നോട്ട്‍ബുക്ക്

Published on: 12/28/2006 10:51:00 AM

'ഉദയനാണു താര'ത്തിലൂടെ ശ്രദ്ധേയനായ റോഷന്‍ ആന്‍ഡ്രൂസിന്റെ രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷമുള്ള പുതിയ ചിത്രമാണ് നോട്ട്ബുക്ക്, എന്നാലിത് ആദ്യ ചിത്രത്തിന്റെയത്ര മികവു പുലര്‍ത്തുന്നുണ്ടോ? സംശയമാണ്. മുഷിച്ചിലില്ലാതെ കണ്ടിരിക്കുവാന്‍ സാധിക്കുന്ന പ്രസരിപ്പുള്ള ഒരു ചിത്രം എന്നതിലുപരി എന്തെങ്കിലും സവിശേഷത നോട്ട്ബുക്കിനുണ്ടെന്നു ഞാന്‍ കരുതുന്നില്ല. ചിത്രത്തിന്റെ അവതരണത്തിലെ പാളിച്ചകള്‍ മൂലം പ്രമേയത്തിലെ വ്യത്യസ്തതപോലും അത്ര ശ്രദ്ധിക്കപ്പെടുന്നില്ല.

വളരെനല്ല രീതിയില്‍ കഥപറഞ്ഞു തുടങ്ങി, കഥയുടെ കാതലിലെത്തിയപ്പോള് തിരക്കഥാകൃത്തിനും സംവിധായകനും മൊത്തത്തില്‍ പിഴച്ചു. സൈറ(റോമ), ശ്രീദേവി(മരിയ റോയ്), പൂജ(പാര്‍വതി) എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. ഇവര്‍ മൂന്നുപേരും ഊട്ടിയിലെ ലോഡ്സ് സ്കൂളില്‍ പന്ത്രണ്ടാം തരത്തില്‍ പഠിക്കുന്നു. മൂന്ന് പെണ്‍കുട്ടികളുടേയും ചുറ്റുപാടുകള്‍ വ്യത്യസ്തമാണ്. അതുപോലെ തന്നെ അവരുടെ ചിന്താരീതികളും. എന്നിരുന്നാലും അവര്‍ അടുത്ത സുഹൃത്തുക്കളാണ്, അവരുടേതായ ഒരു ലോകം അവര്‍ തന്നെ അവര്‍ക്കു ചുറ്റും ഉണ്ടാക്കിയിട്ടുമുണ്ട്. ആശയപരമായി സൈറയും പൂജയും രണ്ട് ധ്രുവങ്ങളിലാണ്, ഒരു മധ്യവര്‍ത്തിയുടെ റോളാണ് ശ്രീദേവിക്ക്.

ശ്രീദേവിയുടെ കാമുകനാണ് സൂരജ് മേനോന്‍ (സൂരജ്). ഒരു എക്സ്കര്‍ഷനിടയ്ക്ക് ഇവരുടെ പ്രണയം പുതിയമാനങ്ങളിലേക്ക് കടക്കുന്നു, പ്രത്യേക സാഹചര്യത്തില്‍ അവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നു. എന്നാല്‍ ഈ സാഹചര്യമൊരുക്കുന്നതിലാണ് സം‌വിധായകനും തിരക്കഥാകൃത്തും അമ്പേ പരാജയപ്പെട്ടത്. ശ്രീദേവി ഒരു ഓര്‍ത്തഡോക്സ് കുടുംബത്തില്‍ വളര്‍ന്നു വന്ന ഒരു പെണ്‍‍കുട്ടി. ഇവര്‍ തമ്മിലുള്ളത് ആദ്യ ഘട്ടത്തിലുള്ള പ്രണയം മാത്രവും. ആദ്യമായി ഒറ്റയ്ക്ക് ഒന്നു സമാധാനത്തോടെ സംസാരിക്കുവാനായി കൂട്ടുകാരൊരുക്കുന്നതാണ് സാഹചര്യം. അതും കൂട്ടുകാരികള്‍ പ്രത്യേകം പറയുന്നുണ്ട് പതിനഞ്ച് മിനിറ്റിനുള്ളില്‍ തിരിച്ചെത്തണമെന്ന്. എക്സകര്‍ഷനിടയില്‍ ടീച്ചര്‍മാരുടെ കണ്ണുവെട്ടിച്ചാണെന്നതും പ്രത്യേകമോര്‍ക്കണം.

പിന്നീട് നാം കാണുന്നത് ശ്രീദേവി ഗര്‍ഭിണിയാണെന്നതാണ്. ഇതെന്തു മറിമായം, പതിനഞ്ച് മിനിറ്റിനുള്ളില്‍ അവര്‍ സംസാരിച്ച്, ലൈംഗികബന്ധത്തിലേര്‍പ്പെട്ട്, പെണ്‍‍കുട്ടി ഗര്‍ഭിണിയുമായെന്നോ! ശ്രീദേവിയുടേയും സൂരജിന്‍റേയും ഒരു മാനസികാവസ്ഥവെച്ച് കുറഞ്ഞത് ഒരു മൂന്നു മണിക്കൂറെങ്കിലും അവരൊറ്റയ്ക്ക് ഇരുന്നതിനു ശേഷം മാത്രമേ, പോട്ടെ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞതിനു ശേഷമേ സെക്സ് ചെയ്യുവാനുള്ള അവസ്ഥയിലേക്ക് ഇവരിരുവരും എത്തുകയുള്ളൂ. ഇനി ഇത്രയും സമയം അവര്‍ക്ക് ആ സാഹചര്യത്തില്‍ ലഭിച്ചിരിക്കുമോ? പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് ഒരു അരമണിക്കൂറാവുമ്പോഴേക്കും കൂട്ടുകാരികള്‍ അന്വേഷിച്ചെത്തില്ലേ? ഇനി ഇതൊക്കെ നടന്നാലും ശ്രീദേവി തയ്യാറായിരിക്കുമോ? ഒരു സെക്സ് മാഗസിന്‍ ബാഗില്‍ വെയ്ക്കുന്നതിന് ടെന്‍ഷനടിക്കുന്ന പ്രകൃതമാണെന്നോര്‍ക്കണം. അല്ലെങ്കില്‍ സൂരജിന്‍റെ ഉദ്ദേശം തെറ്റായിരിക്കണം. ഒരു റേപ്പ് തന്നെയാവണം അവിടെ നടന്നിരിക്കുക. എന്നാലങ്ങിനെ ഒരു സൂചനയും സം‌വിധായകന്‍റെ ഭാഗത്തുനിന്നുമില്ല. വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടിയിരുന്ന ഈ വിഷയം തികഞ്ഞ നിരുത്തരവാദപരമായാണ് സം‌വിധായകനും തിരക്കഥാകൃത്തും സമീപിച്ചിരിക്കുന്നത്.

കുട്ടികള്‍ തനിച്ച് ഈ പ്രശ്നം കൈകര്യം ചെയ്യുവാന്‍ ശ്രമിക്കുന്നതും, കൂടുതല്‍ ഗുരുതരമായ കുഴപ്പങ്ങളിലേക്ക് അവരെത്തിപ്പെടുന്നതുമാണ് കഥയുടെ അടുത്ത ഭാഗം. പ്രശ്നം കുട്ടികള്‍ എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്നത് വളരെ തന്മയത്തത്തോടെ അവതരിപ്പിക്കുവാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ടെങ്കിലും, ആ പ്രശ്നം ഉണ്ടായ സാഹചര്യവും ആ പ്രശ്നം തന്നെയും വിശ്വസിനീയമായി അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ചിത്രത്തിന്റെ കേന്ദ്രബിന്ദു ഈ പ്രശ്നമായ സ്ഥിതിക്ക് ഇത്രയും ഗുരുതരമായ ഒരു വീഴ്ച തിരക്കഥാകൃത്തില്‍ നിന്നും, സംവിധായകനില്‍ നിന്നും എങ്ങിനെ ഉണ്ടായി എന്നത് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.


സൂപ്പര്‍സ്റ്റാറുകളുടെ പ്രഭാവമില്ലാതെ ഒരു ചിത്രം തയ്യാറാക്കുവാന്‍ നിര്‍മ്മാ‍താവും സംവിധായകനും തയ്യാറായത് അഭിനന്ദനമര്‍ഹിക്കുന്ന കാര്യമാണ്. പുതുമുഖങ്ങളായ നാലുപേരും (റോമ, പാര്‍വ്വതി, മറിയ റോയ്, സൂരജ്) നന്നായിത്തന്നെ അവരവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഇവരുടെ നാലുപേരുടേയും സ്വഭാവം വ്യക്തമാക്കുന്നതിലും, അവരുടെ ചുറ്റുപാടുകളും സ്വഭാവവും തമ്മിലുള്ള ബന്ധം പ്രേക്ഷകനിലെത്തിക്കുന്നതിലും സംവിധായകന്‍ മികവു പുലര്‍ത്തുന്നു. ഡ്രാക്കുളയെന്ന് വിളിപ്പേരുള്ള പ്രിന്‍സിപ്പള്‍ യാതോരു വ്യത്യസ്തതയുമില്ലാത്ത കണ്ടുമടുത്ത കഥാപാത്രമായിപ്പോയി. ചിത്രത്തിലെ പാട്ടുകള്‍ നന്നായിട്ടുണ്ടെങ്കിലും പലതും അനവസരത്തിലാണ് ചിത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്.

ചിത്രത്തിന്റെ കഥയില്‍ തിരക്കഥാകൃത്തും സംവിധായകനും വരുത്തിയ പാളിച്ച ഗുരുതരമാണ്. ഈ ഒരു പാളിച്ച മറക്കുവാന്‍ നമുക്ക് സാധിച്ചാല്‍ ഈ ചിത്രം ഒരു നല്ല അനുഭവമായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
നോട്ട്ബുക്ക് - സിനിമാനിരൂപണം
നോട്ട്ബുക്ക് - ഇന്ദുലേഖ

7 comments :

 1. പ്രിവ്യു ഷോ ആയതിനാല്‍
  നോട്ട് ബുക്ക് ശരിക്കും കാണാനായില്ല.
  വീണ്ടും കാണാനുള്ള ഉല്സാഹവും തന്നില്ല
  തങ്കളുടെ
  നിരീക്ഷണങ്ങള്‍ തെറ്റിയിട്ടില്.
  തുടക്കം വലിയ പ്രതീക്ഷ എനിക്കും തന്നു.
  ഫിറൊസ് മുഹമ്മദ്
  കഥക്കു പുറത്തായതോടെ,
  ആ വളവില്‍ സിനിമ മങ്ങാന്‍ തുടങ്ങി.
  ആ ആശുപത്രി
  മുതല്‍ നന്നായി
  പിന്നെ കെട്ടു പോകാന്‍ തുടങ്ങി.

  ആ മൊരടന്‍ പ്രിന്‍ സിപ്പലിനിട്ട് ഒന്നു പൊട്ടിക്കാന്‍ മാത്രമേ സുരേഷ് ഗോപിയുടെ വരവ് കൊണ്ടായുള്ളൂ എന്നാ കൂട്ടുകാരി പറഞ്ഞത്.

  എന്നലും പുതിയ പ്രമേയം എടുക്കാന്‍ അവര്‍ ധൈര്യം കാണിച്ചു.
  പിന്നെ ഇത്ര അലങ്കരിക്കണമായിരുന്നോ
  ആ വിധ്യാലയവും അതിന്‍റെ വഴികളും?
  നോട്ട് ബുക്ക് നിരാശ തന്നെ തന്നത്

  ReplyDelete
 2. ഹരീ, ബ്ലോഗില്‍ ഒരു കുട്ടിതിരക്കഥയുണ്ട്.സമയം കിട്ടുമ്പോള്‍ ഒന്ന് വായിക്കാന്‍ നോക്കുമല്ലോ.
  http://lalitham.blogspot.com/2006/12/blog-post.html


  qw_er_ty

  ReplyDelete
 3. വിഷ്ണു മാഷേ, സമയം കിട്ടി വായിച്ചു. അതിനെക്കുറിച്ചുള്ള കമന്റുകള്‍ ഞാനവിടെ പോസ്റ്റ് ചെയ്തിട്ടുണ്ടേ...
  --
  ഞാനാദ്യം വായിച്ചത് കട്ടിതിരക്കഥ എന്നാണ്, ഞാന്‍ വിചാരിച്ചു മനസിലാക്കുവാന്‍ വളരെ പ്രയാസമുള്ള എന്തോ ആണെന്ന്. :) പിന്നെയല്ലേ മനസിലായത് പത്താം തരത്തില്‍ പഠിക്കുന്ന ഒരു കൊച്ചു കുട്ടിയാണ് ലേഖിക എന്ന്. നന്നായി എഴുതിയിട്ടുണ്ട് കേട്ടോ...
  --


  qw_er_ty

  ReplyDelete
 4. harish,
  u r right. the script writer and the director failed to make it an outstanding one, even though they hv an innovative theme. location and songs are colourful. but that lovers corner/street in the school is some what 'adhika patt', the road is full of yellow maple leaves....Is it possible under the viewpoint point of that school princi.
  any way ur cine visesham is excellent.

  adarsh

  ReplyDelete
 5. നൊട്ട്ബുക്കിനെക്കുറിച്ചുള്ള നിരൂപണത്തില്‍ ഞാന്‍ കുറ്ച്ചു കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിരിക്കുന്നു. ചിത്രത്തില്‍ സം‌വിധായകന്‍ വരുത്തിയ പിഴവെന്തെന്ന് ഞാന്‍ വ്യക്തമാക്കിയിരുന്നില്ല. ചിത്രത്തിന്‍റെ സസ്പെന്‍സ് കളയണ്ട എന്ന ഉദ്ദേശത്തിലാണ് ഞാനത് എഴുതാഞ്ഞത്. എന്നാലിപ്പോളെനിക്കു തോന്നുന്നു അതല്ല, ശരിക്കും ചിത്രത്തിന്‍റെ സസ്പെന്‍സെന്ന്. അതിനാല്‍ ആ പ്രശ്നത്തെക്കുറിച്ചുള്ള എന്‍റെ വീക്ഷണം ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു.
  --

  ReplyDelete
 6. ഹരീ, നോട്ട്ബുക്ക് കണ്ടു. അടുത്തയിടെ കണ്ട സിനിമകളില്‍ വച്ച് എനിക്കേറ്റവും ഇഷ്ടപ്പെട്ടു. അടുത്തകാലത്തായി ഇറങ്ങുന്നതെല്ലാം സൂപ്പര്‍സ്റ്റാറുകളുടെ കണ്ടുമടുത്ത ആവര്‍ത്തനവിരസതയുളവാക്കുന്ന സിനിമകളല്ലേ. അതില്‍ നിന്നും തികച്ചും വ്യത്സ്തമായി ഇതിലെ കഥ. പിന്നെ കഥയിലെ വഴിതിരിവ് - അതങ്ങനെ വലിയ വിശദീകരണങ്ങളില്ലാതെ കാണിച്ചത് നന്നായി. കൂട്ടുകാര്‍ 15 മിനിറ്റ് എന്നു പറഞ്ഞുവിട്ടെങ്കിലും, അവര്‍ ഈ പറഞ്ഞ സമയത്തിനുള്ളില്‍ തിരിച്ചുവന്നോ ഇല്ലയോ എന്നു പറയുന്നില്ലല്ലോ. അവരുടെ പ്രായം, പല മുന്‍ വിധികളും തകര്‍ക്കുന്ന പ്രായമാണ്. ആ പ്രായത്തില്‍ ഇതൊക്കെ സംഭവിക്കാം. സിനിമയില്‍ ഇഴച്ചിലുകള്‍ ഇല്ലായിരുന്നു. വേഗം പറഞ്ഞുതീര്‍ത്തൊരു കഥ എന്നു തോന്നി.

  സൂപ്പര്‍സ്റ്റാറുകളെ വച്ചുമാത്രം സിനിമയെടുത്ത ബ്ലസിയെ, സൂപ്പര്‍ സംവിധായകന്‍ എന്നു ഘോഷിക്കുമ്പോള്‍, എനിക്കു തോന്നുന്നത്, ശരിക്കും റോഷനാണ് ആ വിളിക്ക് അര്‍ഹന്‍ എന്നാണ്. ഇത് തികച്ചും ഒരു റോഷന്‍ ചിത്രമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. തന്മാത്ര മാത്രമേ ഞാന്‍ ബ്ലസിയുടെ ചിത്രങ്ങളില്‍ കണ്ടുള്ളൂ, ഇത്രയും കൊട്ടിഘോഷിക്കതക്ക രീതിയില്‍ സംവിധായകന്റെ കഴിവൊന്നും അതില്‍ കണ്ടില്ല. മോഹന്‍ലാലോ മമ്മൂട്ടിയോ അല്ലായിരുന്നു ആ സിനിമകളില്‍ അഭിനയിച്ചിരുന്നത് എങ്കില്‍, ഇത്രയും വിജയിക്കുമായിരുന്നോ? ഇവിടെയാണെങ്കില്‍ റോഷന്‍ പുതുമുഖങ്ങളെ വച്ച് പലരും പറയാന്‍ മടിക്കുന്ന കഥ ഒട്ടും അശ്ലീലചുവയില്ലാതെ നന്നായി പറഞ്ഞിരിക്കുന്നു. (ഇതൊക്കെ എന്റെ അഭിപ്രായങ്ങള്‍ മാത്രമാണേ, എല്ലാവരും ഇങ്ങനെ ചിന്തിക്കണം എന്നില്ല)

  ഇനി കൈയ്യൊപ്പ് കാണണം. അത് ഹരിയുടെ ചിത്രവിശേഷം വായിച്ചതിനുശേഷം തോന്നിയതാണ്.

  ReplyDelete
 7. ഹരീ,
  സിനിമ കണ്ടു. ആ 15 മിനിറ്റിന്റെ കാര്യം അത്ര വലിയ പാളിച്ചയാണെന്ന് തോന്നിയില്ല. പ്രത്യേകിച്ചും അവര്‍ 15 മിനിറ്റില്‍ തിരിച്ചെത്തി എന്ന് ഉറപ്പിച്ച് പറയാത്ത സ്ഥിതിയ്ക്ക്. പിന്നെ താങ്കളുടെ വിലയിരുത്തല്‍ കണ്ടു 15 മിനിറ്റില്‍ സംഭവിച്ചേക്കാവുന്ന കാര്യങ്ങളെ പറ്റി.അങ്ങനെയൊരു മുന്‍വിധി വേണോ?

  നല്ല സിനിമ. റോഷന്‍ ആന്‍ഡ്രൂസ് മുഴുവന്‍ ക്രെഡിറ്റും അര്‍ഹിയ്ക്കുന്നു കഥ പറഞ്ഞ രീതിയ്ക്ക്.

  ReplyDelete