
ഒരു പക്ഷെ ശ്രീനിവാസന്റെ തിരക്കഥയില്‍ ശ്രീനിവാസന് തന്നെ അഭിനയിച്ച ചിത്രങ്ങളുടെ ഒരു ഛായ ഈ ചിത്രത്തിനുണ്ട്. ഇന്‍ഡ്യയിലെ ജുഡീഷ്യല്‍ വ്യവസ്ഥിതിയുടെമേല്‍ പൊതുജനത്തിനുള്ള വിശ്വാസം ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ ചിത്രം. അതുപോലെ തന്നെ, അഴിമതിയിലേക്ക് നിങ്ങുകയാണ് ജുഡീഷ്യറിപോലും എന്നും ഈ ചിത്രം ചൂണ്ടിക്കാട്ടുന്നു. വളരെ സാവധാനം പുരോഗമിക്കുന്ന സിനിമ ക്ലൈമാക്സ് രംഗങ്ങളോടടുക്കുമ്പോള് അമിതവേഗത്തിലാണ് അവസാനിക്കുന്നത്. അതു തന്നെയുമല്ല, ഇത്രയെളുപ്പം വില്ലന്മാരെയെല്ലാവരേയും കുടുക്കുവാന്‍ രവി ശങ്കര്‍ എന്ന ഒരു സാധാരണ വക്കീലിനു കഴിഞ്ഞു എന്നതിലും ഒരു അസ്വാഭാവികത തോന്നാം. ചിത്രത്തിന്റെ ക്ലൈമാക്സിനോടടുക്കുമ്പോള്‍ തന്നെ എന്താണ് ക്ലൈമാക്സെന്ന് പ്രേക്ഷകര്‍ക്ക് എളുപ്പം തന്നെ മനസിലാക്കുവാനും സാധിക്കുന്നു. ഇവയൊക്കെയും ഈ ചിത്രത്തിന്റെ പോരായ്മകളായി കണക്കാക്കാമെങ്കില്‍ തന്നെയും, ഇന്നത്തെ സാമൂഹിക പ്രശ്നങ്ങളും, സമൂഹം മൊത്തത്തില്‍ നേരിടുന്ന മൂല്യച്യുതിയും വളരെ വ്യക്തമായിത്തന്നെ പ്രേക്ഷകനിലെത്തിക്കുവാന്‍ ചിത്രത്തിനാവുന്നുണ്ട്. തിലകന്, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, പത്മപ്രിയ, സായികുമാര്‍ തുടങ്ങിയവരെല്ലാം തന്നെ അവരവരുടെ വേഷം ഭംഗിയായി ചെയ്തിട്ടുണ്ട്. ഇടയ്ക്കിടെ വരുന്ന ഗ്രാഫിക് ഇഫക്റ്റുകള്‍ തികച്ചും അനാവശ്യവും അരോചകവുമാണെന്നതും പറയാതെ വയ്യ.
മൊത്തത്തില്‍ നോക്കുമ്പോള്‍ തീര്‍ച്ചയായും കാണാവുന്ന ഒരു നല്ല ചിത്രമാണ് ‘യെസ് യുവര്‍ ഓണര്‍’.
--
No comments :
Post a Comment