അര്‍ദ്ധനാരി (Review: Ardhanari)

Published on: 11/27/2012 08:33:00 AM

അര്‍ദ്ധനാരി: അര്‍ത്ഥമില്ലാത്തൊരു സിനിമ!

ഹരീ, ചിത്രവിശേഷം

Ardhanari: Chithravishesham Rating[2.75/10]
നവാഗതനായ ഡോ. സന്തോഷ് സൗപര്‍ണിക രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രമാണ്‌ 'അര്‍ദ്ധനാരി'. മുഖ്യധാരാ സമൂഹത്തില്‍ നിന്നും മൂന്നാം ലിംഗക്കാര്‍ നേരിടുന്ന അവഗണനയും പരിഹാസവും വിദ്വേഷവുമൊക്കെയാണ്‌ സന്തോഷ് ചിത്രത്തിനു വിഷയമാക്കുന്നത്. എം.ജി. സൗണ്ട്സ് & ഫ്രയിംസിന്റെ ബാനറില്‍ എം.ജി. ശ്രീകുമാര്‍ ആദ്യമായി നിര്‍മ്മാതാവിന്റെ കുപ്പായമണിയുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. മനോജ് കെ. ജയന്‍, തിലകന്‍, സുകുമാരി, മഹാലക്ഷ്മി തുടങ്ങിയവരോടൊപ്പം നപുംസകങ്ങളായ മറ്റു ചിലരും ചിത്രത്തില്‍ കഥാപാത്രങ്ങളാവുന്നു. വ്യത്യസ്തമായ ഇത്തരത്തിലൊരു പ്രമേയം തന്റെ ആദ്യ ചിത്രത്തിനായി തിരഞ്ഞെടുക്കുവാന്‍ ധൈര്യം കാട്ടിയതില്‍ സന്തോഷിനെ അഭിനന്ദിക്കാം; പക്ഷെ, അത്തരത്തിലൊരു പ്രമേയമെടുത്ത് ഇത്രയും പരിതാപമായൊരു ചിത്രമാക്കി മാറ്റിയതിന്റെ പഴിയും സന്തോഷിനു തന്നെ അവകാശപ്പെട്ടതാണ്‌.

ആകെത്തുക : 2.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 0.00 / 10
: 4.50 / 10
: 2.50 / 05
: 3.00 / 05
മുന്നാം ലിംഗക്കാര്‍ മുഖ്യധാരാ സമൂഹത്തില്‍ നേരിടുന്ന പ്രശ്നങ്ങളെ അവതരിപ്പിക്കുന്നതും അവരേയും മനുഷ്യരായി കണ്ട് പെരുമാറേണ്ടതുണ്ടെന്ന് സമൂഹത്തെ ഓര്‍മ്മിപ്പിക്കുന്നതും ഒക്കെ നല്ലതു തന്നെ. പക്ഷെ, അതിനായി സിനിമ എന്ന മാധ്യമം തിരഞ്ഞെടുക്കുമ്പോള്‍ ആ മാധ്യമത്തിന്റെ സാധ്യതകളെന്തെന്ന് ഒരു മിനിമം ധാരണ രചയിതാവിനും സംവിധായകനും ഉണ്ടാവേണ്ടതുണ്ട്. ഈ ചിത്രത്തില്‍ ഇതു രണ്ടും സന്തോഷാണ്‌, സന്തോഷിനങ്ങിനെയൊരു ധാരണ ഉണ്ടെന്ന് ചിത്രം കണ്ടപ്പോള്‍ തോന്നിയതുമില്ല. അദ്ദേഹത്തിനു പറയാനുള്ള കാര്യങ്ങള്‍ ചില കഥാപാത്രങ്ങളെക്കൊണ്ട് വിളിച്ചു പറയിപ്പിക്കുന്നു, അങ്ങിനെ പറയിപ്പിക്കുവാനായി ചില രംഗങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നു, ആ രംഗങ്ങളെ ചേര്‍ത്തുവെച്ചൊരു കഥ പറഞ്ഞെന്നു വരുത്തുന്നു - ഈയൊരു രീതിയിലാണ്‌ സന്തോഷ് രചന നിര്‍വ്വഹിച്ചതെന്നു തോന്നും സിനിമ കാണുമ്പോള്‍. ഇവയുടെ തന്നെ അവതരണം തികച്ചും പരിഹാസ്യമായി തീരുകയും ചെയ്യുന്നുണ്ട്, മിക്കപ്പോഴും.

Cast & Crew
Ardhanari

Directed by
Dr. Santhosh Souparnika

Produced by
M.G. Sreekumar

Story, Screenplay, Dialogues by
Dr. Santhosh Souparnika

Starring
Manoj K. Jayan, Thilakan, Sukumari, Mahalakshmi, Saikumar, Jayakrishnan, Irshad, Maniyan Pillai Raju, Suraj Venjaramood, Kochu Preman, Thesni Khan etc.

Cinematography (Camera) by
Hemachandran

Editing by
Abhilash Elikkattoor

Production Design (Art) by
Radhakrishnan

Music by
M.G. Sreekumar

Lyrics by
V. Madhusoodhanan Nair, Rajeev Alunkal

Make-Up by
Pattanam Rasheed

Costumes by
Soorya Sreekumar

Choreography by
Abbas

Stills by
Hari Thirumala, Jinu Pallichal

Designs by
Collins Leophil

Banner
M.G. Sounds & Frames

Release Date
2012 Nov 23

Snippet Review

Good to see a different / bold subject in Malayalam film, but sadly the making is pretty amatuerish.

കൃത്രിമത്വവും ഏച്ചുകെട്ടലുമൊക്കെ മനോജ് കെ. ജയന്റെ അര്‍ദ്ധനാരീ വേഷത്തിനു പറയാമെങ്കിലും ഒരുപക്ഷെ അതൊക്കെ ഈ കഥാപാത്രത്തിനു സാധുവാണെന്നു പറയാം. തിലകനും സുകുമാരിയും മണിയന്‍ പിള്ള രാജുവും മഹാലക്ഷ്മിയുമൊക്കെ ഹിജഡകളായി ചിത്രത്തിലുണ്ട്. പക്ഷെ, മനസില്‍ തട്ടുന്ന നിലയിലേക്ക് ഇവരാരുടേയും കഥാപാത്രങ്ങള്‍ വളര്‍ച്ച നേടുന്നില്ല. തിലകനെയൊക്കെ, അവസാനകാലത്ത് ഈ കോലം കെട്ടിക്കേണ്ടിയിരുന്നോ എന്നും തോന്നി. ഇവര്‍ക്കൊപ്പം ഹിജഡകളായി വേറേയുമുണ്ട് മറ്റു പലരും. ജയകൃഷ്ണന്‍, ഇര്‍ഷാദ്, സായികുമാര്‍, തെസ്നി ഖാന്‍, സുരാജ് തുടങ്ങിയവരും ചിത്രത്തില്‍ ചില വേഷങ്ങളിലെത്തുന്നു.

സാങ്കേതികമായും ചിത്രത്തിനു ശരാശരിയിലധികം മികവൊന്നും പറയുവാനില്ല. അല്ലെങ്കില്‍ തന്നെ 'ചത്തകുഞ്ഞിന്റെ ജാതകം നോക്കുന്ന'പോലെ, ഇത്തരമൊരു ചിത്രത്തിലെ സാങ്കേതിക വിഭാഗത്തിന്റെ മേന്മ നോക്കുവാന്‍ നില്‍ക്കുന്നതും പാഴ്ശ്രമമാണ്‌. എം.ജി. ശ്രീകുമാര്‍ സംഗീതം നല്‍കി ആലപിച്ചിരിക്കുന്ന ഗാനങ്ങളില്‍ "മഞ്ജുളാംഗിത..." എന്ന ഗാനം കേള്‍ക്കുവാന്‍ ഇമ്പമുണ്ട്. പ്രസ്‍തുത ഗാനം പോലും തിയേറ്ററില്‍ കണ്ടിരിക്കുവാന്‍ ബുദ്ധിമുട്ടാണെന്നു പറയുമ്പോള്‍ മറ്റു രണ്ട് ഗാനങ്ങളുടെ കാര്യം പറയേണ്ടല്ലോ!

ഒരു പ്രച്ഛന്നവേഷ മത്സരത്തിലെന്ന പോലെ, വളഞ്ഞു നീണ്ടൊരു കമ്പും പിടിച്ച് വൃദ്ധ വേഷത്തില്‍ ഒരു നടന്‍ വന്ന്, ദീനമായ സ്വരത്തില്‍ 'കണ്ണുള്ളവര്‍ കാണുക, കാതുള്ളവര്‍ കേള്‍ക്കുക...' എന്നൊക്കെ പറഞ്ഞാലത് ഒരു പക്ഷെ നല്ലൊരു നാടകത്തിനു യോജിച്ചേക്കാം. (സമകാലീന നാടകങ്ങളും അതിലുമൊക്കെ വളര്‍ന്നു എന്നാണ്‌ ധാരണ.)‍ പക്ഷെ, സിനിമയ്‍ക്കിത് തീരെ യോജിക്കില്ല. ഇത്തരം അതിനാടകീയമായ സംഭാഷണങ്ങള്‍ എത്ര വേണമെങ്കിലും ഇനിയും ഈ ചിത്രത്തില്‍ നിന്നും കണ്ടെടുക്കാം. സ്റ്റേജില്‍ സെറ്റിടുന്നതിനു പകരം ഒരു യഥാര്‍ത്ഥ ലൊക്കേഷനില്‍ ഷൂട്ട് ചെയ്യുന്നതു കൊണ്ടു മാത്രം അത് സിനിമയായി മാറുന്നില്ല. അധികം പറഞ്ഞ് നീട്ടുന്നില്ല. സന്തോഷ് ഇനിയുമൊരു സിനിമയെടുക്കുവാന്‍ ഉദ്യമിക്കുന്നെങ്കില്‍ എന്താണ്‌ സിനിമ എന്നതിനെക്കുറിച്ച് ഒരു മിനിമം ധാരണയുണ്ടാക്കുക. അതു വയ്യായെങ്കില്‍ 'അര്‍ദ്ധനാരി' പോലെയുള്ള അര്‍ത്ഥമില്ലാത്ത സിനിമകളെടുത്ത് ദയവായി പ്രേക്ഷകരെ ബുദ്ധിമുട്ടിക്കാതിരിക്കുക. നന്ദി.

പുനരവലോകനം: ഹിജഡകളുടെ ഹമാമിലെ രീതികളും അവിടുത്തെ അവരുടെ ജീവിതവുമൊക്കെ ഇതില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. അതൊക്കെ സത്യസന്ധമായാണ്‌ ചിത്രീകരിച്ചിരിക്കുന്നതെന്ന് കരുതുന്നു. അങ്ങിനെയെങ്കില്‍, അതൊക്കെ അറിയണമെന്നുള്ളവര്‍ക്ക് വേണമെങ്കില്‍ ഇതൊന്നു കണ്ടു നോക്കാം.

7 comments :

 1. മനോജ് കെ. ജയനെ നായകനാക്കി ഡോ. സന്തോഷ് സൗപര്‍ണിക സംവിധാനം ചെയ്ത 'അര്‍ദ്ധനാരി'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  Haree
  ‏@newnHaree
  #Ardhanari: An offbeat subject, handled very amateurishly. The director is yet to understand the medium of cinema! #Chithravishesham
  5:46 PM - 25 Nov 12
  --

  ReplyDelete
 2. ഇവിടെ ന്യൂണ്ഷൊ മാത്രം ഇട്ടപ്പൊകരുതി നല്ല സിനിമയാവും ന്ന്.. :(

  ഹമാമിലെ രീതികളും ?? ഇതെന്താ?

  ReplyDelete
 3. 101 WEDDINGS ENA FOOLISH FILMINU 5 MARKS UNDEL.........ITHINU 2.75 PORAA.....COZ DIS FILM RELATED 2 A SERIOUS SUJCT....

  ReplyDelete
 4. ഹമാം; ഹിജഡകള്‍ ഒരുമിച്ച് കൂടി താമസിക്കുന്ന ഇടമെന്നാണ്‌ സിനിമയില്‍ നിന്നും മനസിലായത്.

  ഓരോ സിനിമയും ഓരോ രീതിയിലുള്ള കാഴ്ച ആവശ്യപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ '101 വെഡ്ഡിംഗ്സും' 'അര്‍ദ്ധനാരി'യും തമ്മിലുള്ള താരതമ്യത്തിന്‌ അര്‍ത്ഥമില്ല. മാത്രമല്ല, വിഷയം ഗൌരവമാവുന്നു എന്നതു കൊണ്ടു മാത്രം ഒരു സിനിമ മറ്റൊന്നിനേക്കാള്‍ മികച്ചതാവുന്നുമില്ല.

  ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)

  ReplyDelete
 5. \\തിലകനെയൊക്കെ, അവസാനകാലത്ത് ഈ കോലം കെട്ടിക്കേണ്ടിയിരുന്നോ എന്നും തോന്നി.//
  ഈ സിനിമയില്‍ അഭിനയിക്കാന്‍ സമീപിച്ചപ്പോ തിലകന്റെ അവസാനം അടുത്തു എന്ന് ഹരിയെ പോലെ ഇതിന്റെ സംവിധായകനും നിര്‍മ്മാതാവിനും മനസ്സിലായി കാണില്ല .അവര്‍ക്ക് കണിയാന്റെ പണി വശം കാണില്ലാന്ന്.ചാന്തുപൊട്ടിലെയും മായാമോഹിനിയിലെയും ജനപ്രിയന്റെ ആഭാസത്തരങ്ങള്‍ നമ്മള്‍ കണ്ണും തുറിപ്പിച്ചു നോക്കിയിരുന്നു ആസ്വദിക്കും.വേറെ ചിലയിടത്ത് അത് കാണുമ്പോള്‍ ധാര്‍മ്മിക രോഷവും വരും.

  ReplyDelete
 6. ധാര്‍മ്മിക രോഷം ആ വരിയില്‍ ഉദ്ദേശിച്ചിട്ടില്ല. ഒരു നടന് തീരെ യോജിക്കാത്ത ഒരു വേഷം അദ്ദേഹത്തെക്കൊണ്ട് ഈ പ്രായത്തില്‍ ചെയ്യിക്കേണ്ടിയിരുന്നോ എന്നേ ഉദ്ദേശിച്ചുള്ളൂ. അദ്ദേഹം മരിച്ചിട്ടില്ലായിരുന്നു എങ്കിലും ആ വരി പ്രസക്തം തന്നെ. അഭിപ്രായങ്ങള്‍ക്ക് നന്ദി. :)

  ഓഫ്: 'മായാമോഹിനി' ആസ്വദിച്ച നമ്മളില്‍ എന്നെ കൂട്ടേണ്ട കേട്ടോ! :)

  ReplyDelete