ജോമോന്റെ സുവിശേഷങ്ങൾ: തരക്കേടില്ലാത്ത വിശേഷങ്ങൾ!
ഹരീ, ചിത്രവിശേഷം
![Jomonte Suvisheshangal: A film by Sathyan Anthikad starring Dulquer Salmaan, Mukesh, Aishwarya Rajesh, Anupama Parameswaran etc. Film Review by Haree for Chithravishesham. Jomonte Suvisheshangal: Chithravishesham Rating [5.00/10]](https://3.bp.blogspot.com/-xE7QD0A0a1k/WIGB9zJK2iI/AAAAAAAANGw/OouuZAU4U34yVZcuec4b0DML2n5quXqsACLcB/2017-01-19_Jomonte-Suvisheshangal.jpg)
ഇക്ബാൽ കുറ്റിപ്പുറമെഴുതിയ ജോമോന്റെ നല്ല വിശേഷങ്ങൾക്ക് കാര്യമായ പുതുമയൊന്നും പറയാനില്ല. കഥ എങ്ങനേലുമൊക്കെ പറഞ്ഞു പോവാനുള്ള തട്ടിക്കൂട്ടുകളും സാന്ദർഭിക നമ്പരുകളുമാണ് തിരനാടകം. മുന്നിറങ്ങിയ ചില ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ നിഴലിലെങ്കിലും, ദുൽഖർ സൽമാൻ ജോമോനായി പകർന്നു നൽകിയ ഊർജ്ജത്തിന്റെ പച്ചയിലാണ് സുവിശേഷങ്ങൾ കണ്ടിരിക്കാൻ പാകത്തിനാവുന്നത്. ജോമോന്റെ അച്ഛനായെത്തിയ മുകേഷ് തന്റെ ഭാഗം ഭംഗിയാക്കിയപ്പോൾ, രണ്ടാളുമൊരുമിച്ച രംഗങ്ങൾ മികച്ചു നിന്നു.
ഐശ്വര്യ രാജേഷിന്റെ വൈദേഹിയെന്ന നായികയും സിനിമയിൽ പ്രാധാന്യം നേടുന്നു. 'പ്രേമ'ത്തിലെന്ന പോലെ ഒരു ഡമ്മി നായിക മാത്രമായി അനുപമയുടെ കാതറിൻ. "നോക്കി നോക്കി നോക്കിനിന്ന..." പാട്ടിലെ വരിപോലെ നോക്കിയും കാത്തുമൊക്കെ നിൽക്കാൻ മാത്രമേ കഥയിൽ കാതറീനു വകയുള്ളൂ. ഹിറ്റായ പ്രസ്തുത ഗാനത്തേക്കാൾ സിനിമയിൽ പ്രാധാന്യം നേടുന്നതും, കണ്ടിരിക്കുമ്പോൾ രസമായി തോന്നിയതും "നീലാകാശം നീരണിഞ്ഞ..."യെന്നു തുടങ്ങിയ ഗാനമാണ്. നജീം അർഷാദിന്റെയും സുജാത മോഹന്റെയും ഉച്ചാരണഭംഗിയുള്ള ആലാപനവും ആ ഗാനത്തിന്റെ മാറ്റേറ്റുന്നു.
ഈ പറഞ്ഞ താരങ്ങളെക്കൂടാതെ ഇന്നസെന്റ്, ശിവാജി ഗുരുവായൂർ, മനോബാല, വിനു മോഹൻ, മുത്തുമണി, ജേക്കബ് ഗ്രിഗറി, ഇർഷാദ്, ഇന്ദു തമ്പി തുടങ്ങി ഒട്ടേറെ അഭിനേതാക്കളുണ്ട് ചെറുതും വലുതുമായ റോളുകളിൽ. തിരക്കഥ ആവശ്യപ്പെടും വിധം രംഗങ്ങൾ ചിത്രീകരിച്ചവ കൂട്ടിച്ചേർക്കുക എന്നതിനപ്പുറമൊരു ആവിഷ്കാര മികവൊന്നും ചിത്രം ആവശ്യപ്പെടുന്നില്ല. അധികം പരിക്കില്ലാതെ ഇവ ചെയ്തെടുക്കാൻ ക്യാമറ ചലിപ്പിച്ച എസ്. കുമാറിനും ചിത്രസംയോജനം നിർവ്വഹിച്ച കെ. രാജഗോപാലിനും സാധിച്ചിട്ടുണ്ട്. പാട്ടും വളിപ്പുമൊക്കെ ആയ സ്ഥിതിക്ക് ഒരടി കൂടിയിരിക്കട്ടെ എന്ന കണക്കിൽ സംഘട്ടനമൊന്നും ഉൾപ്പെടുത്തിയിട്ടില്ല; അത്രയും ആശ്വാസം.
Dulquer, Mukesh and Aishwarya together made 'Jomonte Suvisheshangal' a one time watch, also considering the fact that it comes after many weeks without a new release.
ആഴ്ചകൾ നീണ്ട സിനിമാസമരം മൂലം ഒന്നും കാണാനില്ലാതിരുന്ന ആസ്വാദകർക്ക് ആശ്വാസത്തിനു വകയുള്ളൊരു ചിത്രമെന്ന് 'ജോമോന്റെ സുവേശേഷങ്ങളെ'ക്കുറിച്ച് ഒറ്റ വരിയിൽ പറയാം. അതിനപ്പുറമൊരു മികവ് അവകാശപ്പെടാനും മാത്രമൊന്നും ചിത്രത്തിലില്ല തന്നെ.- Cast
- Dulquer Salmaan, Mukesh, Aishwarya Rajesh, Anupama Parameshwaran, Manobala, Vinu Mohan, Innocent, Jacob Gregory, Shivaji Guruvayoor, Indu Thampi, Muthumani, Irshad etc.
- Crew
- Directed by Sathyan Anthikad
- Produced by Sethu Mannarkkadu
- Story, Screenplay, Dialogues by Iqbal Kuttippuram
- Cinematography by S. Kumar
- Film Editing by K. Rajagopal
- Background Score, Music by Vidyasagar
- Art Direction by Prasanth Madhav
- Costume Design by Sameera Saneesh
- Makeup by Pandyan
- Lyrics by Rafeeq Ahammed
- Choreography by Brinda
- Stills by Jayaprakash Payyannur
- Designs by Jissen Paul
- Banner: Full Moon Cinema
- Released on: 2017 Jan 19
No comments :
Post a Comment