ഓലപ്പീപ്പി (Review: Olappeeppi)

Published on: 10/03/2016 05:37:00 PM

ഓലപ്പീപ്പി: ഗൃഹാതുരതയുടെ പീപ്പിവായന!

ഹരീ, ചിത്രവിശേഷം

Olappeeppi: Chithravishesham Rating [4.50/10]
ഗൃഹാതുരത മലയാളികൾക്കെന്നുമൊരു ദൗർബല്യമാണ്. അതു മുതലെടുക്കാൻ തക്കവണ്ണം ചേരുവകൾ ചേർത്ത് പാകപ്പെടുത്തിയ സിനിമകൾ ഇടയ്ക്കിടെ വന്നുപോവാറുമുണ്ട്. ആ ശ്രേണിയിലേക്കാണ് കൃഷ് കൈമൾ രചനയും സംവിധാനവും നിർവ്വഹിച്ച 'ഓലപ്പീപ്പി'യുമെത്തുന്നത്. ബിജു മേനോൻ, പുന്നശ്ശേരി കാഞ്ചന, മാസ്റ്റർ ദേവ്, പാരീസ് ലക്ഷ്മി തുടങ്ങിയവരൊക്കെ വിവിധ വേഷങ്ങളിലെത്തുന്ന ഈ ചിത്രം വൈബ്‌സോൺ മൂവീസിന്റെ ബാനറിൽ സുനിൽ ഇബ്രാഹിം നിർമ്മിച്ചിരിക്കുന്നു. ഗൃഹാതുരതയ്ക്കൊപ്പം സംവിധായകന്റേതായ രാഷ്ട്രീയ കാഴ്ചപ്പാടുകളും ചേർത്തൊരുക്കിയ ചിത്രം പക്ഷെ എത്രത്തോളം അർത്ഥവത്താണെന്ന സംശയം ബാക്കിയാക്കിയാണ് അവസാനിക്കുന്നത്.

ആകെത്തുക : 4.50 / 10

  • കഥയും കഥാപാത്രങ്ങളും
  • സംവിധാനം
  • അഭിനയം
  • സാങ്കേതികം
  • സംഗീതം/നൃത്തം/ആക്ഷന്‍
  • 3.00 / 10
  • 3.00 / 10
  • 6.00 / 10
  • 3.00 / 05
  • 3.00 / 05
ഭൂപരിഷ്കരണത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്ന ഒരു നമ്പൂതിരി കുടുംബം, അവിടെനിന്ന് നാടുവിട്ടോടേണ്ടി വരുന്ന ഉണ്ണിയെന്ന പത്തുവയസുകാരൻ. പത്തുമുപ്പത് കൊല്ലങ്ങൾക്കു ശേഷം നല്ല നിലയിലായി തിരിച്ചു വരുന്ന ഉണ്ണിയുടെ ഓർമ്മകളിലൂടെ സിനിമ വികസിക്കുന്നു. ഒപ്പം നാശോന്മുഖമായ കുടുംബത്തെ കരകേറ്റാൻ തന്നാലാവുന്നത് ചെയ്യാനുള്ള അയാളുടെ ശ്രമങ്ങളും പ്രതിപാദിക്കപ്പെടുന്നു.

പ്രതീക്ഷിക്കാവുന്ന കഥാഗതിയും കഥാസന്ദർഭങ്ങളും പരിണാമഗുപ്തിയുമൊക്കെയാണ് സിനിമയ്ക്കുള്ളത്. ഇവയൊക്കെ ചിത്രീകരിച്ചിരിക്കുന്നതിലെ സംവിധായകന്റെ ശ്രദ്ധക്കുറവു കൂടിയാവുമ്പോൾ പലയിടത്തും കല്ലുകടിയ്ക്കും. പുന്നശ്ശേരി കാഞ്ചനയുടെ മുത്തശ്ശിയും മാസ്റ്റർ ദേവിന്റെ ഉണ്ണിയും ചേർന്നു വരുന്ന സുന്ദരമായ ചില കഥാസന്ദർഭങ്ങളാണ് ഇതിനിടയിലും സിനിമയെ കണ്ടിരിക്കാൻ പാകത്തിലാക്കുന്നത്. ബിജു മേനോൻ, പാരീസ് ലക്ഷ്മി, അഞ്ജലി നായർ, റീന മരിയ, പ്രയാഗ് ഹരി തുടങ്ങിയ അഭിനേതാക്കളും കഥാപാത്രങ്ങൾക്കിണങ്ങുന്നു. വില്ലൻ സ്ഥാനത്തു വരുന്ന സഖാവിന്റെ വേഷം ചെയ്ത ശ്രീജിത്ത് രവി മാത്രം ആവിശ്യത്തിലധികം അഭിനയിച്ച് ഒരു വഴിക്കാക്കിയിട്ടുണ്ട്.

അറിയപ്പെടുന്ന ഛായാഗ്രഹകനാണ് ചിത്രത്തിന്റെ സംവിധായകൻ കൃഷ് കൈമൾ. സംവിധായകൻ തന്നെയാണ് ക്യാമറയും എന്നതിനാൽ പുതുമയുള്ളൊരു ദൃശ്യാനുഭവം പ്രതീക്ഷിച്ചെത്തിയാൽ നിരാശപ്പെടും. വി. സാജന്റെ ചിത്രസന്നിവേശവും സാധാരണം മാത്രം. ദിൻ നാഥ് പുത്തഞ്ചേരി എഴുതി അനിൽ ജോൺസൺ ഈണമിട്ട "ഏലപ്പുലയേലോ..." എന്ന ഗാനം, ഗ്രാമാന്തരീക്ഷത്തിൽ കുട്ടിക്കാലം ചിലവിട്ടവർക്ക് സുഖമുള്ളൊരു ഓർമ്മയായേക്കാം. അനിൽ ജോൺസണിന്റെ പശ്ചാത്തല സംഗീതവും കാഴ്ചയെ അലോസരപ്പെടുത്താതെ സിനിമയിൽ ചേരുന്നു.

Nostalgia packed with some superfluous political views, Krish Kymal's 'Olappeeppi' turns out to be a misadventure.
ഭൂപരിഷ്കരണം, ട്രാക്ടർ സമരം എന്നിവയെയൊക്കെ ഉപരിപ്ലവമായി സ്പർശിച്ചു പോവുന്ന ഈ ചിത്രം രാഷ്ട്രീയമായ ചർച്ചയൊന്നും അർഹിക്കുന്നില്ല. എങ്കിലും, അതൊക്കെ ഈ മട്ടിൽ കാണിച്ച് ഏകപക്ഷീയമായ ചില വിലയിരുത്തലുകൾക്ക് മാത്രമേ സിനിമ മുതിരുന്നുള്ളൂ എന്നത്, അത്ര നിഷ്കളങ്കമെന്ന് തോന്നിയില്ല. ഭൂപരിഷ്കരണത്തിന്റെ ഇരകളുടെ ഭാഗം പറയുകയാണ് സിനിമയെന്നൊക്കെ വാദത്തിനു പറയാമെന്ന് മാത്രം. രാഷ്ട്രീയം സിനിമയിലൂടെ പറയുന്നെങ്കിൽ അത് ഗൗരവമായി ചെയ്യുക, അതിനു കഴിയില്ലെങ്കിൽ ആ പരിപാടിക്ക് പോവാതിരിക്കുകയാവും നന്നാവുക. ചുരുക്കത്തിൽ ഹരിതാഭയും പച്ചപ്പും ഗ്രാമവും കോളാമ്പി മൈക്കും ജന്മി-കുടിയാൻ കാലവുമൊക്കെ ഇടകലരുന്ന ഗൃഹാതുര ഓർമ്മകൾ ദൗർബല്യമായവർക്ക് മാത്രം കാണാവുന്നൊരു ചിത്രമെന്ന് 'ഓലപ്പീപ്പി'യെ വിശേഷിപ്പിക്കാം. അതല്ലാത്തവർക്ക് അസംബന്ധമായി തന്നെ ചിത്രം അനുഭവപ്പെട്ടാലും അതിൽ അത്ഭുതപ്പെടാനില്ല.

Cast & Crew

Cast
Biju Menon, Punnasseri Kanjana, Master Dev, Paris Laxmi, Sreejith Ravi, Prayag Hari, Reina Maria, Anjali Aneesh, Jebbar Chemad etc.
Crew
Directed by Krish Kymal
Produced by Sunil Ibrahim
Story, Screenplay, Dialogues by Krish Kymal
Cinematography by Krish Kymal
Film Editing by V. Saajan
Music, Background Score by Anil Johnson
Art Direction by M. Bawa
Costume Design by Twinz
Makeup by Ronex Xavier
Lyrics by Dinanath Puthenchery
Stills by Anoop Upasana
Designs by Rahim PMK
Banner: Vibezon Movies
Released on: 2016 Sep 30

No comments :

Post a Comment