കബാലി (Review: Kabali)

Published on: 7/23/2016 07:38:00 PM

കബാലി: പണി പാളി ഡാ!

ഹരീ, ചിത്രവിശേഷം

Kabali: Chithravishesham Rating [4.25/10]
പാ. രഞ്ജിത്തിന്റെ 'അട്ടക്കത്തി'യോ 'മദ്രാസോ' കണ്ടിട്ടുള്ളവർക്ക് സംവിധായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ ക്ലാസറിയാണ്ടിരിക്കാൻ തരമില്ല. രജനീകാന്ത് എന്ന അതിമാനുഷ താരപരിവേഷമുള്ള നടന്റെ മാസും അറിയാത്തവരുണ്ടാവില്ല. എന്നാലിവരിരുവരും ചേരുമ്പോൾ പടം കസറുമെന്ന് കരുതിയവർ നിരാശപ്പെടേണ്ടി വരും, ക്ലാസും മാസും നഷ്ടമായ 'കബാലി' കണ്ടിറങ്ങുമ്പോൾ. മസാലച്ചിത്രങ്ങളുടെ പതിവു ചേരുവകൾ ഒഴിവാക്കാനുള്ള ആലോചനയൊക്കെ കൊള്ളാം, പക്ഷെ പകരമുപയോഗിക്കുന്ന രസക്കൂട്ടിനു ഫലപ്രാപ്തി ഉറപ്പാക്കാനാവണം, വിശേഷിച്ചും വർഷത്തിലൊരു ചിത്രം മാത്രം ചെയ്യുന്ന രജനിയെപ്പോലൊരു താരം നായകനാവുമ്പോൾ. രഞ്ജിത്തിനതായില്ല എന്നിടത്താണ് 'കബാലി' എങ്ങുമെത്താതെ പോയത്!

ആകെത്തുക : 4.25 / 10

  • കഥയും കഥാപാത്രങ്ങളും
  • സംവിധാനം
  • അഭിനയം
  • സാങ്കേതികം
  • സംഗീതം/നൃത്തം/ആക്ഷന്‍
  • 2.00 / 10
  • 2.00 / 10
  • 6.00 / 10
  • 3.50 / 05
  • 3.50 / 05
മലേഷ്യയിൽ തൊഴിലാളി നേതാവായി തുടങ്ങി, വിവേചനങ്ങൾക്കെതിരെ പൊരുതി, നീതിക്കായി ആയുധമെടുത്ത കബാലീശ്വരനെന്ന കബാലി, രണ്ടരപ്പതിറ്റാണ്ടുകൾക്കിപ്പുറം ജയിലിൽ നിന്നിറങ്ങുന്നതാണ് ചിത്രത്തിന്റെ തുടക്കം. താൻ ജയിലിലാവാൻ കാരണക്കാരായ വില്ലന്മാരോടുള്ള കബാലിയുടെ പ്രതികാരം, തനിക്ക് നഷ്ടപ്പെട്ടവ ഒന്നൊന്നായി എതിരാളികളിൽ നിന്നും വീണ്ടെടുക്കൽ, ഇവയ്ക്കൊപ്പം പോയകാലത്തെക്കുറിച്ചുള്ള കബാലിയുടെ ഓർമ്മകൾ - ഇവയിടകലരുന്നതാണ് തുടർന്നുള്ള സിനിമ. വീഞ്ഞ് പഴയതെങ്കിലും, പാ. രഞ്ജിത്തിന്റെ കുപ്പിയിൽ അതിനു വീര്യം കൂടുമെന്ന പ്രതീക്ഷകൾ സിനിമ തുടങ്ങി അധികം താമസിയാതെ തന്നെ അസ്ഥാനത്താവുന്നു. രചയിതാവും സംവിധായകനുമായ പാ. രഞ്ജിത്തിന് പലതും പിഴച്ചെന്നതാണ് ചുരുക്കത്തിൽ 'കബാലി' ബാക്കിയാക്കിയ സിനിമാനുഭവം.

സംവിധായകനു ചിത്രത്തിലെ പിടി പോയപ്പോൾ രജനീകാന്തെന്ന താരസാന്നിധ്യത്തിന്റെ ബലത്തിലാണ് സിനിമ അല്പമെങ്കിലും രക്ഷപെട്ടു നിൽക്കുന്നത്. സ്വന്തം സഹപ്രവർത്തകരോടും കുടുംബത്തോടും ഒപ്പം സഹജീവികളോടുമുള്ള സ്നേഹവും കരുതലുമാണ്, കബാലിക്കുള്ളിലെ അണയാത്ത തീയെന്ന് ഒരളവെങ്കിലും അനുഭവിപ്പിക്കാൻ രജനിക്കായി. ചെറുനീക്കങ്ങളിൽ എതിരാളികളെ മാരകമായി പ്രഹരിക്കുന്ന തരത്തിൽ, അൻപറിവ് ഒരുക്കിയ സംഘട്ടന രംഗങ്ങളും കബാലിക്ക് തുണയായി. ഈ പറഞ്ഞതിനപ്പുറം രജനിയുടെ താരപ്രഭയെ സിനിമയ്ക്കുതകും വിധം ഉപയോഗിക്കാൻ രഞ്ജിത്തിനാവാത്തിടത്ത് പടം പാളുന്നു.

കബാലിയുടെ ഭാര്യയായെത്തിയ രാധിക ആപ്തേ വൈകാരിക രംഗങ്ങളിലും, മകളായെത്തിയ ധൻസിക ആക്ഷൻ രംഗങ്ങളിലും മികച്ചു നിന്നു. ഭാര്യയെ നയിക്കയല്ല, ഭാര്യയാൽ നയിക്കപ്പെടുകയാണ് നായകൻ; മകളെ രക്ഷിക്കയല്ല, മകളാൽ രക്ഷിക്കപ്പെടുകയാണ് നായകൻ - ഇവരിരുവർക്കും ചിത്രത്തിലും കബാലിയുടെ ജീവിതത്തിലുമുള്ള പ്രാധാന്യമാണ് സിനിമയിൽ പാ. രഞ്ജിത്തിന്റേതെന്ന് പറയാവുന്നൊരു സംഭാവന. ജോൺ വിജയുടെ അമീർ, ദിനേഷ് രവിയുടെ ജീവ എന്നീ കഥാപാത്രങ്ങളും ചിത്രത്തിൽ ശ്രദ്ധ നേടുന്നു. വിൻസ്റ്റൺ ച്‌വോയുടെ ടോണി, കിഷോറിന്റെ വീര - ഇവരിരുവർ നേതൃത്വം കൊടുക്കുന്ന എതിർ ശ്രേണിക്ക് രജനിയുടെ നായകനെ വെല്ലാൻ കെല്പുള്ളവരായി ഉയരാനാവുന്നില്ല. വില്ലന്മാർ കടുക്കുമ്പോഴാണ് നായകന്റെ വിജയത്തിനു മാറ്റുകൂടുകയെന്ന അടിസ്ഥാന തത്വം സംവിധായകൻ മറന്നത്, കബാലി ഇവർക്കുമേൽ നേടുന്ന വിജയങ്ങളുടെ ശോഭ കുറയ്ക്കുന്നു.

Rajinikanth's charisma and Pa. Ranjith's class doesn't work well together for 'Kabali', and it ends up being pretty ordinary.
'നെരിപ്പ് ഡാ...' എന്നുയർച്ചയിലെത്തുന്ന സന്തോഷ് നാരായണന്റെ പശ്ചാത്തലസംഗീതവും, സിനിമയിലുപയോഗിച്ച ചില ഗാനങ്ങളും മികച്ചു നിന്നു. എന്നാൽ, പശ്ചാത്തല സംഗീതശകലങ്ങളുടെ അമിതോപയോഗം കാര്യമായ അലോസരവും ഇടയ്ക്കുണ്ടാക്കി. ഇതിനൊപ്പം വെടിയൊച്ചകൾ കൂടി ചേരുമ്പോൾ മൊത്തത്തിൽ ബഹളമയമാണ് ചിത്രത്തിലെ ശബ്ദസംവിധാനം. ജി. മുരളിയുടെ ഛായാഗ്രഹണവും പ്രവീണിന്റെ സന്നിവേശവും ഇത്തരമൊരു ചിത്രത്തിൽ പ്രതീക്ഷിക്കാവുന്ന പതിവുരീതികളിൽ തന്നെ. ഒരു ബഹുനില കെട്ടിടത്തിനു മുകളിൽ അരങ്ങേറുന്ന ക്ലൈമാക്സ് രംഗം ഈ വിധം നിഷ്പ്രഭമായതിൽ സാങ്കേതികവിഭാഗത്തിനുമുണ്ട് ചെറുതല്ലാത്ത പങ്ക്.

അഭിമുഖങ്ങളിലും മറ്റും സംവിധായകൻ ആവർത്തിച്ചു പറഞ്ഞത് താനൊരു 'റിയലിസ്റ്റിക്' ചിത്രമായാണ് 'കബാലി' ഒരുക്കിയിട്ടുള്ളത്, രജനിയിലെ താരത്തെയല്ല നടനെയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നൊക്കെയാണ്. കഥാപരിസരങ്ങളിൽ ചിലയിടത്തൊക്കെ മലേഷ്യയിലെ ഭൂതകാലത്തെയും വർത്തമാനകാലത്തെയുമൊക്കെ രേഖപ്പെടുത്താൻ ശ്രമമുണ്ടെന്നത് വാസ്തവം. എന്നാലതിലപ്പുറം എങ്ങിനെയാണിതൊരു 'റിയലിസ്റ്റിക്' ചിത്രമാവുകയെന്ന് സംവിധായകനു മാത്രമറിയാം! രജനിയിലെ താരത്തെയല്ല അഭിനേതാവിനെയാണ് ഉപയോഗിച്ചതെന്നൊക്കെയുള്ള വാചകമടിയുടെ പൊള്ളത്തരവും ചിത്രത്തിലൂടെ വെളിവാക്കപ്പെടുന്നു. രജനീകാന്തിനെപ്പോലെ, ഒരു നടനെന്ന നിലയ്ക്ക് ഇനിയൊരു സിനിമയിൽ ഉപയോഗിക്കാൻ ഏറെ പ്രായോഗിക പരിമിതികളുള്ള ഒരു താരത്തെ ഉപയോഗിച്ചൊരു ചിത്രമൊരുക്കുക കടുത്ത വെല്ലുവിളിയാണ്. ആ വെല്ലുവിളി ഏറ്റെടുക്കും മുൻപ് രണ്ടുവട്ടമല്ല പലവട്ടം ആലോചിക്കേണ്ടിയിരുന്നു പാ. രഞ്ജിത്ത്. ചോക്ലേറ്റു വിറ്റും വിമാനത്തിന്റെ ചട്ടയിൽ വരെ പെയിന്റടിച്ചും ഒപ്പം ബോക്സോഫീസിലും കാശെത്ര വാരിയാലും, സിനിമയെന്ന നിലയ്ക്ക് ആ ഒരു ആലോചനക്കുറവിന്റെ ഫലമായുണ്ടായൊരു പാഴ്ശ്രമം മാത്രമായൊടുങ്ങാനാണ് 'കബാലി'യുടെ തലയിലെഴുത്ത്!

വിശേഷവാക്യം: കഥാനായകന്റെ ആദ്യ സംഭാഷണവും ഒടുവിൽ വില്ലനോട് പറയുന്നതും 'മഗിഴ്ചി'യെന്നാണ്; കണ്ടതിൽ സന്തോഷമെന്നതിന്റെ ആക്കിയുള്ള പ്രയോഗം! സിനിമകണ്ടിറങ്ങുന്ന പ്രേക്ഷകർക്ക് അണിയറക്കാരോട് പറയാനുള്ളതും കബാലിയുടെ സ്വരത്തിലിതു തന്നെയാവും - 'മഗിഴ്ചി'!

Cast & Crew

Cast
Rajinikanth, Winston Chao, Radhika Apte, Dhansika, John Vijay, Dinesh Ravi, Kishore Kumar, Rosyam Nor, Kalaiyarasan, Riythvika, Nassar etc.
Crew
Directed by Pa. Ranjith
Produced by Kalaippuli S. Thanu
Story, Screenplay, Dialogues by Pa. Ranjith
Cinematography by G. Murali
Film Editing by Praveen K.L.
Background Score / Music by Santhosh Narayanan
Art Direction by Name
Costume Design by Niranjani Agathiyan, Anu Vardhan
Makeup by Name
Lyrics by Kabilan, Umadevi, Gana Bala
Stunts by Anbariv
Choreography by Name
Stills by R.S. Raja
Designs by Name
Banner: V Creations
Released on: 2016 Jul 22

No comments :

Post a Comment