കിംഗ് ലയർ: പൊളിയല്ലേയിത് പൊളിയാണേ!
ഹരീ, ചിത്രവിശേഷം
![King Liar: A film by Siddique-Lal starring Dileep, Madonna Sebastian, Lal, Asha Sarath, Balu Varghese etc. Film Review by Haree for Chithravishesham. King Liar: Chithravishesham Rating [4.00/10]](https://2.bp.blogspot.com/-Vsgs6BLzoGo/VwHyofjBj2I/AAAAAAAAMW4/udx5JAjvSTcnEk7LVaUHQn6e5TQaNdNeA/s1600/2016-04-02_King-Liar.jpg)
നട്ടപ്പാതിര പട്ടാപ്പകലാണെന്ന് പറഞ്ഞു ഫലിപ്പിക്കാൻ ശേഷിയുള്ള സത്യനാരായണനെന്ന രാജനുണയൻ. അയാളുടെ ഈയൊരു ശേഷിയിൽ മതിപ്പു തോന്നുന്നൊരു വ്യവസായ പ്രമുഖൻ തന്റെ കുടുംബപ്രശ്നം തീർക്കാൻ പുള്ളിയെ ഉപയോഗിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് 'കിംഗ് ലയറെ'ന്ന ഈ ചിത്രം. കള്ളങ്ങളിലും കള്ളത്തരങ്ങളിലും കെട്ടിപ്പൊക്കിയതാണ് ജനപ്രിയനായകന്റെ പല സിനിമകളും. അവയിലൊക്കെ പറഞ്ഞതിലുമധികം കള്ളമൊന്നും ഇതിൽ പറയുന്നില്ല, പക്ഷെ പെരും നുണകളുടെ തമ്പുരാനാണു പുള്ളിയെന്ന് കാണികളെ വിശ്വസിപ്പിക്കണമല്ലോ? അതിനായുള്ള തരികിടകളാണ് ചിത്രത്തിന്റെ ആദ്യപാതി. നായികയെ വളയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് അവയൊക്കെയും. അങ്ങനെയൊരു ശ്രമത്തിനിടയിലാണ് മുകളിൽ പറഞ്ഞ വ്യവസായ പ്രമുഖനും തുടർന്നയാളുടെ കുടുംബപ്രശ്നങ്ങളുമൊക്കെ കടന്നു വരുന്നതും.
തിരക്കഥ ജനപ്രിയനായകൻ ദിലീപിനു വേണ്ടിയാവുമ്പോൾ പിന്നതിൽ യുക്തി നോക്കിയിട്ടു കാര്യമില്ല. അതിപ്പോളെഴുതുന്നത് സിദ്ദിഖും ലാലും ഒരുമിച്ചാണോ വെവ്വേറെയാണോ അതോ വേറെ വല്ലവരുമാണോ എന്നതൊന്നും പ്രസക്തമല്ല. സിനിമ തന്നെയൊരു കള്ളമാണ്; പക്ഷെ, അത് വിശ്വസനീയമായി പറഞ്ഞു ഫലിപ്പിക്കുന്നതിലാണ് മിടുക്കെന്ന് കേട്ടിട്ടുണ്ട്. അത്തരമൊരു മിടുക്ക് എന്തായാലും സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ നിന്നും ഈ ചിത്രത്തിൽ കാണാനില്ല. പ്രതീക്ഷിതമായ കാര്യങ്ങൾക്കപ്പുറം ചിത്രത്തിൽ ഒന്നും സംഭവിക്കുന്നുമില്ല.
ഇനി അഥവാ കാണികൾക്ക് ചെവി പുറകോട്ടാണെങ്കിലും ഒന്നും കേൾക്കാതെ പോവരുത് എന്നുള്ളതു കൊണ്ടാവണം, ഇടതടവില്ലാതുള്ള സംഭാഷണങ്ങളൊക്കെ ഇത്ര ഉച്ചത്തിലാക്കിയത്. അതിനിടയിൽ തന്റെ പശ്ചാത്തലസംഗീത വൈഭവം ശ്രദ്ധിക്കാതെ പോയാലോ എന്നു പേടിച്ച് ദീപക് ദേവും ഒട്ടും കുറയ്ക്കുന്നില്ല. ഈ ഒച്ചപ്പാടിനിടയ്ക്കെവിടെയോ അലക്സ് പോൾ ഈണമിട്ടൊരു പാട്ടുമുണ്ടായിരുന്നു. ഫലത്തിൽ, സ്വസ്ഥത തരില്ല തുടങ്ങിത്തീരുവോളവും ഈ ചിത്രം. പതിവു മുഖഭാവങ്ങളും ബഹളിത്തരങ്ങളും കോമഡിയെന്ന് പുള്ളി കരുതുന്ന സംഗതികളുമൊക്കെയായി ദിലീപ് മിക്കവാറും എല്ലാ ഫ്രയിമിലുമുണ്ട്. നായകന്റെയും നായികയുടെയും കുട്ടിക്കാലം കാണിക്കുന്ന സീനുകൾ ഈ പറഞ്ഞതിനൊക്കെയൊരു അപവാദമാണ്, അതുകൊണ്ടവ സമാധാനത്തോടെ കണ്ടിരിക്കാം.
'കിംഗ് ലയറാ'യ നായകന്റെ തല്ലു കൊള്ളാനും തെറി കേൾക്കാനുമുള്ള നിയോഗം ബാലു വർഗീസിന്റെ ആന്റപ്പനാണ്. അതദ്ദേഹം ഭംഗിയായി ചെയ്തു. നേരു പറഞ്ഞാൽ പുള്ളിയുടെ കൗണ്ടറുകളാണ് തിയേറ്ററുകളിൽ ചിരി പൊട്ടിക്കുന്നത്. ഹരീഷ് പെരുമണ്ണയുടെ കഥാപാത്രവും ചിലപ്പോഴൊക്കെ ചിരിപ്പിക്കുന്നുണ്ട്. ലാലിന്റെ ആനന്ദ് വർമ്മ ശ്രദ്ധ നേടുന്നത് ലുക്കിലാണ്. മഡോണയുടെ അഞ്ജലിയും ആശ ശരത്തിന്റെ ദേവിക വർമ്മയുമൊക്കെ പതിവിൻപടി വേഷങ്ങൾ മാത്രം.
Lies have always been an ingredient of Dileep movies. 'King Liar' ends up being just another flick following the familiar pattern.
ദിലീപിന്റെ സിനിമകളുടെ പതിവു ചേരുവകൾ ചേർത്തൊരുക്കിയ ചിത്രം അദ്ദേഹത്തിന്റെ ആരാധകർക്ക് ദഹിക്കുമായിരിക്കും. അങ്ങനെ പ്രത്യേകിച്ചൊരു താത്പര്യം നായകനോടോ അദ്ദേഹത്തിന്റെ സിനിമകളോടോ ഇല്ലാത്തവർക്ക് രാജനുണയന്റെ സ്ക്രീനിലെ ചെയ്തികൾ തികട്ടലാവാനാണ് സാധ്യത. മറ്റൊരു സിദ്ദിഖ്-ലാൽ ചിത്രം പ്രതീക്ഷിച്ചു 'കിംഗ് ലയറി'നു തലവെയ്ക്കാതിരിക്കുക. ഇനിയതല്ല, ദിലീപിന്റെ കുടുംബചിത്രങ്ങളുടെ സ്ഥിരം പ്രേക്ഷകനാണ് നിങ്ങളെങ്കിൽ ധൈര്യമായി കയറിക്കോളുക. ഒട്ടും നിരാശപ്പെടേണ്ടിയും വരില്ല. ഒടുക്കത്തെ നുണ: സത്യന്റെ പൂർവചരിത്രം അറിഞ്ഞു വന്ന് വ്യവസായപ്രമുഖൻ ഇറക്കുന്ന തള്ളലുണ്ട്. അലക്കുകാരൻ മുതൽ മുഖ്യമന്ത്രിയുടെ പി.എ.വരെയായത്രേ ഈ സത്യൻ. പക്ഷെ, ഇപ്പോൾ ജോലി കള്ളസർട്ടിഫിക്കറ്റുണ്ടാക്കലും മറ്റ് ചില്ലറ തരികിടയും! എന്താല്ലേ?
- Cast
- Dileep, Madonna Sebastian, Lal, Asha Sarath, Balu Varghese, Hareesh Perumanna, Natasha Suri, Joy Mathew, Shivaji Guruvayoor, Balachandran Chullikkad etc.
- Crew
- Directed by Lal
- Produced by Ousepachan Valakuzhy
- Story / Screenplay / Dialogues by Siddique / Siddique-Lal / Bipin Chandran
- Cinematography by Alby
- Film Editing by Ratheesh Raj
- Background Score by Deepak Dev
- Art Direction by Prasanth Madhav
- Costume Design by Praveen Varma
- Makeup by Roshan G.
- Lyrics by Vayalar Sarathchandra Varma
- Music by Alex Paul
- Stunts by Name
- Choreography by Brinda
- Stills by Vivi
- Designs by Ideas Inc.
- Banner: Ousepachan Movie House
- Released on: 2016 Apr 02
No comments :
Post a Comment