പുലിമുരുകൻ (Review: Pulimurugan)

Published on: 10/09/2016 06:42:00 AM

പുലിമുരുകൻ: ഒരൊന്നൊന്നര വേട്ടപ്പടം!

ഹരീ, ചിത്രവിശേഷം

Chithravishesham Rating: [8.00/10]
മോഹൻലാൽ നായകനായ വൈശാഖിന്റെ 'പുലിമുരുക'നെ ഒറ്റവാക്കിൽ ഇങ്ങിനെ വിശേഷിപ്പിക്കാം - കിടിലം! 'പോക്കിരി രാജ'യിൽ തുടങ്ങിയ വൈശാഖിന്റെ ഇന്നുവരെയുള്ള ചിത്രങ്ങളുടെ പട്ടികയിൽ വേറിട്ടുനിൽക്കുന്നു 'പുലിമുരുകൻ'. പുലിവേട്ടയെന്നു കേൾക്കുമ്പോൾ മനസിലേക്ക് ആദ്യമെത്തുന്ന ലോഹിതദാസെഴുതി ഐ.വി. ശശി സംവിധാനം ചെയ്ത 'മൃഗയ' പോലെ കാമ്പുള്ളൊരു കഥയെന്നോ, ചിത്രത്തിലെ വാറുണ്ണിയെപ്പോലെ മനസിൽ തട്ടുന്നൊരു കഥാപാത്രമെന്നോ ഒന്നും ഈ സിനിമയ്ക്കോ ഇതിലെ നായക കഥാപാത്രത്തിനോ അവകാശപ്പെടാനില്ല. എന്നാൽ പ്രേക്ഷകരെ ആദ്യന്തം ത്രസിപ്പിച്ചിരുത്താനുള്ള വക ചിത്രത്തിലുണ്ട്. അതിത്രയും ആവിഷ്കാര പൂർണതയിൽ ചെയ്തു പുറത്തെത്തിക്കാൻ തയ്യാറായ ടോമിച്ചൻ മുളകുപാടം എന്ന നിർമ്മാതാവിനോട് തീർച്ചയായും സിനിമാപ്രേമികൾ കടപ്പെട്ടിരിക്കുന്നു.

ആകെത്തുക : 8.00 / 10

  • കഥയും കഥാപാത്രങ്ങളും
  • സംവിധാനം
  • അഭിനയം
  • സാങ്കേതികം
  • സംഗീതം/നൃത്തം/ആക്ഷന്‍
  • 5.50 / 10
  • 8.50 / 10
  • 8.50 / 10
  • 5.00 / 05
  • 4.50 / 05
നാട്ടിൽ പുലിയിറങ്ങിയാൽ പുലിയൂരിന്റെ രക്ഷക്കെത്തുന്ന മുരുകന്റെ നിക്കറിട്ടു നടക്കുന്ന പ്രായത്തിലെ ആദ്യ പുലിവേട്ട കാട്ടിയാണ് ചിത്രത്തിന്റെ തുടക്കം. അതിശയിപ്പിക്കുന്ന കൈയ്യടക്കത്തിൽ, ഒട്ടുമൊരു കുറവ് എവിടെയും പറയാനില്ലാതെ ചെയ്തിരിക്കുന്ന ഈ ഭാഗം തന്നെ കാണികളെ ഞെട്ടിക്കുമെന്നുറപ്പ്. തുടർന്ന് പലർ പലരോട് പറയുന്ന കഥകളായി പുലിമുരുകന്റെ ചരിത്രം അനാവൃതമാവുന്നു. പിന്നീട് അയാളുടെ വർത്തമാനവും. ഉദയ്കൃഷ്ണയുടെ കഥ തട്ടിക്കൂട്ടാണ്, നായകന്റെ ഭാര്യയും അനിയനുമുൾപ്പടെ പല കഥാപാത്രങ്ങൾക്കും പറയത്തക്ക ഗൗരവമില്ല. പക്ഷെ, കൃത്യമായ ഇടവേളകളിൽ ത്രസിപ്പിച്ചിരുത്തുന്ന രംഗങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ തിരനാടകം സിനിമയ്ക്കുതകുന്നു. അവതരണമികവിൽ കഥയിലെ പോരായ്മകൾ ഒട്ടൊക്കെ മറികടന്നിട്ടുമുണ്ട് സംവിധായകൻ.

മോഹൻലാലിന്റെ കൈമെയ് മറന്നുള്ള പ്രകടനം തന്നെയാണ് പുലിമുരുകനെന്ന കഥാപാത്രത്തെയും സിനിമയേയും ജീവസ്സുറ്റതാക്കുന്നത്. പീറ്റർ ഹീൻ മനസിൽ കണ്ട അത്യുഗ്രൻ സംഘട്ടനരംഗങ്ങൾ അതിശയിപ്പിക്കുന്ന അനായാസതയിൽ ചെയ്തു ഫലിപ്പിക്കാൻ മോഹൻലാലിനു കഴിഞ്ഞു. പൂർണതയോടെ ചെയ്തെടുത്ത ഗ്രാഫിക്സ് ഇഫക്ടുകൾ കൂടി ഇതോടൊപ്പം ചേരുമ്പോൾ, മലയാളസിനിമയിൽ സാങ്കേതികത്തികവിന്റെ കാര്യത്തിൽ പുതിയൊരധ്യായം തന്നെ ചേർക്കുന്നു ഈ സിനിമ.

ഓരോ ഷോട്ടും കൃത്യമായി ആലോചിച്ചു ചെയ്തതിന്റെ മികവുണ്ട് ഷാജി കുമാറിന്റെ ഛായാഗ്രഹണത്തിന്. ജോൺ കുട്ടിയുടെ ചിത്രസന്നിവേശത്തിൽ ഇവ ഭംഗിയായി ചേരുകയും ചെയ്യുന്നു. ഇവയ്ക്കൊപ്പം ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതം കൂടിയാവുമ്പോൾ പൂർണതൃപ്തിയിൽ തന്നെ പ്രേക്ഷകർക്ക് തിയേറ്റർ വിടാം.

അഭിനേതാക്കളിൽ മോഹൻലാലിനൊടു മൽസരിച്ചു നിൽക്കുന്നുണ്ട് ലാൽ. തുടക്കത്തിൽ മുരുകന്റെ കുട്ടിക്കാലം മികവോടെ ചെയ്ത് അജാസും കൈയ്യടി നേടുന്നു. കാട്ടിൽ പുലികളാണ് മുരുകന് എതിരാളികളെങ്കിൽ നാട്ടിലത് ജഗപതി ബാബുവും, മകരന്ദ് ദേശ് പാണ്ഡെയുമൊക്കെ അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രങ്ങളാണ്. വിനു മോഹൻ, എം.ആർ. ഗോപകുമാർ, സുരാജ് വെഞ്ഞാറമ്മൂട്, ബാല, സിദ്ദിഖ്, കമാലിനി മുഖർജി, നമിത എന്നിങ്ങനെ കുറേയേറെപ്പേരുണ്ട് ചിത്രത്തിൽ ചെറുതും വലുതുമായ വേഷങ്ങളിൽ.

With its technical brilliance, 'Pulimurugan' creates history. Not to be missed in theaters!
മലയാളത്തിൽ നല്ല സിനിമകളൊക്കെ ഇടയ്ക്കിടെ ഉണ്ടാവാറുണ്ട്. പക്ഷെ, നിർബന്ധമായും തിയേറ്ററിൽ തന്നെ പോയി കാണേണ്ട പടങ്ങൾ അപൂർവമായേ ഉണ്ടാവാറുള്ളൂ. അത്തരത്തിലൊന്നാണ് 'പുലിമുരുക'നെന്ന് നിസ്സംശയം പറയാം. ചുരുങ്ങിയത് സാങ്കേതികമികവിന്റെ കാര്യത്തിലെങ്കിലും 'പുലിമുരുക'ന് മുൻപും ശേഷവുമെന്ന് മലയാളസിനിമയെ കാലം അടയാളപ്പെടുത്തിയാൽ അതിൽ അതിശയിക്കാനില്ല. വൈശാഖിനും മോഹൻലാലിനും സിനിമയ്ക്കായി സഹകരിച്ച മറ്റേവർക്കും, ചിത്രത്തിനു വേണ്ടി തങ്ങൾ ചെയ്ത അത്യധ്വാനം പാഴായില്ലെന്നതിൽ, തീർച്ചയായും അഭിമാനിക്കാം. മാസങ്ങൾക്കപ്പുറം വേട്ടയവസാനിപ്പിച്ച് 'പുലിമുരുകൻ' തിയേറ്ററുകൾ വിടുമ്പോൾ മലയാളസിനിമയിൽ അതൊരു ചരിത്രമാവുമെന്ന് തന്നെ കരുതാം. അതങ്ങനെയാവട്ടെയെന്ന ആശംസകളോടെ നിർത്തുന്നു.

Cast & Crew

Cast
Mohanlal, Lal, Jagapati Babu, Kamalinee Mukherjee, Kishore, Vinu Mohan, Bala, Siddique, Nandhu, Makarand Deshpande, M.R. Gopakumar, Suraj Venjaramoodu, Namitha, Sethulakshmi, Hareesh Peradi, Mastar Ajas, Baby Durga Premjith, Sudheer Karamana, Santhosh Keezhattoor, Anjali Aneesh etc.
Crew
Directed by Vysakh
Produced by Tomichan Mulakuppadam
Story, Screenplay, Dialogues by Udayakrishna
Cinematography by Shaji Kumar
Film Editing by Johnkutty
Background Score, Music by Gopi Sunder
Art Direction by Joseph Nellikal
Costume Design by Arun Manohar
Makeup by Saji Koratti
Lyrics by Rafeeq Ahamed, Murughan Kattakkada
Stunts by Peter Hein
Stills by Ramdas Mathur
Designs by Jissen Paul
Banner: Mulakupadam Films
Released on: 2016 Oct 07

No comments :

Post a Comment