കലി (Review: Kali)

Published on: 3/27/2016 06:04:00 PM

കലി: കലിത്തമുള്ളൊരു കലക്കൻ പടം!

ഹരീ, ചിത്രവിശേഷം

Kali: Chithravishesham Rating [7.50/10]
പ്രതീക്ഷയുടെ അമിതഭാരവുമായെത്തുന്ന ചിത്രങ്ങൾ തിയേറ്ററുകളിൽ ചലനമുണ്ടാക്കാതെ പോവുന്നത് പുതിയ കാര്യമൊന്നുമല്ല. പോയ വർഷത്തെ അക്കാദമിയുടെ മികച്ച നടനുള്ള പുരസ്കാരം 'ചാർലി'യിലൂടെ സ്വന്തമാക്കിയ ദുൽഖർ സൽമാനും, 'പ്രേമ'ത്തിലെ മലരെന്ന ഒറ്റ വേഷത്തിലൂടെ മലയാളികളുടെ മനസിലിടം നേടിയ സായ് പല്ലവിയും ഒരുമിക്കുമ്പോൾ, 'കലി'യുടെ പ്രതീക്ഷകൾ വാനോളമെത്തുന്നു. സംവിധായകന്റേതായി മുൻപിറങ്ങിയ 'ചാപ്പാ കുരിശും' തുടർന്നിറങ്ങിയ 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി'യുമൊക്കെ കണ്ടിഷ്ടപ്പെട്ടവർക്ക്, സമീർ താഹിറിന്റെ പുതിയ ചിത്രവും പ്രതീക്ഷകൾ കാക്കുന്നു എന്നു കേൾക്കുമ്പോൾ അതിശയമുണ്ടാവില്ല. ഇനി അതിലത്ര വിശ്വാസം വരാത്തവർക്കും കണ്ടു നോക്കാവുന്നൊരു ചിത്രം തന്നെ 'കലി'.

ആകെത്തുക : 7.50 / 10

  • കഥയും കഥാപാത്രങ്ങളും
  • സംവിധാനം
  • അഭിനയം
  • സാങ്കേതികം
  • സംഗീതം/നൃത്തം/ആക്ഷന്‍
  • 6.00 / 10
  • 7.00 / 10
  • 8.00 / 10
  • 4.50 / 05
  • 4.50 / 05
ചെറിയൊരു കഥാതന്തു രസകരമായി വികസിപ്പിച്ചിരിക്കുന്നു രചയിതാവായ രാജേഷ് ഗോപിനാഥൻ 'കലി'ക്കായി. അതെത്രയും മികവോടെ തിരശീലയിലെത്തിച്ചു എന്നതിൽ സമീർ താഹിറും പ്രശംസയർഹിക്കുന്നു. മൂക്കിന്റെ തുമ്പത്തു ദേഷ്യമുള്ള സിദ്ധാർത്ഥനും, അതു മയപ്പെടുത്തി കൊണ്ടുപോവുന്ന സൗമ്യയായ അഞ്ജലിയും; ഈ രണ്ടു കഥാപാത്രങ്ങളിലൂടെയാണ് ചിത്രത്തിന്റെ വികാസം. സ്വാഭാവികമായി സംഭവിച്ചു പോവുന്ന രീതിയിൽ പുരോഗമിക്കുന്ന സിനിമ, ഒരു ഘട്ടം കഴിയുന്നതോടെ പ്രേക്ഷകരുടെ നെഞ്ചിടിപ്പു കൂട്ടുന്നു. എങ്കിലും ചില കല്ലുകടികൾ അവിടവിടെ ഇല്ലെന്നല്ല. പക്ഷെ, കണ്ടിരിക്കുന്ന രസത്തിൽ അവയൊക്കെ വിട്ടുകളയും കാണികൾ.


ക്ഷുഭിതയൗവനം എന്നൊക്കെ വിളിക്കപ്പെടാവുന്ന കഥാപാത്രങ്ങൾ ദുൽഖറിത് ആദ്യമായല്ല ചെയ്യുന്നത്. ഏതാണ്ടാ ശൈലിയിലൊക്കെ തന്നെ ആദ്യാവസാനം ചൂടനായി നിൽക്കുന്ന സിദ്ധാർത്ഥനെയും ദുൽഖർ മികച്ചതാക്കി. മലരിൽ നിന്നും അഞ്ജലിയിലേക്കുള്ള ദൂരം അനുഭവിപ്പിക്കുന്നുണ്ട് സായ് പല്ലവി. കഥാപാത്രത്തെ മസിനഗുഡിക്കാരിയാക്കി പല്ലവിയുടെ മലയാളത്തെ സംവിധായകൻ രക്ഷിച്ചെടുക്കുന്നു. ജോണെന്ന കഥാപാത്രമായി വിനായകനും ചക്കരയായി ചെമ്പൻ വിനോദ് ജോസും - ചിത്രത്തിലെ ശക്തമായ സാന്നിധ്യമാവുന്നു ഇവരിരുവരും. നായകനും നായികയുമല്ല, ഈ രണ്ടു കഥാപാത്രങ്ങളാണ് 'കലി'യുടെ ജീവനെന്ന് പറഞ്ഞാലും തെറ്റില്ല. സൗബിൻ ഷാഹിർ, സിദ്ധാർത്ഥ് ശിവ, വി.കെ. പ്രകാശ്, കുഞ്ചൻ തുടങ്ങി മറ്റു ചില അഭിനേതാക്കളും ചിത്രത്തിലുണ്ട്.


ഗിരീഷ് ഗംഗാധരൻ പകർത്തി, വിവേക് ഹർഷന്റെ ചിത്രസന്നിവേശത്തിലൂടെ തിരശീലയിലത്തിയ ദൃശ്യങ്ങളിൽ ആവശ്യമുള്ള തീവ്രത പ്രകടം. ഗോപി സുന്ദറിന്റെ ഉയർന്നു താഴുന്ന പശ്ചാത്തലസംഗീതം കൂടി യുക്തമായി ചേരുമ്പോൾ 'കലി' പ്രേക്ഷകരെ ത്രസിപ്പിച്ചിരുത്തുന്നു. സിദ്ധുവിന്റെയും അഞ്ജലിയുടെയും പ്രണയത്തിനും ജീവിതത്തിനും കൂട്ടായാണ് ചിത്രത്തിലെ രണ്ടു ഗാനങ്ങളെത്തുന്നത്. ബി.കെ. ഹരിനാരായണനെഴുതി ഗോപി സുന്ദർ ഈണമിട്ട ഈ രണ്ടു ഗാനങ്ങളും ചിത്രത്തിൽ നന്നായി ഉപയോഗിക്കപ്പെട്ടിരിക്കുന്നു.

A simple theme presented in style, 'Kali' connects easily to the audience, engages them and entertains.
അഭിനേതാക്കളേയും ഒപ്പം സങ്കേതികപ്രവർത്തകരേയും കൃത്യമായി ഉപയോഗിച്ചു ചെയ്തെടുത്തൊരു നല്ല വിനോദചിത്രമായി 'കലി'യെ അടയാളപ്പെടുത്താം. വെറുതേ ചൂടായിട്ടു പ്രത്യേകിച്ചു കാര്യമൊന്നുമില്ല, പകരം സംയമനത്തോടെ സാഹചര്യങ്ങളോട് ഇടപെടാൻ ശ്രമിക്കണമെന്നാണ് ചിത്രം പറഞ്ഞു വെയ്ക്കുന്നത്. സിദ്ധാർത്ഥന്റെ ചൂട് നമ്മൾ പലർക്കും അനുഭവത്തിലറിയാമെന്നതിലാൽ കഥാപാത്രങ്ങളും സിനിമയും വളരെ പെട്ടെന്നു തന്നെ കാണികളുടെ മനസോടു ചേരും. രസക്കൂട്ടുകൾ പാകത്തിനു ചേരുന്നതിനാൽ തന്നെ, ഏവർക്കും കലിപ്പില്ലാതെ കണ്ടിറങ്ങാനുമാവുന്നുണ്ട് ഈ ചിത്രം. ഇവയൊക്കെ കൊണ്ടു തന്നെ സമീർ താഹിറിന്റെയും ഒപ്പം ദുൽഖറിന്റെയും ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ 'കലി' ഇടം നേടുമെന്നു തന്നെ കരുതാം.

Cast & Crew

Cast
Dulquer Salmaan, Sai Pallavi, Vinayakan, Chemban Vinod Jose, Soubin Shahir, Kunchan, V.K. Prakash, Sidhartha Siva, Nebish Benson, Thanseel P.S. etc.
Crew
Directed by Sameer Thahir
Produced by Ashiq Usman, Shyju Khalid, Sameer Thahir
Story, Screenplay, Dialogues by Rajesh Gopinadhan
Cinematography by Gireesh Gangadharan
Film Editing by Vivek Harshan
Background Score, Music by Gopi Sundar
Art Direction by Gokul Das
Costume Design by Mashar Hamsa
Makeup by Ronnex Xavier
Lyrics by B.K. Harinarayanan
Stunts by Name
Choreography by Name
Stills by Vishnu Thandassery
Designs by Thought Station
Banner: Hand Made Films
Released on: 2016 Mar 26

No comments :

Post a Comment