ജയിംസ് ആൻഡ് ആലീസ് (Review: James and Alice)

Published on: 5/07/2016 12:02:00 PM

ജയിംസ് ആൻഡ് ആലീസ്: കണ്ണുതുറപ്പിക്കും ജീവിതക്കാഴ്ചകൾ!

ഹരീ, ചിത്രവിശേഷം

James and Alice: Chithravishesham Rating [6.50/10]
'സിറ്റി ഓഫ് ഗോഡ്', '7th ഡേ', 'അനാർക്കലി' തുടങ്ങിയ ചില ചിത്രങ്ങളുടെ ഛായാഗ്രാഹകനായി ശ്രദ്ധ നേടിയ സുജിത്ത് വാസുദേവ്, ആദ്യമായി സംവിധായകന്റെ തൊപ്പിയണിയുന്നു പൃഥ്വിരാജും വേദികയും ടൈറ്റിൽ റോളുകളിലെത്തുന്ന 'ജയിംസ് ആൻഡ് ആലീസ്' എന്ന ചിത്രത്തിൽ. സുജിത്തിന്റെ കഥയിൽ എസ്. ജനാർദ്ദനന്റെയാണ് തിരക്കഥയും സംഭാഷണവും. ധാർമിക് ഫിലിംസിന്റെ ബാനറിൽ എസ്. സജികുമാറും കൃഷ്ണൻ സേതുകുമാറുമൊരുമിച്ച് ചിത്രം നിർമ്മിച്ചിരിക്കുന്നു. മരിക്കാൻ കിടക്കുന്ന നേരത്ത് മനുഷ്യർക്ക് വീണ്ടുവിചാരമുണ്ടാവുമെന്നത് പുതിയ ആശയമല്ല. തിരുത്താൻ രണ്ടാമതൊരു അവസരം ലഭിക്കാത്ത ജീവിതത്തിൽ മരണം തന്നെയെത്തിയൊരു അവസരം നൽകിയാലോ? ഈയൊരു ചിന്തയുടെ സിനിമാരൂപമാണ് ആലീസിന്റെയും ജയിംസിന്റെയും ജീവിതകഥ പറയുന്ന ചിത്രത്തിലൂടെ സുജിത്ത് നമുക്ക് കാട്ടിത്തരുന്നത്.

ആകെത്തുക : 6.50 / 10

  • കഥയും കഥാപാത്രങ്ങളും
  • സംവിധാനം
  • അഭിനയം
  • സാങ്കേതികം
  • സംഗീതം/നൃത്തം/ആക്ഷന്‍
  • 5.00 / 10
  • 6.00 / 10
  • 7.00 / 10
  • 4.00 / 05
  • 4.00 / 05
ഭ്രമകല്പനകളെ അധികരിച്ചുള്ള സിനിമകൾ മലയാളത്തിൽ അധികമുണ്ടാവാറില്ല. അത്തരമൊരു കഥയാണ് 'ജയിംസ് ആൻഡ് ആലീസി'ലൂടെ സുജിത്ത് വാസുദേവൻ പറയുന്നത്. പ്രണയിച്ചു വിവാഹിതരായ പരസ്യചിത്ര സംവിധായകൻ ജയിംസിന്റെയും ബാങ്ക് ഉദ്യോഗസ്ഥ ആലീസിന്റെയും ഏഴുവർഷത്തിനിപ്പുറം ഒരു മകളുമൊത്തുള്ള ജീവിതത്തിൽ നിന്നാണ് ചിത്രത്തിന്റെ തുടക്കം. സമയമൊട്ടും കളയാതെ കാര്യത്തിലേക്ക് കടക്കുന്ന തുടക്കത്തിനു ശേഷം കാണികൾക്ക് അനുമാനിച്ചെടുക്കാവുന്ന ചില സംഭവങ്ങളാണ്സിനിമയിൽ പിന്നീടു വരുന്നത്. അത്തരം അനുമാനങ്ങളിലേക്ക് കാണികളെ കൊണ്ടെത്തിക്കുന്ന കുടുംബസാഹചര്യങ്ങൾക്കൊരു ബദൽ വേണ്ടേയെന്ന ചോദ്യവും, അവയോടുള്ള നായകന്റെ പ്രതികരണങ്ങളുമാണ് ചിത്രത്തിന്റെ രണ്ടാം ഘട്ടം. അവിടെയാണ് ഭ്രമകല്പനയുടെ സാധ്യതകൾ ചിത്രം ഉപയോഗപ്പെടുത്തിയിരിക്കുന്നതും. ഒരു ഉപദേശ സിനിമയുടെ കെട്ടുപാടുകളിലേക്ക് പൂർണമായും വീണുപോവാതെ, ഈയൊരു വിഷയത്തെ അവതരിപ്പിക്കുക എന്ന ശ്രമകരമായ ലക്ഷ്യത്തിലെത്താൻ സംവിധായകനും തിരക്കഥാകൃത്തും കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്. ദൈവദൂതനായ പീറ്റർ അഥവാ പത്രോസിന്റെ ഫ്രീക്കൻ ഭാഷയൊക്കെ അതിനായുള്ള പാടുപെടലാണല്ലോ!

കഥാപാത്രങ്ങൾക്ക് ചേരുന്ന അഭിനേതാക്കളുടെ തിരഞ്ഞെടുപ്പ് ചിത്രത്തെ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. ഒരു വെല്ലുവിളിയൊന്നുമല്ല ജയിംസെങ്കിലും, ഉള്ളതു തന്നാലാവും വിധം ചെയ്തു വിജയിപ്പിച്ചിട്ടുണ്ട് പൃഥ്വിരാജ്. പ്രതീക്ഷകൾക്കപ്പുറം ആലീസിനെ ചെയ്തു ഫലിപ്പിക്കാൻ വേദികയ്ക്കായി. നന്ദു എന്ന മറ്റൊരു പ്രധാന കഥാപാത്രമായെത്തിയ പാർവതി നായരും തന്റെ ഭാഗം ഭംഗിയാക്കി. സിജോയ് വർഗീസ്, സായി കുമാർ, മഞ്ജു പിള്ള തുടങ്ങി ചിത്രത്തിലെ പ്രസക്ത വേഷങ്ങളിലെത്തുന്ന മറ്റുള്ളവരും മോശമാക്കിയില്ല. പിങ്കിയുടെ കുട്ടിക്കാലം അവതരിപ്പിച്ച എമിനി സൽമാനെ നല്ല രീതിയിൽ ചിത്രത്തിൽ ഉപയോഗിക്കാനും സംവിധായകനായി.

സംവിധായകൻ തന്നെ ക്യാമറ ചലിപ്പിച്ചത് 'ജയിംസ് ആൻഡ് ആലീസി'നെ സംബന്ധിച്ചിടത്തോളം ഗുണകരമായെന്നു വേണം പറയാൻ. ദൃശ്യങ്ങൾ സാധാരണമായിപ്പോവാതെ, എന്തെങ്കിലുമൊക്കെ ഭംഗി അവയിൽ കൊണ്ടുവരാനുള്ള ആത്മാർത്ഥമായ ശ്രമം അഭിനന്ദനമർഹിക്കുന്നു. ഗാനരംഗങ്ങളുടെ ചിത്രീകരണമികവും എടുത്തുപറയേണ്ടതു തന്നെ. ചിത്രത്തിലെ ഒരു പ്രധാന വഴിത്തിരിവാകുന്ന കാർ അപകടത്തിന്റെ, അതിമന്ദഗതിയിൽ മിനിറ്റുകളെടുത്തുള്ള അവതരണം ഈ സിനിമയെ സംബന്ധിച്ച് അധികപ്പറ്റായി തോന്നിയില്ല. കുറച്ചു കുറയ്ക്കാമായിരുന്നു എന്നൊരഭിപ്രായം ഇല്ലാതെയുമില്ല. സംജിത് മുഹമ്മദിന്റെ ചിത്രസന്നിവേശം പൊതുവിൽ ചിത്രത്തിനുതകുമ്പോഴും, ചിത്രത്തിന്റെ ആകെമൊത്തത്തിലുള്ള മന്ദഗതി എത്രകണ്ട് ചിത്രത്തെ സഹായിച്ചെന്ന കാര്യത്തിൽ സംശയവുമുണ്ട്.

'James and Alice' brings the element of fantasy into the familiar daily chores of Malayali households and makes you thoughtful towards the end.
മഴ കാത്തിരിക്കുന്ന മലയാളികൾക്കു കേട്ടിരിക്കാനൊരു മഴപ്പാട്ടുണ്ട് ചിത്രത്തിൽ. ഗോപി സുന്ദർ - ഹരിനാരായണൻ കൂട്ടുകെട്ടിലുണ്ടായ ഗാനങ്ങളിൽ മികച്ചതൊന്നായി മാറുന്നു "മഴയേ മഴയേ..." എന്നു തുടങ്ങുന്ന ഈ ഗാനം. ജയിംസിന്റെയും ആലീസിന്റെയും പ്രണയത്തിനു കൂട്ടായാണീഗാനമെങ്കിൽ, അവരുടെ പ്രതിസന്ധിഘട്ടങ്ങളിലെത്തുന്ന മറ്റു രണ്ടു ഗാനങ്ങളും ചിത്രത്തോടു നന്നായിച്ചേരുന്നു. എൻ. ഹരികുമാറിന്റെ ശബ്ദവിന്യാസത്തിലൂടെ വരുമ്പോൾ പശ്ചാത്തലസംഗീതത്തിന്റെ കാര്യത്തിലും ഗോപി സുന്ദർ ശ്രദ്ധ നേടുന്നു. അതതു സന്ദർഭങ്ങൾക്ക് ഇണങ്ങുന്ന രീതിയിൽ വസ്ത്രാലങ്കാരവും ചമയവുമൊരുക്കിയ അരുൺ മനോഹറിന്റെയും ശ്രീജിത്ത് ഗുരുവായൂരിന്റെയും ശ്രമങ്ങളും, വിശേഷിച്ചും അവസാനഭാഗങ്ങളിലെ വേദികയുടെ രൂപപരിചരണത്തിൽ, മികച്ചു നിന്നു.

വലിയ സംഭവങ്ങളോ, എടുത്തു പറയാനും മാത്രം സവിശേഷമായ കഥാസന്ദർഭങ്ങളോ ഒന്നും ചിത്രത്തിലില്ല. എങ്കിലും, കാലികപ്രാധാന്യമുള്ള ചില വിഷയങ്ങൾ കോർത്തിണക്കി, അതൊരു കണ്ടിരിക്കാവുന്ന സിനിമയാക്കാൻ സംവിധായകനും ഒപ്പമുള്ളവരും ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ട്, നല്ലൊരു പരിധിവരെ വിജയിച്ചിട്ടുമുണ്ട്. വളരെ ലളിതമായിപ്പോയ കഥയ്ക്കപ്പുറം എന്തെങ്കിലും ചിലതു കൂടി പറയാനും കാട്ടനുമുണ്ടായിരുന്നെങ്കിൽ ചിത്രത്തിന്റെ സ്വീകാര്യത ഇതിലുമേറുമായിരുന്നു. പക്ഷെ, മനുഷ്യന്റെ കാര്യം പോലെയാണല്ലോ സിനിമയും. അവസാന വിധിക്കു കാത്തുകിടക്കുമ്പോൾ പിന്നൊരു റീടേക്കിന് അവസരമില്ല. എങ്കിലും അടുത്ത അവസരത്തിൽ ഇതിലും നന്നാക്കാൻ അണിയറക്കാർക്ക് ശ്രമിക്കാം. അതിനുള്ളൊരൂർജ്ജം 'ജയിംസ് ആൻഡ് ആലീസ്' ബാക്കിയാക്കുമെന്ന് സുജിത്ത് വാസുദേവനും കൂട്ടർക്കും തീർച്ചയായും പ്രതീക്ഷക്കയുമാവാം.

ഒഴികിഴിവ്: ഒരാൾക്ക് നന്നാവാൻ കാലനെത്തും കാലമെത്തണോ എന്ന ചോദ്യം തിരിച്ചും മറിച്ചും ചോദിക്കുന്ന പടം ശരിക്കും ആരുടെയെങ്കിലും കണ്ണുതുറപ്പിക്കുമോ എന്നറിയില്ലെങ്കിലും; അതിനായാണു ചിത്രത്തിൽ ശ്രമം. സംഭവിച്ചാൽ നല്ലത് എന്നേ പറയാനുള്ളൂ.

Cast & Crew

Cast
Prithviraj Sukumaran, Vedhika, Sijoy Varghese, Parvathy Nair, Saikumar, Vijayaraghavan, Kishore Satya, Emine Salman, Sudheer Karamana etc.
Crew
Directed by Sujith Vaassudev
Produced by Dr. S. Sajikumar, Krishnan Sethukumar
Story / Screenplay, Dialogues by Sujith Vaassudev / Dr. S. Janardhanan
Cinematography by Sujith Vaassudev
Film Editing by Samjith Muhammed
Background Score , Music by Gopi Sundar
Art Direction by K.M. Rajeevv
Costume Design by Arun Manohar
Makeup by Sreejith Guruvayur
Lyrics by B.K. Harinarayanan, Mochitha
Stills by Sinat Savier
Designs by Old Monks
Banner: Dharmik Films
Released on: 2016 May 05

No comments :

Post a Comment