നു. സ്നേഹത്തിനു വേണ്ടി മനുഷ്യന്‍ ചെയ്യുന്ന കാപട്യങ്ങളുടേയും സ്വന്തം സുഖങ്ങള്‍ക്കായി അവനെത്രമാത്രം സ്വാര്‍ത്ഥനാകുവാന്‍ കഴിയുമെന്നതിന്‍റേയും ഒരു നേര്‍ചിത്രമാണ് ഈ സിനിമ നമുക്കു നല്‍കുന്നത്. കിം കി ഡുക് സിനിമകളുടെ ഒരു വിശേഷതയായ, ചിരിപ്പിക്കുകയും അതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രതീകാത്മക ഷോട്ടുകള്‍ ഈ ചിത്രത്തിലും നിരവധിയുണ്ട്.

വെല്‍ക്കം ടു പാരഡൈസ് രണ്ടു ചാവേര്‍ പോരാളികളുടെ കഥ പറയുന്നു. തീവ്രവാദവും മിതവാദവും തമ്മിലുള്ള ഒരു ചെറിയ സംവാദവുമാണ് ഈ ചിത്രം. തങ്ങളുടെ രാജ്യം കളിക്കുന്ന ഫുഡ്ബാള്‍ സ്റ്റേഡിയത്തില്‍ ഇരുന്നു കാണുവാനായി ആണ്‍കുട്ടികളുടെ വേഷത്തിലെത്തുന്ന പെണ്‍കുട്ടികളുടെ കഥപറയുന്നു ഓഫ്സൈഡ് എന്ന ഇറാനിയന്‍ ചലച്ചിത്രം. നമുക്ക് തമാശയായി തോന്നുമെങ്കിലും ഒരു പെണ്‍കുട്ടിയായതിനാല്‍ സ്റ്റേഡിയത്തിലിരുന്നു കളികാണുവാനൊക്കുകയില്ല എന്നു പറയുന്ന രാജ്യത്തെ അവസ്ഥ എത്ര ശോചനീയമാണ്? അതിനായി പുരുഷന്മാര്‍ കണ്ടെത്തുന്ന ന്യായങ്ങളാവട്ടെ അവന്റെ തന്നെ തെറ്റുകുറ്റങ്ങളാണ്.

വര്‍ഷങ്ങള്‍ക്കുമുന്‍പെ മരിച്ചെന്നു കരുതുന്ന അമ്മ, രണ്ട് പെണ്മക്കളുടെ അടുത്തേക്കു മടങ്ങിയെത്തുന്നു. തുടര്‍ന്ന സംഭവിച്ചതെന്തെന്നുള്ള സത്യാവസ്ത ചുരുളഴിയുന്നു. വളരെ വ്യക്തമായ ഒരു കഥ വളരെ നന്നായി സം‌വിധായകന്‍ അവതരിപ്പിച്ചിരിക്കുന്നു. എല്ലാ കഥാപാത്രങ്ങളും നന്നായി അവതരിക്കപ്പെട്ടിരിക്കുന്നു. വളരെ ഗൌരവകരമായ ഒരു കാര്യത്തോട് സം‌വിധായകന്‍റെ ലളിതമായ സമീപനം ശ്രദ്ധേയമാണ്. രസകരങ്ങളായ രംഗങ്ങള്‍ കോര്‍ത്തിണക്കിയ ഈ ചിത്രം സാധാരണ പ്രേക്ഷകരേയും ആകര്ഷിക്കുമെന്നതില്‍ സംശയമില്ല.
ഏറെ പ്രതീക്ഷയോടെ കണ്ട ഒരു ചിത്രമാണ് ലോക സിനിമയിലെ തന്നെ ക്രേസി. കാനഡയില്‍ നിന്നുള്ള ഈ ചിത്രം തീര്‍ത്തും നിരാശപ്പെടുത്തി എന്നു പറയാതെ വയ്യ. കൃസ്തുമസ് രാത്രിയില്‍ ജനിച്ച ഒരു പയ്യന്‍റേയും അവന്‍റെ കുടുംബത്തിന്‍റേയും സഹോദരങ്ങളുടേയും വളര്‍ച്ചയുടേയും, അവരുടെ ഇടയിലുള്ള സംഘട്ടനങ്ങളുടേയും ആവിഷ്കാരമാണ് ഈ ചിത്രം.
മേളയില്‍ പ്രദര്‍ശിപ്പിച്ച എല്ലാ സിനിമയുടേയും പേരും വിവരങ്ങളും ഇവിടെ നിന്നും ലഭിക്കും.

ആസ്വാദകര്‍
മേളയിലെ ആസ്വാദകരെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ മേള നടക്കുമ്പോഴും മേളയ്ക്കു ശേഷവും നടന്നു. സെന്‍‌സര്‍ ചെയ്യാത്ത സിനിമകള്‍ കാണുവാനെത്തുന്ന പ്രേക്ഷകര്‍, അവരുദ്ദേശിക്കുന്ന ദൃശ്യങ്ങള്‍ കാണാതെവരുമ്പോള്‍ അസ്വസ്ഥരായെന്നും അത് മറ്റു പ്രേക്ഷകരുടെ ആസ്വാദനത്തിന് ഭംഗം വരുത്തിയെന്നുമാണ് പ്രധാന ആരോപണം. ഒരു പരിധിവരെ ഇത് ശരിയുമാണ്. എന്നാല് അതില്‍ കൂടുതല്‍ പ്രേക്ഷകര്‍ നിലവാരമില്ലാത്ത സിനിമകള്‍ കാരണം അസ്വസ്ഥരായിരുന്നു എന്നതാണ് വാസ്തവം. ഒരാഴ്ച ഇതിനായി മാത്രം കാശുമുടക്കി തലസ്ഥാനത്ത് താമസിച്ചവരുടെ എണ്ണം നിരവധിയാണ്, അവരാവട്ടെ കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നെത്തിയവരും. ഇത്രയൊക്കെ കഷ്ടപ്പെട്ട് സാമ്പത്തികവും മുടക്കി മേളയ്ക്കെത്തുമ്പോള്‍ വളരെ നിലവാരം കുറഞ്ഞ ചിത്രങ്ങള്‍ കാണേണ്ടിവരുന്ന അവസ്ഥ ഖേദകരമാണ്. ചലച്ചിത്ര അക്കാദമിയുടെ ഭാഗത്തുനിന്നും ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ഉത്തരവാദിത്തം പ്രേക്ഷകര്‍ ആവശ്യപ്പെടുന്നു.

ഡെലിഗേറ്റുകള്‍ക്കുള്ള ഫെസ്റ്റിവല്‍ ബുക്ക് വിതരണം, ഷെഡ്യൂളിലെ മാറ്റങ്ങള്‍, ഷെഡ്യൂളില്‍ പറഞ്ഞിരിക്കുന്ന പ്രകാരം പ്രദര്‍ശനം നടത്താതിരിക്കുക എന്നിങ്ങനെ ധാരാളം പോരായ്മകള്‍ ഈ മേളയിലും പ്രകടമായിരുന്നു. എന്തുകൊണ്ട് ഒരേ പ്രശ്നങ്ങള്‍ തന്നെ മേളയില്‍ പിന്നെയും പിന്നെയും ആവര്‍ത്തിക്കുന്നു എന്നൊന്ന് പരിശോധിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.

സമാപനം
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപനസമ്മേളനം മുഖ്യമന്ത്രി വി. എസ്. അച്ചുതാനന്ദന്‍ ഉദ്‌ഘാടനം ചെയ്തു. സംസ്കാരിക വകുപ്പ് മന്ത്രി എം. എ. ബേബി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മലയാളത്തിന്റെ ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനെ പൊന്നാടയണിയിച്ച് ആദരിച്ചു. മേളയിലെ അവാര്‍ഡുകളുടെ പ്രഖ്യാപനവും അവാര്‍ഡ് വിതരണവും പിന്നീട് നടന്നു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത നൃത്തശില്പം പിന്നീട് അരങ്ങേറി. മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയ ചിത്രം ‘ഫയര്‍വക്സ് വെനസ്ഡേ’ തുടര്‍ന്ന് പ്രദര്‍ശിപ്പിച്ചു.

പുരസ്കാരങ്ങള്‍
സുവര്‍ണ്ണ ചകോരം
• മേളയിലെ മികച്ച ചിത്രം (ജൂറി): ഏന്‍‌ജത്സ് ഫാള്‍സ്, ഫോറെവര്‍ ഫ്ലോസ്

രജത ചകോരം
• മികച്ച സംവിധായകന്‍ : അസ്‌ഗര്‍ ഫര്‍ഹാദി (ഫയര്‍വര്‍ക്സ് വെനസ്ഡേ)
• മികച്ച നവാഗത സംവിധായകന്‍ : പ്രസന്ന ജയകോടി (ശങ്കര)
• പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രം : ദി വയലിന്‍
• ജൂറിയുടെ പ്രത്യേക പരാമര്‍ശം : വിസ്പറിംഗ് ഓഫ് ദി ഗോഡ്‌സ്

മറ്റുള്ളവ
• ഫിപ്രസി പുരസ്കാരം : ഫോറെവര്‍ ഫ്ലോസ്
• നെറ്റ്പാക്ക് പുരസ്കാരം : ശങ്കര

കൂടുതല്‍ വിശദമായ വിവരങ്ങള്‍ക്ക് ഇവിടം സന്ദര്‍ശിക്കുക.

--

2 comments :

 1. പതിനൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് കൊടിയിറങ്ങി. വിവിധരാജ്യങ്ങളില്‍ നിന്നുമായി ഇരുനൂറ്റി ഇരുപതോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച മേളയില്‍ ആറായിരത്തിലധികം ഡെലിഗേറ്റുകള്‍ പ്രേക്ഷകരായെത്തി. മാധ്യമപ്രതിനിധികളും ചലച്ചിത്ര പ്രവര്‍ത്തകരുമായി പിന്നെയും ആയിരത്തോളം പേര്‍ മേളയില്‍ പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട സിനിമകള്‍, മത്സരവിഭാഗത്തിന്റെ നിലവാരമില്ലായ്മ, മാറിമറിഞ്ഞ ഷെഡ്യൂളുകള്‍, സമയത്ത് എത്താതിരുന്ന/തികയാതിരുന്ന ഫെസ്റ്റിവല്‍ ഹാന്‍ഡ് ബുക്ക്, സാങ്കേതികവിദ്യയിലെ അപര്യപ്തതമൂലമുള്ള പ്രശ്നങ്ങള്‍, പ്രേക്ഷകരുടെ പ്രതികരണം എന്നിങ്ങനെ മേളയെക്കുറിച്ചുള്ള വിമര്‍ശനങ്ങളും അഭിപ്രായങ്ങളും ധാരാളം.
  തുടര്‍ന്നു വായിക്കുക...
  --
  അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2006-നെക്കുറിച്ചുള്ള ഒരു വിലയിരുത്തലാണ് ഈ ലേഖനം.
  --

  ReplyDelete
 2. ഹരീ
  റിപ്പോര്‍ട്ട് കണ്ടു. കാര്യങ്ങള്‍ സമഗ്രമായി അവതരിപ്പിച്ചിരിക്കുന്നു. എന്റെ ചലച്ചിത്രമേളയില്‍ കമറ്റിട്ടതിനും തിരുത്ത് നല്‍കിയതിനും നന്ദി.

  പുത്‌വത്സരാശംസകളോടെ
  അലിഫ്

  ReplyDelete