ടേക്ക് ഓഫ്: ഒരു പെർഫെക്ട് ടേക്ക് ഓഫ്
ഹരീ, ചിത്രവിശേഷം
![Take Off: A film by Mahesh Narayanan starring Parvathy, Fahadh Faasil, Kunchacko Boban etc. Movie Review by Haree for Chithravishesham. Take Off: Chithravishesham Rating [8.00/10]](https://3.bp.blogspot.com/-YypCieg3P-Q/WNUTFE-6deI/AAAAAAAANMc/17SGr_KXAUgkqtDHvT5epLyey8_VJ6OYgCLcB/s1600/2017-03-24_Take-Off.jpg)
ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിടിയിലായ മലയാളികളുൾപ്പടെയുള്ള നേഴ്സുമ്മാർ നേരിട്ട ഭീതിതമായ അവസ്ഥയും, അവരെ രക്ഷിക്കാനായി ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ നടത്തിയ സമയോചിതമായ ഇടപെടലുകളുമാണ് ചിത്രത്തിനു വിഷയമാവുന്നത്. അനാവശ്യമായ വലിച്ചു നീട്ടലുകളും അല്ലെങ്കിൽ സിനിമയ്ക്കായുള്ള വഴിവിട്ട കൂട്ടിച്ചേർക്കലുകളുമൊഴിവാക്കി, സംഭവങ്ങളെ യഥാതഥം കാണിക്കാനാണിതിൽ ശ്രമം. എന്നാലോ, ഒടുവിൽ ഇന്ത്യയിലേക്കുള്ള വിമാനം ടേക്ക് ഓഫാവുന്ന വരെയും കാണികളെ തിക്രിത്തിലെയും മൊസൂളിലെയും അഭ്യന്തരസമരത്തിന്റെ നടുവിൽ തന്നെ നിർത്തുകയും ചെയ്യുന്നു ചിത്രം.
അഭിനേതാക്കളുടെ ജീവസ്സുറ്റ പ്രകടനമാണ് ചിത്രത്തെ ഇത്രത്തോളം മികച്ചതാക്കുന്നതെന്നതിൽ സംശയമില്ല. അപ്പോളും, ഏതെങ്കിലും ഒരു അഭിനേതാവിന്റെ ഒറ്റയാൾ പ്രകടനത്തിലേക്ക് ചുരുങ്ങാതെ, കൈകാര്യം ചെയ്ത വിഷയം തന്നെ കേന്ദ്രബിന്ദുവായി സിനിമയിൽ നിൽക്കുകയും ചെയ്യുന്നു. ഇറാഖിൽ പെട്ടു പോയ നേഴ്സുമാരുടെ മാത്രമല്ല, പൊതുവിൽ ആരും അന്വേഷിക്കാതെ പോവുന്ന ദൈവത്തിന്റെ മാലാഖമാരുടെ പ്രതിനിധിയായി തന്നെ തന്റെ കഥാപാത്രമായ സമീറയെ മാറ്റാൻ പാർവതിക്കായി. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ കൂടാതെ സമീറയുടെ മകനായെത്തിയ മാസ്റ്റർ എറിക്; ഇവരുടെ സിനിമയിലെ പ്രകടനവും എടുത്തു പറയേണ്ടതു തന്നെ. ആസിഫ് അലി, അഞ്ജലി അനീഷ്, അലൻസിയർ തുടങ്ങി ചെറുവേഷങ്ങളിലെത്തിയവരും ഇവർക്കൊപ്പം മികച്ചു നിന്നു.
ഗിമ്മിക്കുകൾ കാട്ടാനല്ല, മറിച്ച് സിനിമയിലെ പ്രതിപാദ്യത്തെ വിശ്വസനീയമായി അവതരിപ്പിക്കാനുള്ള ഉപാധിയായി സാങ്കേതിക വിഭാഗത്തെ ഭംഗിയായി ഉപയോഗപ്പെടുത്തിയിരിക്കുന്നു സംവിധായകൻ. കാഴ്ചകൾക്കും കാണികൾക്കുമിടയിൽ വരാതെ ക്യാമറ ചലിപ്പിച്ച് സാനു ജോൺ വർഗീസും, കാഴ്ചകളിൽ നിന്നും ശ്രദ്ധമാറ്റാത്ത പശ്ചാത്തല സംഗീതവുമായി ഗോപി സുന്ദറും ഈയൊരു ശ്രമത്തിൽ പങ്കാളികളാവുന്നു. അഭിലാഷ് രാമചന്ദ്രനെയും ഒപ്പം കൂട്ടി മഹേഷ് തന്നെ നിർവഹിച്ച എഡിറ്റിംഗ് മികവും ചിത്രത്തിന്റെ ആസ്വാദ്യത കൂട്ടുന്നു.
'Take Off' scores in making the viewers feel the agony, anxiety and despair of the nurses under IS captivity during their stay in Iraq.
ഈയൊരു സംഭവത്തിൽ നേരിട്ട് ബന്ധപ്പെട്ടവർ അനുഭവിച്ച മനഃപ്രയാസം, പത്രത്താളുകളിലെ മറ്റൊരു വാർത്ത മാത്രമായി വായിച്ചുപോയ അനേകരെയും അനുഭവിപ്പിക്കാൻ ചിത്രത്തിനാവുന്നിടത്താണ് 'ടേക്ക് ഓഫ്' വിജയിക്കുന്നത്. ഈയൊരു പ്രമേയം ആദ്യ ചിത്രത്തിനായി തിരഞ്ഞെടുത്ത്, ഇത്തരമൊരു ചിത്രമൊരുക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളൊക്കെ തരണം ചെയ്ത്, പണിക്കുറവുകളില്ലാതെ ചിത്രത്തെ തിരശീലയിലെത്തിക്കാൻ മഹേഷ് നാരായണൻ നടത്തിയ അത്യധ്വാനം തിയേറ്ററുകളിൽ കണ്ടു തന്നെയറിയണം. അങ്ങനെ ചെയ്യാൻ നല്ല ചിത്രങ്ങളെ സ്നേഹിക്കുന്ന ഏവരും മനസുവെയ്ക്കുമെന്ന പ്രതീക്ഷയോടെ, 'ടേക്ക് ഓഫി'നും ടീമിനും നിറഞ്ഞ കൈയ്യടി.- Cast
- Parvathy, Fahadh Faasil, Kunchacko Boban, Prakash Belawadi, Asif Ali, Parvathi T., Anjali Aneesh, Prem Prakash, Alancier, Anjali Aneesh, Vishnu Prakash, Master Eric etc.
- Crew
- Directed by Mahesh Narayanan
- Produced by Anto Joseph, Shebin Becker
- Story, Screenplay / Dialogues by Mahesh Narayanan / P.V. Shajikumar
- Cinematography by Sanu John Varghese
- Film Editing by Mahesh Narayanan, Abhilash Balachandran
- Background Score by Gopi Sundar
- Art Direction by Santosh Raman
- Costume Design by Dhanya Balakrishnan
- Makeup by Ranjith Ambadi
- Lyrics by Rafeeq Ahammed, Hari Narayanan
- Music by Shaan Rahman
- Stills by Lebison Gopi
- Designs by Old Monks
- Banner: Anto Joseph Film Company, Rajesh Pillai Films
- Released on: 2017 Mar 24
No comments :
Post a Comment