അകം (Review: Akam)

Published on: 5/01/2013 12:23:00 PM

അകം: അകം പൊള്ള തന്നെ!

ഹരീ, ചിത്രവിശേഷം

Akam: Chithravishesham Rating [4.00/10]
ഉള്ളു പൊള്ളയായ ചിത്രങ്ങളോ, പൊള്ളയായ അവകാശവാദങ്ങളുമായി തിയേറ്ററുകളിലെത്തുന്ന ചിത്രങ്ങളോ ഒന്നും പുതുമയുള്ള സംഗതികളല്ല. എങ്കിലും, മലയാറ്റൂര്‍ രാമകൃഷ്ണന്റെ 'യക്ഷി'യുടെ ചുവടുപിടിച്ചൊരു ചിത്രം എന്ന വിശേഷണത്തോടെ 'അക'വുമായി ശാലിനി ഉഷ നായര്‍ എത്തിയപ്പോള്‍ അതിത്രയും പൊള്ളയാവും എന്നു കരുതിയില്ല എന്നതാണ് വാസ്തവം. കൂടാതെ, കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ മലയാളത്തെ പ്രതിനിധീകരിച്ച ചിത്രമെന്നതും പ്രതീക്ഷകള്‍ നല്കി. എന്നാല്‍, ഇതും പതിവ് പോലെയൊരു പൊള്ളത്തരം മാത്രമായല്ലോ എന്ന നിരാശയോടെയാണ് 'അകം' കണ്ടു തീര്‍ത്തത്. 'യക്ഷി'യുടെ കഥാതന്തു പുതിയ കാലത്തിനു ചേരുന്ന രീതിയില്‍ പുതുക്കിപ്പറയുവാനാണ് രചന കൂടി നിര്‍വ്വഹിച്ചിരിക്കുന്ന ശാലിനിയുടെ ശ്രമം. അതിത്രയും ഫഹദ് ഫാസിലും അനുമോളും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഈ ചിത്രം ഹാന്‍സോ ഫിലിംസിന്റെ ബാനറില്‍ ബോക്സ് ഓഫീസ് സിനിമ നിര്‍മ്മിച്ചിരിക്കുന്നു.

ആകെത്തുക : 4.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
: 2.00 / 10
: 3.00 / 10
: 6.00 / 10
: 3.00 / 05
Snippet Review

'Akam', it is empty inside!

'യക്ഷി'യുടെ പുതിയ കല്‍പനയില്‍ നായക കഥാപാത്രം ഒരു ആര്‍ക്കിടെക്ടാണ്, യക്ഷിയാവട്ടെ കാള്‍ സെന്ററില്‍ പ്രവര്‍ത്തിച്ചവളും. തന്റെ ഭാര്യ ഒരു യക്ഷിയെന്ന് സംശയിക്കുന്ന നായകന്‍ - ഇതാണല്ലോ സിനിമയുടെ പശ്ചാത്തലം. ഈയൊരു പശ്ചാത്തലം വിശ്വസനീയമായി, ഒപ്പം കാണികള്‍ക്ക് താത്പര്യം തോന്നുന്ന വിധത്തില്‍, സൃഷ്ടിക്കുവാന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ശാലിനി ഉഷയ്ക്ക് കഴിഞ്ഞില്ല എന്നതാണ് ചിത്രം തികഞ്ഞ വിരസത മാത്രമാകുവാനുള്ള പ്രധാന കാരണം. ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റേയും ഒരു ഭാവതലമൊക്കെയാണ് ഇത്തരമൊരു വിഷയത്തില്‍ പ്രതീക്ഷിക്കുന്നതെങ്കില്‍, തികച്ചും നാടകീയമായ ഒപ്പം അവിശ്വസനീയമായ ചില മുഹൂര്‍ത്തങ്ങളിലൂടെയുള്ള സഞ്ചാരം മാത്രമാണ് ചിത്രം നല്‍കുന്നത്. അതു തന്നെ ആദ്യന്തം വിരസവും.

Cast & Crew
Akam

Directed by
Shalini Usha Nair

Produced by
Box Office Cinema

Story / Screenplay, Dialogues by
Malayattoor Ramakrishnan / Shalini Usha Nair

Starring
Fahadh Faasil, Anumol, Prakash Bare, Shelly Kishore, Sajitha Madathil etc.

Cinematography (Camera) by
Christopher John Smith

Editing by
Arunima Shankar

Production Design (Art) by
Suman Roy Mahapatra

Music by
Deepak Raghu, Murari Vasudevan

Sound Design by
Anthony, Ruban

Make-up by
Pattanam Rasheed

Styling by
Clara Jacob

Stills by
Name

Designs by
FTW

Banner
Hanzo Films

Release Date
2013 April 26

കാസ്റ്റിംഗ് ഡയറക്ടര്‍ എന്ന പേരില്‍ ഗീതു മോഹന്‍ദാസിന്റെ പേര് ടൈറ്റിലുകളില്‍ കണ്ടു. അനുമോളെ രാഗിണിയായി നിശ്ചയിച്ചത് ഗീതുവാണെങ്കില്‍, കാസ്റ്റിംഗ് ഡയറക്ടറായി ഗീതുവെത്തിയത് ചിത്രത്തിന് പ്രയോജനം ചെയ്തു. ശരീരപ്രകൃതി കൊണ്ടും, വല്ലാത്തൊരു വശ്യത കൊണ്ടും അനുമോള്‍, ഭാവനകളിലുള്ള യക്ഷിയെ ശരിക്കും ഓര്‍മ്മപ്പെടുത്തുന്നു. എന്നാലത് എത്രമാത്രം ചിത്രത്തില്‍ ഗുണപരമായി ഉപയോഗപ്പെടുത്തി എന്ന സംശയം ബാക്കി നില്ക്കുന്നു. ശ്രീനിയായി ഫഹദ് ശരിയായ തീരുമാനമാണെങ്കിലും, ശ്രീനിയിലെ മാറ്റങ്ങള്‍ വിശ്വസനീയമായി കാണികളിലെത്തിക്കുവാനുള്ള ഇടങ്ങള്‍ വല്ലാതെ കുറഞ്ഞുപോയി. പ്രകാശ് ബാരെ, ഷെല്ലി കിഷോര്‍, സജിത മഠത്തില്‍ തുടങ്ങിയ ഇതര അഭിനേതാക്കളും തങ്ങളുടെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്.

പച്ചപ്പായല്‍ നിറഞ്ഞ കുളത്തില്‍ പൊങ്ങിക്കിടക്കുന്ന രാഗിണി - ഈയൊരു ദൃശ്യമാണ് സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ മനസില്‍ പച്ചപിടിച്ചു നില്‍ക്കുന്നത്. ഇതൊഴിച്ചു നിര്‍ത്തിയാല്‍, ക്രിസ്റ്റഫര്‍ ജോണ്‍ സ്മിത്തിന്റെ ക്യാമറ കാര്യമായ ഒരല്‍ഭുതവും ചിത്രത്തില്‍ കാട്ടുന്നില്ല. അരുണിമ ശങ്കറിന്റെ ചിത്രസന്നിവേശവും ഏറെ മികച്ചതെന്ന് പറയുവാനില്ല. ദൃശ്യങ്ങളുടെ പരിമിതികള്‍ ഒരു പരിധിവരെ അറിയാതെ പോവുന്നത് പശ്ചാത്തല സംഗീതത്തിന്റെ യുക്തമായ ഉപയോഗത്തിനാലാണ്. എന്നാല്‍ സംഭാഷണങ്ങള്‍ പലയിടത്തും അവ്യക്തമായത് ശബ്ദ സംവിധാനത്തിലെ ന്യൂനതയായി അവശേഷിക്കുകയും ചെയ്യുന്നു.

'അക'മെന്ന ചിത്രം കാണികളില്‍ എന്താണ് അവശേഷിപ്പിക്കുന്നത്? രാഗിണിയോ ശ്രീനിയോ ഒന്നും പ്രേക്ഷകര്‍ക്ക് വേണ്ടും വണ്ണം അനുഭവവേദ്യമാവുന്നില്ല. കഥയിലെ കാലം മാറുണെങ്കിലും ശ്രീനി പഴയ കാലത്തില്‍ തന്നെ നില്ക്കുന്നു എന്ന തോന്നലാണ് ചിത്രം നല്‍കുന്നത്. അന്നത്തെ കാലത്തെ കോളേജ് അദ്ധ്യാപകനായ നായകനുണ്ടാവുന്ന മതിഭ്രമം അതേപടി ഇന്നത്തെ ആര്‍കിടെക്‍ടായ നായകനില്‍ കൊണ്ടുവരുമ്പോള്‍ അതില്‍ പൊരുത്തക്കേടുകളുണ്ട്. അവിടങ്ങളൊക്കെ കൂടുതല്‍ വിശ്വസനീയമാക്കുവാനുള്ള ശ്രമം ശാലിനി ചെയ്യേണ്ടിയിരുന്നു. അതുണ്ടാവാത്തതിനാല്‍ തന്നെ പ്രേക്ഷകരുടെ 'അക'ത്തേക്ക് കയറാതെ ഈ സിനിമയങ്ങ് തീരും. അത്ര തന്നെ!

പുറം: അകത്ത് സിനിമ തീര്‍ന്നപ്പോള്‍ പുറത്ത് നല്ല മഴ തുടങ്ങി. സിനിമ കഴിഞ്ഞിറങ്ങി കിഴക്കേക്കോട്ടയിലെത്തിയപ്പോഴേക്കും മുട്ടറ്റം വെള്ളം! 'അകം' കാണാന്‍ പോയി അകപ്പെട്ട് പോയെന്ന് ചുരുക്കം!

5 comments :

 1. മലയാറ്റൂര്‍ രാമകൃഷ്ണന്റെ 'യക്ഷി'യെ 'അക'മാക്കി ശാലിനി ഉഷ നായര്‍; വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. പഴയ സത്യന്റെ യക്ഷി കാണുന്നതായിരിക്കും മെച്ചം , ശ്രീനിയുടെ ലൈംഗിക ബലഹീനത അയാളെ രാഗിണി യക്ഷി ആണെന്ന് സംശയിച് അവളെ കൊല്ലാൻ പ്രേരിപ്പിച്ചു എന്ന കാര്യം പഴയ യക്ഷി കാണുന്നവർക്ക് ഊഹിക്കാൻ പറ്റും , ഇവിടെ അത് ഊഹിക്കാനും പറ്റുന്നില്ല , നോവൽ വായിക്കാതെ ഈ സിനിമ കണ്ട പലരും "ഇതെന്തു കുന്തം ?" എന്ന മട്ടിൽ ആണ് തിയേറ്റർ വിട്ടത് ? കഥ പോലും മനസ്സിലായില്ല പലര്ക്കും , പെണ്ണുങ്ങൾ സംവ്ധാനിക്കാൻ ഇറങ്ങുന്നത് ശരി പക്ഷെ ലബ്ധ പ്രതിഷ്ടരായ എഴുത്തുകാരുടെ കഥകൾ ഇങ്ങിനെ നശിപ്പിക്കരുത് , ശാരദ യുടെ ഏഴയലത് വരില്ല ആണ് അനു മോൾ , അവൾ സെക്സി ആയിരുന്നു 'ആണ്ടെലോണ്ടേ' പാട്ട് പാടുന്ന പുള്ളോത്തി ആയി ഇവൻ മേഖ രൂപനിൽ , അനുമോളുടെ മുതുക് മാത്രം ആണ് സെക്സ് കാണിക്കാൻ സംവിധായിക ഉപയോഗിക്കുന്നത് മുഖം മാത്രം ഉപയോഗിച്ചാൽ മതിയായിരുന്നല്ലോ?! സംവിധായികയുടെ കയ്യിൽ ഒരു കോപ്പും ഇല്ലെന്നു അത് കാണുമ്പോൾ തന്നെ മനസ്സിലാകും

  ReplyDelete
 3. '...യക്ഷിയെ ശരിക്കും ഓര്‍മ്മപ്പെടുത്തുന്നു.'യക്ഷിയെ ഓര്‍മ്മപ്പെടുത്തിയോ? നിങ്ങൾ പഴയ പരിചയക്കാർ ആണല്ലേ! :-)

  ReplyDelete
 4. നല്ല സിനിമ ആണെന്നൊക്കെ ആണല്ലോ കെട്ടിരുന്നതു. ഈയടുത്ത കാലത്ത് ഇവിടെ 70% സ്കോർ ചെയ്ത ഒരേ ഒരു മൂവി trivandrum lodge ആണെന്ന് തൊന്നുന്നു.

  ReplyDelete