മി. ഫ്രോഡ്: വെടിപ്പായി വഹിച്ചത് കാണികളെ!
ഹരീ, ചിത്രവിശേഷം
![Mr. Fraud: A film by B. Unnikrishnan starring Mohanlal, Mia George, Siddique, Vijay Babu etc. Film Review by Haree for Chithravishesham. Mr. Fraud: Chithravishesham Rating [4.50/10]](http://2.bp.blogspot.com/-6RvDJDqaN7k/U3eMSdLY1xI/AAAAAAAAKwI/7T2GalwzCj0/s1600/2014-05-17_Mr-Fraud.jpg)
നായിക മൂളുന്ന ഈണത്തിന്റെ രാഗം പറഞ്ഞും, പാടി നിർത്തിയത് മുഴുമിപ്പിച്ചും, പാടിയും വയലിൻ മീട്ടിയും സദസ്യരെ കൈയ്യിലെടുത്തും, ഇതൊന്നും പോരാഞ്ഞു ഇടയ്ക്കിടെ തൻപൊരിമ പറഞ്ഞും ആളാവുന്നൊരു നായകനെയാണ് ഉണ്ണികൃഷ്ണൻ കാട്ടിത്തരുന്നത്. ആളു ഫ്രോഡാണെങ്കിലും, നടൻ ലാലാവുമ്പോൾ പിന്നെ ഇതൊക്കെ വേണമല്ലോ! കഥാപാത്രങ്ങൾക്കല്ലാതെ താരങ്ങളുടെ വായിൽ ഡയലോഗ് ഫിറ്റ് ചെയ്യുന്ന തരികിട പരിപാടിയിൽ അഭിരമിക്കുന്നുമുണ്ട് രചന കൂടി ചെയ്ത സംവിധായകൻ. ഒരു കൊട്ടാരത്തിലെ അറയിൽ പതിറ്റാണ്ടുകളായി സൂക്ഷിച്ചിരിക്കുന്ന നിധി, ആ നിധിയിൽ കണ്ണുനട്ടു രാജകുടുംബാംഗങ്ങൾ, കേസും സ്റ്റേയും മൂല്യനിർണ്ണയവും - കേരളത്തിൽ സമീപകാലത്തുണ്ടായ നിധി വാർത്തകളുടെ പശ്ചാത്തലം ഉപയോഗപ്പെടുത്തിയാണ് ചിത്രത്തിന്റെ പ്രമേയം തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ പിന്നീട് ചിത്രത്തിൽ നടക്കുന്നതെല്ലാം - സംഭവങ്ങൾക്കു നായകന്റെ പൂർവ്വകാലവുമായി ബന്ധം വരുത്തൽ, അതുവരെ നല്ലവനെന്ന് തോന്നുന്നൊരാളെ പിടിച്ചു വില്ലനാക്കൽ, പിന്നെല്ലാവരേയും നായകൻ സ്വന്തം ‘ബുദ്ധികൂർമ്മത’യിൽ തുരത്തൽ - പതിവിൻ പടി കാര്യങ്ങൾ തന്നെ. അല്പം നരമുടിയുമായി സഫാരി സ്യൂട്ടിൽ മോഹൻലാലിന്റെ തെക്ക് വടക്ക് നടപ്പും, ആരാധകർക്ക് കൈയ്യടിക്കാൻ പാകത്തിൽ വാചകമടിയും, പിന്നെ ചില തരികിട നമ്പരുകൾ കാണിക്കലുമൊക്കെയായി ഫ്രോഡിനെ ഊതിവീർപ്പിച്ചിട്ടുണ്ടെന്നു മാത്രം. കേവലം കണ്ണിൽ പൊടിയിടലുകൾക്കപ്പുറം ഇത്തരമൊരു ചിത്രത്തിൽ പ്രതീക്ഷിക്കുന്ന കഥാകൌശലമോ ബുദ്ധികൂർമ്മതയോ ഒന്നും പൊടിക്കുപോലുമില്ലെന്നത് പോട്ടെ, ഉള്ളതിലല്പം വിശ്വസനീയത കൊണ്ടുവരുവാനെങ്കിലും ശ്രമമുണ്ടായിരുന്നെങ്കിൽ കുറച്ചെങ്കിലും ആശ്വാസത്തിനു വകയുണ്ടായിരുന്നു.
അഭിനയത്തിലെ അനായാസതയിൽ മോഹൻലാലിന്റെ മി. ഫ്രോഡിനെ കണ്ടിരിക്കാം. ആദ്യാവസാനം ഇസ്തരിയിട്ട സാരിയിൽ, ഒരേ ഭാവത്തിലാണ് മിയ ജോർജ്ജെങ്കിലും ഇടയ്ക്കൊരല്പം ഗൌരവം കഥാപാത്രത്തിനു വരുന്നുണ്ട്, ആ ഭാഗം മിയ ഭംഗിയാക്കുകയും ചെയ്തു. സിദ്ദിഖും സായികുമാറും അശ്വിൻ മാത്യുവുമാണ് കൂട്ടത്തിൽ മികച്ചു നിൽക്കുന്ന ഇതര അഭിനേതാക്കൾ. ദേവ് ഗില്ലും പല്ലവി പുരോഹിത്തുമാവട്ടെ അഭിനയിച്ചു കുളമാക്കിയവരുടെ പട്ടികയിലും ഇടം നേടുന്നുണ്ട്. ഇടയ്ക്കിടെ ഫ്രയിമുകളിൽ സാന്നിധ്യമറിയിക്കുക എന്നതിലപ്പുറം, അഭിനേതാക്കളുടെ നീണ്ട നിരയിൽ പലർക്കും ചിത്രത്തിൽ മറ്റൊന്നും ചെയ്യുവാനുമില്ല.
'Mr. Fraud' takes the audience for granted and hardly make things convincing. Take it as a conman story or a heist film, the movie fails to impress!
വേഗതയിൽ ക്യാമറ ചലിയ്ക്കുന്ന ചില ഭാഗങ്ങളിൽ അഭിനേതാക്കൾ ഫോക്കസിനു പുറത്തായി എന്നതൊഴിച്ചാൽ സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണം ചിത്രത്തിനുതകുന്നു. ഗ്രാഫിക്സും ഇടയ്ക്കുപയോഗിച്ച് ദൃശ്യങ്ങളെ മുഷിപ്പിക്കാതെ ചേർത്തൊരുക്കുവാൻ മനോജിനുമായി. ഗോപി സുന്ദറിന്റെ പശ്ചാത്തലസംഗീതം പലപ്പോഴും ശബ്ദകോലാഹലം മാത്രമായി പരിണമിച്ചു. നായകൻ പാടി തകർക്കുന്ന രണ്ടു ഗാനങ്ങളുണ്ടെങ്കിലും, മികവിലേക്കെത്തുന്നില്ല രണ്ടും. സിതാര പാടിത്തുടങ്ങി സുദീപ് പൂർത്തിയാക്കുന്ന “സദാപാലയ...”യെന്ന കീർത്തനത്തിന്റെ പരിഷ്കൃത രൂപമാണ് സമാധാനമായി കേൾക്കുവാനുതകുന്നയൊന്ന്. ഒരു കാര്യവുമില്ലാതെ ഇടയ്ക്കു ചേർത്തിരിക്കുന്ന അടിപിടി രംഗവും പിന്നൊടുവിലെ വെടിവെപ്പുമൊന്നും, ചതി കലയാക്കിയ ഒരുവനു ചേരുന്ന രീതിയിലെന്നും തോന്നിയില്ല.ചിത്രത്തിൽ ഫ്രോഡു നായകൻ ആവർത്തിക്കുന്നൊരു ഡയലോഗുണ്ട്, പുള്ളിയെ വിശ്വാസത്തിലെടുക്കുന്നത് സാഹസമാണെന്നാണ് അതിലങ്ങോർ പറഞ്ഞുവെയ്ക്കുന്നത്. ഇതിപ്പോൾ ബി. ഉണ്ണികൃഷ്ണൻ നമ്മോട് പറയുന്നതായുമെടുക്കാം. പുള്ളിയെ വിശ്വസിച്ചൊരു പടത്തിനു കയറുന്നത് ഒരിത്തിരി സാഹസം തന്നെയാണ്. ആ സാഹസത്തിനു മനസുള്ളവർക്ക് ചുമ്മാ കണ്ടിറങ്ങാവുന്നൊരു പടം തന്നെ ‘മി. ഫ്രോഡ്’. അതിനപ്പുറം എന്തെങ്കിലും പ്രതീക്ഷകളുള്ളവർ തലവെയ്ക്കാതിരിക്കുകയാവും ബുദ്ധി.
മറുപുറം: ചിത്രത്തിന്റെ പ്രമേയവുമായി പ്രത്യേകിച്ചു ബന്ധമൊന്നുമില്ലെങ്കിലും, പീഢനത്തിനിരയായ പെൺകുട്ടിയെക്കൊണ്ട് ഒന്നു കുളിച്ചാൽ തീരുന്ന അശുദ്ധിയേ തനിക്കുള്ളൂ എന്നു പറയിപ്പിക്കുവാനും, അവളെ മോശക്കാരിയല്ലാതെ കാട്ടുവാനും മനസുവെച്ചതിനു സംവിധായകനൊരു സ്പെഷ്യൽ കൈയ്യടി.
- Cast
- Mohanlal, Mia George, Siddique, Vijay Babu, Dev Gill, Saikumar, Rahul Madhav, Manjari Phadnis, Ashvin Matthew, Pallavi Purohit, Vijayakumar, Suresh Krishna, Devan, P. Balachandran, Sathaar, Balachandran Chullikkadu, Amritha Anilkumar, V.K. Sreeraman, Kalasala Babu, Manjari Phadnis, Idavela Babu, Gopi Sundar (cameo appearance), Balabhaskar (cameo appearance) etc.
- Crew
- Directed by B. Unnikrishnan
- Produced by A.V. Anoop
- Story, Screenplay, Dialogues by B. Unnikrishnan
- Cinematography by Satheesh Kurup
- Film Editing by Manoj
- Background Score / Music by Gopi Sunder
- Art Direction by Joseph Nellikkal
- Costume Design by S.B. Satheesan
- Makeup by Pradeep Rangan
- Lyrics by Chittoor Gopi, Harinarayanan
- Stunts by Silva
- Stills by Sinat Savier
- Designs by Collins Leophil
- Banner: A.V.A. Productions
- Released on: 2014 May 17
No comments :
Post a Comment