പുത്തൻപണം (Review: Puthanpanam)

Published on: 4/13/2017 07:59:00 AM

പുത്തൻപണം: അത്ര പുത്തനല്ലാത്തൊരു പണി!

ഹരീ, ചിത്രവിശേഷം

Puthanpanam: Chithravishesham Rating [2.75/10]
ട്രൈലറും പോസ്റ്ററുമൊക്കെ കാണിച്ച്, എന്തൊക്കെയോ ഉള്ളൊരു സംഭവമാണെന്ന തോന്നലുണ്ടാക്കി ഒടുക്കം സിനിമ കണ്ടു കഴിയുമ്പോൾ കാണികൾ അയ്യേന്നായിപ്പോവുന്ന പണി, മലയാള സിനിമാപ്രേക്ഷകരെ സംബന്ധിച്ചിടത്തോളം പുതിയതല്ല. രഞ്ജിത്ത് - മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന 'പുത്തൻപണ'ത്തിന്റെ കാര്യവും അങ്ങനെ തന്നെ. പുതിയ നോട്ടിറങ്ങിയതുമായി ബന്ധപ്പെട്ടൊരു വിഷയമാണോ, ഇനി അതല്ല, രഞ്ജിത്തിന്റെ തന്നെ 'ഇന്ത്യൻ റുപ്പീ'യുടെ തുടർച്ചയോ മറ്റോ ആണോ എന്നൊക്കെ സംശയിപ്പിക്കുന്ന 'ദി ന്യൂ ഇന്ത്യൻ റുപ്പി' എന്ന വാലിനും പ്രത്യേകിച്ച് സാംഗത്യമൊന്നുമില്ല. പ്രാഞ്ചിയേട്ടൻ കണ്ട് രസിച്ചവർക്ക് മാത്തുക്കുട്ടി തികട്ടലായെങ്കിൽ, ഇതു കണ്ട് ഓക്കാനിക്കാം; അത്രയും പണം പാഴാക്കലാണ് ഈ 'പുത്തൻപണം'!

ആകെത്തുക : 2.75 / 10

 • കഥയും കഥാപാത്രങ്ങളും
 • സംവിധാനം
 • അഭിനയം
 • സാങ്കേതികം
 • സംഗീതം/നൃത്തം/ആക്ഷന്‍
 • 2.00 / 10
 • 2.00 / 10
 • 4.00 / 10
 • 2.00 / 05
 • 1.00 / 05
തെങ്ങിനെക്കുറിച്ച് ഉപന്യാസമെഴുതാൻ പറഞ്ഞപ്പോൾ, പശുവിനെ കൊണ്ട് തെങ്ങിൽ കെട്ടി താൻ പഠിച്ച പശുവിന്റെ ഉപന്യാസം തുടർന്നെഴുതിയ കുട്ടിയുടെ മട്ടിലാണ് രഞ്ജിത്തിന്റെ സിനിമയ്ക്കായുള്ള തിരക്കഥാരചന. കാസർകോട്ടുകാരൻ നിത്യാനന്ദ ഷേണായി കൊച്ചിയിൽ വന്നപ്പോൾ അയാളുടെ തോക്കു നഷ്ടപ്പെട്ടു, അതൊരു കുട്ടിയുടെ കൈയ്യിൽ കിട്ടി, അതു തിരിച്ചെടുക്കാൻ ഷേണായിയും കൂട്ടരും കാട്ടുന്ന കസർത്താണ് സിനിമയുടെ കഥ. അതു കൊണ്ടു കെട്ടിയ തെങ്ങാണ് നോട്ടു നിരോധനം. സിനിമയിലെ സംഭവങ്ങൾക്കു തുടക്കമിടാൻ അതൊരു നിമിത്തമായി ഉപയോഗിച്ചു, അവിടെയുമിവിടെയും നോട്ടെടുക്കുമോ, ഇല്ലേ എന്നൊക്കെ ചില കഥാപാത്രങ്ങളെക്കൊണ്ട് ചോദിപ്പിച്ചു; ട്രൈലറിൽ കാണിച്ചത്രയുമൊക്കെയേ നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് ആകെപ്പാടെ സിനിമയിൽ വരുന്നുള്ളൂ!

കാര്യം സമ്പന്നഗുണ്ടയാണെങ്കിലും, നന്മയുടെ അപോസ്തലനായി ഷേണായിയെ ഇങ്ങനെ പൊക്കി നിർത്താനാണ് രഞ്ജിത്തിന്റെ ആദ്യന്തമുള്ള ശ്രമം. മമ്മൂട്ടി എന്ന നടനെ കെട്ടുകാഴ്ചയായാണ് ഇപ്പോൾ മിക്ക സംവിധായകരും ഉപയോഗപ്പെടുത്തുന്നത്. രഞ്ജിത്തിന്റെ ശ്രമവും അതൊക്കെ തന്നെ. മമ്മൂട്ടി എന്ന അഭിനേതാവ് വല്ലാതെ ചെറുതാവുന്നുണ്ട് പല രംഗങ്ങളിലും. മുത്തു എന്ന പയ്യനാണ് മറ്റൊരു പ്രധാന കഥാപാത്രം, ഓവറാക്കി ചളമാക്കിയെന്ന് മാന്യമായി പറയാം. ഇനിയ, സായി കുമാർ, പി. ബാലചന്ദ്രൻ, മാമുക്കോയ, സിദ്ദിഖ്, ഹരീഷ് പെരുമണ്ണ, ബൈജു, വിജയകുമാർ, കോട്ടയം നസീർ, സുരേഷ് കൃഷ്ണ, ജോയ് മാത്യു, നിരഞ്ജന അനൂപ്, ഗണപതി; ഇങ്ങനെ അഭിനേതാക്കളുടെ ഒരു പടയുണ്ട് ചിത്രത്തിൽ.

നായകനും അയാളുടെ ശിങ്കിളികളും കാസറഗോഡൻ ഭാഷ സംസാരിക്കുന്നതാണ് ചിത്രത്തിന്റെ മറ്റൊരു വിശേഷം. ഒന്നു പറയും, പിന്നേം പറയും, കേൾക്കുന്നോർക്ക് മനസിലായില്ലേന്ന് ചോദിച്ച് വീണ്ടും പറയും; ഒടുക്കം അത് അച്ചടിഭാഷേൽ വിവർത്തനോം ചെയ്യും. ഇങ്ങനെ പോവുന്ന ഡയലോഗുകൾ കൊണ്ടു മാത്രം രണ്ടേമുക്കാൽ മണിക്കൂർ നീളം വെച്ച സിനിമ പലപ്പോഴും വിരസമാണ്. തുടക്കം കഴിഞ്ഞ്, ഷേണായി തോക്ക് തപ്പൽ തുടങ്ങുമ്പോഴേ കാണികൾക്ക് തിരിയും ഇതെവിടെപ്പോയി തീരുമെന്ന്. വള്ളിപുള്ളി തെറ്റാതെ രഞ്ജിത്ത് അവിടെക്കൊണ്ട് സിനിമ കെട്ടുകയും ചെയ്യുന്നുണ്ട്.

പ്രത്യേകിച്ചൊരു മികവ് പറയാനില്ലാത്ത ഛായാഗ്രഹണം, കൂട്ടിന് ചെവി പൊട്ടുന്ന തരത്തിലുള്ള പശ്ചാത്തലം. ഡോൾബി അറ്റ്മോസ് തിയേറ്ററാന്ന് പറഞ്ഞിട്ടെന്താ കാര്യം, ശബ്ദ സംവിധാനം ചെയ്യുന്നവരിപ്പഴും സ്റ്റീരിയോ യുഗത്തിലാണെന്ന് തോന്നുന്നു, അല്ലേൽ അതിനുള്ള കാശേ അവർക്ക് കൊടുക്കുന്നുള്ളൂ. ഇടയ്ക്ക് പിള്ളേര് തോക്കൊക്കെ പിടിച്ചൊരു പാട്ടുണ്ട്, എന്താണോ ഉദ്ദേശിച്ചത്! അല്ലേലും ചത്ത കുഞ്ഞിന്റെ ജാതകം നോക്കുന്ന മാതിരി പണിയാണ്, ഇമ്മാതിരി പടത്തിന്റെ സാങ്കേതിക മികവ് നോക്കുന്നത്. അതുണ്ടേലുമില്ലേലും കാര്യമൊന്നുമില്ല.

'Puthanpanam' is just a poorly crafted film, the new currency issue being only an excuse to introduce the actual content, nothing more! New or old, it is utter waste of money!
ഷേണായിയുടെ തോക്കു തിരച്ചിൽ കൊണ്ടു കെട്ടിയ തെങ്ങാണ് നോട്ടു നിരോധനമെന്ന് ആദ്യമേ പറഞ്ഞു. അതിനപ്പുറം, നോട്ട് നിരോധനത്തെ അനുകൂലിച്ചോ പ്രതികൂലിച്ചോ, ഒരക്ഷരം മിണ്ടാണ്ടിരിക്കാൻ രഞ്ജിത്ത് നല്ലവണ്ണം ശ്രദ്ധിച്ചിട്ടുണ്ട്. പണമെടുക്കാൻ ആളോൾ നെട്ടോട്ടമോടിയതോ, എ.ടി.എമ്മുകളിൽ വരിനിന്നതോ, സാധാരണക്കാരോ ചെറുകിട കച്ചവടക്കാരോ ചെറിയ നോട്ടില്ലാത്തതിനാൽ ബുദ്ധിമുട്ടിയതോ ഒന്നും പേരിനു പോലും സിനിമയിലില്ല. ഇത്രയും വകതിരിവില്ലാതെ ഈ വിഷയത്തെ സമീപിക്കാൻ, അല്പസ്വല്പം വിവരമുണ്ടെന്ന് നാട്യമെങ്കിലുമുള്ള രഞ്ജിത്തിനെപ്പോലൊരു സംവിധായകൻ തുനിഞ്ഞതാണ് സത്യത്തിൽ അത്ഭുതപ്പെടുത്തിയത്. ഏതായാലും കാൽക്കാശിനു ഗുണമില്ലാത്ത ഈ പടത്തിൽ നിന്ന് പത്തു പുത്തൻ കിട്ടുമെന്ന് നിർമ്മാണത്തിൽ പങ്കാളി കൂടിയായ രഞ്ജിത്തിന് പൂതിയുണ്ടോന്നറിയില്ല. അതു നേടിക്കൊടുക്കാനുള്ള പാങ്ങൊന്നും ഷേണായിക്കും കൂട്ടർക്കും ഏതായാലുമില്ല. ബാക്കിയൊക്കെ വരുമ്പോലെ...

ഫൈനൽ കട്ട്: സൂപ്പർ സ്റ്റാർ പടങ്ങളെ ഡീഗ്രേഡ് ചെയ്യുന്നേന്ന് വിലപിക്കുന്ന പങ്കായക്കാരോട്; ഡീഗ്രേഡ് ചെയ്യാവുന്നതിന്റെ മാക്സിമം അതാത് ചിത്രങ്ങളുടെ സംവിധായകർ ചെയ്തു വെയ്ക്കുന്നുണ്ട്. അതിനപ്പുറം ചെയ്യാനുള്ള കഴിവൊന്നും നേരേ ചൊവ്വേ അഭിപ്രായം പറയുന്ന പാവം നിരൂപകർക്കില്ലേ!

Cast & Crew

Cast
Mammootty, Mammukoya, Baiju, Iniya, Siddique, Hareesh Perumanna, P. Balachandran, Indrans, Saikumar, Renji Panicker, Sheelu Abraham, Niranjana Anoop, Joy Mathew, Suresh Krishna, Visakh Nair, Kottayam Nazeer, Vijayakumar, Ganapathi, Abu Salim, Sohan Seenulal, Biju Pappan etc.
Crew
Directed by Ranjith
Produced by Ranjith, Abraham Mathew, Arun Narayanan
Story, Screenplay, Dialogues by Ranjith, P.V. Shajikumar
Cinematography by Om Prakash
Film Editing by Name
Background Score by Achu Rajamani
Art Direction by Name
Costume Design by Sameera Saneesh
Makeup by Name
Lyrics by Rafeeq Ahammed
Music by Shaan Rahman
Stunts by Name
Choreography by Name
Stills by Name
Designs by Thought Station
Banner: 3 Color Cinemas
Released on: 2017 Apr 12

1 comment :

 1. Coin Casino Review & Bonus | Read our 2021 Review
  Read our honest review of 인카지노 Coin Casino and claim an exclusive Bitcoin casino welcome bonus. This is the first crypto-gambling site that has a good reputation 🏆 Coin Casino: 온카지노 Claim Bonus💰 Min Withdrawal: €20💻 카지노 Software provider: Evolution Gaming🎲 Games: 110+

  ReplyDelete