പ്രേമം (Review: Premam)

Published on: 6/02/2015 09:31:00 AM

പ്രേമം: പ്രേമമാണഖിലസാരമൂഴിയില്‍!

ഹരീ, ചിത്രവിശേഷം

Premam: Chithravishesham Rating [8.50/10]
"എന്തുവാടേ ഈ പ്രേമം?" എന്ന ചോദ്യം നാം മുന്‍പും പലവുരു കേട്ടിട്ടുണ്ട്, പലരും പലതു പറഞ്ഞിട്ടുമുണ്ട്. എന്നാലവയൊന്നും ആല്‍ഫോണ്‍സ് പുത്രന്‍ 'പ്രേമ'ത്തിലൂടെ പറയുന്ന, സോറി കാട്ടിത്തരുന്ന, പ്രേമത്തോളം വരില്ല തന്നെ. പൈങ്കിളിയൊണ്ട്, ഒലിപ്പീരൊണ്ട്, സൌഹൃദമൊണ്ട്, തരികിടകളൊണ്ട്, അക്കിടികളൊണ്ട്, തല്ലൊണ്ട്, ഇഷ്ടമൊണ്ട്, കലിപ്പൊണ്ട്, പാരകളൊണ്ട്, ശകാരങ്ങളൊണ്ട്, സ്വപ്നങ്ങളൊണ്ട്, ചിരിയൊണ്ട്, പാട്ടൊണ്ട്, മലരൊണ്ട്; ഒറ്റയ്ക്ക് നില്‍ക്കുന്നൊരു വികാരമല്ല, ഇതൊക്കെ ചേരുന്നൊരു അനുഭവമാണ്‌ അല്‍ഫോണ്‍സ് പുത്രന്‍റെ 'പ്രേമം'. ("ഇതും വായിച്ചോണ്ടിരിക്കാതെ പോയി പടം കാണെന്ന്... കണ്ടിട്ടു വന്നിട്ട് മതീന്ന് ബാക്കി വായന!") നിവിന്‍ പോളിയുടെ നേരം തെളിയിച്ച 'നേര'മെടുത്ത ആല്‍ഫോണ്‍സ് ഈ വരവിലും നിവിനെ കൈവിടുന്നില്ല. ഒപ്പമുണ്ട് സായ് പല്ലവി, മഡോണ സെബാസ്റ്റ്യന്‍ / ഇവ പ്രകാശ്, അനുപമ പരമേശ്വരന്‍ എന്നീ നായികമാരും, കൂട്ടുകാരായി കൃഷ്ണ ശങ്കറും ശബരീഷ് വര്‍മ്മയും പിന്നെ ഒരുപിടി പുതുമുഖങ്ങളും. നിര്‍മ്മാണം, അന്‍വര്‍ റഷീദ് എന്‍റര്‍ടൈന്മെന്‍റിന്‍റെ ബാനറില്‍ അന്‍വര്‍ റഷീദ്. ("ഹല്ലാ, നിങ്ങളിനീം പോയില്ലേ!"‍)

ആകെത്തുക : 8.50 / 10

  • കഥയും കഥാപാത്രങ്ങളും
  • സംവിധാനം
  • അഭിനയം
  • സാങ്കേതികം
  • സംഗീതം/നൃത്തം/ആക്ഷന്‍
  • 9.00 / 10
  • 8.00 / 10
  • 8.00 / 10
  • 4.50 / 05
  • 4.50 / 05
പ്രീഡിഗ്രിക്കാരനായ ജോര്‍ജ്ജ് ഡേവിഡിന്‍റെ (നിവിന്‍ പോളി) പ്രണയ ചാപല്യങ്ങള്‍ - മേരി ജോര്‍ജ്ജിനെ (അനുപമ പരമേശ്വരന്‍) തന്‍റെ ഇഷ്ടമെങ്ങനെ ഒന്നറിയിക്കണമെന്ന് വണ്ടറടിച്ചു നടക്കുന്ന സമയം; (കൊറേ) ഇരുട്ടി വെളുക്കുമ്പോളേക്കും ജോര്‍ജ്ജും കോയയും (കൃഷ്ണ ശങ്കര്‍), ശംഭുവും (ശബരീഷ് വര്‍മ്മ) പി.ജി. ക്ലാസിന്‍റെ ലാസ്റ്റ് ബഞ്ചില്‍. അവിടെ ഗസ്റ്റ് ലക്ചററായെത്തുന്ന മലരിനോട് (സായ് പല്ലവി) ജോര്‍ജ്ജിന്‌ അസ്ഥിയില്‍ പിടിച്ച പ്രണയം, പിന്നെ പ്രണയനഷ്ടം. കാലം പിന്നെയും മറിഞ്ഞ് രണ്ടായിരത്തിപ്പതിനാലിലെത്തുമ്പോള്‍ ജോര്‍ജ്ജൊരു കഫെ നടത്തുന്നു. പേരന്‍റ്സിനോട് നേരിട്ട് ആലോചിക്കട്ടെ എന്ന പക്വത വന്ന ജോര്‍ജ്ജിന്‍റെ ചോദ്യം കടയിലൊരു കേക്കുവാങ്ങാനെത്തുന്ന സെലീനയോട്. അതെങ്കിലും നടക്കുമോ ഇല്ലയോ എന്നത് 'പ്രേമ'ത്തിലെ ചെറിയ സസ്പെന്‍സ്. ("ഇത്രയും തന്നെ അറിയാണ്ടിരിക്കുന്നതാ രസം; പറഞ്ഞേ, കണ്ടിട്ടു വന്ന് വായിക്കാന്‍.") കുറുമ്പനായ ജോര്‍ജ്ജ്, പോക്കിരിയായ ജോര്‍ജ്ജ്, ഗൌരവക്കാരനായ ജോര്‍ജ്ജ് - മൂന്നു കാലത്തെ മൂന്ന് ഗെറ്റപ്പ് - വാക്കിലും നോക്കിലും നടപ്പിലും ഇരുപ്പിലുമെല്ലാം മാറ്റിമാറ്റിപ്പിടിച്ച് നിവിന്‍ പോളി കസറി. അങ്ങനൊറ്റയ്ക്കങ്ങ് കസറാന്‍ വിടുന്നില്ല ആദ്യാവസാനം കൂട്ടുകാരായി ഒപ്പമുള്ള ശബരീഷും കൃഷ്ണ ശങ്കറും. നായികമാരില്‍ ആരുമെച്ചം എന്നാണെങ്കില്‍, കഥാപാത്രങ്ങളുടെ സാധ്യതകള്‍ മാറ്റിവെച്ചു ചിന്തിച്ചാല്‍, സായ് പല്ലവിയും അനുപമയും മഡോണയും ഒന്നിനൊന്ന് മെച്ചമെന്ന് പറയേണ്ടി വരും. വിനയ് ഫോര്‍ട്ടിന്‍റെ കോളേജ് ലക്ചറര്‍, സൌബിന്‍ സഹീറിന്‍റെ പി.ടി. മാസ്റ്റര്‍, രണ്‍ജി പണിക്കരുടെ ഡേവിഡ്, വില്‍സണ്‍ ജോസഫിന്‍റെ ജോജോ; ഓര്‍ത്തുവെയ്ക്കാവുന്ന കഥാപാത്രങ്ങളുടെ ലിസ്റ്റ് നീളും. കഥാപാത്രങ്ങള്‍ക്കായി ഈ അഭിനേതാക്കളെ നിശ്ചയിച്ച ആല്‍ഫോണ്‍സ് പുത്രന്‍റെ കൂടി വിജയമാണ്‌, കാണികള്‍ കഥാപാത്രങ്ങളെ സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ കൂടെ കൂട്ടുന്നത്.

രാജേഷ് മുരുഗേശന്‍റെ ഈണങ്ങളില്‍ ശബരീഷ് വര്‍മ്മയെഴുതിയ ചിത്രത്തിലെ പാട്ടുകള്‍, അല്ല അവയൊക്കെ സിനിമ തന്നെയാണ്‌. 'കാലം കെട്ടു പോയ്...', 'പതിവായ് ഞാന്‍...', 'കലിപ്പ്', 'സീന്‍ കോണ്ട്ര' എന്നിവയുടെ ആലാപനത്തിലെയും അവതരണത്തിലെയും വ്യത്യസ്തത ചിത്രത്തിന്‍റെ തന്നെ ഹൈലൈറ്റാവുന്നു. ഇനി പലവട്ടം കേള്‍ക്കാന്‍ കൊതിക്കുന്ന മെലഡി വേണ്ടവര്‍ക്ക് "ആലുവ പുഴ..."യും "മലരേ..."യുമുണ്ട്. ഇനി ഡപ്പാം കൂത്തിനാണേല്‍ "റോക്കാന്‍കൂത്ത്" എന്ന തിമിര്‍പ്പ് പാട്ടുമുണ്ട്. പാട്ടിലെ നൃത്തവും പ്രാധാന്യത്തോടെ ചിത്രത്തില്‍ നിറയുന്നു. ആട്ടവും പാട്ടുമൊക്കെ സിനിമേല്‍ ചേര്‍ക്കുവാണേല്‍ ഇങ്ങനെ ചേര്‍ക്കണം എന്നു കാട്ടിത്തരുന്നുണ്ട് ആല്‍ഫോണ്‍സ് പുത്രന്‍ 'പ്രേമ'ത്തിലൂടെ.

Alphonse Puthren defines 'Premam' as a mix of feelings, emotions and happenings. For those who are in for entertainment, the film will serve cent percent.
കാഴ്ചകള്‍ കാട്ടിത്തരുന്നതിനപ്പുറം കാണികളെ കാഴ്ചയുടെ ഭാഗമാക്കുന്നുണ്ട് ആനന്ദ് സി. ചന്ദ്രന്‍റെ ഛായാഗ്രഹണം. നമുക്ക് ചുറ്റുമുള്ള പൂമ്പാറ്റകളും ഉറുമ്പുകളും കുരുവിയും തവളയുമൊക്കെ എങ്ങനെയാവും നമ്മളെ കാണുകയെന്ന മട്ടിലാണ്‌ പല ഫ്രയിമുകളും. തന്‍റേതായ ആഖ്യാനരീതികളെ സ്വാഭാവികമാക്കുവാന്‍ ചിത്രസന്നിവേശകന്‍റെ കൂടി കടമ നിറവേറ്റുക വഴി ആല്‍ഫോണ്‍സിനു സാധിക്കുന്നു. അത്തരത്തില്‍ വേറിട്ടൊരു ശ്രമം/സ്വഭാവം കാണാതെ പോയത് കോളേജ് പിള്ളാരുടെ തല്ലു സീനിലാവും. വീട്ടില്‍ ശൌചാലയമില്ല, വരനു കണക്കറിയില്ല പോലൊരു ചിരിയില്‍ കാര്യമുള്ള കാരണം സെലീനയുടെ കെട്ടു മുടക്കാന്‍ കണ്ടെത്താമായിരുന്നു. ഒരു പക്ഷെ, അത്രകണ്ട് ഏശാതെ പോയതും അല്‍ഫോണ്‍സ് പുത്രന്‍റെ റോണി തന്നെയാവും.

സംവിധായകന്‍റെ കൈയ്യൊപ്പ് പതിഞ്ഞ ചിത്രമെന്ന കേട്ടു പഴകിയ വാചകമൊന്നും 'പ്രേമ'മെങ്ങിനെ ആല്‍ഫോണ്‍സ് പുത്രനെന്ന സംവിധായകനെ അടയാളപ്പെടുത്തുന്നു എന്നു പറയുവാനായി ആവര്‍ത്തിക്കുന്നില്ല. അതങ്ങിനെ ഓരോ ഫ്രയിമിലും, ഒന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള സഞ്ചാരഭദ്രതയിലും തെളിഞ്ഞു കിടപ്പുണ്ട് ആദ്യാവസാനം. കഥയിലോ കഥാപാത്രങ്ങളിലോ അല്ല, അവതരണകൌശലത്തിലാണ്‌ 'പ്രേമ'ത്തില്‍ പുതുമകളത്രയും. ജോര്‍ജ്ജിനെ കൂടെക്കൂട്ടാതെ പെമ്പിള്ളാരോ, മലരിനെ പ്രണയിക്കാതെ ചെക്കന്മാരോ തിയേറ്റര്‍ വിടാത്തതിനു കാരണവും ആ സംവിധായകകൌശലം തന്നെ. ഇതെഴുതി നിര്‍ത്തുമ്പോള്‍, ആല്‍ഫോണ്‍സിനോടും കൂട്ടരോടും പറയാനും ചോദിക്കാനും ഇത്രമാത്രം: "ഇതു കസറി, അടുത്തതെപ്പഴാ ഡ്യൂഡ്സ്?"
മറുകുറി: സിനിമയിലൂടെ ദേശീയോഗ്രഥനം വരണം, സാമൂഹികപ്രാധാന്യമുള്ള സന്ദേശങ്ങളുണ്ടാവണം, സത്‍സ്വഭാവം വളര്‍ത്തണം എന്നിങ്ങനെയൊക്കെ നിര്‍ബന്ധമുള്ളവര്‍ ഇതിനു തലവെയ്ക്കണമെന്നില്ല. (ഇനി വെച്ചാല്‍ ചിലപ്പോള്‍ ഈ നിലപാടൊക്കെ എടുത്തു ചവറ്റുകുട്ടയില്‍ ഇടേണ്ടി വരും, അതു വേറെ കാര്യം!) ഇതു വിനോദം മാത്രം ലക്ഷ്യം വെച്ചുള്ള ഒരു സിനിമയാണ്‌, അതല്ലാതെയിതിലൊന്നുമില്ല!

Cast & Crew

Cast
Nivin Pauly, Sai Pallavi, Krishna Shankar, Shabareesh Varma, Madonna Sebastian, Anupama Parameshwaran, Maniyanpilla Raju, Eva Prakash, Alphonse Putharen, Vinay Forrt, Renji Paniker, Alphonse Putharen, Althaf Salim, Jude Anthany Joseph, Wilson Joseph, Anju Kurian, Rinsa Jacob, Soubin Sahir, Aishwarya Raghavan Nair, Deepak Nathan etc.
Crew
Directed by Alphonse Puthren
Produced by Anwar Rasheed
Story, Screenplay, Dialogues by Alphonse Puthren
Cinematography by Anand C. Chandran
Film Editing by Alphonse Putharen
Music by Rajesh Murugesan
Art Direction by Sunil Babu
Costume Design by Sameera Saneesh
Makeup by Ronex Xavier
Lyrics by Shabareesh Varma, Pradeep Palar
Sound Design by Vishnu Govind, Sree Sankar
Choreography by Name
Stills by Vishnu Thandassery
Designs by Thouts Station
Banner: Anwar Rasheed Entertainments
Released on: 2015 May 29

No comments :

Post a Comment