കമ്മട്ടിപ്പാടം (Review: Kammatipaadam)

Published on: 5/21/2016 06:07:00 PM

കമ്മട്ടിപ്പാടം: കരുത്തന്മാരുടെ കണ്ണീർപ്പാടം!

ഹരീ, ചിത്രവിശേഷം

Kammatipaadam: Chithravishesham Rating [7.50/10]
പാലും മധുരവും കുറച്ച് കടുപ്പം കൂട്ടിയൊരു ചായ; അതിന്റെയൊരു കയ്പ് രുചിയായി തോന്നുന്നവർക്കേ ആ ചായ പിടിക്കൂ. രാജീവ് രവിയുടെ മുൻ ചിത്രങ്ങളായ 'അന്നയും റസൂലും', 'ഞാൻ സ്റ്റീവ് ലോപ്പസ്' എന്നിവയുടെ കാര്യത്തിലെന്നപോലെ 'കമ്മട്ടിപ്പാട'ത്തിനും ഇതു ബാധകം. സിനിമ പറയുന്നതിലും കാണിക്കുന്നതിലും കരുണ കുറവാണ്, കുറേയേറെ യാഥാർത്ഥ്യങ്ങളുമാണ്. വഴിതെറ്റിയും കാലിടറിയും വീണും മുന്നോട്ടു പോവുന്ന പലരുടെ ജീവിതങ്ങൾ, അതിങ്ങനെ രേഖീയമല്ലാതെ പറയുമ്പോൾ സിനിമയുടെ ദൈർഘ്യം മൂന്നു മണിക്കൂർ തികയും. അത്രയും സമയമൊരു സിനിമയ്ക്കായി ഇരുന്നു കൊടുക്കുക എന്ന ബാധ്യതയൊഴിച്ചാൽ, 'കമ്മട്ടിപ്പാട'ത്തിലേക്കിറങ്ങുന്നവർക്ക് നിരാശപ്പെടാൻ കാരണങ്ങളില്ല. ദുൽഖർ സൽമാൻ, വിനായകൻ, മണികണ്ഠൻ എന്നിവരുടെ കഥാപാത്രങ്ങൾ പ്രാധാന്യം നേടുന്ന രാജീവ് രവിയുടെ കഥയെ സിനിമയ്ക്കായെഴുതിയത് പി. ബാലചന്ദ്രൻ. ഗ്ലോബൽ യുണൈറ്റഡ് മീഡിയയുടെ ബാനറിൽ പ്രേം മേനോനാണ് ചിത്രത്തിന്റെ നിർമ്മാണം.

ആകെത്തുക : 7.50 / 10

  • കഥയും കഥാപാത്രങ്ങളും
  • സംവിധാനം
  • അഭിനയം
  • സാങ്കേതികം
  • സംഗീതം/നൃത്തം/ആക്ഷന്‍
  • 7.00 / 10
  • 7.00 / 10
  • 8.00 / 10
  • 4.00 / 05
  • 4.00 / 05
കൊട്ടേഷൻ സംഘങ്ങളുടെ പശ്ചാത്തലത്തിൽ പലരൂപത്തിലും ഭാവത്തിലുമുള്ള എത്രയെത്ര സിനിമകൾ! രാജീവ് രവിയുടെ തന്നെ മുൻചിത്രവും അത്തരമൊരു പ്രമേയം കൈകാര്യം ചെയ്തതാണ്. 'കുമ്മട്ടിപ്പാട'ത്തിന്റെ കഥാപരിസരവും ഏതാണ്ടതൊക്കെ തന്നെയാവുമ്പോഴും, വ്യത്യസ്തമായൊരു അനുഭവമാവാനുള്ളത് ചിത്രത്തിലുണ്ട്. കാലത്തിന്റെ മാറ്റത്തിനൊത്ത് കമ്മട്ടിപ്പാടം മാറുന്നു, ഒപ്പം അവിടുത്തെ മനുഷ്യരും. ചെറുപ്രായത്തിൽ തന്നെ ഏതു തല്ലിനും മുന്നിലുള്ള ബാലനൊപ്പം കൂടുന്ന കൃഷ്ണനും ഗംഗനും. ബാലന്റെ വീഴ്ചയ്ക്കു ശേഷമുള്ള ഇവരുടെ അരക്ഷിതാവസ്ഥയാണ് ചിത്രത്തിന്റെ പിന്നെയൊരു ഘട്ടം. ഗംഗന്റെ തിരോധാനത്തിനുള്ള ഉത്തരം തേടുന്ന, ഇപ്പോൾ മധ്യവയസ്സോടടുക്കുന്ന കൃഷ്ണന്റെ ഓർമ്മകളായാണ് മേല്പറഞ്ഞ ഭൂതകാലം സിനിമ കാട്ടിത്തരുന്നത്. പുറമ്പോക്ക് ഭൂമി കൈയ്യേറ്റഭൂമിയായും, പിന്നീടൊരു പാടമപ്പാടെ മുള്ളുവേലികൾ നിറഞ്ഞ പ്ലോട്ടുകളായും, അതിനും ശേഷം ഫ്ലാറ്റുകളായുമുള്ള കമ്മട്ടിപ്പാടത്തിന്റെയും ചുറ്റുവട്ടത്തിന്റെയും പരിണാമവും ഇവരുടെ വളർച്ചയ്ക്കൊപ്പം സിനിമയിൽ കാണാനാവുന്നു. ഇരകളെ തന്നെ വേട്ടപ്പട്ടികളാക്കുന്ന നിർമ്മാണ കമ്പനികളുടെ ഇടപെടലുകളും അവരുടെ പണിയാളുകളാവുന്ന കൗശലക്കാരും ചിത്രത്തിൽ കൃത്യമായി അടയാളപ്പെട്ടിരിക്കുന്നു.


ദുൽഖറിനെ ചിത്രത്തിൽ ഉൾപ്പെടുത്തിയത് താരമൂല്യം കൂടി പരിഗണിച്ചാവാം, പക്ഷെ അനാവശ്യമായി പൊലിപ്പിക്കാൻ നിൽക്കാത്തതിന്റെ മെച്ചം (ഇതിന് അപവാദമായി ജയിലിലെ തല്ലുരംഗം കടന്നു വരുന്നുണ്ട് എന്നത് മറക്കുന്നില്ല) കഥാപാത്രത്തിനുണ്ട്. സിനിമയുടെ മജ്ജയും മാംസവും ചോരയുമൊക്കെയാവുന്ന വിനായകന്റെ ഗംഗനും മണികണ്ഠ്ന്റെ ബാലനുമൊപ്പം അലൻസിയർ, സുരാജ് വെഞ്ഞാറമ്മൂട്, ഷൈൻ ടോം ചാക്കോ, ഷൗബിൻ ഷാഹിർ, വിനയ് ഫോർട്ട്, ഷോൺ റോമി, അമൽഡ ലിസ് തുടങ്ങി കണ്ടും കേട്ടും പരിചയമുള്ളവരും അല്ലാത്തവരുമായ അഭിനേതാക്കളും ചിത്രത്തിൽ മികവു പുലർത്തുന്നു. പല കാലഘട്ടങ്ങളിലൂടെ കടന്നു പോവുന്ന കഥാപാത്രങ്ങൾക്ക് അനുയോജ്യരായ അഭിനേതാക്കളെ ഉപയോഗിക്കുകയും, കെട്ടിലും മട്ടിലുമൊക്കെ ആ ഒരു തുടർച്ച അനുഭവിപ്പിക്കുകയും ചെയ്ത അണിയറക്കാരെയും ഇവിടെ ഓർക്കേണ്ടതുണ്ട്.


മധു നീലകണ്ഠന്റെ ക്യാമറയിലൂടെ പതിഞ്ഞ കാഴ്ചകളും കുനാൽ ശർമ്മയുടെ ശബ്ദ സംവിധാനവും ചിത്രത്തെ അനുഭവത്താക്കുന്നതിൽ വിജയിക്കുന്നു. ഗാനങ്ങളും ശബ്ദപരിചരണത്തിന്റെ ഭാഗമായേ വരുന്നുള്ളൂ എന്നതിനാൽ അവ വേറിട്ടറിയിക്കുന്നില്ല. കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നു ചാടുന്ന വിനായകന്റെ രംഗമൊക്കെ കാണികളെ ത്രസിപ്പിച്ചിരുത്തുന്നത് അജിത്ത്കുമാറിന്റെ എഡിറ്റിംഗ് മികവിലാണ്. എന്നാൽ കഥാവഴിയിൽ ആവശ്യമെന്ന് തോന്നാത്ത പല രംഗങ്ങളും ചിത്രത്തിലിടം നേടുന്നത് പലപ്പോഴും മടുപ്പിക്കുന്നുമുണ്ട്. നീട്ടിവലിക്കാതെ തന്നെ ഉദ്ദേശിച്ച കാര്യം സംവേദിക്കുവാൻ രാജീവ് രവിക്ക് സാധിക്കുമെങ്കിൽ അതാവും മൂന്നുമണിക്കൂർ പ്രേക്ഷകനെ തിയേറ്ററിലിരുത്തുന്നതിലും നന്നാവുക.

'Kammatipaadam' may not be everyone's cup of tea, but for serious film goers, it has in plenty to offer.
സിനിമയുടെ പതിവ് രസക്കൂട്ടുകൾ നൽകുന്ന വിനോദവശത്തിൽ മാത്രം താത്പര്യമുള്ളവർക്ക് പറഞ്ഞിട്ടുള്ള പടമല്ലിത്. അടിയിടിക്കൂട്ടത്തിനു വരുന്ന തിരിച്ചറിവുകളും കാലം പോവുമ്പോൾ അവർക്കു വരുന്ന മാറ്റവുമൊക്കെ തികച്ചും സ്വാഭാവികമായി കാണിക്കുന്നതിൽ 'കമ്മട്ടിപ്പാടം' വിജയിക്കുന്നു. കഷ്ടിച്ച് ഒന്നോ രണ്ടോ വരികൾ മാത്രം പറയാനുള്ള കഥാപാത്രങ്ങൾക്കു പോലും ചിത്രത്തിൽ കൃത്യമായ ഇടമുണ്ടെന്നതും എടുത്തു പറയേണ്ടതു തന്നെ. ഏതാനും വ്യക്തികളിലൂടെ ഒരു പ്രദേശത്തിന്റെയാകെ കഥയായി സിനിമ മാറുമ്പോളത് രാജീവ് രവിയെന്ന സംവിധായകന്റെ കൈയ്യൊപ്പു പതിഞ്ഞ ചിത്രവുമാവുന്നു. അതുതന്നെയാണ് ചിത്രത്തിന്റെ മികവും, അദ്ദേഹത്തിന്റെ രീതികളോട് താത്പര്യമില്ലാത്തവരെ സംബന്ധിച്ചിടത്തോളം ചിത്രത്തിന്റെ കുറവും.

'ഏ'യ്: 'ഹിറ്റ്മാനും', 'ഗ്രാൻഡ് തെഫ്റ്റ് ആട്ടോ'യും എന്നു വേണ്ട, ഈ കണ്ട അടി-ഇടി-വെടി-വെട്ട്-കുത്ത് കളികളൊക്കെ കളിച്ച് അറപ്പുമാറിയ കുഞ്ഞുങ്ങളെ ഇതിലെ വയലൻസ് കാട്ടരുതെന്ന്! സെ.ബോ.ന്റെ കാര്യം തമാശയാണ്. എങ്കിലും കുട്ടികളോട് ചിത്രം എത്രത്തോളം സംവേദിക്കുമെന്ന് സംശയമുള്ളതിനാലും, അവർക്ക് രസിക്കണമെന്നില്ല എന്നതിനാലും ചിത്രത്തിനു നൽകിയ 'എ' സർട്ടിഫിക്കറ്റിന്റെ കാര്യത്തിൽ പരാതിയില്ല.

Cast & Crew

Cast
Dulquer Salmaan, Vinayakan, Manikandan, Vinay Forrt, Shine Tom Chacko, Shaun Romy, Amalda Liz, P. Balachandran, Suraj Venjarammood, Alancier, Anjali Aneesh, Muthumani, Sreekanth Chandran etc.
Crew
Directed by Rajeev Ravi
Produced by Prem Menon
Story / Screenplay, Dialogues by Rajeev Ravi / P. Balachandran
Cinematography by Madhu Neelakandan
Film Editing by Ajithkumar B.
Sound Design by Kunal Sharma
Art Direction by Nagaraj, Gokul Das, Ratheesh U.K.
Costume Design by Shubra Gupta, Mashar Hamsa
Makeup by Roshan G.
Lyrics by Anwar Ali, Dileep K.G.
Music by K, John P. Varkey, Vinayakan
Stunts by Name
Stills by Anish Aloysious
Designs by Old Monks
Banner: Global United Media
Released on: 2016 May 20

No comments :

Post a Comment