About

Published on: 6/30/2012 10:43:00 AM
ചിത്രവിശേഷത്തിലേക്ക് സ്വാഗതം!

ഓര്‍ക്കുട്ടിലെ തനിമലയാളിക്കൂട്ടമായ 'മലയാളം' കമ്മ്യൂണിറ്റിയില്‍ വല്ലപ്പോഴുമൊക്കെ ചേര്‍ക്കുന്ന ചെറു കുറിപ്പുകളായി തുടങ്ങി പിന്നീടൊരു ബ്ലോഗായി വികസിച്ച്, ഇന്നിപ്പോള്‍ ചിത്രവിശേഷം.കോം എന്ന വെബ്സൈറ്റ് രൂപത്തില്‍ ഹരീയുടെ ചലച്ചിത്രവിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നയിടമാണ്‌ 'ചിത്രവിശേഷം'. 2006 നവംബര്‍ 21-ന്‌ 'യേസ് യുവര്‍ ഓണര്‍' എന്ന ചിത്രത്തിന്റെ വിശേഷം പ്രസിദ്ധീകരിച്ചു കൊണ്ടാണ്‌ ചിത്രവിശേഷം ആരംഭിച്ചത്. നാലു വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുനൂറോളം വിശേഷങ്ങളും ഇരുനൂറ്റിമുപ്പതിലധികം പോസ്റ്റുകളുമായി ചിത്രവിശേഷം മുന്‍പോട്ടുപോവുന്നു.

വിശേഷങ്ങളുടെ പ്രസക്തി
മലയാളം സിനിമകളുടെ, അല്ലെങ്കില്‍ കേരളത്തില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ മലയാളത്തിലുള്ള നിരൂപണങ്ങള്‍ ഏറെയൊന്നും ലഭ്യമല്ലാതിരുന്ന സമയത്താണ്‌ ചിത്രവിശേഷം ആരംഭിക്കുന്നത്. എന്നാലിന്ന് മൂവിരാഗ@ഇന്ദുലേഖ.കോം, മലയാള്‍.എം എന്നു തുടങ്ങി ഒട്ടേറെ പോര്‍ട്ടലുകളിലും ചിത്രനിരീക്ഷണം, സിനിമാനിരൂപണം തുടങ്ങിയ ബ്ലോഗുകളിലും ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിശദമായ വിലയിരുത്തലുകള്‍ വരാറുണ്ട്. ഈ മാറിയ സാഹചര്യത്തിലും ചിത്രവിശേഷത്തിന്റെ വായനക്കാരുടെ എണ്ണം കൂടുക തന്നെയാണ്‌ എന്നതാണ്‌ മുന്‍പോട്ടു പോകുവാന്‍ പ്രേരണ നല്‍കുന്ന ഘടകം. എന്താണ് വിശേഷങ്ങളുടെ അല്ലെങ്കില്‍ റിവ്യൂകളുടെ ആവശ്യകത എന്നു ചിന്തിച്ചാല്‍; ഒരു സിനിമയെ വ്യക്തമായി അപഗ്രഥിച്ച്, സാമൂഹിക/രാഷ്ട്രീയ/സദാചാര/... സ്വാധീനങ്ങള്‍ പഠിച്ച് എഴുതുന്ന ഒരു നിരൂപണത്തിനുള്ള പ്രാധാന്യം, ചിത്രമിറങ്ങി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പ്രസിദ്ധീകൃതമാവുന്ന ഇവയ്ക്കൊന്നുമില്ല തന്നെ. (മലയാള്‍.കോമില്‍ വരുന്നവ ഇതിനൊരു അപവാദമാണ്‌. പലപ്പോഴും വളരെ വിശദമായ വിലയിരുത്തലുകളാണ്‌ അവിടെ കണ്ടുവരുന്നത്.) സിനിമ കാണുവാന്‍ തീരുമാനിക്കുന്ന ഒരു പ്രേക്ഷകന്, തിയേറ്ററുകളില്‍ ആ സമയം ലഭ്യമായ ചിത്രങ്ങളെക്കുറിച്ച് ചെറിയ ഒരു ധാരണ നല്‍കുക, ഒരു തിരഞ്ഞെടുപ്പിന് സഹായിക്കുക എന്നതിനപ്പുറമൊരു പ്രാധാന്യവും ഇവയ്ക്ക് നല്‍കേണ്ടതില്ല. എല്ലാ സിനിമകളും കാണുവാനുള്ള സമയവും സാഹചര്യവുമുള്ള പ്രേക്ഷകര്‍ അവയൊക്കെയും കണ്ട് സ്വന്തമായൊരു വിലയിരുത്തല്‍ നടത്തുന്നതാവും അഭികാമ്യം.

ചിത്രവിശേഷത്തിലെ റേറ്റിംഗ്
കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി ചിത്രങ്ങള്‍ക്കു റേറ്റിംഗ് നല്‍കുവാനായി വിവിധ രീതികള്‍ ചിത്രവിശേഷത്തില്‍ പരീക്ഷിച്ചിട്ടുണ്ട്. അവയില്‍ താരതമ്യേന ന്യൂനതകള്‍ കുറഞ്ഞതെന്ന് കരുതുന്ന രീതിയാണ്‌ ഇപ്പോള്‍ പിന്തുടരുന്നത്. സാങ്കേതിക ഘടകങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും, ആസ്വാദകപക്ഷത്തു നിന്നുള്ള വിലയിരുത്തലിന്‌ ഊന്നല്‍ നല്‍കിയാണ്‌ ഇവിടെ റേറ്റിംഗ് നല്‍കുന്നത്.
വിലയിരുത്തപ്പെടുന്ന ഘടകങ്ങള്‍:
•കഥയും, കഥാപാത്രങ്ങളും - 10 പോയിന്റ് (പ്രാരംഭ വില: 3 പോയിന്റ്)
•സംവിധാനം - 10 പോയിന്റ് (3 പോയിന്റ്)
•അഭിനയം - 10 പോയിന്റ് (3 പോയിന്റ്)
•സാങ്കേതികം - 5 പോയിന്റ് (2 പോയിന്റ്)
•പാട്ട്, നൃത്തം, ആക്ഷന്‍ - 5 പോയിന്റ് (2 പോയിന്റ്)
•ആകെ - 40 പോയിന്റ് (13 പോയിന്റ്)

10 പോയിന്റ് നല്‍കിയിട്ടുള്ള ഘടകങ്ങള്‍ക്ക് 3 പോയിന്റും, 5 പോയിന്റ് നല്‍കിയിരിക്കുന്ന ഘടകങ്ങള്‍ക്ക് 2 പോയിന്റുമാവും ഓരോ ചിത്രത്തിനും തുടക്കത്തില്‍ നല്‍കുന്നത്. ഇതില്‍ നിന്നും ചിത്രത്തിന്റെ നിലവാരത്തിനനുസരിച്ച് പോയിന്റുകള്‍ കൂട്ടിയും, കുറച്ചുമാണ് യഥാര്‍ത്ഥത്തിലുള്ള പോയിന്റ് കണക്കാക്കുന്നത്. ഉദാ‍ഹരണത്തിന് ഒരു ചിത്രത്തിന്റെ അഭിനയത്തിന് 3 പോയിന്റ് ആണ് നല്‍കിയിരിക്കുന്നതെങ്കില്‍, അഭിനേതാക്കളെല്ലാവരും തരക്കേടില്ലാതെ അഭിനയിച്ചിട്ടുണ്ടെന്നും; 4, 5, 6 എന്നിങ്ങനെ മുകളിലേക്ക് പോയാല്‍ ചില അഭിനേതാക്കളെങ്കിലും മികച്ചു നിന്നുവെന്നും; 2, 1 എന്നിങ്ങനെ താഴേക്ക് പോയാല്‍ പലരും നന്നായില്ല എന്നും അര്‍ത്ഥമാക്കാം. നാല്‍പതില്‍ എത്ര പോയിന്റ് നേടുന്നു എന്ന് കണക്കാക്കിയതിനു ശേഷം, അതിനെ പത്തിന്റെ ആനുപാതിക വിലയിലേക്ക് മാറ്റി ഒടുവിലെ റേറ്റിംഗ് കണക്കാക്കുന്നു.

എങ്ങിനെയാണ്‌ വിശേഷങ്ങള്‍ തയ്യാറാവുന്നത്?
തികച്ചും വ്യക്തിനിഷ്ഠമായ വിലയിരുത്തലുകളില്‍ അധിഷ്ഠിതമായി എഴുതുന്ന ഒന്നാകയാല്‍ ഇത് വിശദമാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും ഒരു വിശേഷം എങ്ങിനെ തയ്യാറാവുന്നു എന്നൊന്ന് ചിന്തിക്കുന്നത് കൗതുകകരമായിരിക്കും. ഇതേതു ജനുസ്സില്‍ (Genre) വരുന്ന ചിത്രമാണ് എന്നാണ്‌ ആദ്യം ചിന്തിക്കുന്നത്. പ്രേക്ഷകരെ വിനോദിപ്പിക്കുക എന്ന ഉദ്ദേശത്തിലുള്ള സമയം കൊല്ലി പടങ്ങളും, സിനിമ എന്ന മാധ്യമത്തെ ഗൌരവത്തോടെ സമീപിക്കുന്ന സംവിധായകരുടെ ചിത്രങ്ങളും; ഈ രണ്ടു ശൈലിയിലുള്ള ചിത്രങ്ങളും ഓരോ ജനുസ്സിലും പുറത്തിറങ്ങാറുണ്ട്. ചിത്രത്തിന്റെ വിഭാഗവും സ്വഭാവവും മനസിലാക്കി കഴിഞ്ഞാല്‍, ആ ചിത്രം എങ്ങിനെയൊക്കെ ഇതിലും ഭംഗിയാക്കാമായിരുന്നു എന്നാണ്‌ പിന്നീടുള്ള ആലോചന. ഇതിലും മികച്ചതാവണമായിരുന്നു ഈ ചിത്രമെങ്കില്‍ എന്തൊക്കെയാണ് മെച്ചപ്പെടേണ്ടത് എന്നാണ് ഇവിടെ നോക്കുന്നത്. എടുത്തു പറയത്തക്കതായ മികവുകളും പിഴവുകളും ഓരോ വിഭാഗത്തിലും കണ്ടെത്തുക എന്നതു കൂടി ഇതോടൊപ്പം നടക്കും. മേല്‍ സൂചിപ്പിച്ചതു പോലെ ഒരു നിശ്ചിത മൂല്യം ആദ്യം തന്നെ ഓരോ ഘടകങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. തുടക്കത്തിലെ മൂല്യത്തില്‍ നിന്നും മേന്മകളും പോരായ്മകളും കൂട്ടിക്കിഴിച്ചു കഴിയുമ്പോള്‍ ഓരോ ഘടകത്തിന്റേയും യഥാര്‍ത്ഥ മൂല്യമായി.
ഇവിടെ സംഭവിച്ചേക്കാവുന്നത്:
• മികവുകള്‍ / പിഴവുകള്‍ ശ്രദ്ധിക്കപ്പെടാതെ പോവുക.
• ഒരാള്‍ക്കു തോന്നുന്ന മേന്മകള്‍ മറ്റൊരാള്‍ക്ക് പോരായ്മയാകാം; അതുപോലെ തിരിച്ചും.

ഘടകങ്ങളുടെ എല്ലാം മൂല്യങ്ങള്‍ കൂട്ടി ആകെത്തുക നിര്‍ണയിച്ചു കഴിയുമ്പോള്‍ ചിലപ്പോഴൊക്കെ നീതിയുക്തമല്ല എന്നു തോന്നാറുണ്ട്. അതായത് രസിച്ചിരുന്നു കണ്ട സിനിമയ്ക്ക് മൂല്യമൊക്കെ നല്‍കി വരുമ്പോള്‍ റേറ്റിംഗ് കുറഞ്ഞുപോവുക, വളരെ മുഷിപ്പിച്ച സിനിമകള്‍ക്ക് റേറ്റിംഗ് കൂടി നില്‍ക്കുക; ഇങ്ങിനെ തോന്നിയാല്‍ മുകളില്‍ എഴുതിയ കടമ്പകള്‍ ആവര്‍ത്തിക്കുന്നു. ഈ തോന്നലുകള്‍ക്ക് പ്രധാനകാരണം ‘കഥയും കഥാപാത്രങ്ങളും’, ‘സംവിധാനം’ എന്നീ ഘടകങ്ങളാകയാല്‍ അവയിലാണ് പലപ്പോഴും കൂട്ടലും കുറയ്ക്കലും സംഭവിക്കാറുള്ളത്. ഇങ്ങിനെ രണ്ടാം ഘട്ടവും പിന്നിട്ടാണ് ഒരു ചിത്രത്തിന്റെ റേറ്റിംഗ് പൂര്‍ത്തിയാക്കുന്നത്.

ഇത്തരത്തിലൊരു മൂല്യം നിശ്ചയിച്ചു കഴിഞ്ഞാല്‍ മുന്‍പു സൂചിപ്പിച്ച കുറവുകളും മികവുകളും സമഗ്രമായി വരുന്ന രീതിയില്‍ പോസ്റ്റ് തയ്യാറാക്കുന്നു. വിശേഷങ്ങളുടെ വലുപ്പം കൂടുന്നത് അതിന്റെ രസം കുറയ്ക്കുമെന്നതിനാല്‍ പലപ്പോഴും എല്ലാ മികവുകളും പിഴവുകളും ഒരുപോലെ വിശദമായി പ്രതിപാദിച്ചുകൊള്ളണമെന്നില്ല. എടുത്തു പറയേണ്ടവയ്ക്ക് പ്രാധാന്യം നല്‍കി വിശേഷം തയ്യാറാക്കുക എന്ന രീതിയാണ് പിന്തുടര്‍ന്നു വരുന്നത്. സിനിമയെക്കുറിച്ചുള്ള ലേഖകന്റെ കാഴ്ചപ്പാടിനും ആസ്വാദനരീതിയ്ക്കും കാലക്രമത്തില്‍ വ്യത്യാസമുണ്ടാകുമല്ലോ, അവയുടെ സ്വാധീനവും വിശേഷങ്ങളില്‍ ഉണ്ടാവാതെ തരമില്ല. ധാരാളം പേരുടെ കൂട്ടായ ശ്രമഫലമായി മുന്‍പോട്ടു പോവുന്ന ഫിലും പോര്‍ട്ടലുകളുമായി ചിലരെങ്കിലും ഇടയ്ക്കൊക്കെ നടത്തുന്ന താരതമ്യവും, അവയെ അടിസ്ഥാനപ്പെടുത്തിയുള്ള വിമര്‍ശനങ്ങളും ന്യായമാണെങ്കില്‍ തന്നെയും, ചിത്രവിശേഷത്തിനുള്ള പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ടുള്ള പരിഹാരങ്ങള്‍ക്കു മാത്രമേ തത്കാലം നിര്‍വ്വാഹമുള്ളൂ എന്നു കൂടി കരുതേണ്ടതുണ്ട്. ഇവയൊക്കെ കണക്കിലെടുത്തു കൊണ്ട്, ചിത്രവിശേഷത്തെ കൂടുതല്‍ മെച്ചപ്പെടുത്തുവാനുള്ള ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ ഏവരില്‍ നിന്നും പ്രതീക്ഷിക്കുന്നു.
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും [CONTACT] പേജിലൂടെ അറിയിക്കാവുന്നതാണ്‌.