സൗണ്ട് തോമ (Review: Sound Thoma)

Published on: 4/08/2013 08:21:00 AM

സൗണ്ട് തോമ : പടം സൗണ്ടല്ല തോമ!

ഹരീ, ചിത്രവിശേഷം

Sound Thoma: Chithravishesham Rating [3.25/10]
അരക്കാലന്‍, കൂനന്‍, മന്ദബുദ്ധി, ഹിജഡ; ഇപ്രകാരം വ്യത്യസ്തങ്ങളായ ദിലീപിന്റെ വേഷങ്ങളിലേക്ക് ഒന്നു കൂടി - മുറിച്ചുണ്ടനായ, 'ട്ട'യെ 'ണ്ട'യെന്നും 'ല'യെ 'ള'യെന്നും ഉച്ചരിക്കുന്ന, ശരിയായി സംസാരിക്കുവാന്‍ കഴിയാത്ത 'സൗണ്ട് തോമ'യായാണ് ജനപ്രിയ നായകന്‍ പുനരവതരിക്കുന്നത്. ബെന്നി പി. നായരമ്പലവും വൈശാഖുമാണ് യഥാക്രമം തോമയുടെ രചയിതാവും സംവിധായകനും. സായികുമാര്‍, നമിത പ്രമോദ് എന്നിവര്‍ പ്രധാന കൂട്ടുവേഷങ്ങളാവുന്ന ഈ ചിത്രത്തിനു വേണ്ടി പ്രിയാഞ്ജലി ഫിലിംസിന്റെ ബാനറില്‍ അനൂപ് കാശുമുടക്കിയിരിക്കുന്നു. ചിത്രത്തിലെ ദിലീപിന്റെ സൗണ്ട് മാത്രമല്ല, ചിത്രം മൊത്തമായി 'സൗണ്ട'ല്ലന്നതാണ് പ്രേക്ഷകരെ പരിക്ഷീണരാക്കുന്ന കാര്യം.

ആകെത്തുക : 3.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 0.50 / 10
: 2.00 / 10
: 4.00 / 10
: 3.50 / 05
: 3.00 / 05
Snippet Review

Thoma doesn't sound good in the film, even worse, the film itself doesn't 'sound' good.

വ്യത്യസ്തമായി പ്രാപ്തരായ ആളുകളുടെ ജീവിതമൊന്നും അവതരിപ്പിക്കുകയല്ല ഇത്തരം ചിത്രങ്ങള്‍ ചെയ്യുന്നത് - മറിച്ച് അവരുടെ പ്രത്യേകതകളെ പരിഹസിച്ച് ചിരി ജനിപ്പിക്കുക മാത്രമാണ് ഉദ്ദേശിക്കുന്നത്. ആ ഒരു ഉദ്ദേശം തന്നെയേ ഇതിലുമുള്ളൂ. അതിനായി 'ള'-യെ 'ല'യെന്നും 'ട്ട'-യെ 'ണ്ട'-യെന്നുമൊക്കെ തോമയെക്കൊണ്ട് ഉച്ചരിപ്പിക്കുന്നുമുണ്ട്. പക്ഷെ, അതേ ശബ്ദത്തില്‍ പാട്ടു വരുമ്പോള്‍ 'ല'-യെന്നും 'ട്ട'-യെന്നുമൊക്കെ കൃത്യമായാണ് പാടുന്നത്! (ഉദാ: "എന്നെ കെട്ടാനായ് പണ്ട് ഐശ്വര്യ റായ് വീട്ടില്‍ വന്ന്‍..." - കെണ്ടാനായ്, വീണ്ടില്‍ വന്നു എന്നൊന്നുമല്ല പാടുന്നത്.) ഇങ്ങനെ സംസാരിക്കുന്ന തോമയ്ക്ക് പിശുക്കനും ധനികനുമായ ഒരച്ഛന്‍ വേണം, ഒന്നോ രണ്ടോ സഹോദരങ്ങള്‍ വേണം, പ്രേമിക്കാനൊരു പെണ്ണു വേണം, പിന്നെ പേരിനൊരു വില്ലനും - ബെന്നി ഇവരെയൊക്കെ ചേര്‍ത്തുവെച്ച് എന്തെങ്കിലുമൊക്കെ എഴുതിയാല്‍, അതു മതി വൈശാഖിന് സിനിമ പിടിക്കുവാന്‍.

Cast & Crew
Sound Thoma

Directed by
Vyshakh

Produced by
Anoop

Story, Screenplay, Dialogues by
Benny P. Nayarambalam

Starring
Dileep, Namitha Pramod, Saikumar, Mukesh, Shiju, Suraj Venjaramoodu, Nedumudi Venu, Vijayaraghavan, Rashmi Boban, Dharmajan, Kochu Preman, Kalasala Babu, Kalabhavan Shajon, Balachandran Chullikkadu etc.

Cinematography (Camera) by
Shaji

Editing by
Mahesh Narayanan

Production Design (Art) by
Joseph Nellikkal

Music / Background Score by
Gopi Sundar

Lyrics by
Rajeev Alunkal, Nadirshah, Murukan Kattakada

Make-Up by
Roshan G.

Costumes by
Sai

Choreography by
Shoby Paulraj

Thrills by
Mafia Sasi

Stills by
Abhilash Narayanan

Designs by
Jissen Paul

Banner
Priyanjali Films

Release Date
2013 April 05

ദിലീപ് സ്ഥിരമായി കാട്ടുന്ന ചേഷ്ടകളും ഗോഷ്ടികളും മുറിച്ചുണ്ടനായി കാണിക്കുന്നത് ഇതില്‍ കാണാം. അതിനപ്പുറമൊരു മികവും ദിലീപിന്റെ തോമയില്‍ കണ്ടില്ല. മറ്റ് കഥാപാത്രങ്ങളെ അപേക്ഷിച്ച് സംസാരം ഇങ്ങിനെയാക്കുവാന്‍ ഡബ്ബിംഗ് സമയത്ത് കുറേ മിനക്കെട്ട് കാണണമെന്ന്‍ മാത്രം. തോമയോട് ഇഷ്ടമില്ലാതെ ക്ലൈമാക്സിന് തൊട്ടു മുന്‍പുവരെ പെരുമാറുക, ഒടുവില്‍ ചുമ്മാ അങ്ങ് ഇഷ്ടപ്പെടുക - ഇത്രയുമാണ് നമിതയുടെ നായികയ്ക്ക് ചെയ്യുവാനുള്ളത്. ധനികനും പിശുക്കനുമായ പ്ലാപ്പറമ്പില്‍ പൗലോയെ അവതരിപ്പിച്ച സായികുമാര്‍ തന്റെ വേഷം ഭംഗിയാക്കിയിട്ടുണ്ട്. സഹോദരന്മാരായെത്തിയ മുകേഷും ഷിജുവും തമ്മില്‍ മത്സരമായിരുന്നു - ആരാണ് കൂടുതല്‍ ബോറാക്കുക എന്നതില്‍! സുരാജിന്റെ ഉരുപ്പടിയും ധര്‍മ്മജന്റെ തെങ്ങുകയറ്റക്കാരനും കൊച്ചു പ്രേമന്റെ മെമ്പറുമൊക്കെയാണ് തോമയ്ക്ക് പുറമേ ചിരിപ്പിക്കുവാന്‍ എത്തുന്നത്. അവരതില്‍ ചിലപ്പോഴൊക്കെ വിജയം കാണുന്നുണ്ട്, പലപ്പോഴും പാളുന്നുമുണ്ട്.

മലയാളത്തില്‍ ഇന്നിറങ്ങുന്ന ഏതൊരു ചിത്രത്തിനുമുള്ള ദൃശ്യ / സന്നിവേശ മികവൊക്കെ ഈ ചിത്രത്തിനുമുണ്ട് - അതിനപ്പുറം ഒട്ടും മെച്ചവുമല്ല മോശവുമല്ല. വേഷത്തിലും ചുറ്റുപാടുകളിലുമൊക്കെ കുറച്ചു സ്വാഭാവികത കൊണ്ടുവരുവാന്‍ ജോസഫ് നെല്ലിക്കലും (കല), സായിയും (വസ്ത്രാലങ്കാരം) ശ്രമിച്ചിട്ടുണ്ട്. ചിത്രത്തില്‍ മെച്ചമായി തോന്നിയ ഒരു ഘടകം ഗോപി സുന്ദര്‍ ഈണമിട്ട ഇതിലെ ഗാനങ്ങളാണ്. "കണ്ടാല്‍ ഞാനൊരു സുന്ദരനാ..." - നാദിര്‍ഷായുടെ വരികള്‍ രസകരമാണ്, സിനിമയില്‍ ചേര്‍ന്ന് പോവുന്നുമുണ്ട്. ദിലീപാണ് ആലാപനം. മുരുകന്‍ കാട്ടാക്കട എഴുതി, ശങ്കര്‍ മഹാദേവനും റീമി ടോമിയും ചേര്‍ന്നു പാടിയ "കന്നിപ്പേണ്ണേ! ചെങ്കദളിത്തേനേ..." - വിജയ് ചിത്രങ്ങളിലെ ഗാനങ്ങളുടെ ശൈലി പകര്‍ത്തിയതെങ്കിലും ഇതിന്റെ ചിത്രീകരണം ആകര്‍ഷകമാണ്. ഷോബി പോള്‍രാജിന്റെ നൃത്തസംവിധാനത്തില്‍ നമിതയും ദിലീപും നടുക്കുനിന്ന് കളിക്കുന്ന സംഘനൃത്തവും കൊള്ളാം. ഉദിത് നാരായണനും ശ്രേയ ഗോശാലും ചേര്‍ന്നാലപിച്ച "ഒരു കാര്യം..." എന്ന ഗാനം ആല്‍ബത്തിലുണ്ടെങ്കിലും സിനിമയില്‍ കണ്ടില്ല. അതെന്താണോ ഒഴിവാക്കിയത്, ഉദിതിന്റെ ഉച്ചാരണം തോമയ്ക്ക് ഭംഗിയായി ചേരുമായിരുന്നു!

അവധിക്കാലത്ത് ദിലീപിന്റെ ഒരു ചിത്രം, അതിപ്പോള്‍ എങ്ങിനെയായാലും, തകര്‍ത്തോടുവാനാണ് സാധ്യത കൂടുതല്‍. കുട്ടികളുമായി കുടുംബത്തോടൊപ്പം ചെന്നു കാണാവുന്ന സിനിമകളാണിവ എന്നാണല്ലോ വെപ്പ്! കുണ്ടനെന്നോ കുണ്ടിയെന്നോ ഒരാവശ്യവുമില്ലാതെ അവിടെയും ഇവിടെയുമൊക്കെ ഉപയോഗിച്ചാലും അത് സഭ്യേതരമായോ അശ്ലീലമായോ ഈ കുടുംബപ്രേക്ഷകര്‍ക്ക് തോന്നുകയും ഇല്ലായിരിക്കാം! (പക്ഷെ, ഈ രീതിയില്‍ അശ്ലീല തമാശകള്‍ക്കല്ലാതെ ഏതെങ്കിലും ചിത്രത്തില്‍ ഈ വാക്കുകള്‍ ഉപയോഗിച്ചാല്‍ അതപ്പോള്‍ അശ്ലീലവും അസഭ്യവുമായി ഇതേ കുടുംബപ്രേക്ഷകര്‍ക്ക് തോന്നുകയും ചെയ്യും!) എന്തു തന്നെയായാലും ദിലീപിന്റെ / വൈശാഖിന്റെ / ബെന്നിയുടെ മറ്റൊരു വില കുറഞ്ഞ സിനിമ ഉല്പന്നം എന്നല്ലാതെ 'സൗണ്ട് തോമ' മറ്റൊരു വിശേഷണവും അര്‍ഹിക്കുന്നില്ല. പറഞ്ഞിട്ടെന്ത്, അടുത്ത അവധിക്കാലമാവുമ്പോഴേക്കും ഇങ്ങിനെ മറ്റൊന്നുമായി ഇവരല്ലെങ്കില്‍ മറ്റു ചിലര്‍ എത്തുമെന്നത് മൂന്നരത്തരം!

ഒടുക്കത്തെ സംശയം: 'ട്ട'യെന്ന്‍ പറയുന്നത് ഉച്ചരിക്കുമ്പോള്‍ 'ത്ത' എന്നായിപ്പോവുന്നത് മനസിലാക്കാം. പക്ഷെ, അതെങ്ങിനെ 'ണ്ട' എന്നാവും? (പാട്ടില്‍ "കപ്പലു മുങ്ങിക്കോത്തെ, അത് കടലില്‍ മുങ്ങിക്കോത്തെ..." എന്നൊക്കെയാണ് പാടുന്നതും!) കുട്ടിയിലേയും കുട്ടനിലേയും 'ട്ട' മാറ്റി പറയുമ്പോഴുള്ള വില കുറഞ്ഞ തമാശ മാത്രമല്ലേ ഇവിടെ ഉന്നം വെയ്ക്കുന്നുള്ളൂ?

7 comments :

 1. മുറിച്ചുണ്ടന്‍ തോമയായി ദിലീപെത്തുന്ന വൈശാഖ് ചിത്രം 'സൗണ്ട് തോമ'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  Haree
  ‏@newnHaree
  #SoundThoma the film not at all sound good! Yet another crap from #Dileep, Vysakh and Benny P. #Chithravishesham
  7:16 PM - 6 Apr 13
  --

  ReplyDelete
 2. ഉദിതിന്റെ ഉച്ചാരണം തോമയ്ക്ക് ഭംഗിയായി ചേരുമായിരുന്നു!
  :) :) :) കറക്റ്റ്

  ReplyDelete
 3. എന്തായാലും ചാനലില്‍ കാണിയ്ക്കുമ്പോള്‍ ആ "തോമാ സ്റ്റൈല്‍ " ഗാനം ശരിയ്ക്ക് ആസ്വദിച്ചിരുന്നു.

  ReplyDelete
 4. "അശ്ലീല തമാശകള്‍ക്കല്ലാതെ ഏതെങ്കിലും ചിത്രത്തില്‍ ഈ വാക്കുകള്‍ ഉപയോഗിച്ചാല്‍ അതപ്പോള്‍ അശ്ലീലവും അസഭ്യവുമായി ഇതേ കുടുംബപ്രേക്ഷകര്‍ക്ക് തോന്നുകയും ചെയ്യും!"

  ഇതിനൊരു കൈ .
  സത്യമാണ് പറഞ്ഞത്. മായാമോഹിനിയിലും മരുമകനിലും ഒക്കെ ഇതിലും തറ ഡയലോഗുകള്‍ ഉണ്ട് . എന്നിട്ടാണ് ന്യൂ ജനറേഷന്‍ സിനിമകളെ മാത്രം കുറ്റം പറയുന്നത്.

  ReplyDelete
 5. "കുണ്ടനെന്നോ കുണ്ടിയെന്നോ ഒരാവശ്യവുമില്ലാതെ അവിടെയും ഇവിടെയുമൊക്കെ ഉപയോഗിച്ചാലും അത് സഭ്യേതരമായോ അശ്ലീലമായോ ഈ കുടുംബപ്രേക്ഷകര്‍ക്ക് തോന്നുകയും ഇല്ലായിരിക്കാം! (പക്ഷെ, ഈ രീതിയില്‍ അശ്ലീല തമാശകള്‍ക്കല്ലാതെ ഏതെങ്കിലും ചിത്രത്തില്‍ ഈ വാക്കുകള്‍ ഉപയോഗിച്ചാല്‍ അതപ്പോള്‍ അശ്ലീലവും അസഭ്യവുമായി ഇതേ കുടുംബപ്രേക്ഷകര്‍ക്ക് തോന്നുകയും ചെയ്യും!) "

  ഹരി സാര്‍ ഈ പറഞ്ഞത് ഞങ്ങള്‍ക്കിട്ടൊരു കൊട്ടാണ് എന്ന് മനസ്സിലായി, തമാശയ്ക്കായാലും കാര്യത്തിലായാലും അശ്ലീലം അശ്ലീലം തന്നെയാണ്,
  വാതിലടച്ച് മറ്റുള്‍ള്ളവര്‍ കാണാതെ ചെയ്യേണ്ട കാര്യം അത് എല്ലാവരും ചെയ്യുന്നതല്ലേ പിന്നെന്തിനാ വാതിലടക്കുന്നത് എന്ന് കരുതി വാതിലടക്കാതെ ചെയ്താല്‍ അതിനെ ന്യൂ ജനറേഷന്‍ എന്ന് വിളിക്കാനാവുമോ?
  കുട്ടികള്‍ തൂറിയാല്‍ അമ്മമാര്‍ ചന്തി കഴുകികൊടുക്കാന്‍ മോനേ വാ ചന്തി (കുണ്ടി) കഴുകിത്തരാം എന്ന് വിളിച്ചു പറയുമായിരിക്കും, പക്ഷേ അതുപോലെ നടന്നുപോവുന്നവനെ നോക്കി അവന്‍റെ കുണ്ടി ഉഗ്രനാണെന്ന് വിളിച്ചു പറയില്ല, രണ്ടിനും രണ്ട് അര്‍ഥതലങ്ങള്‍ ഉണ്ട്,

  ReplyDelete
 6. Dileepnte time best time, this goona be another block mega buster....and what so ever.....

  ReplyDelete
 7. ദിലീപ് പ്രച്ഛന്ന വേഷത്തിൽ പി എച് ഡി എടുക്കാൻ പോവുകയാണെന്ന് തൊന്നുന്നു. പക്ഷെ ഇദ്ദേഹം എന്ത് ചെയ്താലും സിനിമ ഹിറ്റ്. കാരണം പതിനെട്ടു അടവും പയറ്റി ഫീൽഡിൽ പിടിച്ചു നിന്ന് കാശുണ്ടാക്കാൻ അറിയാവുന്ന ഒരു തന്ത്രശാലി ആണ് ഇദ്ദെഹം. ഇദ്ദേഹം തന്നെ ഉണ്ടാക്കിയെടുത്ത 'ജനപ്രിയാൻ' ഇമേജ് തന്നെയാണ് കാരണം. മുരിച്ചുണ്ടനും മായാമോഹിനിയും പോലത്തെ സംഭവങ്ങൾ ഇവിടെ വേറെ ഏതൊരു നടൻ ചെയ്താലും സംഭവം ഫ്ലോപ്പ് ആവും സംശയമില്ല. ഈ നാല്പതാഞ്ചാം വയസ്സിലും അയലത്തെ പയ്യന് ഇമേജ് കൊണ്ട് നടക്കുകയാണ് (ചെയ്യുന്ന പ്രവൃത്തികൾ ഒന്നും അയലത്തെ പയ്യന്റെ അല്ലെങ്കിലും). അയലത്തെ പയ്യന്റെ ഇമേജ് കക്ഷത്തിൽ വെച്ചിട്ട് 'വായുവിൽ പത്തു പതിനഞ്ചു വില്ലന്മാരെ' പറന്നടിചാലും ആ ഇമേജിന് ഒരു കോട്ടവും തട്ടുന്നില്ല എന്നതാണ് ഈ പഹയന്റെ വിജയ രഹസ്യം.
  സ്വയം മാർക്കറ്റ്‌ ചെയ്യാൻ അറിയാവുന്ന ഒരു കുറുക്കൻ .. ശനിയ്ക്കും ഒരു ശകുനി... അതാണ് ദിലീപ്.

  ReplyDelete