മ ചു ക (Review: Ma Chu Ka)

Published on: 6/10/2017 09:07:00 AM
മ ചു ക (Review-Ma-Chu-Ka)

മ ചു ക: കയ്ച്ചും ചുവച്ചും മധുരിച്ചും!

ഹരീ, ചിത്രവിശേഷം

Ma Chu Ka: Chithravishesham Rating [5.75/10]
നിറങ്ങളിൽ മഞ്ഞയും ചുവപ്പും കറുപ്പും തിരഞ്ഞെടുത്ത് ചുരുക്കിയെഴുതുമ്പോൾ കിട്ടുന്ന 'മ ചു ക'യുടെ അർത്ഥം, ബ്രസീലിയൻ ഭാഷയിൽ, ആഴത്തിലുള്ള വേദനയെന്നാണെന്ന് സംവിധായകൻ ജയൻ വന്നേരി. അങ്ങനെയൊരു വേദനയെ സിനിമയിലൂടെ പ്രതിഫലിപ്പിക്കാനാണ് സംവിധായകന്റെ ശ്രമം. ഏതാണ്ടൊരു വിജനമായ സ്ഥലത്ത് അവിചാരിതമായി കണ്ടുമുട്ടുന്ന രണ്ടുപേർ. അവരൊപ്പം ചിലവിടുന്ന പത്തു പന്ത്രണ്ട് മണിക്കൂർ. അതിനിടയിലവർക്കിടയിൽ നടക്കുന്ന കാര്യങ്ങൾ. ചിത്രത്തിന്റെ കഥ ഇപ്രകാരം ചുരുക്കാം. പശുപതിയും ജനനി അയ്യരും പ്രധാനവേഷങ്ങളിലെത്തുന്ന ഈ ചിത്രം മണിക്കോത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ രജീഷ് കുളിർമ നിർമ്മിച്ചിരിക്കുന്നു.

ആകെത്തുക : 5.75 / 10

  • കഥയും കഥാപാത്രങ്ങളും
  • സംവിധാനം
  • അഭിനയം
  • സാങ്കേതികം
  • സംഗീതം/നൃത്തം/ആക്ഷന്‍
  • 4.00 / 10
  • 6.00 / 10
  • 6.00 / 10
  • 4.00 / 05
  • 3.00 / 05
പശുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ദീർഘമായ സംഭാഷണങ്ങളിലൂടെയാണ് സിനിമ ഏറിയപങ്കും മുന്നേറുന്നത്. സാധാരണഗതിയിൽ ഇതൊരു ദോഷമായേക്കാമെങ്കിലും, പശുപതിയുടെ കൈയ്യടക്കത്തോടെയുള്ള അവതരണത്തിൽ ഇത് സിനിമയുടെ മികവായി മാറുന്നു. എന്നാൽ, ചുരുക്കം ചില സംഭാഷണങ്ങൾ മാത്രമുള്ള, പശുപതിയുടെ കഥാപാത്രത്തോളം പണിപ്പെടേണ്ടതില്ലാത്ത, ഒരു വേഷമായിട്ടു കൂടി ജനനി അയ്യർ നിരാശപ്പെടുത്തി. സത്യസന്ധമായി പറഞ്ഞാൽ ജനനിയെക്കൊണ്ട് കൂട്ടിയാൽ കൂടുന്നൊരു വേഷമായിരുന്നില്ല സിനിമയിലേത്. ചിത്രത്തിനൊടുവിൽ നായിക നേടുന്ന മേൽക്കൈ ഒരു ആശ്വാസമായി പ്രേക്ഷകർക്ക് തോന്നേണ്ടിടത്ത് പ്രത്യേകിച്ചൊരു വികാരവും തോന്നിക്കാതെ പോവുന്നതിനു കാരണവും മറ്റൊന്നല്ല. ഒരു പക്ഷെ, ഗൗരവമുള്ള ക്യാരക്ടർ റോളുകൾ ചെയ്ത് പരിചയമുള്ള ഒരു അഭിനേത്രിയെ, പ്രസ്തുത വേഷത്തിൽ കൊണ്ടുവന്നിരുന്നെങ്കിൽ സിനിമയ്ക്ക് മൊത്തതിലത് ഗുണകരമായി മാറുമായിരുന്നു. ഇവരിരുവരെയും കൂടാതെ ശബ്ദ/ചിത്ര സാന്നിധ്യമായി പ്രതാപ് പോത്തൻ, മാല പാർവതി തുടങ്ങി മറ്റു ചിലരും ചിത്രത്തിലുണ്ട്.

അവിചാരിതമായൊരാളെ അത്ര പരിചയമില്ലാത്തൊരു സ്ഥലത്ത് കണ്ടുമുട്ടുന്ന ഒരു പത്രപ്രവർത്തക, അയാളെക്കുറിച്ച് കൂടുതലറിയേണ്ട കാര്യമുണ്ടായിട്ടും, ഇന്റർനെറ്റ് സൗകര്യം ഇടയ്ക്ക് ഉപയോഗിച്ചിട്ടു കൂടി, ആരാണയാൾ എന്നൊന്ന് സേർച്ച് ചെയ്യാൻ മിനക്കെട്ടില്ല എന്നത് വിശ്വാസ്യയോഗ്യമല്ല. ചിത്രത്തിന്റെ ഇടവേള വരെയുള്ള ഭാഗത്ത് ഇടയ്ക്കിടെ വരുന്ന വലിച്ചുനീട്ടലും അലോസരപ്പെടുത്തും. ഇത്തരം കല്ലുകടികൾ ചിത്രത്തിലുണ്ടെങ്കിലും മൊത്തത്തിലുള്ള പരിചരണമികവിൽ ഇതിനെ ഏതാണ്ടൊക്കെ മറികടക്കാൻ സംവിധായകനാവുന്നു. ജോമോൻ തോമസിന്റെ ഛായാഗ്രഹണവും വിജയ് ശങ്കറിന്റെ ചിത്രസന്നിവേശവും ഇതിനു തുണയാവുന്നുമുണ്ട്. എന്നാൽ, പശ്ചാത്തല സംഗീതത്തിൽ ഗോപി സുന്ദർ അത്രകണ്ട് ഗൗരവം കൊടുത്തതായും തോന്നിയില്ല.

In 'Ma Chu Ka', the director tries his best to do something different and a convincing performance by Pasupathy helps him to achieve that.
സൈക്കോ ത്രില്ലർ ജനുസ്സിൽ വരുന്ന ഈ സിനിമ, ഒരു 'എന്റർടൈനർ' എന്ന സാമാന്യ അർത്ഥത്തിൽ പരിചയപ്പെടുത്തിയാലത് ശരിയാവില്ല. പലപ്പോഴും ഇത്തരം ചിത്രങ്ങൾ കാണുമ്പോഴും കണ്ടിറങ്ങുമ്പോഴും കാണികൾക്ക് അത്ര സുഖകരമായ അനുഭവമായി ചിത്രം തോന്നണമെന്നില്ല. ഇത്തരം ചിത്രങ്ങൾ ലക്ഷ്യമിടുന്നത് ഒരു ഉല്ലാസകരമായി കണ്ടിരിക്കാവുന്ന രണ്ടു മണിക്കൂറല്ലാത്തതിനാൽ ഇതൊരു കുറവല്ല താനും. ഈയൊരു രീതിയിൽ നോക്കിയാൽ, അലോസകരമായ രണ്ടു മണിക്കൂർ നൽകുന്ന 'മ ചു ക' ഒരു വിജയമാണെന്ന് പറയാം. എന്നാൽ അതിനെ 'എന്റർടൈൻ' ചെയ്യാൻ സാധിക്കാത്തവർക്ക് സിനിമകാണൽ തന്നെ ആഴത്തിലുള്ള വേദനയായി മാറാനുള്ള സാധ്യതയും ഏറെയാണ്. ചുരുക്കത്തിൽ, ഈയൊരു വിഭാഗത്തിൽ വരുന്ന ചിത്രങ്ങളോട് താത്പര്യമുള്ളവർക്ക് മാത്രം കണ്ടുനോക്കാവുന്നൊരു ചിത്രമായി 'മ ചു ക'യെ അടയാളപ്പെടുത്താം.

Cast & Crew

Cast
Pasupathy, Janani Iyer etc.
Crew
Directed by Jayan Vannery
Produced by Rajeesh Kulirma
Story, Screenplay, Dialogues by Jayan Vannery
Cinematography by Jomon Thomas
Film Editing by Vijay Shankar
Background Score, Music by Gopi Sundar
Art Direction by Prathap Raveendran
Costume Design by Bhakthan Mangad
Makeup by Byju Balaramapuram
Lyrics by B.K. Harinarayanan, Venkitachalam R.
Stills by Name
Designs by Name
Banner: Manikkoth Productions
Released on: 2017 Jun 09

No comments :

Post a Comment