കാസിനോ റോയലെ

Published on: 11/23/2006 11:20:00 AM

ജയിംസ് ബോണ്ട് പരമ്പരയിലെ ഏറ്റവും പുതിയ ചിത്രം ‘കാസിനോ റോയലെ’ സമ്മിശ്രവികാരമാണ് പ്രേക്ഷകരിൽ സൃഷ്ടിക്കുക. ജയിംസ് ബോണ്ട് ചിത്രങ്ങളിലെ പ്രധാന ആകർഷണങ്ങളായ മി.Qവും അദ്ദേഹത്തിന്റെ അതിശയകരങ്ങളായ കണ്ടുപിടുത്തങ്ങളും ഈ ചിത്രത്തിലില്ല. ചിത്രത്തിൽ ബോണ്ട് ഉപയോഗിക്കുന്നതായ പല ‘ഗാഡ്ജറ്റു’കളും ഇന്ന് വിപണിയിൽ (വിദേശരാജ്യങ്ങളിലെങ്കിലും) ലഭ്യമാണ്. ഒരു പക്ഷെ ഇയാൻ ഫ്ലെമിംഗ് എഴുതിയകാലത്തെ പല അതിശയകരങ്ങളായ ഉപകരണങ്ങളും ഇന്ന് സാധ്യമായതും, ജിപിആർഎസ് പോലെയുള്ള ഗാഡ്ജറ്റുകൾ പരക്കെ ഉപയോഗിക്കപ്പെടുന്നവയുമാണ്.

ജയിംസ് ബോണ്ടിന്റെ 007 ഏജന്റായി എങ്ങിനെ തന്റെ ജീവിതം തുടങ്ങുന്നു എന്നതാണ് കാസിനോ റോയലിന്റെ ഇതിവൃത്തം. ആദ്യമുള്ള ആക്ഷൻ രംഗങ്ങളിൽ പക്വതയില്ലാത്ത ഒരു ഏജന്റിനു പറ്റുന്ന തെറ്റുകളും അവയുടെ പ്രത്യാഘാതങ്ങളും യാഥാർത്ഥ്യബോധത്തോടെ ചിത്രീകരിച്ചിരിക്കുന്നു. പക്ഷെ, ഇത്രയും ന്യായീകരിക്കുവാനാവാത്ത പിഴവുകൾ ഒരു ഏജന്റിന്റെ ഭാഗത്തുനിന്നുണ്ടാവുമോ എന്നും ചിന്തിക്കാവുന്നതാ‍ണ്. ആദ്യത്തെ ആക്ഷൻ രംഗങ്ങളൊഴിച്ചാൽ പിന്നീട് ക്ലൈമാക്സിൽ പോലും ബോണ്ട് ചിത്രങ്ങളിൽ സാധാരണയായിക്കാണപ്പെടുന്ന ‘സ്റ്റണ്ട്’ രംഗങ്ങൾ വളരെയൊന്നുമില്ല.

ജയിംസിന്റെ അദ്യാനുരാഗവും ഈ ചിത്രത്തിലുണ്ട്. ഒരു പക്ഷെ ബോണ്ട് പിന്നീട് സ്ത്രീകളുടെ ശരീരത്തിന്റെ മാത്രം ആരാധകനാവാനുള്ള ഒരു കാരണമാവാം തന്റെ കാമുകിയെ തെറ്റിദ്ധരിക്കുന്നതും, അവളുടെ മരണവുമെല്ലാം. എന്നിരുന്നാലും സാധാരണ ബോണ്ട് ചിത്രങ്ങളിൽ കാണാറുള്ള ബോണ്ട് ഗേൾസ് ഇതിലില്ല. ഒരു പക്ഷെ ഇവയെല്ലാം പ്രതീക്ഷിച്ചു വരുന്ന ഒരു പ്രേക്ഷകന് ഒരു രസംകൊല്ലിപ്പടമാവാനാണ് സാധ്യത. എന്നാൽ ഇവയെല്ലാം മാറ്റി നിർത്തിയാലും കഥാതന്തുവും അത്ര നല്ലതാണെന്നു പറയുവാനൊക്കില്ല. ബോണ്ടിന്റെ കൂർമ്മബുദ്ധിയുടെ തെളിവാകുവാൻ സാധിക്കുന്ന ഒരു സംഭവം പോലും ചിത്രത്തിലില്ല. എന്നാൽ പലതും ബോണ്ട് എങ്ങിനെ കണ്ടെത്തിയെന്നതിന് ഉത്തരവുമില്ല. (ഉദാ: M-ന്റെ പാസ്‌വേഡ്, ബ്രിട്ടീഷ് സുരക്ഷാ വെബ്സൈറ്റിൽ നിന്നും വിവരങ്ങൾ ശേഖരിക്കുവാനായി)

ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണല്ലോ ഡാനിയൽ ക്രെയ്ഗ് ബോണ്ടായി വേഷമിടുന്നു എന്നത്. പക്ഷെ ബോണ്ടായി അദ്ദേഹം വളരെ നിരാശപ്പെടുത്തിയെന്നു പറയാതെവയ്യ. ബോണ്ടിന്റെ ഭാവമോ പ്രകൃതമോ(പ്രേക്ഷകരുടെ സങ്കല്പത്തിനനുസൃതമായി) ഇദ്ദേഹത്തിനില്ല, പ്രത്യേകിച്ച് മുൻ‌ഗാമികളുമായി താരതമ്യം ചെയ്യുമ്പോൾ.

അവസാനമായി ബോണ്ട് സിനിമകളിലെ പ്രധാന ആകർഷണമായ പശ്ചാത്തലസംഗീതവും ഇതിൽ പൂർണ്ണമായി ഒഴിവാക്കിയിരിക്കുന്നു. തുടക്കത്തിലും ഒടുക്കം ക്രേഡിറ്റ് കാണിക്കുമ്പോൾ മാത്രവുമായി ഇത് ചുരുങ്ങി. പല ആക്ഷൻ രംഗങ്ങളിലും, ഈ സംഗീതം തന്നെ എങ്ങിനെയൊക്കെയോ വ്യത്യാസപ്പെടുത്തി, വികലമാക്കിയാണ് കേൾപ്പിച്ചിരിക്കുന്നത്. ഇതിന്റെ ആവശ്യകത എന്തെന്ന് എനിക്ക് മനസിലാവുന്നില്ല.

ഏതായാലും ഒരു ബോണ്ട് ചിത്രമെന്ന അമിത പ്രതീക്ഷകളോടെ പോവാതെയിരുന്നാൽ, ചിത്രം വലിയകുഴപ്പമില്ലെന്നു തോന്നുന്നു. ആക്ഷൻ - അഡ്വെഞ്ചർ വിഭാഗത്തിലിതിനെപ്പെടുത്തുവാൻ കഴിയുമോ എന്നും സംശയമാണ്. വരുകാല ബോണ്ട് ചിത്രങ്ങളിൽ ഈ പോരായ്മകൾ പരിഹരിക്കുവാൻ നിർമ്മാതാക്കൾ ശ്രദ്ധിക്കുമെന്ന് പ്രത്യാശിക്കാം.
--

3 comments :

 1. ഹരീ,
  കാസിനോ റോയല്‍ കാണാന്‍ പറ്റിയിട്ടില്ല. നമുക്ക്‌ ഡി.വി. ഡി തന്നെ ശരണം.
  ബോണ്ടണ്ട്‌ സിനിമകളെക്കുറിച്ച്‌ഞാന്‍ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. അതിനുള്ള കമണ്റ്റുകളില്‍ പുതിയ പടത്തെക്കുറിച്ച്‌ സമ്മിശ്ര പ്രതികരണമാണ്‌ കണ്ടണ്ടത്‌.
  എന്തായാലും ഹരിയുടെ റിവ്യൂ നന്നായിരിക്കുന്നു.

  ReplyDelete
 2. നന്ദി...
  ഞാന്‍ വായിച്ചിരുന്നു, അവിടെ അതിനെക്കുറിച്ച് ഞാനൊരു കമന്റിട്ടു എന്നാണ് എന്റെ വിശ്വാസം. ശരിക്കും ഇതിന്റെ റിവ്യു എഴുതുവാനല്പം ബുദ്ധിമുട്ടി. ഇതൊരു വല്ലാത്ത ബോണ്ട് ചിത്രമാണ്. നല്ലതാണെന്നും വാദിക്കാം, കൊള്ളില്ലെന്നും വാദിക്കാം, രണ്ടിനും ചേരുന്ന വാദങ്ങള്‍ നിരത്തുവാന്‍ കഴിയും. അതാണ് ഞാന്‍ 2.5/5 കൊടുത്തത്. :)
  --

  ReplyDelete
 3. ഹരീമാഷേ..,
  റിവ്യൂ അസ്സലായിട്ടുണ്ട്. താങ്കളുടെ ശൈലിയും എനിക്കിഷ്ടമായി. ഇപ്പോഴാണ്‍ ഈ ബ്ലോഗ് ശ്രദ്ധിക്കുന്നത്. എന്റെ ഫേവറൈറ്റ്സില്‍ സ്താനം പിടിച്ചുകഴിഞ്ഞു.

  ചിത്രത്തേപറ്റി എനിക്ക് നല്ല അഭിപ്രായമാണ്‍ ഉള്ളത്. ഒരു ഏജന്റ് തെറ്റുകള്‍ക്ക് അന്യനല്ല എന്ന യാഥര്‍ത്യം ഈ ചിത്രം വിളിച്ചോതുന്നു. റിയാലിറ്റിയുമായി നല്ല അടുപ്പം പുലര്‍ത്തുന്നു ഈ ചിത്രം.

  ചിലപ്പോള്‍ പുതിയ ശൈലിയില്‍ ഉള്ള ബോണ്ട് മൂവിയുടെ തുടക്കമാവാം ഇത്.

  ReplyDelete