റബേക്ക ഉതുപ്പ് കിഴക്കേമല (Review: Rebecca Uthup Kizhakkemala)

Published on: 3/10/2013 05:04:00 PM

റബേക്ക ഉതുപ്പ് കിഴക്കേമല: പാഴായ കുതിപ്പ്!

ഹരീ, ചിത്രവിശേഷം

Rebecca Uthup Kizhakkemala: Chithravishesham Rating [2.25/10]
കേരളത്തിലെ കായികരംഗം വിഷയമാക്കുന്ന പ്രസക്തമായ ചിത്രങ്ങളൊന്നും മലയാളത്തില്‍ ഇറങ്ങിയിട്ടുള്ളതായി ഓര്‍മ്മയിലില്ല. അതിനൊരു അപവാദമാവുമോ 'റബേക്ക ഉതുപ്പ് കിഴക്കേമല' എന്നാദ്യം ചിന്തിച്ചെങ്കിലും, 'കുബേരനു' ശേഷം രചനയില്‍ വി.സി. അശോകും സംവിധാനത്തില്‍ സുന്ദര്‍ ദാസും ഒരുമിക്കുന്ന ചിത്രമാണെന്ന് സിനിമയുടെ ഏതോ ഒരു പരസ്യത്തില്‍ കണ്ടതോടെ അങ്ങനെയുള്ള പ്രതീക്ഷകളൊന്നും വേണ്ടെന്ന്‍ മനസിലുറപ്പിച്ചു. ഏതായാലും അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ആന്‍ അഗസ്റ്റിന്‍ ഒപ്പം ജിഷ്ണുവും സിദ്ധാര്‍ത്ഥ് ഭരതും നിര്‍മ്മലുമൊക്കെ നായികാനായകന്മാരായി വേഷമിടുന്ന ഈ ചിത്രം ഉപാദ്ധ്യായ മൂവി ക്രാഫ്റ്റിന്റെ ബാനറില്‍ വെങ്കടേഷ് എസ്. ഉപാദ്ധ്യായ നിര്‍മ്മിച്ചിരിക്കുന്നു. നായികയെ കായികതാരവും കാമുകനെ കോച്ചുമാക്കിയിട്ടുണ്ടെങ്കിലും പറയാനുള്ളത് പഴയ കുടുംബവഴക്കിന്റെയും പ്രതികാരത്തിന്റെയും കഥയാണെങ്കില്‍ പിന്നെന്ത് കാര്യം? കണ്ടിരിക്കുന്ന കാണികള്‍ രണ്ടര മണിക്കൂര്‍ നീളുന്ന ഈ സാഹസം തീരുവാന്‍ കാത്തു നില്‍ക്കാതെ ഇറങ്ങി ഓടിയെന്ന് വരും, അത്ര തന്നെ!

ആകെത്തുക : 2.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 0.00 / 10
: 1.00 / 10
: 4.00 / 10
: 2.00 / 05
: 2.00 / 05
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയ കിഴക്കേമലക്കാരി റബേക്ക ഉതുപ്പിന്റെ പിന്നീടുള്ള ജീവിതമാണ് സിനിമയെന്നാണ് വെപ്പ്. പക്ഷെ, റബേക്കയെ ഓട്ടക്കാരിയായി തുടക്കത്തില്‍ പരിചയപ്പെടുത്തുന്നു എന്നതൊഴിച്ചു നിര്‍ത്തിയാല്‍ പിന്നെ സിനിമയില്‍ കാണുവാനുള്ളത് കുടുംബത്തിന്റെ മാനം കെടുത്തി ഒളിച്ചോടിയ അനുജത്തിയോടും കുടുംബത്തോടും പക കൊണ്ടുനടക്കുന്ന ചേട്ടന്മാരുടേയും, അവരുടെ കുതന്ത്രങ്ങളുടെയും ഒക്കെ കഥ തന്നെയാണ്. റബേക്ക എന്ന ഓട്ടക്കാരിയോ അല്ലെങ്കില്‍ കായിക പശ്ചാത്തലമോ ഒന്നും കാര്യമായ ഒരു സ്വാധീനവും ചിത്രത്തില്‍ കൊണ്ടുവരുന്നില്ലെന്ന് സാരം. മലയാളത്തില്‍ പലവട്ടം പലവിധത്തില്‍ പറഞ്ഞിട്ടുള്ള ഈ കഥ പറയുവാന്‍ നായികയെ ഓട്ടക്കാരിയും കാമുകനെ കോച്ചുമാക്കി എന്നല്ലാതെ വി.സി. അശോക് എന്താണ് ഈ ചിത്രത്തില്‍ ചെയ്തിട്ടുള്ളത്? സുന്ദര്‍ ദാസിന്റെ സംവിധാനത്തിലത് സിനിമയായപ്പോള്‍ തുടക്കം മുതല്‍ ഒടുക്കം വരെ കാണികളെ നന്നായി മുഷിപ്പിക്കുന്നുമുണ്ട്.

Cast & Crew
Rebecca Uthup Kizhakkemala

Directed by
Sundar Das

Produced by
Venkatesh S. Upadhyaya

Story, Screenplay, Dialogues by
V.C. Ashok

Starring
Ann Augustine, Siddharth Bharath, Jishnu, Nirmal, Saikumar, Kalabhavan Mani, Shari, Suraj Venjaramood, Shanavas, Kalabhavan Shajon, Raja Saab, Sukumari, P. Sreekumar, Jagannatha Varma, Augustine, Praseeda, Sasi Kalinga, Praveen, Shalin, Chembil Ashokan, Sreelatha etc.

Cinematography (Camera) by
Jibu Jacob

Editing by
Bijith Bala

Production Design (Art) by
Girish Menon

Music by
Ratheesh Vega

Lyrics by
Rafeeq Ahmed

Make-Up by
Ratheesh Ambady

Costumes by
Palani

Choreography by
Shanthi

Action (Stunts / Thrills) by
Mafia Sasi

Stills by
Premlal Pattazhi

Designs by
Strikers & Crew

Banner
Upadhyaya Movie Crafts

Release Date
2013 March 07

Snippet Review

A false start for 'Rebecca Uthup Kizhakkemala' when it comes to the race in the box office.

ചിത്രത്തില്‍ റബേക്കയുള്‍പ്പടെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനായി അഭിനേതാക്കളെ നിശ്ചയിച്ചിരിക്കുന്നത് തന്നെ പാളി. ആന്‍ അഗസ്റ്റിന്റെ രൂപമോ ഭാവമോ ശരീരഭാഷയോ ഒന്നും ഒരു കായികതാരത്തെ പ്രകടമാക്കുന്നില്ല. കടിച്ചു പിടിച്ചുള്ള വര്‍ത്തമാനവും നടപ്പുമായി ജിഷ്ണു എത്തുമ്പോള്‍, അഭിനയമെന്തെന്ന് തന്നെ ധാരണയില്ല നിര്‍മ്മലിന്. പിന്നെയും ചിത്രത്തോട് ചേര്‍ന്നു പോവുന്നത് സിദ്ധാര്‍ത്ഥ് അവതരിപ്പിക്കുന്ന കോച്ചിന്റെ വേഷമാണ്. സായികുമാര്‍ ഇതിനോടകം ചെയ്ത അച്ഛന്‍ വേഷങ്ങളുടെ ഛായ തന്നെയെങ്കിലും ചെറിയൊരു ചലനമുണ്ടാക്കുവാന്‍ അദ്ദേഹത്തിനായി. പി. ശ്രീകുമാര്‍, രാജാ സാബ്, ശാരി, സുകുമാരി, കലാഭവന്‍ മണി, കലാഭവന്‍ ഷാജോണ്‍, സുരാജ്, ശശി കലിങ്ക, ചേമ്പില്‍ അശോകന്‍, ഷാനവാസ്, അഗസ്ത്യന്‍, ശാലിന്‍, പ്രവീണ്‍ ഇങ്ങിനെ നീണ്ടൊരു താരനിര ചിത്രത്തില്‍ ആവശ്യമുള്ളതും ഇല്ലാത്തതുമായ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിരിപ്പിക്കുക എന്ന ഉദ്ദേശത്തിലാവാം ഇവരില്‍ പലരും ചിത്രത്തിലുള്ളത്. ആ ഉദ്ദേശമെങ്കിലും ഫലപ്രദമായി നടപ്പായെങ്കില്‍ ചിത്രത്തിലതെങ്കിലും ഉണ്ടെന്ന് പറയാമായിരുന്നു, എന്നാലിതില്‍ അതുമില്ല!

കുന്നും മലയും പച്ചപ്പുമൊക്കെ നിറഞ്ഞതാണ് കിഴക്കേമലയെങ്കിലും മനസില്‍ തങ്ങി നില്‍ക്കുന്ന ഒരു നല്ല ഫ്രയിമോ ദൃശ്യമോ ജിബു ജേക്കബിന്റെ ക്യാമറ കാട്ടിത്തരുന്നില്ല. ഇത് സാരമാക്കാതിരുന്നാലും ആദ്യാവസാനമുള്ള വാതില്‍പ്പുറ ദൃശ്യങ്ങള്‍ വല്ലാതെ വെളുത്തു പോയത് ദൃശ്യസുഖം വല്ലാതെ കുറയ്ക്കുന്നു. കൊച്ചച്ചന്‍ എന്ന കഥാപാത്രമായി വരുന്ന കലാഭവന്‍ മണിക്ക് നല്കിയ വിഗും താടിയും കണ്ടാല്‍ നാടകക്കാര്‍ പോലും ചിരിക്കും. വീട്ടിലിടുന്ന ചട്ടയും മുണ്ടും പോലും നല്ല വെളുത്ത് തേച്ച് വടിവൊത്ത രീതിയിലാണ്. മണ്ണിലദ്ധ്വാനിക്കുന്ന കര്‍ഷകന്റെ ബനിയനും എപ്പോഴും പുത്തന്‍ പുതിയത് തന്നെ! ചിത്രത്തിലേക്ക് ഒന്നും ചേര്‍ക്കാത്ത രംഗങ്ങളും ദൃശ്യങ്ങളും എത്രവേണമെങ്കിലും കണ്ടെത്താം ചിത്രത്തില്‍. അതൊക്കെ വെട്ടി മാറ്റാത്തതിന് ബിജിത്ത് ബാലയെ പഴിക്കണോ അതോ സംവിധായകനെ പഴിക്കണോ? ഇങ്ങിനെ പലതുകൊണ്ടും ചിത്രത്തിന്റെ സാങ്കേതികവിഭാഗവും ചിത്രത്തിന് എന്തെങ്കിലുമൊരു മികവ് നല്‍കുന്നതില്‍ പിന്നിലാണ്. റഫീഖ് അഹമ്മദെഴുതി രതീഷ് വേഗ ഈണമിട്ട "കിഴക്കേമലയിലെ വെണ്‍നിലാവൊരു..." എന്ന ഗാനവും ആശ്വാസത്തിന് വക നല്‍കുന്നില്ല.

കേരളത്തിലെ കായികരംഗത്തെ പ്രശ്നങ്ങള്‍ വെളിവാക്കുന്ന ഒരു ചിത്രം, അല്ലെങ്കില്‍ കേരളത്തില്‍ നിന്നും വളര്‍ന്ന് വന്ന ഒരു കായിക താരത്തിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കി ഒരു ചിത്രം, അതുമല്ലെങ്കില്‍ ദേശീയ തലത്തില്‍ വരെ തിളങ്ങുന്ന കേരള താരങ്ങള്‍ എന്തുകൊണ്ട് അന്താരാഷ്ട്ര തലത്തില്‍ പിന്തള്ളപ്പെടുന്നു എന്നന്വേഷിക്കുന്ന ഒരു ചിത്രം - ഇങ്ങിനെ എത്രയോ രീതികളില്‍ ഈയൊരു സിനിമയുടെ കഥ വികസിപ്പിക്കാമായിരുന്നു. പക്ഷെ, അതു ചെയ്യുവാന്‍ വി.സി. അശോകോ അല്ലെങ്കില്‍ അങ്ങിനെയൊന്ന് സംവിധാനം ചെയ്യുവാന്‍ സുന്ദര്‍ ദാസോ മതിയാവില്ല എന്നതിന് ഈ ചിത്രം ഒരു തെളിവാണ്. ചിത്രത്തിലെ ഓട്ടക്കാരിയായ റബേക്ക ഒളിമ്പിക്സില്‍ അവസാനറൗണ്ടില്‍ പുറത്തായി കുടുംബിനിയായി ശിഷ്ട ജീവിതം നയിക്കുന്നു എന്നാണ് പറയുന്നത്. അതേ പാത പിന്തുണ്ടര്‍ന്ന്, ബോക്സ് ഓഫീസ് ഓട്ടത്തില്‍ തുടക്കം തന്നെ പിഴച്ച 'റബേക്ക ഉതുപ്പ് കിഴക്കേമല' തിയേറ്ററുകളില്‍ നിന്നും ആദ്യ വാരം തന്നെ പുറത്തായി ടെലിവിഷന്‍ ചിത്രമായി അധികം വൈകാതെ കുടുംബ സദസുകളില്‍ തന്നെ എത്തുമെന്ന്‍ കരുതാം!

വാല്‍ക്കഷ്ണം: ടെലിവിഷനിലെ കോമഡി സ്കിറ്റ് പരിപാടികള്‍ സ്ഥിരമായി കാണാറുണ്ടെന്ന് തോന്നുന്നു വി.സി. അശോകും സുന്ദര്‍ ദാസും. അവയുടെയൊരു സ്വഭാവമാണ് ചിത്രത്തിലെ പല രംഗങ്ങള്‍ക്കും കാണുവാനുള്ളത്. മത്തില്ലാതെന്ത് മത്തായി, ലില്ലിയുടെ ചിക്കന്‍ ചിക്കന്‍ ലില്ലി ഇങ്ങിനെ ചിത്രത്തിലുപയോഗിച്ച പല പ്രയോഗങ്ങളും ഇത്തരം സ്കിറ്റുകളുടെ സംഭാവനായല്ലേ എന്നും സംശയിക്കുന്നു.

4 comments :

 1. സുന്ദര്‍ ദാസിന്റെ സംവിധാനത്തില്‍ ആന്‍ അഗസ്റ്റിന്‍, ജിഷ്ണു, സിദ്ധാര്‍ത്ഥ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'റബേക്ക ഉതുപ്പ് കിഴക്കേമല' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  ReplyDelete
 2. സുന്ദര്‍ദാസിനോന്നും അതിനൊക്കെയുള്ള പാങ്ങില്ല ..ഈ സിനിമ കിഴക്കേ മലയുടെ അടിവാരത്തില്‍ നിന്നും ഉരുട്ടിക്കയറ്റി തള്ളി താഴെ ഇട്ടിട്ടുണ്ടാവും ..എന്തിനിങ്ങനെ കഷ്ടപ്പെടുന്നു എന്ന് ഈ നാരാനത് ഭ്രാന്തന്മാരെ കാണുമ്പോള്‍ തോന്നാറുണ്ട്

  ReplyDelete
 3. “കിഴക്കേമലയിലെ വെണ്ണിലാവൊരു കൃസ്ത്യാനിപ്പെണ്ണ്...” എന്ന ഗാനം “ലോറാ നീ എവിടെ” എന്ന പഴയ സിനിമയിലേതാണ്. വയലാര്‍ ബാബുരാജ് കൂട്ടുകെട്ടിന്റെ.
  റബേക്ക ഉതുപ്പില്‍ ഒറിജിനലിന്റെ പല്ലവി ഉപയോഗിച്ചിരിക്കുന്നു. അനുപല്ലവിയും ചരണവും പുതുതായി എഴുതേണ്ടിയിരുന്നില്ല. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് മെച്ചമൊന്നുമില്ല. കുറെ പുതിയ ബിംബങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു എന്നുമാത്രം. ഒരു മനോഹര ഗാനമാണ് ബാബുരാജിന്റെ “കിഴക്കേമല...”

  ReplyDelete
 4. പഴയ ഗാനങ്ങളെ ഇങ്ങനെ മോശമാക്കുന്ന പ്രവണത ഇനിയെങ്കിലും നിര്‍ത്തണം.
  നല്ല റിവ്യൂ. അഭിനന്ദനങ്ങള്‍ ..

  ReplyDelete