ഐ ലൗ മി: പറഞ്ഞു തീര്‍ത്തൊരു ത്രില്ലര്‍!!!
ഹരീ, ചിത്രവിശേഷം
മോഹന്‍ലാല്‍ നായകനായ '
ഗ്രാന്റ്മാസ്റ്ററി'നു ശേഷം ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് '
ഐ ലൗ മി'. സ്വന്തം തിരക്കഥകളിലാണ് ഉണ്ണികൃഷ്ണന് ഇതുവരെ സിനിമ ചെയ്തിട്ടുള്ളതെങ്കില് ഈ ചിത്രത്തില്‍ അതിനൊരു മാറ്റമുണ്ട് - സേതുവാണ് ഇവിടെ രചയിതാവിന്റെ റോളില്‍. അനൂപ് മേനോന്, ഉണ്ണി മുകുന്ദന്, ആസിഫ് അലി, ഇഷ തല്‍വാര്‍ - ഈ നാലുപേരുടെ കഥാപാത്രങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. വൈശാഖ സിനിമാസിന്റെ ബാനറില്‍ വൈശാഖ് രാജനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒരു ത്രില്ലറെന്നൊക്കെ ഉറപ്പിച്ച് പറയാനും മാത്രം ത്രില്ലൊന്നും ചിത്രം നല്കുന്നില്ലെങ്കിലും, അധികം വലിച്ചു നീട്ടിക്കൊണ്ട് പോവാതെ സാമാന്യം വേഗത്തില്‍ കഥ പറഞ്ഞു തീര്‍ക്കുന്നതിന്റെ ഒരു മെച്ചം ചിത്രത്തിനും, ഒപ്പം കാണികള്‍ക്കുമുണ്ട്. പിന്നെ, കഥ പറഞ്ഞു തന്നെയാണ് തീര്‍ക്കുന്നത് എന്നൊരു പോരായ്മയുണ്ട്. അതു മറികടക്കുവാന്‍, ചിത്രത്തിലിടയ്ക്കിടെ വരുന്ന 'ട്വിസ്റ്റൂ'കള്‍ മതിയാവുമോ എന്നതിന് അനുസരിച്ചിരിക്കും പടത്തോട് പ്രേക്ഷകര്‍ക്ക് തോന്നുന്ന ഇഷ്ടം.
ആകെത്തുക : 5.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 3.50 / 10
: 4.50 / 10
: 5.50 / 10
: 4.00 / 05
: 3.50 / 05
കൗതുകമുള്ളൊരു കഥാതന്തുവാണ് ചിത്രത്തിനുള്ളത്. ആ കൗതുകം ഒട്ടൊക്കെ ചിത്രത്തിലേക്ക് കൊണ്ടുവരുവാനും, ഏച്ചുകെട്ടലായി തോന്നാത്ത രീതിയില്‍ ചില വളവും തിരിവുമൊക്കെ കഥയില്‍ ഉള്‍പ്പെടുത്തുവാനും സേതുവിനായത് സിനിമയെ സഹായിക്കുന്നു. അതേ സമയം തന്നെ സിനിമയുടെ കഥ ഏതാണ്ട് മുഴുവനായും കഥാപാത്രങ്ങളെക്കൊണ്ട് പറഞ്ഞു കേള്‍പ്പിക്കുക എന്ന എളുപ്പപ്പണി സ്വീകരിച്ചത് സിനിമയുടെ ആസ്വാദ്യത കുറയ്ക്കുകയും ചെയ്യുന്നു. പലപ്പോഴും അത് ഒറ്റയാള്‍ പ്രഭാഷണങ്ങളാണ് താനും. സേതുവെഴുതിവെച്ചത് അതേപടി പകര്‍ത്തി എന്നതിനപ്പുറം സംവിധായകന് എന്ന നിലയില്‍ ബി. ഉണ്ണികൃഷ്ണനും ഈ കുറവുകള്‍ പരിഹരിക്കുവാനായി എന്തെങ്കിലും ചെയ്തതായി തോന്നിയില്ല. സാങ്കേതിക വിഭാഗത്തിന്റെ പിന്തുണയോടെ, സാങ്കേതികത്തികവുള്ളോരു സിനിമയാക്കി 'ഐ ലൗ മി'യെ മാറ്റുവാന്‍ കഴിഞ്ഞിട്ടുണ്ട് സംവിധായകന്. ആ ഒരു മെച്ചത്താല് മുഷിപ്പില്ലാതെ കണ്ടിരിക്കുവാന്‍ കഴിയുന്നോരു സിനിമയായി ചിത്രം മാറിയിട്ടുമുണ്ട്.
Cast & Crew
I Love Me
Directed by
B. Unnikrishnane
Produced by
Vaishak Rajan
Story, Screenplay, Dialogues by
Sethu
Starring
Anoop Menon, Asif Ali, Unni Mukundan, Isha Talwar, Biju Pappan, Kadambari, Rupa Manjari, Indrans, Vanitha Krishnachandran etc.
Cinematography (Camera) by
Satheesh Kurup
Editing by
Manoj
Production Design (Art) by
Joseph Nellikkal
Music by
Deepak Dev
Lyrics by
Rafeeq Ahmed, Engandiyoor Chandrasekharan, B.K. Harinarayanan
Make-Up by
Pradeep Rangan
Costumes by
S.B. Satheesan
Action (Stunts / Thrills) by
Anpu Arivu, Jolly
Stills by
Hasif Hakeem
Designs by
Collins Leophil
Banner
Vyshaka Cynyma
Release Date
2012 Dec 21
Snippet Review
The film is a pacy thriller (argubly) with a few interesting twists and turns in between. Would have been better without those long monologues used to narrate the story!
സാമ്പത്തിക ബാധ്യതകളുള്ള ഒരു കോടീശ്വരനായ തന്റെ കഥാപാത്രത്തെ അനൂപ് മേനോന് മോശമാവാതെ അവതരിപ്പിച്ചു. ചെറുകിട തട്ടിപ്പും ഗുണ്ടാപ്പണിയുമൊക്കെയായി നടക്കുന്ന പ്രേമും സാവിയുമായെത്തിയ ആസിഫ് അലിയും ഉണ്ണി മുകുന്ദനും തരക്കേടില്ലെന്ന് മാത്രം. അഭിനയം വഴങ്ങാത്ത തന്നെപ്പിടിച്ച് നായികയാക്കിയതിന് ഇഷ തല്‍വാറിനെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം! 'ഉള്ളതിനോക്കുമേ ഇല്ലാതിരിക്കിലും' എന്ന മട്ടില്‍ ആര്‍ക്കുമൊരു ശല്യമാവാതെ ഇഷ തന്റെ വേഷം ചെയ്തു വെച്ചിട്ടുണ്ട്. മറ്റൊരു ബാബുരാജാക്കുവാനാണോ ബിജു പപ്പനെക്കൊണ്ട് കോമഡി ചെയ്യിച്ചതെന്നറിയില്ല. ഏതായാലും സംഗതി പരമ ബോറായിട്ടുണ്ട്. എന്തിനായിരുന്നു ആ കഥാപാത്രത്തെ പെട്ടെന്നൊരു ദിവസം ബാങ്കോങ്ങിലേക്ക് ഇറക്കുമതി ചെയ്തതെന്നും മനസിലായില്ല! കാദംബരിയും വിജയകുമാറും രൂപ മഞ്ജരിയുമൊക്കെയാണ് മറ്റ് ചെറു വേഷങ്ങളില്‍.
മുകളില്‍ സൂചിപ്പിച്ചതു പോലെ, ചിത്രം കണ്ടിരിക്കുവാന്‍ പാകത്തിലാവുന്നത് സാങ്കേതിക മികവിലാണ്. സതീഷ് കുറുപ്പ് പകര്‍ത്തിയ ദൃശ്യങ്ങള്‍ മനോജ് സന്നിവേശിപ്പിച്ചപ്പോള്‍ ചിത്രത്തിനൊരു വേഗമേറിയ ത്രില്ലറിന്റെ കെട്ടും മട്ടുമൊക്കെ കൈവരുന്നുണ്ട്. ജോസഫ് നെല്ലിക്കലിന്റെ കലാസംവിധാനം, പ്രദീപ് രംഗന്റെ ചമയം, എസ്.ബി. സതീശന്റെ വസ്ത്രാലങ്കാരം - ഇവയൊക്കെയും ചിത്രത്തിന് മുതല്‍ക്കൂട്ടാണ്. അന്പ് അറിവും ജോളിയും ഒരുക്കിയ സംഘട്ടന രംഗങ്ങള്‍ ഉണ്ണി മുകുന്ദനും ആസിഫ് അലിയും മോശമാവാതെ ചെയ്തിട്ടുണ്ട്. റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്, ബി.കെ. ഹരിനാരായണന് എന്നിവര്‍ രചന നിര്‍വ്വഹിച്ച് ദീപക് ദേവ് ഈണം നല്കിയ രണ്ടു ഗാനങ്ങളാണ് ചിത്രത്തില്‍. ഇവയില്‍ "ദിവാനിശകള്‍..." എന്ന ഗാനത്തിന് അത്ര മെച്ചമൊന്നും പറയുവാനില്ലെങ്കിലും ചിത്രത്തിലതിന്റെ ഉപയോഗം സാധുവാണ്. "മഴയായി നീ പൊഴിയുമോ..." എന്ന ഗാനം കേള്‍വിക്ക് ഉതകുന്നെങ്കിലും അത്തരത്തിലൊരു പ്രണയഗാനം ചിത്രത്തിന് എത്രകണ്ട് ആവശ്യമായിരുന്നു എന്ന സംശയം ആസ്ഥാനത്തല്ലെന്ന് കരുതുന്നു. ചിത്രത്തിന്റെ ഒടുക്കം ചേര്‍ത്തിരിക്കുന്ന "ഐ ലൗ മി..." എന്ന ഗാനം തിയേറ്ററുകാര്‍ ഒഴിവാക്കിയതിനാല്‍ കാണാതെ കഴിഞ്ഞു.
ഒരു കഥാപാത്രത്തെ ഉപയോഗിച്ച് കഥ മുഴുവന്‍ പറഞ്ഞു കേള്‍പ്പിക്കുന്ന രീതിയൊക്കെ നന്നേ പഴഞ്ചനായില്ലേന്ന്? ന്യൂ ജനറേഷന് പറ്റുന്ന മട്ടിലാണ് ചിത്രമെന്നൊക്കെ ഒരു കഥാപാത്രത്തെക്കൊണ്ട് ധ്വനിപ്പിച്ച് പറയിക്കുകയുമൊക്കെ ചെയ്ത സ്ഥിതിക്ക് അവതരണത്തില്‍ കൂടി എന്തെങ്കിലും പുതുമ സ്വീകരിക്കാമായിരുന്നല്ലോ! സിനിമാക്കഥ കേള്‍ക്കുവാന്‍ കമ്പമുള്ളവര്‍ക്കും, റേഡിയോയില്‍ ശബ്ദരേഖയായി പ്രക്ഷേപണം ചെയ്യുവാനും യോജിച്ചൊരു സിനിമ എന്നീ നിലകളില്‍ 'ഐ ലൗ മി' പ്രസക്തമായൊരു ചിത്രം തന്നെയെന്നും പറയാം. പക്ഷേ, ആ പ്രസക്തികൊണ്ട് തിയേറ്ററില്‍ വിജയിക്കുമോ എന്ന് കണ്ടറിയണമെന്ന് മാത്രം!
ചിന്താവിഷയം: ചിത്രത്തിനെന്തിനാണോ ഇങ്ങിനോരു പേര്? പറഞ്ഞുവരുമ്പോള്‍ ഇഷ്ടക്കാരിക്കു വേണ്ടി എന്തിനും ഇറങ്ങിപ്പുറപ്പെടുന്ന ആണുങ്ങളുടെ കഥ തന്നെയല്ലേ ഇതും പറയുന്നത്.
ബി. ഉണ്ണികൃഷ്ണന്റെ 'ഐ ലൗ മി'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#ILoveMe: A pacy thriller with a few interesting twists and turns. Would have been better without those long monologues. #Chithravishesham
7:56 PM - 24 Dec 12
--
Witing for the review of baavuttiyude namathil
ReplyDeletehmmm..you like this movie????why you didn't think about the ""odukkathe budhi"" of anoop menon character..what a bloody plan, its not convincing me in anyway ,
ReplyDelete