മൈ ബോസ് (Review: My Boss)

Published on: 11/12/2012 06:58:00 AM

മൈ ബോസ്: ബോസിന്റെ ബോസ് = ഹസ്!

ഹരീ, ചിത്രവിശേഷം

My Boss: Chithravishesham Review [Rating: 4.00/10]
രണ്ടായിരത്തിപ്പത്തിലിറങ്ങിയ 'മമ്മി & മീ'ക്കു ശേഷം ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ്‌ 'മൈ ബോസ്'. മം‍മ്ത മോഹന്‍ദാസാണ്‌ ചിത്രത്തിലെ ബോസ്. ആ ബോസിന്റെ എക്സിക്യുട്ടീവ് അസിസ്റ്റന്റായി ദിലീപുമെത്തുന്നു. ഈസ്റ്റ് കോസ്റ്റിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയനാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണം. പേരും പോസ്റ്ററുകളുമൊക്കെ കാണുമ്പോള്‍ തന്നെ ചിത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഒരു ഏകദേശ ധാരണ ആര്‍ക്കും ഉണ്ടാക്കുവാനാവും. ആ ധാരണകളെ ശരിവെയ്‍ക്കുന്ന തരത്തിലൊരു ചിത്രമൊരുക്കി എന്നല്ലാതെ മറ്റെന്തെങ്കിലും ചെയ്യുവാന്‍ 'മൈ ബോസി'ന്റെ അണിയറപ്രവര്‍ത്തകര്‍ ശ്രമിച്ചിട്ടു തന്നെയില്ല. ചിത്രത്തിന്റെ ആദ്യഭാഗത്തിന്‌ ഒരല്‍പം വ്യത്യസ്തമായൊരു അന്തരീക്ഷമൊക്കെ അവകാശപ്പെടുവാനാവുമെങ്കിലും ഇടവേളയ്ക്കു ശേഷമുള്ള ഭാഗങ്ങള്‍ കാലങ്ങളായി നാം മലയാളത്തില്‍ കണ്ടുവരുന്ന സിനിമകളുടെ പതിവു രീതികളില്‍ തന്നെ. മാത്രവുമല്ല ഭര്‍ത്താവെന്നാല്‍ ഭാര്യയുടെ ബോസെന്ന പതിവു കാഴ്ചപ്പാടു തന്നെയാണ്‌ ചിത്രം മുന്നോട്ടു വെയ്‍ക്കുന്നതും. ഇതൊക്കെ കാരണമായി സിനിമ കണ്ടിറങ്ങുന്നവര്‍ര്‍ക്ക് ഒരു പുതുമയോ പ്രത്യേകിച്ചൊരു മെച്ചമോ അനുഭവപ്പെടുന്നുമില്ല!

ആകെത്തുക : 4.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 3.00 / 10
: 6.00 / 10
: 3.00 / 05
: 2.00 / 05
മലയാളത്തില്‍ തന്നെ നാം പലവട്ടം കണ്ടിട്ടുള്ള തട്ടിപ്പ് കല്യാണക്കഥയെ, മാറിയ കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍, നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിക്കുവാനാണ്‌ ചിത്രത്തിന്റെ രചയിതാവു കൂടിയായ ജീത്തുവിന്റെ ശ്രമം. ചില നര്‍മ്മരംഗങ്ങളുടെ ആസ്വാദ്യത ഒഴിച്ചു നിര്‍ത്തിയാല്‍, രണ്ടര മണിക്കൂറിലധികം സമയം തിയേറ്ററിനുള്ളിലിരിക്കുന്ന പ്രേക്ഷകനെന്താണ്‌ ഈ സിനിമ നല്‍കുന്നതെന്നു ചോദിച്ചാല്‍ സംവിധായകനു പോലും ഉത്തരമുണ്ടാവില്ല. കൂടാതെ, 'ദി പ്രൊപ്പോസല്‍' എന്ന ഇം‍ഗ്ലീഷ് ചിത്രത്തിന്റെയൊരു വികലമായ അനുകരണമാണ്‌ പറഞ്ഞു വരുമ്പോള്‍ ഈ ചിത്രം. (സിനിമയാണ്‌ പ്രചോദനമെന്ന് പേരുവിവരങ്ങളില്‍ എവിടെയെങ്കിലും ചേര്‍ത്തിട്ടുണ്ടോ എന്നറിയില്ല!) പ്രിയദര്‍ശന്റെ 'ചിത്ര'ത്തിലുള്‍പ്പടെ നാം കണ്ട, പരസ്പരം പാരവെച്ചു കൊണ്ട് ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിക്കുന്ന നായകനും നായികയും, ഇതില്‍ പുനരവതരിക്കുമ്പോള്‍ വിശേഷിച്ചൊരു പുതുമയും കാണികള്‍ക്ക് തോന്നിയില്ലെങ്കില്‍ അതില്‍ തെറ്റുപറയുവാനില്ല. ആകെയുള്ള പുതുമ നായിക കമ്പനിയില്‍ നായകന്റെ ബോസാണ്‌ എന്നതാണ്‌. അതിന്റെയൊരു പച്ചയിലാണ്‌ ചിത്രത്തിന്റെ ആദ്യഭാഗം കണ്ടിരിക്കാവുന്ന പരുവത്തിലാവുന്നതും.

Cast & Crew
My Boss

Directed by
Jeethu Joseph

Produced by
East Coast Vijayan

Story, Screenplay, Dialogues by
Jeethu Joseph

Starring
Dileep, Mamta Mohandas, Saikumar, Seetha, Valsala Menon, Kalabhavan Shajon, Anand, Mukesh, Ganesh Kumar, Dharmajan Bolgatty, Master Jeevan, Dinesh, Rekha etc.

Cinematography (Camera) by
Anil Nair

Editing by
V. Saajan

Production Design (Art) by
Sabu Ram

Background Score / Music by
M. Jayachandran, Sejo John

Lyrics by
Santhosh Varma, East Coast Vijayan

Make-Up by
Rajeev Angamali

Costumes by
Azeez Palakkad

Action (Stunts / Thrills) by
Mafia Sasi

Stills by
Abhilash Narayanan

Designs by
Collins Leophil

Banner
East Coast

Release Date
2012 Nov 10

Snippet Review

'My Boss' does have a different atmosphere in the first half, but then it becomes the usual stuff and the age-old way of narrating the story makes it an unimpressive affair.

മം‍മ്ത മോഹന്‍ദാസിന്റെ ബോസായും പിന്നീട് വൈഫായുമുള്ള പ്രകടനം തന്നെയാണ്‌ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. പ്രിയ എസ്. നായര്‍ എന്ന കഥാപാത്രത്തെ ആദ്യാവസാനം വിശ്വസനീയമായി അവതരിപ്പിക്കുവാന്‍ മം‍മ്തയ്‍ക്കു കഴിഞ്ഞു. കലാഭവന്‍ ഷാജോണൊപ്പവും സായികുമാറിനോടൊപ്പവും ചിരിപ്പിക്കുന്ന ചില രംഗങ്ങളില്‍ ദിലീപിന്‌ ഭാഗമാകുവാനായി എന്നല്ലാതെ, തന്റെ കഥാപാത്രമായ മനു വര്‍മ്മയില്‍ ദിലീപിന്‌ അഭിമാനിക്കുവാന്‍ വകയൊന്നുമില്ല. എന്തൊക്കെയോ കാട്ടിക്കൂട്ടലായി മാത്രമേ അദ്ദേഹത്തിന്റെ അഭിനയം പലപ്പോഴും അനുഭവപ്പെട്ടുള്ളൂ. സീത, വത്സല മേനോന്‍, ആനന്ദ്, മുകേഷ്, മാസ്റ്റര്‍ ജീവന്‍, രേഖ, ധര്‍മ്മജന്‍ - ഇവരൊക്കെയാണ്‌ ചിത്രത്തിലെ ഇതര അഭിനേതാക്കള്‍.

അനില്‍ നായരുടെ ക്യാമറ പകര്‍ത്തിയ ചില കുട്ടനാടന്‍ ദൃശ്യങ്ങളും, വി. സാജന്റെ ചില രസമുള്ള കട്ടുകളും ഒഴിച്ചു നിര്‍ത്തിയാല്‍ സാങ്കേതികമായും ചിത്രത്തിന്‌ ഏറെ മികവൊന്നും അവകാശപ്പെടുവാനില്ല. രാജീവ് അങ്കമാലിയുടെ ചമയം പലപ്പോഴും കോമഡിയായി. നടന്മാരുടെ മുഖത്തിട്ടിരിക്കുന്ന പുട്ടിയുടെ അതിര്‌ തിരിച്ചറിയുവാന്‍ പോലും പല ഷോട്ടിലും സാധിക്കും! സാബു റാമിന്റെ കലാസംവിധാനവും അസീസ് പാലക്കാടിന്റെ വസ്‍ത്രാലങ്കാരവും തെറ്റില്ലാതെ പോവുന്നു. വിജയന്‍ ഈസ്റ്റ് കോസ്റ്റ് എഴുതി എം. ജയചന്ദ്രന്റെ ഈണത്തില്‍ പി. ജയചന്ദ്രനും മഞ്ജരിയും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന "എന്തിനെന്നറിയില്ല..." എന്ന ഗാനം കേള്‍വിക്കിമ്പമുള്ളതാണ്‌. (ഈസ്റ്റ് കോസ്റ്റ് പുറത്തിറക്കിയ 'സ്വന്തം' എന്ന ആല്‍ബത്തില്‍ ഇതേ ഗാനം മുന്‍പ് നാം കേട്ടിട്ടുള്ളതാണ്‌.) സന്തോഷ് വര്‍മ്മ എഴുതിയ മറ്റ് ഗാനങ്ങളൊന്നും ശ്രദ്ധ നേടുവാന്‍ പോന്നവയല്ല.

'ഡിറ്റക്ടീവി'നും 'മമ്മി & മീ'ക്കും ശേഷം തന്റെ മൂന്നാം ചിത്രത്തിലെത്തുമ്പോള്‍ ജീത്തു ജോസഫ് സംവിധായകനെന്ന നിലയില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നു. പാടവരമ്പത്തൂടെ നടന്നു വരുന്ന നായകനും നായികയും അടുത്ത ഷോട്ടില്‍ കായലിലേക്ക് നീളുന്ന അരപ്പാലത്തിന്റെ അങ്ങേത്തലയ്‍ക്കല്‍ നിന്നും നടന്നു വരുന്ന മട്ടിലാവുന്നതൊക്കെ സംവിധായകന്റെ നോട്ടക്കുറവിന്‌ ഉദാഹരണമാണ്‌. വ്യത്യസ്തമായൊരു സമീപനം ചിത്രത്തിനു സ്വീകരിച്ചിരുന്നെങ്കില്‍ പിന്നെയും പുതുമ തോന്നിക്കുന്നൊരു ചിത്രമാക്കി 'മൈ ബോസി'നെ മാറ്റുവാന്‍ ജീത്തുവിന് കഴിയുമായിരുന്നു. അത്തരത്തിലൊരു ശ്രമവും കാര്യമായി ഉണ്ടായില്ലെന്നു മാത്രമല്ല, ഇടവേളയ്‍ക്കു ശേഷം പൂര്‍ണമായും മലയാളത്തിലെ 'കുടുംബ സിനിമ'കളുടെ ചട്ടക്കൂടിലേക്ക് ചിത്രത്തെ കയറ്റുക കൂടി ചെയ്തതോടെ ആ സാധ്യതകള്‍ തീര്‍ത്തും ഉപയോഗിക്കപ്പെടാതെ പോവുകയും ചെയ്തു. അമ്മയുടെ യഥാര്‍ത്ഥ സ്നേഹം തിരിച്ചറിയുന്ന മകളും, അച്ഛനെ മനസിലാക്കുന്ന മകനുമൊക്കെയായി പലവട്ടം നാം കണ്ടു ശീലിച്ചിട്ടുള്ള നാടകീയ മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോയി ഒടുവില്‍ ആര്‍ക്കും പ്രതീക്ഷിക്കാവുന്ന ഒരു അന്ത്യത്തോടെ 'മൈ ബോസ്' അവസാനിക്കുമ്പോള്‍ നിരാശയല്ലാതെ കാണികള്‍ക്കെന്തെങ്കിലും മിച്ചം കിട്ടുന്നുണ്ടോ എന്നു സംശയമാണ്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഈ ബോസിന്‌ എത്രനാള്‍ ആയുസ്സുണ്ടാവും എന്നും കണ്ടറിയണം!

കണ്‍ഫ്യൂഷന്‍: സിനിമയുടെ ഒടുവില്‍ 'My Boss' എന്ന എഴുത്തു മാറി 'My Hus' എന്നാവുന്നു. അപ്പോ ശരിക്കും ആരാരുടെ Hus ആയാണ്‌ മാറുന്നതെന്നാണ്‌ സംവിധായകന്‍ സങ്കല്‍പിച്ചിരിക്കുന്നതെന്നാണ്‌ ഡൗട്ട്! ബോസ് വൈഫായാണ്‌ മാറുന്നതെങ്കില്‍, ശരിക്കുമവിടെ 'My Wife' എന്നല്ലേ വരേണ്ടത്?

9 comments :

 1. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മം‍മ്തയും ദിലീപും നായികാനായകന്മാരാവുന്ന 'മൈ ബോസി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. 'My Wife' എന്നല്ലേ വരേണ്ടത്?...athu correct

  ReplyDelete
 3. Good review Hari. One more thing - in the credits of the movie - you have written that lyrics by Santhosh Varma - but in the review you have mention about Vayalar Sharath (along with East coast Vijayan) - which is right Santhosh Varma or Vayalar Sharath?

  ReplyDelete
 4. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)

  Santhosh Varma is correct. Thank you for pointing out. :)
  --

  ReplyDelete
 5. താങ്കള്‍ പറയുന്ന പോലെ അത്ര മോശം പടം ഒന്നും അല്ല മൈ ബോസ്സ്. മനോഹരമായ ഒരു കോമഡി പടം ആണ് ഇത് . കഥയുടെ വിശ്വാസ്യത ഒന്നും കാര്യമാക്കാതെ ഒരു കോമഡി സിനിമ എന്നാ വിഭാഗത്തില്‍ പെടുത്തി നോക്കിയാല്‍ മികച്ച ഒരു സിനിമ ആണ് മൈ ബോസ്സ്.
  ദിലീപിന്‍റെ പ്രകടനം അഭിനന്ദിക്കാതെ വയ്യ. കുടുകുടെ ചിരിപ്പിച്ച ഒരുപാട് രംഗങ്ങള്‍ സിനിമയില്‍ ഉണ്ട്. അല്പം കൂടി നല്ല റേറ്റിംഗ് കൊടുക്കാമായിരുന്നു

  ReplyDelete
 6. I SAW THE MOVIE YESTERDAY HERE IN DUBAI. VERY SORRY MR:HARI THIS IS THE FIRST TIME I AM FULLY DISAGREE YOUR REVIEW,THIS IS UTTER FOOLISH REVIEW BY HARI.
  FIRST OD ALL THIS IS A DILEEP MOVIE FROM START TO END AND MAMTA AS BOSS IT IS PERFECT CASTING.AFTER A LONG TIME I SAW A NATURAL FAMILY MOVIE WITH FULL OF COMEDY,I WILL RATE THIS MOVIE AS 7/10.PLEASE EXPLAIN WHAT IS THE REASON FOR GIVING 5/10 MARKS FOR 101 WEDDING.ANYHOW PERSONALY THIS IS MUCH BETTER MALAYALAM MOVIE REVIEW SITE THAN OTHER.

  ReplyDelete
 7. I dont agree
  My boss is a gud entertainer

  ReplyDelete