പ്രെയ്സ് ദി ലോര്‍ഡ്: ദൈവം പോലും സഹിക്കൂല്ല!
ഹരീ, ചിത്രവിശേഷം
![Praise the Lord: Film Review by Haree for Chithravishesham. Praise the Lord: Chithravishesham Rating [3.50/10]](http://1.bp.blogspot.com/-l9LtutWLcsg/Uy0g-1HYjwI/AAAAAAAAKlc/DcJOYsAkGQU/2014-03-20_Praise-the-Lord.jpg)
സക്കറിയയുടെ കഥയുടെ കൌതുകമൊക്കെ അപ്രസക്തമാക്കുന്ന തരത്തിലാണ് ചിത്രത്തിലെ കഥാപാത്രങ്ങളുടെ സൃഷ്ടിയും അവതരണവും. മമ്മൂട്ടിയുടെ ശൃംഗാരം തന്നെ കണ്ടിരിക്കുക പാടാണ്, അതിന്റെ കൂടെ 'കൂളാ'വാനുള്ള ശ്രമം കൂടിയാവുമ്പോള്‍ ജോയിയെന്ന നായകനെ സഹിക്കുക ദുഷ്കരമാവുന്നു. നായികയുടെ സ്ഥാനത്തുള്ള റീനുവിന്റെ കാര്യവും തഥൈവ. ഇവര്‍ രണ്ടു പേരേയും പോരാഞ്ഞു ദില്ലിയില്‍ നിന്ന് കമിതാക്കളായി അഹ്മദ് സിദ്ദിഖും അകന്‍ക്ഷ പുരിയും കൂടിയെത്തുമ്പോള്‍ കാഴ്ച മതിയാക്കി എഴുനേല്‍ക്കാന്‍ ആരും കൊതിക്കും. ഒന്നുകില്‍ തനിക്ക് ഇത്തരം വില്ലന്‍ വേഷങ്ങള്‍ പറഞ്ഞിട്ടുള്ളതല്ലെന്നു ജോയ് മാത്യുവിന് ബോധം വേണം, അല്ലെങ്കില്‍ വിളിക്കുന്നവര്‍ക്ക് വിവരം വേണം - ഇതു രണ്ടും സംഭവിക്കാത്തതിനാല്‍ ചിത്രത്തിലെ പ്രധാന വില്ലനായ കുഞ്ഞൂട്ടിയായി ജോയ് മാത്യുവിനെ കാണാം. അല്പം ആശ്വാസം നല്‍കുന്നത് മുകേഷും സുരേഷ് കൃഷ്ണയുമാണ്. ചില മാനറിസങ്ങളുടെ ബലത്തില്‍ കലാഭവന്‍ ഷാജോണിന്റെ അച്ചന് വേഷവും ശ്രദ്ധ നേടുന്നുണ്ട്. സാദിഖ്, സജിത ബേട്ടി, ഇന്ദ്രന്‍സ് ഇങ്ങിനെ ഇനിയുമുണ്ട് ചിത്രത്തില്‍ അഭിനേതാക്കള്‍ വേറേയും.
ഇത്തരമൊരു ചിത്രം ആവശ്യപ്പെടുന്ന സാങ്കേതിക മേന്മയൊക്കെ നല്കുവാന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അഭിനേതാക്കളുടെ മികവുകൊണ്ട് എഴുന്നേറ്റ് പോവാന്‍ മുട്ടി നില്‍ക്കുന്നവര്‍ക്ക് അതിനുള്ള അവസരമാണ് റഫീഖ് അഹമ്മദ് എഴുതി ഷാന്‍ റഹ്മാന് ഈണമിട്ട ചിത്രത്തിലെ രണ്ടോ മൂന്നോ ഗാനങ്ങള്‍ നല്‍കുന്നത്. കോമഡിയുടെ കുറവ് വേണ്ടെന്നു കരുതിയാവാം, വക്കന് എന്നൊരു ഗുണ്ട നായകന്റെ ഉണ്ടയില്ലാത്ത തോക്കിന്റെ മുന്നില്‍ മൂത്രമൊഴിച്ചു പിന്‍വാങ്ങുന്നുണ്ട്. ഈ കാലത്തും ഇത്തരം തറ കോമഡികള്‍ ഭാവനയില്‍ വരുന്ന സംവിധായകരുടെ കുറ്റിയറ്റു പോയിട്ടില്ലെന്നതിനു സ്തുതിക്കേണ്ടത് ദൈവത്തിനെയോ അതോ സാത്താനെയോ?
എന്തിനാണ് ഷിബു ഗംഗാധരന് ഇത്തരമൊരു സാഹസത്തിനു മുതിര്‍ന്നതെന്ന് ന്യായമായും സിനിമ കഴിയുമ്പോള്‍ കാണികള്‍ സംശയിക്കും. സാങ്കേതികമികവ് അല്ലാതെ മറ്റെന്തെങ്കിലും ഒരു മെച്ചം ഈ ചിത്രത്തില്‍ പറയുവാനില്ല. പിന്നെ, ടെലിവിഷന്‍ ഷോകളിലെ കോമഡികള്‍ സിനിമയില്‍ കണ്ടാല്‍ ചിരി വരുന്നവര്‍ക്കും, പറഞ്ഞു വരുമ്പോള്‍ ഇതൊരു 'കുടുംബചിത്ര'മാകയാല്‍ അത്തരം ചിത്രങ്ങളുടെ ആരാധകര്‍ക്കും വേണമെങ്കില്‍ ഇതിനു തലവെയ്ക്കാം! സഹനത്തിലൂടെ പാപങ്ങള്‍ കഴുകി കളയപ്പെടും എന്നാണല്ലോ വെയ്പ്. അങ്ങിനെയെങ്കില്‍; ദൈവത്തിന് സ്തുതി പാടുന്ന ഈ ചിത്രം തീര്‍ന്നിറങ്ങുമ്പോള്‍, പാപമൊക്കെയും തീര്‍ന്ന കാണികളും ജാതി-മത ഭേദമന്യേ പറഞ്ഞു പോവും 'പ്രെയ്സ് ദി ലോര്‍ഡ്'.
പ്രാര്‍ത്ഥന: പിതാവേ, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോട് ക്ഷമിച്ചില്ലെങ്കിലും ഈ പാതകം കണ്ടു പോയ എന്നോടു ക്ഷമിക്കേണമേ! പ്രെയ്സ് ദി ലോഡ്!
- Cast
- Mammootty, Reenu Mathews, Mukesh, Ahmed Sidhique, Akanksha Puri, Kalabhavan Shajon, Joy Mathew, Suresh Krishna, Noby, Indrans, Anoop Chandran, Sadique, Sajitha Betti etc.
- Crew
- Directed by Shibu Gangadharan
- Produced by Milan Jaleel
- Story / Screenplay, Dialogues by Zacharia / T.P. Devarajan
- Cinematography by Pradeep Nair
- Film Editing by Zian Sreekanth
- Background Score by Bijibal
- Art Direction by Sujith Raghav
- Costume Design by Sameera Saneesh
- Makeup by Saji Kattakkada
- Lyrics by Rafeeq Ahmed
- Music by Shaan Rahman
- Stunts by Mafia Sasi
- Choreography by Santhi
- Stills by Shijas Abbas
- Designs by Jissen Paul
- Banner: Galaxy Films
- Released on: 2014 Mar 20
No comments :
Post a Comment