പതിനേഴാമത് അന്താരാഷ്‍ട്ര ചലച്ചിത്രോത്സവം - സമാപനം

Published on: 12/15/2012 10:23:00 PM

'സ്റ്റാ.നിന' മികച്ച ചിത്രം; പ്രേക്ഷകമനസ്സ് 'ഷട്ടറി'നൊപ്പം!

ഹരീ, ചിത്രവിശേഷം

17th IFFK Valediction
പതിനേഴാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സുവര്‍ണചകോരം പുരസ്കാരത്തിന് ഇമ്മാനുവേല്‍ ക്വിന്‍റോ പാലോ (മാനി പാലോ) സംവിധാനം നിര്‍വ്വഹിച്ച ഫിലിപ്പിയന്‍ ചിത്രം 'സ്റ്റാ.നിന' അര്‍ഹമായി. ജോയ് മാത്യു സംവിധാനം ചെയ്ത മലയാളചിത്രം 'ഷട്ടറാ'ണ് റേറ്റിംഗ് സംവിധാനത്തിലൂടെ (4.15/5.00 റേറ്റിംഗ്) പ്രേക്ഷകര്‍ മേളയിലെ മികച്ച ചിത്രമായി തിരഞ്ഞെടുത്തത്. ചിലി സംവിധായിക ഫ്രാന്‍സിസ്ക സില്‍വയ്ക്കാണ് മികച്ച സംവിധായികയ്ക്കുള്ള രജതചകോരം. 'ഇവാന്‍സ് വുമണ്‍' എന്ന ചിത്രമാണ് ഫ്രാന്‍സിസ്കയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. പ്രേക്ഷക റേറ്റിംഗില്‍ രണ്ടാമത്തെത്തിയ 'ഫിലിമിസ്ഥാന്‍' എന്ന ഹിന്ദി ചിത്രത്തിന്റെ സംവിധായകന്‍ നിതിന്‍ കര്‍ക്കറിനാണ് മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ലഭിച്ചത്. സെനഗല്‍ ചിത്രമായ 'ടുഡേ' (സംവിധാനം: അലന്‍ ഗോമിസ്) ഇറാനിയന്‍ ചിത്രമായ 'ദ് ലാസ്റ്റ് സ്റ്റെപ്പ്' (സംവിധാനം: അലി മുസാഫ) എന്നീ ചിത്രങ്ങള്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടുകയുണ്ടായി. ആസ്ട്രേലിയന്‍ സംവിധായകന്‍ പോള്‍ കോക്സ് അദ്ധ്യക്ഷനായ ജൂറിയാണ് മേളയില്‍ മത്സര വിഭാഗം ചിത്രങ്ങളെ വിലയിരുത്തി പുരസ്കാരങ്ങള്‍ നിര്‍ണയിച്ചത്.

Awards
17th IFFK - 2012 Dec 07-14

Suvarna Chakoram - Best Film
Sta. Niña

Rajatha Chakoram - Best Director
Francisca Silva (Film: Ivan's Woman)

Rajatha Chakoram - Best Debut Director
Nitin Kakkar (Film: Filmistaan)

Rajatha Chakoram - Audience Prize
Shutter

Best Film - FIPRECI
The Repentant

Best Malayalam Film - FIPRECI
Ithra Mathram

Best Asian Film - NETPAC
I.D.

Best Malayalam Film - NETPAC
Ee Adutha Kalathu

Hassankutty Award (Best Indian Debut Director)
Manoj Kana (Film: Chayilyam)

Special Jury Mention
The Last Step [Pele Akher]

Today [Aujourd'hui]

Media Awards
Print: R. Pradeep (Mathrubhumi) / R. Rins (Metro Vartha)

Radio: Parvathy Nair (Big FM)

Visual: Deepa Kelatt (Manorama News) / Sameer Salam (Indiavision)

Online: ManoramaOnline.com

Theater Awards
Best Theater (Technical Features): Kalabhavan

Best Theater (Fecilities): Anjali

അന്തര്‍ദ്ദേശീയ ചലച്ചിത്ര നിരൂപക ഫെഡറേഷന്‍ (ഫിപ്രസി) ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങളില്‍, മികച്ച ചിത്രത്തിനുള്ള പുരസ്കാരം മെര്‍സാക് അലൌച്ചിന്റെ 'ദി റിപ്പന്‍റെന്‍റ്' കരസ്ഥമാക്കി. കെ. ഗോപിനാഥിന്റെ 'ഇത്രമാത്ര'ത്തിനാണ് മികച്ച മലയാളചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം. ഏഷ്യന്‍ സിനിമകളുടെ പ്രോത്സാഹനത്തിനായുള്ള സംഘടന (നെറ്റ്പാക്ക്) ഏര്‍പ്പെടുത്തിയ മത്സരവിഭാഗത്തിലെ മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള പുരസ്‌ക്കാരം കെ.എം കമാലിന്റെ 'ഐ.ഡി.'യ്ക്കും മികച്ച മലയാളചിത്രത്തിനുള്ള പുരസ്‌ക്കാരം അരുണ്‍ കുമാര്‍ അരവിന്ദിന്റെ 'ഈ അടുത്തകാലത്തി'നും ലഭിച്ചു. മികച്ച ഇന്ത്യന്‍ നവാഗത സംവിധായകനുള്ള ഹസന്‍കുട്ടി പുരസ്കാരത്തിന് 'ചായില്യ'ത്തിന്റെ സംവിധായകന്‍ മനോജ് കാന അര്‍ഹനായി. മാധ്യമപ്രവര്‍ത്തകര്‍ക്കും തിയേറ്ററുകള്‍ക്കുമുള്ള അവാര്‍ഡുകളും തുടര്‍ന്ന് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ചലച്ചിത്ര മന്ത്രി കെ.ബി. ഗണേഷ് കുമാര്‍, സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ്, മേയര്‍ സി.കെ. ചന്ദ്രിക എന്നിവര്‍ വിവിധ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടം സന്ദര്‍ശിക്കുക.

വാഗ്ദാന പെരുഴയോടെ മേളയ്ക്കു കൊടിയിറക്കം

എല്ലാവരുടേയും സഹകരണത്തോടെ മേള വിജയകരമായി നടത്തിയതിന്റെ ആവേശത്തിലാണ് ചലച്ചിത്ര മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ആമുഖ പ്രസംഗം ആരംഭിച്ചത്. മേളയുടെ നടത്തിപ്പിനായി സഹകരിച്ച ഏവര്‍ക്കും നന്ദി രേഖപ്പെടുത്തിയതിനോടൊപ്പം, പലയിടത്തു നിന്നും ലഭിച്ച നിര്‍ദേശങ്ങള്‍ പഠിച്ചു പ്രായോഗികമായവ അടുത്ത മേളയില്‍ നടപ്പിലാക്കുമെന്ന ഉറപ്പും മന്ത്രി നല്കി. മുപ്പതു പേര്‍ക്കിരുന്ന് സിനിമ കാണുവാന്‍ കഴിയുന്ന സഞ്ചരിക്കുന്ന സിനിമാശാല, മലയാള ചലച്ചിത്രങ്ങള്‍ക്ക് ലോകസിനിമായിലേക്കൊരു ജാലകമായി ഒരു ഓണലൈന്‍ മാഗസീന്‍, പഴയകാല ചിത്രങ്ങളുടെ പ്രിന്‍റുകള്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് മെച്ചപ്പെടുത്തി സൂക്ഷിക്കുവാനുള്ള ആര്‍ക്കൈവ് എന്നീ പ്രവര്‍ത്തനങ്ങള്‍ ചലച്ചിത്ര അക്കാദമി ഉടന്‍ ആരംഭിക്കും എന്നു മന്ത്രി വ്യക്തമാക്കി. ഡെലിഗേറ്റുകള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുന്ന ഫെസ്റ്റിവല്‍ വെബ്സൈറ്റ്, തിയേറ്ററിലെ ടെക്നിക്കല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാനായി ഒരു ടെക്നിക്കല്‍ ഡയറക്ടര്‍ എന്നിവ അടുത്ത മേളയില്‍ പ്രതീക്ഷിക്കാം എന്നും മന്ത്രി പറയുകയുണ്ടായി. നിശ്ചയദാര്‍ഢ്യത്തോടെയുള്ള മന്ത്രിയുടെ പ്രഖ്യാപനങ്ങളെ പ്രേക്ഷകര്‍ കൈയ്യടിച്ചു സ്വീകരിക്കുകയും ചെയ്തു.

ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാംസ്കാരിക വകുപ്പിന്റെ എല്ലാ പിന്തുണയും മന്ത്രി കെ.സി. ജോസഫ് വാഗ്ദാനം ചെയ്തു. മേള വിജയകരമായി നടത്തിയ ഏവരേയും മുഖ്യമന്ത്രിയെ ഉമ്മന്‍ ചാണ്ടി തന്റെ പ്രസംഗത്തില്‍ അഭിനന്ദിച്ചു. കെ.ബി. ഗണേഷ് കുമാറിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഗവണ്മെന്റിന്റെ പിന്തുണ അദ്ദേഹം ഉറപ്പ് നല്കി. സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായ സുലൈമാന്‍ സെസ്സെ, ജൂറി അദ്ധ്യക്ഷന്‍ പോള്‍ കോക്സ് എന്നിവരാവട്ടെ ഏറ്റവും മികച്ച ആസ്വാദകരാണ് ഈ മേളയ്ക്കുള്ളതെന്നും അവരാണ് മേളയുടെ വിജയമെന്നും എടുത്തു പറയുകയുണ്ടായി. സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ്‌ മന്‍ നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌ ഡയറക്ടര്‍ പി.കെ. നായരെ ആദരിച്ചു. മേയര്‍ കെ. ചന്ദ്രിക, ജൂറി ചെയര്‍മാന്‍ പോള്‍ കോക്‌സ്‌, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍, വൈസ്‌ ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍, സെക്രട്ടറി കെ. മനോജ്‌ കുമാര്‍, ആര്‍ട്ടിസ്റ്റിക്‌ ഡയറക്ടര്‍ ബീനാ പോള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

സമാപന സമ്മേളനത്തിന് ശേഷം തവില്‍ വിദ്വാന്‍ കരുണാമൂര്‍ത്തിയും നൂറോളം തപ്പാട്ടം കലാകാരന്മാരും ചേര്‍ന്നവതരിപ്പിച്ച 'താളായനം' എന്ന വാദ്യകലാപ്രകടനവും അരങ്ങേറി. തങ്ങള്‍ക്ക് ലഭിച്ച കോലുകള്‍ മുട്ടി കാണികള്‍ക്കും ഈ വാദ്യവിസ്മയത്തില്‍ പങ്കുചേരുവാനായി എന്നതായിരുന്നു ഇതിന്റെ പ്രധാന സവിശേഷത. മന്ദ-ദ്രുത താളങ്ങള്‍ മാറി മാറിവന്ന കരുണാമൂര്‍ത്തിയുടേയും സംഘത്തിന്റേയും ഈയൊരു വാദ്യകലാവിരുന്ന് അക്ഷരാര്‍ത്ഥത്തില്‍ കാണികളെ ഇളക്കിമറിച്ചു. പുരസ്കാരം നേടിയ ചിത്രമായ 'സ്റ്റാ.നിന' പ്രദര്‍ശിപ്പിക്കാതിരുന്നത് മാത്രം സിനിമാപ്രേമികളെ നിരാശരാക്കി. എന്തുകൊണ്ടാണ് അവാര്ഡ് നേടിയ ചിത്രം പ്രദര്‍ശിപ്പിക്കാതിരുന്നത് എന്നതിന് വിശദീകരണമൊന്നും സംഘാടകര്‍ നല്‍കിയതുമില്ല.

സംഘാടന മികവുകൊണ്ട് ശ്രദ്ധേയമായ ഒരു മേളയ്ക്കാണ് ഇവിടെ തിരശീല വീണത്. ഡെലിഗേറ്റുകള്‍ക്കുള്ള കാര്ഡ്, കിറ്റ് വിതരണവും മറ്റും ഇത്രത്തോളം സുഗമമായി നടത്തുന്നത് ഇതാദ്യമായാണ്. ഗവണ്‍മെന്‍റ് ഉടമസ്ഥതയിലുള്ള മെച്ചപ്പെടുത്തിയ തിയേറ്ററുകള്‍ മേളയുടെ മുഖച്ഛായതന്നെ മാറ്റിമറിച്ചു. ഇതേ പാത പിന്തുടര്‍ന്ന് മേളയില്‍ സ്ഥിരമായി പങ്കെടുക്കുന്ന ഇതര തിയേറ്ററുകളും അടുത്ത മേളയോടെ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. ഓണ്‍ലൈന്‍ / മൊബൈല്‍ റിസര്‍വേഷന്‍ സൌകര്യം ശരിയായി പ്രവര്‍ത്തിച്ചെങ്കിലും, റിസര്‍വേഷനനുസരിച്ച് ഡെലിഗേറ്റുകളെ നിയന്ത്രിച്ചു കടത്തിവിടുവാന്‍ സംഘാടകര്‍ നന്നേ ബുദ്ധിമുട്ടി. സ്വകാര്യ തിയേറ്ററുകളിലെ ജീവനക്കാരുടെ പെരുമാറ്റവും പലപ്പോഴും ഡെലിഗേറ്റുകളുടെ അനിഷ്ടത്തിന് കാരണമായി. തിയേറ്ററുകള്‍ക്കുള്ള പുരസ്കാരങ്ങളും പ്രേക്ഷകരുടെ റേറ്റിംഗിന് അനുസൃതമാക്കുന്നത് നന്നായിരിക്കുമെന്ന് തോന്നി, തിയേറ്റര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോഴുള്ള പ്രേക്ഷകരുടെ പ്രതികരണം കേട്ടപ്പോള്‍. വളരെ കുറവ് പരാതികള്‍ക്ക് മാത്രം ഇടനല്‍കി, ഇത്തരമൊരു മേള വിജയകരമായി നടത്തിച്ച സംഘാടകര്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. പിഴവുകള്‍ പരിഹരിച്ച്, നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് കൂടുതല്‍ മികച്ചൊരു ചലച്ചിത്രോത്സവമായി പതിനെട്ടാമത് മേളയെ മാറ്റുവാന്‍ കഴിയട്ടെയെന്ന്‍ സംഘാടകരെ ആശംസിക്കുകയും ചെയ്യുന്നു.

3 comments :

  1. പതിനേഴാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപന സമ്മേളന വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

    ReplyDelete
  2. Haree, We would like to read something about Life of Pi. Thanks.

    ReplyDelete
  3. ഹരി.. ഷട്ടറിന്റെ വിശദമായ ഒരു റിവ്യൂ പ്രതീക്ഷിക്കുന്നു

    ReplyDelete