ലിസമ്മയുടെ വീട്: ജീവിതമില്ലാത്തൊരു വീട്!
ഹരീ, ചിത്രവിശേഷം
അവതരിപ്പിച്ച വിഷയത്തിന്റെ ഗൗരവത്താലും, അത് പുറത്തിറങ്ങിയ സമയത്തെ കേരളത്തിന്റെ രാഷ്ട്രീയ/സാമൂഹിക അവസ്ഥയാലും ശ്രദ്ധ നേടിയ ഒരു ചിത്രമായിരുന്നു '
അച്ഛനുറങ്ങാത്ത വീട്'. സലിം കുമാറിന്റെ പുരസ്കാരാര്‍ഹമായ അഭിനയവും ആ സിനിമയ്ക്കു ശ്രദ്ധ നേടിക്കൊടുക്കുന്നതിനു കാരണമായി. പ്രസ്തുത സിനിമയുടെ തിരക്കഥാകൃത്തായിരുന്ന ബാബു ജനാര്‍ദ്ദനനാണ് '
ലിസമ്മയുടെ വീട്ടി'ലെത്തുമ്പോള്‍ രചയിതാവും ഒപ്പം സംവിധായകനും. ആദ്യ ചിത്രത്തില്‍ ലിസമ്മയായ മുക്തയുടെ സ്ഥാനത്ത് മീര ജാസ്മിനാണ് ഈ ചിത്രത്തില്‍ ലിസമ്മയാവുന്നത്. രാഹുല്‍ മാധവ്, സലീം കുമാര്‍, ജഗദീഷ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍. ഗ്രീന്‍ അഡ്വര്ട്ടേസിംഗിന്റെ ബാനറില്‍ പി.ടി. സലീമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ആകെത്തുക : 4.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 3.00 / 10
: 5.00 / 10
: 3.00 / 05
: 3.00 / 05
'അച്ഛനുറങ്ങാത്ത വീടെ'ന്ന ലാല്‍ ജോസ് സിനിമയിലെ പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടിയായ ലിസമ്മയുടെ പില്ക്കാല ജീവിതമാണ് ബാബു ജനാര്ദ്ദനന് 'ലിസമ്മയുടെ വീടി'ന് വിഷയമാക്കുന്നത്. സാമുവലിന്റെ നാലു മക്കളെയൊക്കെ കാണിച്ചാണ് ചിത്രം തുടങ്ങുന്നതെങ്കിലും ഒരു ഘട്ടം കഴിഞ്ഞാല്‍ പിന്നെ ചിത്രത്തില്‍ ലിസമ്മ മാത്രമേയുള്ളൂ. മറ്റുള്ളവരൊക്കെ ആവിയായിപ്പോയതാണോ എന്തോ! പെണ്‍വാണിഭം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കപ്പെടുന്നത്, പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി കാശുവാങ്ങി ആരോപണമുന്നയിക്കുന്നത്, ഇടതുപക്ഷത്തെ വിഭജനവും അനുബന്ധ രാഷ്ട്രീയ കൊലപാതകങ്ങളും, സ്കൂള്‍ വിദ്യാര്‍ത്ഥി സഹപാഠിയെ കുത്തി കൊലപ്പെടുത്തുന്നത്, ദുര്‍ഗുണ പരിഹാര പാഠശാലകളില്‍ കുട്ടികള്‍ ഏല്ക്കുന്ന പീഡനങ്ങള്‍, ജയിലുകള്‍ എങ്ങിനെ ക്രിമിനലുകളെ ഉണ്ടാക്കുന്നു, എസ് കത്തി കൊലപാതകം, ആള് മാറി കൊലപ്പെടുത്തല്‍; ഇങ്ങിനെ ഈ കഴിഞ്ഞ കുറേ വര്‍ഷങ്ങളില്‍ നാം കണ്ടതും കേട്ടതുമായ ഒട്ടേറെ കാര്യങ്ങള്‍ തിരക്കഥയില്‍ ചേര്‍ത്തിട്ടുണ്ട്. ഇതിന് പുറമേ ഒരു ജുവലറിയുടെ പരസ്യമായി മാത്രം ഉദ്ദേശിച്ചുള്ള കുറച്ചു രംഗങ്ങളുമുണ്ട്. ഇതെല്ലാം കൂടി ചേര്‍ന്നൊരു അവിയേലാണ് സിനിമയെന്ന് സാരം.
Cast & Crew
Lisammayude Veedu
Directed by
Babu Janardhanan
Produced by
P.T. Saleem
Story, Screenplay, Dialogues by
Babu Janardhanan
Starring
Meera Jasmine, Rahul Madhav, Salim Kumar, Jagadeesh, Baiju, P. Sreekumar, Sangeetha Mohan, Ranju, Preesha, Kalasala Babu, V.K. Sreeraman etc.
Cinematography (Camera) by
Sinu Sidharth
Editing by
Sobhin K. Soman
Production Design (Art) by
Arun Kallummodu
Background Score by
Deepankuran Kaithapram
Sound Design by
Ranganath Ravee
Music by
Vinu Thomas
Lyrics by
Pradeep M.T.
Make-Up by
Jayachandran
Costumes by
Arun Manohar
Action (Stunts / Thrills) by
Different Danny
Stills by
Name
Designs by
Old Monks
Banner
Green Advertising
Release Date
2013 Jan 04
Snippet Review
The plot discusses many socially relevant issues but fails to focus on any and the director fails make a quality film out of it.
ലിസമ്മ എന്ന പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ വേദനയോ ജീവിത വൈഷമ്യങ്ങളോ ഒന്നും പ്രേക്ഷകരിലെത്തിക്കുവാന്‍ പ്രാപ്തമല്ല ചിത്രത്തിന്റെ തിരനാടകം. മീര ജാസ്മിനാവട്ടെ തികഞ്ഞ ലാഘവത്തോടെയാണ് പ്രസ്തുത കഥാപാത്രത്തെ സമീപിച്ചിരിക്കുന്നതും. ഇതിനു മുന്‍പ് നാം കണ്ടിട്ടുള്ള മീരയുടെ നായികമാരില്‍ നിന്നും വേറിട്ടൊരു വ്യക്തിത്വം ലിസമ്മയില് കാണുവാനില്ല. ലിസമ്മയുടെ ഭര്‍ത്താവായും പിന്നീട് മകനായും വേഷമിടുന്ന രാഹുല്‍ മാധവ് തന്റെ ഭാഗം ഭംഗിയാക്കിയെന്ന് പറയാം. ജഗദീഷിന്റെ സമീപകാല വേഷങ്ങളില്‍ ഭേദപ്പെട്ട ഒന്നാണ് ഇതിലെ ഉത്തമന് എന്ന കഥാപാത്രം. സലിം കുമാറിന്റെ സാമുവലിനെ വല്ലാതങ്ങ് ഒതുക്കിക്കളഞ്ഞു ഈ ചിത്രത്തില്‍. ബൈജു, പി. ശ്രീകുമാര്‍, സംഗീത മോഹന്‍, പ്രീഷ തുടങ്ങി മറ്റ് അഭിനേതാക്കളും മോശമാവാതെ ചിത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മീര ജാസ്മിന് എന്ന നടിയെ സുന്ദരിയായി അവതരിപ്പിക്കുക എന്നതിനപ്പുറമൊരു ലക്ഷ്യം ചമയത്തില്‍ കണ്ടില്ല. മീര ജാസ്മിനെ ലിസമ്മയായി പ്രേക്ഷകരിലെത്തിക്കുവാന്‍ ഇതിലും മികച്ചൊരു ശ്രമം ചമയം, വസ്ത്രാലങ്കാരം എന്നിവ നിര്‍വ്വഹിച്ചവരില്‍ നിന്നും ഉണ്ടാവേണ്ടിയിരുന്നു. സംഘട്ടന രംഗങ്ങളുടെ ചിത്രീകരണത്തില്‍ ചില പുതുമകള്‍ അവതരിപ്പിക്കുവാനായി എന്നതിനപ്പുറമോരു മികവ് സിനു സിദ്ധാര്‍ത്ഥിന്റെ ഛായാഗ്രാഹണത്തിനുമില്ല. ഡിഫറന്റ് ഡാനി ഒരുക്കിയ സംഘട്ടന രംഗങ്ങള്‍ ചിലപ്പോഴെങ്കിലും അനാവശ്യമായി നീളുന്നുണ്ട്. മലയാളം സിനിമകളില്‍ കേട്ടുവരുന്ന സ്ഥിരം മട്ടിലൊക്കെ തന്നെയെങ്കിലും ദീപാങ്കുരന്റെ പശ്ചാത്തലസംഗീതവും രംഗനാഥ് രവിയുടെ ശബ്ദസംവിധാനവും ചിത്രത്തില്‍ അലോസരമാവാതെ ചേരുന്നുണ്ട്.
ബാബു ജനാര്ദ്ദനന് എന്തിന് ഈ ചിത്രമെടുത്തു എന്നിനിയും മനസിലായിട്ടില്ല. കുറേ സംഭവങ്ങള്‍ കൂട്ടിയിണക്കി കാണിക്കുക എന്നതിനപ്പുറം ഒരു നല്ല സിനിമ ഉണ്ടാക്കുവാനുള്ള ശ്രമമൊന്നും അദ്ദേഹത്തില്‍ നിന്നും ഇതില്‍ ഉണ്ടായിട്ടില്ല. കഥയിലെ സംഭവങ്ങളെ കുറേയെങ്കിലും യുക്തിസഹമായി ബന്ധിപ്പിക്കുവാനായി എന്നതു മാത്രം, ബാബു ജനാര്‍ദ്ദനന്റെ ആദ്യ ചിത്രമായ '
ബോംബെ മാര്‍ച്ച് 12'-ല്‍ നിന്നും ഒരു മെച്ചമായി പറയാം. ഇടവേളയ്ക്ക് ശേഷം ഓരോ ഇടമെത്തുമ്പോഴും കരുതും ഇതിപ്പോള്‍ തീരുമായിരിക്കുമെന്ന്. പക്ഷെ, കാണുവാന്‍ കയറിയവരെ പരമാവധി കഷ്ടപ്പെടുത്താതെ സിനിമ തീരില്ല. ഒരു സിനിമയില്‍ പറയാവുന്ന കാര്യങ്ങള്‍ക്കൊരു പരിധിയില്ലേന്ന്. ഒട്ടേറെ കാര്യങ്ങളെല്ലാം കൂടി ഒരു സിനിമയില്‍ കൊണ്ടുവരുമ്പോള്‍ ഒന്നിനും അതര്‍ഹിക്കുന്ന ഗൗരവം നല്കുവാന് കഴിയാതെ വരുന്നു. 'ലിസമ്മയുടെ വീട്ടി'ലും സംഭവിച്ചത് അതാണ്. ലിസമ്മയുടെ ജീവിതമില്ലാത്ത വെറുമൊരു വീടു മാത്രമായി ചിത്രം മാറുവാനും കാരണം മറ്റൊന്നല്ല.
ഇന്നത്തെ ചിന്താവിഷയം: ഏതായാലും 'ലിസമ്മയുടെ വീട്' കാണുവാന്‍ പോയത് മറ്റൊരു ചിന്തയ്ക്ക് വഴിമരുന്നിട്ടു. അതിനെക്കുറിച്ച് ചിത്രവിശേഷം ഗൂഗിള്‍ പ്ലസ്സില്‍ എഴുതിയത്
ഇവിടെ വായിക്കാം.
ബാബു ജനാര്ദ്ദനന് രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്ത 'ലിസമ്മയുടെ വീടി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#LisammayudeVeedu: The plot is socially relevant, but Babu Janardhan fails to make a quality film out of it. #Chithravishesham
10:26 PM - 5 Jan 13
--
Not bad ; not that good. below averege
ReplyDelete