ഹൗ ഓൾഡ് ആർ യു: പ്രായം തളർത്താതെ, സ്വപ്നം മറക്കാതെ...
ഹരീ, ചിത്രവിശേഷം
![How Old Are You: A film by Rosshan Andrrews starring Manju Warrier, Kunchacko Boban, Kaniha, Amritha Anil etc. Film Review by Haree for Chithravishesham. How Old Are You: Chithravishesham Rating [7.00/10]](http://1.bp.blogspot.com/-QCQKum7LK0s/U3jWTqenS6I/AAAAAAAAKwg/jKKC9GwTYW8/2014-05-17_How-Old-Are-You.jpg)
തിരഞ്ഞെടുത്ത പ്രധാന വിഷയവും ഇടയ്ക്ക് സാന്ദർഭികമായി കടന്നു വരുന്ന മറ്റു ചില ചെറു വിഷയങ്ങളും - ഇവയെ നല്ലരീതിയിൽ ഇണക്കിച്ചേർത്തൊരു കഥ മെനയുവാൻ ബോബി-സഞ്ജയ് ദ്വയത്തിനായി. ശക്തമായ ഒരു നായികാ കഥാപാത്രത്തെയും, വ്യക്തിത്വമുള്ള കൂട്ടുവേഷങ്ങളേയും സൃഷ്ടിക്കുന്നതിലും ഇരുവരും മിടുക്കു കാട്ടി. ചിന്തയ്ക്കു വക നൽകുന്ന ചില ആശയങ്ങളും സംഭാഷണങ്ങളും സിനിമയിൽ കൊണ്ടുവരുവാനുമായി ഇരുവർക്കും. എന്നാലോ പൂർണമായും പണിക്കുറവു തീർത്തൊരു തിരനാടകമാക്കി കൈയിലുള്ള പ്രമേയത്തെ മാറ്റിയെടുക്കുവാൻ മനസുവെയ്ക്കാഞ്ഞതിന്റെ കുറവുകൾ പലപ്പോഴും പ്രകടവുമായി. നോട്ടക്കുറവുകളും പിശകുകളും എണ്ണിയെടുക്കാവുന്ന മട്ടിൽ ചിത്രത്തിലുണ്ട്. പലപ്പോഴും ഇത്തരത്തിൽ ദുർബലമാവുന്ന തിരക്കഥയ്ക്കു താങ്ങാവുന്നത് നിരുപമയെന്ന നായികയെ ഉപമകളില്ലാതെ അവതരിപ്പിച്ച മഞ്ജു വാര്യരുടെ അഭിനയമികവു തന്നെ; ഒപ്പം റോഷൻ ആൻഡ്രൂസിന്റെ സംവിധാനകുശലതയും.
‘കന്മദ’ത്തിലെ ഭാനുവിനെപ്പോലെയോ അല്ലെങ്കിൽ ‘പത്ര’ത്തിലെ ദേവികയെപ്പോലെയോ തന്റേടക്കാരിയായ ഒരു നായികയല്ല ഇതിലെ മഞ്ജു വാര്യർ. മുപ്പതുകളിൽ, പ്രായത്തിന്റെ പരാധീനതകളിൽ, കുടുംബത്തിന്റെ പരിമിതികളിൽ സ്വപ്നങ്ങൾ മറന്നു ജീവിക്കുന്നൊരു സാധാരണ വീട്ടമ്മയാണ് ഇതിലെ നിരുപമ. നിസ്സഹായയായ വീട്ടമ്മയെ വളരെ വിശദമായി ചിത്രം പരിചയപ്പെടുത്തുമ്പോൾ, അതിൽ നിന്നുമുള്ള നിരുപമയുടെ ഉയർച്ചയും വളർച്ചയും പ്രതിഫലിപ്പിക്കുന്ന രംഗങ്ങൾ ശുഷ്കമായത് ഒടുവിൽ ചിത്രത്തിന്റെ ശോഭ കുറയ്ക്കുന്നുണ്ട്. ഇതൊഴിച്ചു നിർത്തിയാൽ ഓർത്തുവെയ്ക്കുവാൻ പാകത്തിലൊരു നായികയായി മഞ്ജു വാര്യർ തിളങ്ങുന്നുണ്ട് ചിത്രത്തിൽ ആദ്യാവസാനം. സഹവേഷങ്ങളിലെത്തിയ കുഞ്ചാക്കോ ബോബനും ഫിനയ് ഫോർട്ടും മുത്തുമണിയും അമൃത അനിലുമെല്ലാം നല്ല പിന്തുണ നൽകി മഞ്ജുവിനൊപ്പമുണ്ട്. ഇവർക്കിടയിൽ ചെറുതെങ്കിലും മനസിൽ തൊടുന്നൊരു കഥാപാത്രമായി സേതുലക്ഷ്മിയും ഇടയ്ക്ക് അത്ഭുതപ്പെടുത്തുന്നു. കനിഹ, ലാലു അലക്സ്, കലാരഞ്ജിനി, വനിത കൃഷ്ണചന്ദ്രൻ, സിദ്ധാർത്ഥ ബസു, കുഞ്ചൻ, തെസ്നി ഖാൻ തുടങ്ങിയവരൊക്കെയാണ് ചിത്രത്തിലുള്ള ഇതര അഭിനേതാക്കൾ.
A well crafted plot along with some interesting subplots makes 'How Old Are You' worth a watch while the shining performance of Manju Warrier makes it a must watch!
ദിവാകരന്റെ ഛായാഗ്രഹണവും മഹേഷ് നാരായണന്റെ സന്നിവേശവും ചിത്രത്തിന്റെ മികവുയർത്തുന്ന ഘടകങ്ങളാണ്. മുൻപിറങ്ങിയ രണ്ടു ചിത്രങ്ങളിലും ഗോപി സുന്ദറിന്റെ പശ്ചാത്തലം അധികപ്പറ്റായി തോന്നിയെങ്കിൽ ഇതിലല്പം ഭേദമാണ് കാര്യങ്ങൾ. “വിജനതയിൽ പാതിവഴി...” - ശ്രെയ ഗോശാലിന്റെ ശബ്ദത്തിലെത്തുന്ന ഗാനം ഭംഗിയായി ഇടയ്ക്കു ചിത്രത്തിൽ ചേരുന്നു. ഒടുവിൽ പേരുവിവരങ്ങൾക്കൊപ്പം വരുന്ന ഗാനവും പ്രമേയത്തോട് ചേർന്നു പോവുന്നതു തന്നെ. വീട്ടിലും നാട്ടിലും ഓഫീസിലുമെല്ലാം ഒരേ മേക്കപ്പിൽ തേച്ചു മിനുക്കിയ പുത്തൻ കുപ്പായങ്ങളിലെന്ന രീതി മാറി കഥാപാത്രങ്ങളുടെ വേഷധാരണത്തിലും ചമയത്തിലും സ്വാഭാവികത കൊണ്ടുവരുവാനുള്ള ശ്രമമുണ്ട്. ഗാനരംഗത്തിൽ വരുന്ന മാരത്തോണിൽ പങ്കെടുക്കുന്ന നിരുപമ മാത്രം ഇതിനൊരു അപവാദമായി തെറിച്ചു നിൽക്കുന്നു. മഞ്ജു വാര്യർ എന്ന നടിയുടെ മടങ്ങി വരവിലുപരി, സ്വപ്നങ്ങൾ മറന്നു ജീവിക്കുവാൻ വിധിക്കപ്പെട്ട പല സ്ത്രീകൾക്കുമൊരു പ്രചോദനവുമാകുവാനും ചിത്രത്തിനാവും എന്നതിനാലാണ് ‘ഹൗ ഓൾഡ് ആർ യു’ പ്രസക്തി നേടുന്നത്. സ്ത്രീശാക്തീകരണം (ഈ വാക്കൊരു തമാശയാക്കിയതിനു രാ.ഗാ.ക്കു നന്ദി!) നടക്കേണ്ടത് പാർലമെന്റിലല്ല, മറിച്ച് നാമോരോരുത്തരുടേയും വീടുകളിലാണെന്ന് ഓർമ്മപ്പെടുത്തുന്നുണ്ട് ചിത്രം. പ്രായം മുപ്പത്താറായതിൽ തുടക്കത്തിൽ നിരാശപ്പെടുന്ന കഥാപാത്രം ഒടുവിൽ പ്രായമെന്തെന്ന ചോദ്യത്തിന് ‘ഇറ്റ് ഡസിന്റ് മാറ്റർ’ എന്നു പറഞ്ഞ് സ്വപ്നങ്ങൾ കൊണ്ടവളുടെ കൈയ്യൊപ്പു ചാർത്തുമ്പോൾ, അതൊരു പ്രേരണയായി കാണികളിലും നിറയുമെന്നുറപ്പ്. ചിത്രത്തിനൊടുവിലെ ഗാനം പറയുമ്പൊലെ, ‘വയസുചൊല്ലിടാൻ മടിച്ചിടേണ്ട നീ, മനസിലാണ് കൌമാരം...’ - ആ കൌമാരം മനസിൽ വെച്ചു തന്നെ കാണൂ, നിരുപമയെ ഇഷ്ടമാവാതിരിക്കില്ല ഏതൊരു പെണ്മനസിനും. (ആണ്മനസുകൾ എല്ലാവരുടേയും കാര്യത്തിൽ അത്ര ഉറപ്പുമില്ല!)
ഗോസിപ്പ്: മഞ്ജു വാര്യരുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടു ചിത്രത്തെ വായിക്കുവാനുള്ള പ്രേരണ ശക്തമാണ് ചിത്രം പുരോഗമിക്കുമ്പോൾ. നിരുപമ ചിത്രത്തിനൊടുവിൽ കൈവരിക്കുന്ന വിജയം സ്വജീവിതത്തിൽ ആവർത്തിക്കുവാൻ മഞ്ജു വാര്യർക്കാകുമോ എന്നതാണ് സിനിമ തീർന്നാലും അവശേഷിക്കുന്ന സസ്പെൻസ്!
- Cast
- Manju Warrier, Kunchacko Boban, Kaniha, Amritha Anil, Muthumani, Vinay Forrt, Sethulakshmi, Siddhartha Basu, Lalu Alex, Kunchan, Kalaranjini, Devan, Vanitha Krishnachandran, Jayaraj Warrier, Suraj Venjaramoodu, Idavela Babu, Sudheer Karamana etc.
- Crew
- Directed by Rosshan Andrrews
- Produced by Listin Stephen
- Story, Screenplay, Dialogues by Bobby - Sanjay
- Cinematography by R. Diwakaran
- Film Editing by Mahesh Narayanan
- Background Score / Music by Gopi Sunder
- Art Direction by Cyril Kuruvila
- Costume Design by Sameera Saneesh
- Makeup by Renjith Ambady
- Lyrics by Rafeeq Ahmed Harinarayanan
- Stills by Anish Aloysious
- Designs by Old Monks
- Banner: Magic Frames
- Released on: 2014 May 17
No comments :
Post a Comment