കരിങ്കുന്നം സിക്സസ് (Review: Karinkunnam Sixes)

Published on: 7/08/2016 05:49:00 AM

കരിങ്കുന്നം സിക്സസ്: സക്സസിലേക്കൊരു സിക്സസ്!

ഹരീ, ചിത്രവിശേഷം

Karinkunnam Sixes: Chithravishesham Rating [5.50/10]
കായികമത്സരങ്ങളും അതിന്റെ പിന്നാമ്പുറ കഥകളും പ്രമേയമാവുന്ന ചിത്രങ്ങൾ മലയാളത്തിൽ അധികമൊന്നും ഉണ്ടായിട്ടില്ല. സിനിമയിൽ സൂചനയുള്ളതുപോലെ, മുഖ്യധാരയിലൊരു പക്ഷെ അത്രത്തോളം പ്രകടമായി വരുന്നില്ലെങ്കിലും, കേരളത്തിലങ്ങോളമിങ്ങോളം പ്രചാരമുള്ള വോളിബോളു കളിയും അതിനുള്ളിലെ കളികളുമൊക്കെ വരുന്ന ചിത്രമെന്ന നിലയ്ക്കാണ് അരുൺലാൽ രാമചന്ദ്രനെഴുതി ദീപു കരുണാകരന്റെ സംവിധാനത്തിലെത്തിയ 'കരിങ്കുന്നം സിക്സസ്' ശ്രദ്ധ നേടുന്നത്. മഞ്ജു വാര്യർ കേന്ദ്രകഥാപാത്രമായെത്തുന്ന ഈ ചിത്രം, ബാക്ക്‌വാട്ടർ സ്റ്റുഡിയോസിന്റെ ബാനറിൽ അനിൽ ബിശ്വാസും ജയരാജ് മേനോനും ചേർന്ന് നിർമ്മിച്ചിരിക്കുന്നു. വളരെ മികച്ച സ്പോർട്ട്സ് പശ്ചാത്തലത്തിലൊരു ചിത്രമല്ല, മറിച്ച് മലയാളസിനിമയുടെ പരിമിതികൾക്കുള്ളിൽ പ്രായോഗികമായൊരു സ്പോർട്ട്സ് ചിത്രമാണ് അണിയറപ്രവർത്തകർ ലക്ഷ്യം വെച്ചതെന്നു കരുതാം. അങ്ങിനെയെങ്കിൽ അതിലവർ വിജയിച്ചിട്ടുണ്ട്.

ആകെത്തുക : 5.50 / 10

  • കഥയും കഥാപാത്രങ്ങളും
  • സംവിധാനം
  • അഭിനയം
  • സാങ്കേതികം
  • സംഗീതം/നൃത്തം/ആക്ഷന്‍
  • 4.00 / 10
  • 4.00 / 10
  • 7.00 / 10
  • 3.50 / 05
  • 3.50 / 05
ഒരു കായികയിനത്തെ ചുറ്റിപ്പറ്റി ഉണ്ടാക്കിയെടുക്കാവുന്ന ലളിതമായൊരു കഥയുടെ വളരെ സാധാരണമായൊരു അവതരണമാണീ സിനിമ. തന്റെ കളിക്കാരെല്ലാം കൈവിട്ടു പോവുമ്പോൾ, അവസാന ശ്രമമെന്ന നിലയിലൊരു വോളിബോൾ കോച്ച്, ഡി.ജി.പി.യുടെ സഹായത്തിൽ, ജയിലിനുള്ളിലെ കളിക്കാരിൽ നിന്നുമൊരു ടീമൊപ്പിച്ച് അവരെ ടൂർണമെന്റ് വിജയികളാക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. കഥാപാത്രങ്ങളേക്കാളും വോളിബോളു കളിക്ക് സിനിമയിൽ പ്രാധാന്യം കൊണ്ടുവരാനായതിന്റെ മെച്ചം ചിത്രത്തിനുണ്ട്. ഇടയ്ക്കിടെ വരുന്ന കളികളുടെ ദൃശ്യങ്ങൾ ഒട്ടൊക്കെ ആവേശകരവുമാണ്. കലക്കൻ സ്മാഷെന്നൊക്കെ വിളിച്ചു കൂവി വെറുപ്പിക്കുന്ന അനൗൺസർ ജഗദീഷ് മാത്രമാണ് കളിക്കളത്തിൽ രസംകൊല്ലിയായത്.

വന്ദനയെന്ന വോളിബോൾ കോച്ചിനെ അധികം പരിക്കുകളില്ലാതെ കളിതുടങ്ങിയൊടുക്കം വരെയും കൊണ്ടുപോവാൻ മഞ്ജു വാര്യർക്കായത് സിനിമയ്ക്ക് തുണയായി. ഒരു അതിഥി വേഷത്തിലുമധികം പ്രാധാന്യം അനൂപ് മേനോന്റെ കഥാപാത്രത്തിനു ചിത്രത്തിലില്ല. കളിക്കളത്തിൽ കളിക്കാരായിറങ്ങിയ ബാബു ആന്റണി, സുധീർ കരമന, ബൈജു, ജേക്കബ് ഗ്രിഗറി, മണിക്കുട്ടൻ, വിജയകുമാർ തുടങ്ങിയവരുടെ അധ്വാനം ചിത്രത്തിൽ ഫലം കണ്ടു. സുരാജ് വെഞ്ഞാറമ്മൂടിന്റെയും ശ്രീജിത്ത് രവിയുടെയും പോലീസ് വേഷങ്ങളും സിനിമയ്ക്കുതകുന്നു. ലെന, മണിയൻപിള്ള രാജു, ശ്യാമപ്രസാദ്, നന്ദു, മേജർ രവി എന്നിങ്ങനെ ചെറുതും വലുതുമായ വേഷങ്ങളിൽ ഇനിയുമുണ്ട് ഒട്ടേറെപ്പേർ ഈ ചിത്രത്തിൽ.

ഉഗ്രനെന്ന് വിശേഷിപ്പിക്കാവുന്ന ഛായാഗ്രഹണ മികവോ സന്നിവേശ മികവോ പറയാനില്ലെങ്കിലും, ഒരു സ്റ്റേഡിയത്തിനുള്ളിൽ നടക്കുന്ന വോളിബോൾ ഗയിമിന്റെ രസാന്തരീക്ഷം സൃഷ്ടിക്കുവാൻ അണിയറപ്രവർത്തകർക്ക് ഒട്ടൊക്കെ കഴിഞ്ഞിട്ടുണ്ട്. തുടക്കവും പിന്നെ ഇടയിൽ കളിക്കാരുടെ പരിശീലനവേളയിലും വരുന്ന പാട്ടുകൾ ശ്രദ്ധ നേടാത്തപ്പോഴും, രാഹുൽ രാജ് ഒരുക്കിയ പശ്ചാത്തലസംഗീതം കളികൾക്കാവേശം നൽകുന്നു. സത്യമുള്ള കളിയാണ് (മിക്കവാറൂം എല്ലാ കളിക്കും ബാധകം), വോളിബോൾ ശരീരം കൊണ്ടു മാത്രമല്ല സ്കില്ലു കൊണ്ടു കൂടിയാണ് കളിക്കേണ്ടത് (അതിപ്പോൾ ഏത് ഗയിമും അങ്ങനെയല്ലേ?) തുടങ്ങിയ ഡയലോഗടികൾ അവകൊണ്ടുദ്ദേശിച്ച ഫലം ചെയ്യുന്നില്ല. സിനിമയുടെ സാരാംശം വ്യക്തമാക്കി, ബാബു ആന്റണിയുടെ ശബ്ദത്തിൽ, ഒടുവിലുള്ള വിവരണമൊക്കെ ഏച്ചുകെട്ടലായി മാറുകയും ചെയ്തു.

The success of the film lies in the fact that the game gets its due as the actors work hard to be in the game.
കളിക്കളം, ടീം, കോച്ച് - ഇതൊക്കെ കേൾക്കുമ്പോൾ സ്വാഭാവികമായി വരാവുന്നൊരു ചോദ്യമാണ്, മലയാളത്തിന്റെ 'ചക് ദേ ഇന്ത്യ'യാവുമോ ഈ പടമെന്നത്. അങ്ങനെയൊരു താരതമ്യത്തിനു പോയാൽ 'കരിങ്കുന്നം സിക്സസ്' അടുത്തെങ്ങുമെത്തില്ല. ഒരു കളിക്കാരനു ടൂർണമെന്റിനിടയിൽ പിന്മാറേണ്ടി വരുമ്പോൾ, സെമി ഫൈനൽ ജയിക്കാനായി അതുവരെ കളിപ്പിക്കാത്ത മറ്റൊരാളെ തുറുപ്പുചീട്ടായിറക്കുന്നുണ്ട് കോച്ച്. പക്ഷെ, അവരിലും ശക്തരായ മറ്റൊരു ടീമിനെ ഫൈനലിൽ തറപറ്റിക്കാൻ ആ ചീട്ടിറക്കേണ്ടിയും വരുന്നില്ല! ഏതു കളിക്കാരെ കൊണ്ടുവന്നാലും എതിരാളികൾ തട്ടിയെടുക്കും, അതിനാൽ ആരും തട്ടിയെടുക്കാത്ത കളിക്കാരെ കിട്ടാൻ ജയിലിലേക്ക് പോവുക എന്ന യുക്തിയൊക്കെ സിനിമയല്ലേ എന്ന പേരിൽ വിട്ടുകളയാം. ഇങ്ങിനെ ചില കല്ലുകടികളൊക്കെ ചിത്രത്തിൽ ബാക്കിയാവുമ്പോഴും, 'ക്രേസി ഗോപാല'നും 'തേജ ഭായ് & ഫാമിലി'യുമൊക്കെ മുൻ‌ ചിത്രങ്ങളായുള്ള ദീപു കരുണാകരന്റെ കരിയറിലെ, തമ്മിൽ ഭേദപ്പെട്ടൊരു ചിത്രമായി 'കരിങ്കുന്നം സിക്സസ്സി'നെ വിലയിരുത്താം.

Cast & Crew

Cast
Manju Warrier, Anoop Menon, Babu Antony, Suraj Venjaramoodu, Shyamaprasad, Sudheer Karamana, Sreejith Ravi, Nandhu, Baiju, Jacob Gregory,Major Ravi, Maniyanpilla Raju, Lena, Manikkuttan, Padmaraj Ratheesh, Samuthirakani, Sudev Nair, Santhosh Keezhattoor, Vivek Gopan etc.
Crew
Directed by Deepu Karunakaran
Produced by Anil Biswas, Jayalal Menon
Story / Screenplay, Dialogues by Arunlal Ramachandran
Cinematography by Jayakrishna Gummadi
Film Editing by V. Saajan
Background Score, Music by Rahul Raj
Art Direction by Sabu Mohan
Costume Design by Stephy Xavier
Makeup by Name
Lyrics by Name
Stunts by Mafia Sasi
Stills by Hari Thirumala
Designs by Pavisankar
Banner: Backwater Studios
Released on: 2016 July 07

No comments :

Post a Comment