വണ്‍ ബൈ ടു (Review: 1 by Two)

Published on: 4/21/2014 08:31:00 AM

വണ്‍ ബൈ ടു: ഒന്നായ നിന്നെയിഹ രണ്ടെന്നു...

ഹരീ, ചിത്രവിശേഷം

1 by Two: Chithravishesham Rating [4.75/10]
'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' എന്ന പൊളിറ്റിക്കല്‍ ത്രില്ലറിനു ശേഷം അരുണ്‍ കുമാര്‍ അരവിന്ദിന്റെ സംവിധാനത്തിലെത്തിയ ചിത്രമാണ് 'വണ്‍ ബൈ ടു'. ഇരട്ട സഹോദരങ്ങള്‍, അവരില്‍ ഒരാളുടെ മരണം, അത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍, തുടര്‍ന്നുള്ള ദുരൂഹതകള്‍ - ഈയൊരു പശ്ചാത്തലത്തിലാണു സിനിമ വികസിക്കുന്നത്. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ രാകേഷ് ബാഹുലേയന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ മുരളി ഗോപി, ഫഹദ് ഫാസില്‍, ഹണി റോസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരാളെ രണ്ടായി കാണുന്നത് തന്നെ ഇണ്ടലിനു കാരണമാവുമ്പോള്‍, പല വ്യക്തിത്വങ്ങള്‍ മാറിമാറിയെത്തുന്ന ഒരുവനില്‍ ചുറ്റിപ്പറ്റി കഥ മെനഞ്ഞാല്‍ കാണികള്‍ എത്രത്തോളം വട്ടാവുമെന്ന് പറയേണ്ടതില്ലല്ലോ? അത്തരമൊരിണ്ടലാണു 'വണ്‍ ബൈ ടു'വിലൂടെ സംവിധായകന്‍ സാക്ഷാത്കരിക്കുന്നത്.

ആകെത്തുക : 4.75 / 10

  • കഥയും കഥാപാത്രങ്ങളും
  • സംവിധാനം
  • അഭിനയം
  • സാങ്കേതികം
  • പാട്ട് / നൃത്തം / ആക്ഷന്‍
  • 2.00 / 10
  • 4.00 / 10
  • 5.00 / 10
  • 4.50 / 05
  • 3.50 / 05
ഇരട്ടകളില്‍ ഒരുവനെ അപായപ്പെടുത്തുന്നവരോട് മറ്റവന്‍ ചെയ്യുന്ന പ്രതികാരത്തിന്റെ കഥയ്ക്ക് പ്രമേയപരമായി പുതുമയൊന്നും അവകാശപ്പെടുവാനില്ല. അതിനൊപ്പം 'അന്യനി'ലും മറ്റും കണ്ട അപരവ്യക്തിത്വമെന്ന മാനസികപ്രശ്നം കൂടി കഥാനായകനില്‍ ആരോപിച്ചാണ്‌ ജെയമോഹന്റെ രചനയില്‍ അരുണ്‍ കുമാര്‍ അരവിന്ദ് 'വണ്‍ ബൈ ടു' ഒരുക്കിയിരിക്കുന്നത്. കാര്യമായ ആലോചനകളൊന്നുമില്ലാതെ തികച്ചും ലാഘവമായി എഴുതപ്പെട്ട ഒരു തിരനാടകത്തെ പിന്‍പറ്റുന്ന ഈ ചിത്രത്തെ ഒരു പരിധിവരെയെങ്കിലും രക്ഷിച്ചെടുക്കുന്നത് മുരളി ഗോപിയും സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിച്ച കലാകാരന്മാരും കൂടിയാണെന്നു പറയാം. ഹരി - രവി എന്നീ ഇരട്ട കഥാപാത്രങ്ങള്‍ക്കൊപ്പം കഥകളി നടനായ പിഷാരടിയെക്കൂടി കയറ്റി നടത്തിയ കളി തുടക്കത്തില്‍ കൊള്ളാമെന്നു തോന്നിപ്പിച്ച് പിന്നീട് പാടേ പാളി. ചിത്രത്തില്‍ പലരുടേയും പെരുമാറ്റം കണ്ടാല്‍ അരപ്പിരി പോയി കിടക്കുന്നത് രചയിതാവിനോ അതോ പ്രസ്തുത കഥാപാത്രങ്ങള്‍ക്ക് തന്നെയോ എന്നു സംശയിക്കത്തക്ക വിധമാണ്‌ അവയുടെ അവതരണം.

സ്വരൂപ ഇരട്ടകളായ ഹരിയും രവിയും - ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ച മുരളി ഗോപി എന്ന നടന്‍റെ അഭിനയമികവിലാണു ചിത്രത്തിന്റെ നിലനില്‍പ്. ഒരു പക്ഷെ ഏറെ ശ്രദ്ധേയമായ വേഷങ്ങള്‍ എന്നൊന്നും പറയുവാനില്ലെങ്കിലും, ഒടുവില്‍ ഉന്മാദാവസ്ഥയിലേക്കൊക്കെ പോവുന്ന അവസരങ്ങളില്‍ പോലും, കഥാപാത്രം കൈവിട്ടു പോവാതെ തന്റെ ഭാഗം ചെയ്യുവാന്‍ മുരളി ഗോപിക്കായി. കഥാഗതിയില്‍ പ്രാധാന്യമുള്ളപ്പോഴും ശ്രദ്ധിക്കപ്പെടുവാനും മാത്രം എന്തെങ്കിലും ചെയ്യുവാന്‍ ഫഹദിന്റെ കഥാപാത്രത്തിനു ചിത്രത്തില്‍ സാധ്യതകളില്ല. ഉള്ളിടത്ത് ഫഹദ് കാര്യമായി ശോഭിക്കുന്നുമില്ല. പ്രസ്തുത വേഷം ഫഹദിനേക്കാള്‍ ഇന്ദ്രജിത്തിനാവുമായിരുന്നില്ലേ കൂടുതല്‍ ചേരുക? ഇതിനോടകം സംസാരവിഷയമായിട്ടുള്ള ചുംബനരംഗത്തിനപ്പുറം നായികാ സ്ഥാനത്തുള്ള ഹണി റോസിനും ചിത്രത്തിനായി ഏറെ പണിയെടുക്കേണ്ടി വന്നിട്ടില്ല. ശ്യാമപ്രസാദ് അവതരിപ്പിച്ച മനഃശാസ്ത്രജ്ഞന്‍, കലാമണ്ഡലം രാംദാസിന്‍റെ പിഷാരടി എന്നീ വേഷങ്ങളും ചിത്രത്തില്‍ ശ്രദ്ധ നേടുന്നുണ്ട്.

സാങ്കേതിക മേഖലയില്‍ കൈവരിക്കുവാനായ മികവ് ചില്ലറയൊന്നുമല്ല ചിത്രത്തെ സഹായിക്കുന്നത്. ജോമോന്‍ തോമസ് പകര്‍ത്തിയ ദൃശ്യങ്ങളും ഗോപി സുന്ദര്‍ ഒരുക്കിയ പശ്ചാത്തല സംഗീതവും തന്നെ ഇവിടെ എടുത്തു പറയേണ്ടവ. ചിലയിടങ്ങളിലെ ദൃശ്യങ്ങളുടെ വലിച്ചു നീട്ടല്‍ ഒഴിച്ചാല്‍ പ്രെജിഷിന്റെ ചിത്രസംയോജനവും തൃപ്തികരം. ഒടുവിലെ രംഗങ്ങളില്‍ ഇടയ്ക്കിടെ രൌദ്രഭീമനെന്ന കഥകളി വേഷത്തിന്റെ ഷോട്ടുകള്‍ വെട്ടിച്ചേര്‍ത്തത് പരമ ബോറായി അനുഭവപ്പെട്ടു. ഈ പരിപാടിയൊക്കെ എത്ര തവണ കണ്ടതാണ് നമ്മള്‍! മുരളി ഗോപിയുടെ ആ ഭാഗങ്ങളിലെ അഭിനയശ്രമങ്ങളെ ലഘുവാക്കുന്നതുമായി പ്രസ്തുത ദൃശ്യങ്ങളുടെ ഉപയോഗം.

ഇരട്ട സഹോദരങ്ങളായ ഹരിയും രവിയും തമ്മിലുള്ള മാനസിക അടുപ്പം വ്യക്തമാണെങ്കിലും ഹരിക്ക് അടുപ്പമുള്ള ഒരാളുടെ മരണം എങ്ങിനെ രവിയെ ഇത്രത്തോളം സ്വാധീനിക്കുന്നതായി എന്നതിനുത്തരമില്ല! ഉത്തരം കിട്ടാത്ത സംഗതികള്‍ വേറേയുമുണ്ട് ചിത്രത്തില്‍ പലതും. ചിത്രം കാണാനെത്തുന്ന പ്രേക്ഷകരെ അരവട്ടാക്കും എന്നതാണോ 'വണ്‍ ബൈ ടു' എന്ന പേരുകൊണ്ട് അരുണ്‍ കുമാര്‍ ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. അതെന്തു തന്നെയായാലും ഫലത്തില്‍ അദ്ദേഹം സാധിച്ചിരിക്കുന്നത് അതാണ്‌. എന്നാലതൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം എന്നു വാശിയുള്ളവര്‍ക്ക് വേണമെങ്കില്‍ കണ്ടു നോക്കാം, അല്ലാത്തവര്‍ കാണാതെ വിടുകയാവും ബുദ്ധിപരം.

Cast & Crew

Cast
Murali Gopy, Fahadh Faasil, Honey Rose, Kalamandalam Ramdas, Shyamaprasad, Azhagan Perumal, Ashwin Mathew, Fathima Babu, Abhinaya, Shruthi Ramakrishnan, Balaji etc.
Crew
Directed by Arun Kumar Aravind
Produced by B. Rakesh
Story, Screenplay, Dialogues by Jeyamohan
Cinematography by Jomon Thomas
Film Editing by Prejish Prakash
Music / Background Score by Gopi Sunder
Art Direction by Prathap R.
Costume Design by S.B. Satheesan
Makeup by Rahim Kodungallur
Lyrics by Hari Narayanan
Stills by Bijith Dharmadam
Designs by Thought Station
Banner: Universal Cinema
Released on: 2014 April 19
ഓഫ് ടോപ്പിക്ക്: ചിത്രത്തിന്റെ ഇടവേളയില്‍ കാണിച്ച മഞ്ജു വാര്യര്‍ തിരിച്ചു വരവിനൊരുങ്ങുന്ന 'ഹൌ ഓള്‍ഡ്‌ ആര്‍ യു?'വിന്റെ ട്രെയിലറിന് നിര്‍ത്താതെ കൂവല്‍. ദിലീപിനെ ധിക്കരിച്ച് മഞ്ജു സിനിമയില്‍ വരുന്നത് തീരെ പിടിച്ച മട്ടില്ല നാട്ടിലെ യുവപ്രേക്ഷകന്മാര്‍ക്ക്!

No comments :

Post a Comment