അനുരാഗ കരിക്കിൻ വെള്ളം (Review: Anuraga Karikkin Vellam)

Published on: 7/12/2016 05:41:00 PM

അനുരാഗ കരിക്കിൻ വെള്ളം: പൊരുളറിയിച്ചൊരു സിനിമാശ്രമം!

ഹരീ, ചിത്രവിശേഷം

Anuraga Karikkin Vellam: Chithravishesham Rating [7.00/10]
അഞ്ചു പതിറ്റാണ്ടു മുൻപ് 'റോസി'യ്ക്കു വേണ്ടി പി. ഭാസ്കരനെഴുതിയ സുന്ദരമായ ഗാനശകലത്തിലാണ് ഖാലിദ് റഹ്മാൻ തന്റെ കന്നിച്ചിത്രത്തിനു പേരു കണ്ടത്. പക്ഷെ, പേരിൽ മാത്രമല്ല 'അനുരാഗ കരിക്കിൻ വെള്ള'മെന്നു കവി പാടിയതിന്റെ പൊരുളറിയിക്കുന്നൊരു സിനിമയായതു മാറ്റാനും കഴിഞ്ഞിടത്താണ് ഖാലിദിലെ സംവിധായകൻ വിജയിക്കുന്നത്. ചൂടത്തു വിയർക്കുമ്പോളൊരു കരിക്ക് ശരീരത്തിനൂർജ്ജവും കുളിർമയുമാണ്. അതുപോലെ മനസിനു തീ പീടിക്കുമ്പോളൊരൂർജ്ജവും കുളിർമയുമാവാൻ അനുരാഗങ്ങൾക്കുമാവുമെന്ന, ഒന്നു കൂടി വ്യക്തമായിപ്പറഞ്ഞാൽ ആത്മബന്ധങ്ങൾക്കാവുമെന്ന, ലളിത സമവാക്യമാണ് സിനിമയുടെ പ്രധാന ചേരുവ. ബിജു മേനോനും ആസിഫ് അലിയും മുഖ്യവേഷങ്ങളിലെത്തുന്ന ഈ സിനിമയ്ക്കായി നവീൻ ഭാസ്കർ രചന നിർവ്വഹിച്ചിരിക്കുന്നു. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ പൃഥ്വിരാജ് സുകുമാരൻ, ഷാജി നടേശൻ, സന്തോഷ് ശിവൻ, ആര്യ എന്നിവരൊരുമിച്ചാണ് ചിത്രത്തിന്റെ നിർമ്മാണം.

ആകെത്തുക : 7.00 / 10

  • കഥയും കഥാപാത്രങ്ങളും
  • സംവിധാനം
  • അഭിനയം
  • സാങ്കേതികം
  • സംഗീതം/നൃത്തം/ആക്ഷന്‍
  • 5.00 / 10
  • 7.00 / 10
  • 8.00 / 10
  • 4.00 / 05
  • 4.00 / 05
നമ്മുടെ ചുറ്റും സംഭവിക്കുന്ന, നാം കാണാതെ പോവുന്ന ചെറിയ ചെറിയ കാര്യങ്ങൾ ചേർത്തൊരുക്കിയതാണ് ഈ സിനിമയുടെ തിരക്കഥ. രഘുവെന്ന പോലീസുകാരൻ, അയാളുടെ ഭാര്യയും മകനും മകളുമടങ്ങുന്ന കുടുംബം, അയാളുടെ സുഹൃത്തുക്കൾ, മകന്റെ സുഹൃത്തുക്കൾ - ഇത്രയുമൊക്കെ പേരിലൂടെയാണ് കഥ മുന്നോട്ടു പോവുന്നത്. ഇടയ്ക്കൊരുനാൾ തന്റെ പഴയ പ്രണയിനിയെ രഘു കണ്ടുമുട്ടുന്നതാണ് സിനിമയുടെ വഴിത്തിരിവ്. മലയാള സിനിമയുടെ പതിവുശീലം വെച്ചു നാം പ്രതീക്ഷിക്കുന്ന, കുടുംബവഴക്കും പ്രശ്നങ്ങളുമൊന്നുമല്ല തുടർന്നു വരുന്നത് എന്നയിടത്തു സിനിമ വ്യത്യസ്തമാവുന്നു. പിരിമുറുക്കവും നാടകീയതയും ചില അവിചാരിത കഥാസന്ദർഭങ്ങളുമൊക്കെ പ്രതീക്ഷിക്കുന്ന പ്രേക്ഷകർ അവസാനഭാഗങ്ങളിൽ നിരാശപ്പെട്ടെന്നും വരാം.

രഘുവായി ബിജു മേനോൻ, രഘുവിന്റെ ഭാര്യയായി ആശ ശരത്ത്, മകനായി ആസിഫ് അലി എന്നിവരുടെ തെളിച്ചമുള്ള പ്രകടനങ്ങളാണ് സിനിമയുടെ കരുത്ത്. ഇടയ്ക്ക് ചിലപ്പോഴൊക്കെ 'ഉഗ്രം ഉജ്വല'മായിപ്പോവുന്നെങ്കിലും, രജീഷ വിജയന്റെ എലിസബത്തും മനസിൽ തൊടും. ഷൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, സുധീർ കരമന, ഇർഷാദ്, മണിയൻ പിള്ള രാജു എന്നിവർ കൂടി ഇവർക്കൊപ്പം മികവിലേക്കെത്തുമ്പോൾ, കഥാപാത്രങ്ങളൊന്നു പോലും വേണ്ടത്തതെന്ന തോന്നലുണ്ടാക്കില്ല. അനുരാധയെന്ന മറ്റൊരു പ്രസക്തമായ വേഷത്തിൽ നന്ദിനിയും ചിത്രത്തിലുണ്ട്.

വീട്, റോഡ്, വർക്ക്ഷോപ്പ്, പിന്നെയും വീട് എന്നിങ്ങനെ ആവർത്തിക്കുന്ന രംഗങ്ങൾ മടുത്തു പോവാതെ പകർത്തി ജിംഷി ഖാലിദും അവ ഭംഗിയായി ചേർത്തൊരുക്കി നൗഫൽ അബ്ദുള്ളയും മിടുക്കു തെളിയിച്ചു. ഈ കഥാപരിസരങ്ങളൊക്കെ ഭംഗിയായി ച്യ്തുവെച്ച സാബു മോഹൻ, ചേരുന്ന വേഷങ്ങളും ചമയവുമായി ധന്യ ബാലകൃഷ്ണനും റോണക്സ് സേവ്യറും - ഇവരുടെയും ഇവർക്കൊപ്പം പിന്നണിയിൽ പ്രവർത്തിച്ചവരുടെയും ശ്രമങ്ങളും അഭിനന്ദനീയം. പ്രശാന്ത് പിള്ളയുടെ പശ്ചാത്തലസംഗീതവും, അദ്ദേഹം തന്നെ ഈണമിട്ട ഗാനങ്ങളും ചിത്രത്തിനു നന്നായിണങ്ങുന്നു. നഗരജീവിതത്തിന്റെയൊരു പോസിറ്റീവ് ട്രാക്കായ "നീയോ ഞാനോ..." എന്ന ആരംഭഗാനം സിനിമയ്ക്കൊരു നല്ല തുടക്കമാവുമ്പോൾ, ഇടയ്ക്കു വരുന്ന "മനോഗതം ഭവാൻ..." എന്ന ഗാനത്തിനു ഭംഗിവരുന്നത് സിനിമയിലതിനു കൃത്യമായൊരു ഇടമുണ്ടെന്നതിനാലാണ്.

'Anuraga Karikkin Vellam' doesn't have any unexpected twists, dramatic scenes or thrilling moments; but still ends up captivating!
വിവിധ നിറങ്ങളിൽ കുപ്പികളിലും പേപ്പർ ക്യാനുകളിലുമെത്തുന്ന ശീതളപാനീയങ്ങളുടെ കൃത്രിമരുചിയാണ് അടുത്തിറങ്ങിയ പല 'ന്യൂജെൻ' ചിത്രങ്ങൾക്കുമെങ്കിൽ, നിറത്തിലോ മധുരത്തിലോ മായമില്ലാത്ത കരിക്കിൻ വെള്ളത്തിന്റെ സുഖമുണ്ട് 'അനുരാഗ കരിക്കിൻ വെള്ള'മെന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന്. അച്ഛനും മകനുമാവട്ടെ, ഭാര്യയും ഭർത്താവുമാവട്ടെ, കാമുകിയും കാമുകനുമാവട്ടെ - പരസ്പരം കേൾക്കാൻ തയ്യാറാവുകയെന്ന അടിസ്ഥാന തത്വം പാലിച്ചാൽ മതി ഈ ബന്ധങ്ങളൊക്കെ ഊഷ്മളമായി നിലനിൽക്കാനെന്നൊരു കാഴ്ചപ്പാടും ചിത്രം അധികം ഒച്ചപ്പാടൊന്നുമുണ്ടാക്കാതെ മുന്നോട്ടു വെയ്ക്കുന്നുണ്ട്. കരുതലും സ്നേഹവുമൊക്കെ പരിധിവിട്ടാലതും പ്രശ്നമാണെന്നൊരു ഓർമ്മപ്പെടുത്തലുമുണ്ട് ഇതിനൊപ്പം. മൂരിശൃംഗാരവും തെറിവിളിയുമായി മറ്റൊരു കാക്കി കളക്ഷൻ റിക്കർഡ് വെറുപ്പിക്കൽ നടത്തി തകർക്കുമ്പോൾ, കളക്ഷൻ കുറഞ്ഞാലും തരക്കേടില്ല, നായകനെ കാക്കിയിടീച്ചു തന്നെ, ഇങ്ങിനെയും കഥപറയാൻ ഖാലിദ് റഹ്മാനെപ്പോലെ ചിലരും മുന്നോട്ടുവരുന്നുണ്ട് എന്നതു തന്നെ മഹാഭാഗ്യം!

Cast & Crew

Cast
Biju Menon, Asif Ali, Asha Sarath, Rajisha Vijayan, Sudheer Karamana, Sreenath Bhasi, Soubin Shahir, Irshad, Maniyanpilla Raju, Nandhini, Naaji, Chinnu Nair etc.
Crew
Directed by Khalid Rahman
Produced by Shaji Nadesan, Prithviraj Sukumaran, Santhosh Sivan, Arya
Story, Screenplay, Dialogues by Naveen Bhaskar
Cinematography by Jimshi Khalid
Film Editing by Noufal Abdulla
Background Score, Music by Prashant Pillai
Art Direction by Sabu Mohan
Costume Design by Dhanya Balakrishnan
Makeup by Ronex Xavier
Lyrics by B.K. Harinarayanan, Shabareesh Varma
Stills by Vishnu Thandassery
Designs by Collins Leophil
Banner: August Cinema
Released on: 2016 July 07

No comments :

Post a Comment