താങ്ക് യു: നന്ദി, വീണ്ടും വരല്ല്!
ഹരീ, ചിത്രവിശേഷം
'ആന മുക്കുന്നതു കണ്ട് ആടു മുക്കരുതെ'ന്നു പണ്ടുള്ളവര്‍ പറയാറുള്ളത് ആന മുന്തിയവനും ആട് നിസാരനും ആയതിനാലല്ല; ഒരാള്‍ ചെയ്യുന്നതുകണ്ട് അതുപോലെ ചെയ്യുവാന്‍ മറ്റൊരാള്‍ തുനിഞ്ഞാല്‍ പരിഹാസ്യമാവും ആ ശ്രമം എന്നോര്‍മ്മിപ്പിക്കുവാനാണ്. വി.കെ. പ്രകാശ് ഇതു മറന്നു, '
എ വെനസ്ഡേ!' മോഡല്‍ സാധാരണക്കാരന്റെ ഒറ്റയാള്‍ പോരാട്ടകഥയുമായി വന്ന അരുണ്‍ ലാലിനെ നിരാശപ്പെടുത്തിയില്ല, അതുവെച്ചൊരു പടമങ്ങ് പൂശി, '
താങ്ക് യു' എന്നു പേരുമിട്ടു! മരിക്കാര്‍ ഫിലിംസിന്റെ ബാനറില്‍ ഷാഹുല്‍ ഹമീദ് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ ജയസൂര്യ, സേതു, ഹണി റോസ് തുടങ്ങിയവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രണ്ടുമണിക്കൂര്‍ ഇരുന്നു സഹിച്ച പ്രേക്ഷകരോടാണ് ഈ നന്ദി പറച്ചിലെങ്കില്‍ വരവുവെച്ചിരിക്കുന്നു. അതല്ലാതെ ഈ 'താങ്ക് യു' എന്ന പേരു തന്നെ ഏതു വകുപ്പിലാണെന്ന് പിടികിട്ടിയില്ല.
ആകെത്തുക : 3.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 2.00 / 10
: 5.00 / 10
: 2.50 / 05
: 2.50 / 05
Snippet Review
A common man's fight against the system; 'Thank You' will remind you Neeraj Pandey's 'A Wednesday' but poor execution makes it a boring affair!
'എ വെനസ്ഡേ!'യില്‍ സാധാരണക്കാരന് തീവ്രവാദത്തിന് എതിരേയാണ് ആയുധമെടുത്തതെങ്കില് ഇവിടെ അയാള്‍ ഉന്നം വെയ്ക്കുന്നത് ചുറ്റും നടക്കുന്ന സാമൂഹിക പ്രശ്നങ്ങളെയാണ്. ജനങ്ങളുടെ പ്രതികരണശേഷി ഇല്ലായ്മയാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണമെന്ന് ഈ ചിത്രവും ആവര്‍ത്തിക്കുന്നു. വ്യക്തമായ ലക്ഷ്യബോധത്തോടെ ആസൂത്രിതമായാണ് 'എ വെനസ്ഡേ!'യിലെ സാധാരണക്കാരന് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഇവിടെ അയാള്‍ എന്തൊക്കെയോ കാട്ടിക്കൂട്ടി ഒടുവില്‍ ചാനലിലെത്തി പ്രഭാഷണം നടത്തുന്നു, പുറത്തെത്തുമ്പോള്‍ ആര്‍പ്പുവിളിച്ച് ജനക്കൂട്ടം, കൂടെ ഒരു രക്ഷകനും! കുറച്ചു കൂടി ചിന്തിച്ച് ആവശ്യത്തിനു മുന്നൊരുക്കങ്ങളോടെ ചെയ്തിരുന്നെങ്കില്‍ ശ്രദ്ധ നേടുവാന്‍ ഇടയുള്ളൊരു വിഷയമായിരുന്നു, അതിങ്ങനെയാക്കി തീര്‍ത്തതില്‍ രചയിതാവിനും സംവിധായകനും ഇനി സ്വയം പഴിക്കാം.
Cast & Crew
Thank You
Directed by
V.K. Prakash
Produced by
Shahul Hammeed Marikar
Story, Screenplay, Dialogues by
Arun Lal
Starring
Jayasurya, Honey Rose, Sethu, Kailash, Saiju Kurup, Sudheer Karamana, P. Balachandran, Tini Tom, Mukundan, Aishwarya Devan, Sam Sameer, Darsita, Mridul etc.
Cinematography (Camera) by
Arvind Krishna
Editing by
Babu Rathnam
Production Design (Art) by
Salu K. George
Music by
Bijibal
Lyrics by
Rafeeq Ahmed
Make-up by
Rasheed Ahammed
Costumes by
Liji Preman
Thrills by
Johnson
Stills by
Saji Obscura, Shani Saaki
Designs by
Yellowtooth
Banner
Marikar Films
Release Date
2013 June 18
ജയസൂര്യയുടെ സാധാരണക്കാരന് തന്നെയാണ് ചിത്രത്തിലെ ശ്രദ്ധാകേന്ദ്രം. ഒരു സാധാരണക്കാരന്റെ നിസഹായത, പരിചയമില്ലായ്മ, ആശയകുഴപ്പം ഇവയൊക്കെ ജയസൂര്യയുടെ കഥാപാത്രത്തില്‍ പ്രതിഫലിച്ചു കണ്ടു. പോലീസ് ആസ്ഥാനത്തിന്റെ ചുവരുകള്‍ക്കുള്ളില്‍ തെക്കുവടക്ക് നടന്നു സേതുവിനു കാല് കഴച്ചതല്ലാതെ ആ കഥാപാത്രം ഒരു ചലനവും ചിത്രത്തിനു നല്‍കുന്നില്ല. ചെറുവേഷങ്ങളിലെത്തുന്ന ഇതര അഭിനേതാക്കളും തങ്ങളുടേതായ രീതികളില്‍ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. ഒരു പക്ഷേ, കൂടുതല്‍ കെട്ടുറപ്പുള്ളൊരു തിരക്കഥയും ചടുലമായ അവതരണവും കൂടി ഉണ്ടായിരുന്നെങ്കില്‍ ഈ ചിത്രം ഇതിലുമേറെ മികച്ചതായി അനുഭവപ്പെടുമായിരുന്നു.
ഉള്ളടക്കം മോശമാണെങ്കിലും വി.കെ. പ്രകാശ് ചിത്രങ്ങള്‍ പലപ്പോഴും സാങ്കേതികമായി മുന്നിലാവാറാണ് പതിവ്. ഇവിടെ ആ രീതിയിലുമില്ല ചിത്രത്തിനൊരു മികവു പറയുവാന്‍. ആവര്‍ത്തന സ്വഭാവമുള്ള ഷോട്ടുകള്‍, പ്രത്യേകിച്ചൊരു കാര്യവുമില്ലാതെ ഇടയ്ക്കിടെ ചേര്‍ത്തിരിക്കുന്ന തിരുവനന്തപുരം കാഴ്ചകള്‍, സമയം കളയുക എന്നൊരുദ്ദേശം മാത്രമുള്ള ചില ഗാനങ്ങള്‍ - ഇവയൊക്കെ രസം കൊല്ലികളായി ചിത്രത്തിലുണ്ട്. മര്യാദയ്ക്കൊന്ന് എഡിറ്റ് ചെയ്താല്‍ ഒരു മണിക്കൂറിനപ്പുറം കാണിക്കുവാനില്ല ഈ ചിത്രം. അതാണ് ഏതാണ്ട് രണ്ടു മണിക്കൂറാക്കി കാണുവാന്‍ കിട്ടുന്നത്.
ഇതിലുമധികം എന്തെങ്കിലും ഈ വി.കെ.പി. ചിത്രത്തെക്കുറിച്ച് എഴുതേണ്ടതില്ലെന്ന് തോന്നുന്നു. ഇമ്മാതിരി ചിത്രങ്ങളുമായി അരുണ്‍ ലാലും വി.കെ. പ്രകാശും ഈ വഴിക്കിനി വരില്ലെന്ന് ഉറപ്പു നല്കാമെങ്കില് നന്ദിയുണ്ട്, പെരുത്ത് നന്ദി!
ജയസൂര്യയെ നായകനാക്കി വി.കെ. പ്രകാശ് ഒരുക്കിയ 'താങ്ക് യു'വിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
Please Add review for ABCD.
ReplyDeletethankalude abhiprayathil ithoru koora padamennu thonnunnu..... pakshe athinu 3.5 mark???
ReplyDelete