സ്മാര്‍ട്ട് സിറ്റി (Smart City)

Published on: 12/19/2006 11:22:00 AM

ബി. ഉണ്ണികൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ സുരേഷ് ഗോപിച്ചിത്രവും അധോലോക നായകന്റെ കഥപറയുന്നു. ഡോണ്‍, ബഡാ ദോസ്ത് എന്നീ ചിത്രങ്ങള്‍ കണ്ട് തളര്‍ന്നിരിക്കുന്ന കേരളത്തിലെ പ്രേക്ഷകര്‍ക്കുള്ള മറ്റൊരു സമ്മാനം, അതും ക്രിസ്തുമസിന്. കാണണമോ എന്ന് രണ്ടുപ്രാവശ്യം ആലോചിച്ചാണ് തിയേറ്ററിലെത്തിയത്. ഏതായാലും ഡോണിനേക്കാളും ബഡാ ദോസ്തിനേക്കാളും സഹിക്കാവുന്നതാ‍ണ് സ്മാര്‍ട്ട് സിറ്റി.

കൊച്ചിതന്നെയാണ് ഇവിടെയും പ്രശ്നമേഖല. അടിയന്തിരാവസ്ഥക്കാലത്ത്‍ കൊച്ചി അടക്കിവാഴുന്ന ചന്ദ്രശേഖരന്‍ എന്ന ശേഖരേട്ടന് (മുരളി) കുട്ടിയായ മാധവനെ (സുരേഷ് ഗോപി) കൂട്ടത്തില്‍ ചേര്‍ക്കുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് ശേഖരേട്ടന്‍ ഒരു ബ്രാന്‍ഡ് നെയിമും, മാധവന്‍ ശേഖരേട്ടന്റെ ശക്തി സ്രോതസ്സുമാവുന്നു. ശേഖരേട്ടന്റെ മകളായി ലക്ഷ്മി ഗോപാലസ്വാമിയും, തെരുവില്‍ നിന്നുമെടുത്തു വളര്‍ത്തിയ മാധവന്റെ സഹോദരിയായി ഗോപികയും വേഷമിടുന്നു. ഗോപികയ്ക്ക് പക്ഷെ മാധവന്റെ ശരിയായ ജോലെയെന്തെന്നൊന്നും അറിയില്ല, അറിയിക്കാതിരിക്കുവാന്‍ മാധവന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു. ശേഖരേട്ടന്റെ മകളെ വിവാഹം കഴിച്ചിരിക്കുന്നത് സത്യസന്ധനായ അഴിമതിയില്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയാണ് (മനോജ് കെ. ജയന്‍). ഗോപിക സ്നേഹിക്കുന്ന സഹപാഠിയായി ജയസൂര്യയും രംഗത്തുണ്ട്.

ശേഖരനും മാധവനും പ്രശ്നങ്ങളൊന്നുമില്ലാതെ കഴിയുമ്പോഴാണ് പുതിയ കമ്മീഷണറായി സിദ്ദിഖിന്റെ കഥാപാത്രമെത്തുന്നത്. അടിച്ചമര്‍ത്തുക എന്നതല്ല കമ്മീഷണറുടെ ലക്ഷ്യം, മാഫിയ ശക്തികളെ അവരുടെ തെറ്റായ മാര്‍ഗത്തില്‍ നിന്നും പറഞ്ഞു പിന്തിരിപ്പിക്കുകയാണ് കമ്മീഷണര്‍ ചെയ്യാറുള്ളത്. എന്നാല്‍ മാധവന്‍ കമ്മീഷണറുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങുന്നില്ല. പുതിയ ഒരു സിംഹം കൂടി രംഗപ്രവേശം ചെയ്യുന്നതോടെ ശേഖരന്റേയും മാധവന്റേയും ദിനങ്ങള്‍ക്ക് നീളം കൂടുന്നു, ഇവിടെ രണ്ട് മാഫിയ ശക്തികള്‍ തമ്മിലുള്ള യുദ്ധം ആരംഭിക്കുന്നു.

സ്മാര്‍ട്ട് സിറ്റി, റിയല്‍ എസ്റ്റേറ്റ് മാഫിയ, മുഖ്യമന്ത്രിയുടെ നിസ്സഹായാവസ്ഥ, സംസ്ഥാ‍നം ഭരിക്കുന്ന മന്ത്രിമാരുടെ കൊള്ളരിതായ്കകള്‍ തുടങ്ങി ഒട്ടനവധി കാലിക പ്രാധാന്യമുള്ള വിഷയങ്ങള്‍ തിരക്കഥയില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. വി.എസ് നോട് സാമ്യമുള്ള മുഖ്യമന്ത്രിയായി രാജന്‍ പി. ദേവ് രംഗത്തുണ്ട്. അഴിമതിക്കാരനായ ഫൈനാന്‍സ് മിനിസ്റ്ററായി ഷമ്മി തിലകന്‍ തിളങ്ങിയിരിക്കുന്നു. പാട്ടുകളുണ്ടെങ്കിലും അവയൊന്നും കഥയ്ക്ക് ആവശ്യമുള്ളതായി തോന്നിയില്ല, ഗാനമെന്ന രീതിയിലും അത്ര ആകര്‍ഷകത്വമൊന്നുമില്ല. മാഫിയ ശശി തയ്യാറാക്കിയിരിക്കുന്ന സംഘട്ടന രംഗങ്ങള്‍ വളരെയുണ്ടെങ്കിലും അതിലും പുതുമകള്‍ നന്നേ കുറവ്. ക്ലൈമാക്സ് രംഗങ്ങളില്‍ അമാനുഷികനായി മാറുന്ന സുരേഷ് ഗോപി കഥാപാത്രം തന്നെയാണിതിലും. വൈകുംവരെ വെള്ളം കോരി അവസാനം കലമുടച്ചതുപോലെയായി ക്ലൈമാക്സ് രംഗങ്ങളിലെ സുരേഷ് ഗോപിയുടെ പ്രകടനം. ഇങ്ങിനെയൊക്കെയാണെങ്കിലും ചിത്രം ബോറടിയില്ലാതെ കണ്ടിരിക്കാവുന്ന ഒന്നാണ്.
--

4 comments :

 1. എടാ, ബോബി കൊട്ടാരക്കര മരിച്ചു പോയില്ലെ? നിനക്കു തെറ്റു പറ്റിയോ അതോ എനിക്ക് തെറ്റിയോ? എതായാലും റിവ്യു കൊള്ളാം പടം കാണാന്‍ ഇരുന്നതാ.. ഇനി പോണില്ല.. അക്ഷരത്തെറ്റ് ശ്രദ്ധിക്കണം..

  ReplyDelete
 2. ശരിതന്നെ നന്ദാ, എനിക്കാണു തെറ്റു പറ്റിയത്. ഷമ്മി തിലകനെയാണ് ഞാന്‍ ഉദ്ദേശിച്ചത്, തെറ്റ് തിരുത്തിയിട്ടുണ്ടേ...
  --
  പിന്നെ അക്ഷരത്തെറ്റിന്റെ കാര്യം, ഞാന്‍ കഴിവതും ശ്രദ്ധിക്കുന്നുണ്ട്. എന്തെങ്കിലും തെറ്റുകള്‍ കണ്ണില്‍ പെട്ടാലതും കൂടി ഇവിടെ പറയൂ...
  --

  ReplyDelete
 3. ഹരിക്കുട്ടാ.. സ്മാട്ട് സിറ്റി വായിച്ചൂട്ടോ. ഏതായാലും നെറ്റിലിറങ്ങിയാലിനി ഡൌണ്‍ലോഡ് ചെയ്യേണ്ടല്ലോ. കൊള്ളാവുന്ന പടം വന്നാല്‍ പറയണേ.
  ഏതായാലും സമ്മതിക്കണം. ഇതെങ്ങനെയാ ഓരോ പടം കണ്ട് ഇങ്ങനെ എഴുതുന്നേ?

  ReplyDelete
 4. ഒരു തെറ്റ് ദാ ഇവിടെ.. “ഗോപികയ്ക്ക് പക്ഷെ മാധവന്റെ ശരിയായ ജോലെയെന്തെന്നൊന്നും അറിയില്ല“

  ReplyDelete