സഖാവ്: കളിയല്ല കമ്മ്യൂണിസം!
ഹരീ, ചിത്രവിശേഷം
![Sakhavu: A film by Sidhartha Siva starring Nivin Pauly, Aishwarya Rajesh, Binu Pappu, Aparna Gopinath, Altaf Salim etc. Movie Review by Haree for Chithravishesham. Sakhavu: Chithravishesham Review [Rating:7.00/10]](https://3.bp.blogspot.com/-ARu6X_UJYkM/WPJLnyRVfKI/AAAAAAAANQ8/tlMFR0dscyQLoH5jbI6z7jlpIMDns3emwCLcB/2017-04-15_Sakhavu.jpg)
തൊഴിലാളി പ്രശ്നങ്ങൾ, അവരോടുള്ള തൊഴിലുടമകളുടെ ക്രൂരതകൾ, അവർക്കിടയിൽ ഉയർന്നു വരുന്ന നേതാവ്, ഇടയ്ക്കൊരു പ്രണയം, മേമ്പൊടിക്ക് ചില വിപ്ലവഗാനങ്ങൾ - ഇത്തരമൊരു ചിത്രത്തിൽ പ്രതീക്ഷിക്കാവുന്ന സ്ഥിരം ചേരുവകളൊക്കെ തന്നെയാണ് സിദ്ധാർത്ഥ് ശിവ ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. അതിനെ ഈയൊരു കാലഘട്ടത്തിലേക്ക് ലിങ്ക് ചെയ്യുന്നു എന്നതാണ് വേണമെങ്കിൽ പറയാവുന്നൊരു പുതുമ. പതിവിനു വിപരീതമായി ചിത്രത്തിലെ സംഭവങ്ങൾക്ക് യാഥാർത്ഥ്യങ്ങളോട് സാമ്യമുണ്ടാവാം എന്നെഴുതിക്കാണിക്കുന്നെങ്കിലും, കഥ പറഞ്ഞ ശൈലി കാരണമായി കാര്യങ്ങൾ ഫാന്റസിയായാണ് ചിലപ്പോഴെങ്കിലും അനുഭവപ്പെടുക. ഒരു പക്ഷെ, അത്ര ഗൗരവമായി ചിത്രം മാറാത്തത് ഗുണമായെന്നും പറയാം, പ്രത്യേകിച്ചും രണ്ടേമുക്കാൽ മണിക്കൂറോളമുണ്ട് ചിത്രമെന്നത് കൂടി പരിഗണിക്കുമ്പോൾ.
കൃഷ്ണകുമാറും കൃഷ്ണനും - രണ്ട് കാലഘട്ടങ്ങളിൽ ജീവിച്ച രണ്ട് സഖാക്കന്മാർ - നിവിൻ പോളി മനസറിഞ്ഞവതരിപ്പിച്ചിട്ടുണ്ട് ഈ രണ്ടു പേരേയും. കൃഷ്ണന്റെ പാർട്ടിപ്രവർത്തനത്തിലും ജീവിതത്തിലും ഒപ്പം ചേരുന്ന ജാനകിയായി ഐശ്വര്യ രാജേഷും മികച്ചു നിന്നു. അൽത്താഫ് സലിം, ബിനു പപ്പു, അപർണ ഗോപിനാഥ്, ബൈജു തുടങ്ങിയവരുടെ കഥാപാത്രങ്ങളും ചിത്രത്തിൽ ഇവർക്കൊപ്പം ശ്രദ്ധ നേടുന്നുണ്ട്.
ജോർജ്ജ് സി. വില്യംസിന്റെ ക്യാമറയും വിനീബ് കൃഷ്ണന്റെ എഡിറ്റിംഗും ചിത്രത്തിന്റെ മാറ്റേറ്റുന്നു. മറ്റൊരു കാലഘട്ടത്തെ പുനസൃഷ്ടിച്ചതിൽ കല, ചമയം, വസ്ത്രാലങ്കാരം എന്നീ മേഖലകളിൽ പ്രവർത്തിച്ചവരുടെ മികവും പ്രകടം. പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതവും, അദ്ദേഹമീണമിട്ട ഗാനങ്ങളും ചിത്രത്തിനു ഗുണം ചെയ്തെങ്കിലും, അമിതമായ സാങ്കേതിക ഇടപെടലുകളിൽ ഗായകരുടെ ശബ്ദത്തിന്റെ സൗന്ദര്യം നഷ്ടമായെന്നു തോന്നി.
'Sakhavu' brings together two comrades, an elderly Krishnan and youngster Krishnakumar, and linking them together highlights the spirit of true comradeship.
കമ്മ്യൂണിസം പശ്ചാത്തലമാക്കുന്നൊരു മുഖ്യധാരാ സിനിമ എന്നു പറയുമ്പോൾ ഇപ്പളും മനസിലേക്കോടിയെത്തുക ഇരുപത്താറു കൊല്ലം മുന്നിറങ്ങിയ വേണു നാഗവള്ളി ചിത്രം 'ലാൽസലാം' തന്നെ. അതിനെ കവയ്ക്കുന്നുണ്ടോ 'സഖാവെ'ന്നു ചോദിച്ചാൽ ഇല്ല. എന്നാൽ പോലും ഇതേ ശ്രേണിയിൽപ്പെട്ട അടുത്തിറങ്ങിയ ചിത്രങ്ങളെ അപേക്ഷിച്ച്, ഭേദപ്പെട്ടൊരു ശ്രമമായിത്തന്നെ കാണാം 'സഖാവി'നെ. പാർട്ടിയുടെ ഊക്കിൽ എന്തു തോന്ന്യാസവും കാട്ടാൻ ലൈസൻസുള്ള ചട്ടമ്പിയല്ല, മറിച്ച് സഹജീവികളുടെ പ്രയാസങ്ങളിൽ അവർക്കൊപ്പം നിൽക്കാനും അവരെ കൈപിടിച്ചു കയറ്റാനും ത്രാണിയുള്ള സഹായ ഹസ്തങ്ങളാണൊരോ സഖാക്കളും എന്നോർമ്മപ്പെടുത്താൻ, കളിയല്ല കമ്മ്യൂണിസമെന്ന് ഉറച്ചു പറയാൻ, 'സഖാവി'നാവുന്നു. അതിന്റെ പേരിൽ കൊടുക്കാം സിനിമയ്ക്കും അണിയറപ്രവർത്തകർക്കും ചുകചുകപ്പൻ അഭിവാദ്യങ്ങൾ!- Cast
- Nivin Pauly, Aishwarya Rajesh, Binu Pappu, Aparna Gopinath, Altaf Salim, Sreenivasan, Gayathri Suresh, Aliyar, Baiju, Santhosh Keezhattoor, Nishanth Sagar, Anjali Aneesh, Chali Pala, Sudheesh, Mushtapha etc.
- Crew
- Directed by Sidhartha Siva
- Produced by B. Rakesh
- Story, Screenplay, Dialogues by Sidhartha Siva
- Cinematography by George C. Williams
- Film Editing by Vineeb Krishnan
- Background Score, Music by Prashanth Pillai
- Art Direction by Sabu Mohan
- Costume Design by Dhanya Balakrishnan
- Makeup by Ranjith Ambadi
- Lyrics by Santhosh Varma, Shabareesh Varma, Anwar Ali, Sooraj S. Kurupp, Sidhartha Siva
- Stunts by Name
- Choreography by Name
- Stills by Momy
- Designs by Name
- Banner: Universal Cinema
- Released on: 2017 Apr 15
No comments :
Post a Comment