താപ്പാന (Review: Thappana)

Published on: 8/20/2012 10:21:00 AM

താപ്പാന: ഈ താപ്പാനകള്‍ക്കാര്‌ വിലങ്ങിടും?

ഹരീ, ചിത്രവിശേഷം

Thappana: Chithravishesham Rating (3.50/10)
"കാട്ടിലെ തടി, തേവരുടെ ആന. വലിയെടാ, വലി" - അപ്പോള്‍ പറഞ്ഞു വരുന്നത് എന്താന്നു വെച്ചാല്‍ തടി കാട്ടിലെയാണ്‌, ആന തേവരുടേതും; തടി പോയാലെന്ത്, ആന ചെരിഞ്ഞാലെന്ത് - ഉള്ള കാശ് നമുക്കിങ്ങ് പോരണം. ഇത്രയുമൊക്കെ തന്നെയേ 'താപ്പാന'യ്‍ക്ക് കാശുമുടക്കിയ മിലന്‍ ജലീലും ഉദ്ദേശിച്ചിട്ടുള്ളൂ. അതിനു പറ്റിയ കൂട്ടാണ്‌ എം. സിന്ധുരാജെന്ന രചയിതാവും ജോണി ആന്റണി എന്ന സംവിധായകനും. പ്രേക്ഷകരെ രസിപ്പിക്കുവാന്‍ രചയിതാവും സംവിധായകനും കൂടി ആദ്യാവസാനം കിണഞ്ഞ് ശ്രമിക്കുന്നെങ്കിലും (അതിനായി പ്രത്യേകം ഉപകഥകളും ഉപകഥാപാത്രങ്ങളും വരെയുണ്ട്) ഒടുക്കം വരേയും ഒന്നുമങ്ങോട്ട് ഏല്‍ക്കുന്നില്ല എന്നതാണവസ്ഥ! അഭിനേതാക്കളായി മമ്മൂട്ടിയുണ്ട്, ചാര്‍മ്മി കൗറുണ്ട്, മുരളി ഗോപിയുണ്ട് - സാറ്റലൈറ്റ് അവകാശം വിറ്റു പോവാനുള്ളതൊക്കെ തികഞ്ഞു. ഇനിയിപ്പോള്‍ പ്രേക്ഷകര്‍ കണ്ടില്ലെങ്കിലെന്ത്, നിരൂപകര്‍ മോശമെന്നു പറഞ്ഞാലെന്ത് - ഇതിനപ്പുറമൊരു ചിന്താശേഷിയൊന്നും നിലവില്‍ മലയാളത്തില്‍ വാണിജ്യചിത്രങ്ങള്‍ പടയ്‍ക്കുന്ന താപ്പാനകള്‍ക്ക് ഉണ്ടെന്നു കരുതുവാന്‍ വയ്യ. ഈ താപ്പാനകള്‍ക്കാരിവിടെ കൂച്ചുവിലങ്ങിടുമെന്നതാണ്‌ പ്രസക്തമായ ചോദ്യം.

ആകെത്തുക : 3.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 3.50 / 10
: 4.00 / 10
: 3.50 / 05
: 2.00 / 05
മമ്മൂട്ടി തന്നെ നായകനായ 'മായാവി'ക്ക് 'ലൗഡ് സ്പീക്കറി'ലുണ്ടായ, അല്ല ഉണ്ടാക്കിയ ഒരു സംഭവമാണ്‌ 'താപ്പാന'യെന്നു പറയാം. ജയിലില്‍ നിന്നിറങ്ങുന്നു - മറ്റൊരു നാട്ടിലെത്തുന്നു - വഴിയേ പോവുന്ന അടികളിലൊക്കെ പങ്കെടുക്കുന്നു - ഒരു പെണ്ണിന്റെ സം‍രക്ഷണം തലയിലേറ്റുന്നു - ഒടുവില്‍ വില്ലന്മാരെ ഒതുക്കി പെണ്ണുമായി പോവുന്നു. പോലീസിനു പ്രിയങ്കരന്‍, ലോക്കല്‍ ഗുണ്ടകള്‍ക്ക് പേടിസ്വപ്നം. പക്ഷെ, ആളു ഭയങ്കര കോമഡിയാണ്. ഏതാണ്ട് 'ലൗഡ് സ്പീക്കറി'ലെ നായകന്റെ പോലെയാണ്‌ ശരീരഭാഷ. പോരാത്തതിന്‌ സംസാരത്തില്‍ വല്ലപ്പോഴുമൊക്കെ കൊഞ്ഞയും! ഈയൊരു സാധനം രണ്ടരമണിക്കൂറിനു മേല്‍ സമയമെടുത്ത് ഒരു വഴിക്കാക്കി പറയുക എന്നതാന്‌ എം. സിന്ധുരാജ് എന്ന തിരക്കഥാകൃത്ത് ചെയ്ത ജോലി. കന്നൂട്ടന്‍ എന്ന വില്ലന്‍ കഥാപാത്രത്തിനും മല്ലികയെന്ന നായികയ്‍ക്കും ഒരല്‍പം പ്രാധാന്യമൊക്കെ നല്‍കി എന്നൊരു മെച്ചമേ തിരക്കഥയില്‍ പറയുവാനുള്ളൂ. ഒരുപക്ഷെ, ആദ്യ ഭാഗങ്ങള്‍ വികസിപ്പിച്ചു കൊണ്ടുവന്നതില്‍ അല്‍പം പുതുമയൊക്കെ അവകാശപ്പെടാം. എന്നലൊടുക്കം അതൊക്കെ കൊണ്ടുപോയതും കൊണ്ടെത്തിച്ചതുമൊക്കെ പല സിനിമകളുടേയും തനിയാവര്‍ത്തനമായതോടെ ആദ്യ ഭാഗത്തെ രസവും പോയിക്കിട്ടി.

Cast & Crew
Thappana

Directed by
Johny Antony

Produced by
Milan Jaleel

Story, Screenplay, Dialogues by
M. Sindhuraj

Starring
Mammootty, Charmy Kaur, Murali Gopy, Kalabhavan Shajon, Mala Aravindan, Sadique, Vijayaraghavan, Suresh Krishna, Anil Murali, Kottayam Nazeer, Sajitha Beti, Irshad, Geetha Vijayan, Ponnamma Babu etc.

Cinematography (Camera) by
Raaja Ratnam

Editing by
Ranjan Abraham

Production Design (Art) by
Mohan Das

Music by
Vidyasagar

Effects by
Murukesh

Lyrics by
Santhosh Varma, Anil Panachooran

Make-Up by
Saji Kattakkada

Costumes by
Afsal Mohammed

Action (Stunts / Thrills) by
Ravo Varmman, Mafia Sasi

Choreography by
Dinesh

Banner
Galaxy Films

Release Date
2012 Aug 19

'മാസ്‍റ്റേഴ്‍സ്' കണ്ടപ്പോള്‍ ജോണി ആന്റണിയെങ്ങാനുമിനി നന്നാവാന്‍ തീരുമാനിച്ചോ എന്നൊന്ന് സംശയിച്ചിരുന്നു. ഏതായാലും അങ്ങിനെയൊരു പേടി അസ്ഥാനത്താണെന്ന് ഇതിലൂടെ അദ്ദേഹം വ്യക്തമാക്കി തരുന്നുണ്ട്. അഭിനേതാക്കളേയും സാങ്കേതിക പ്രവര്‍ത്തകരേയുമൊക്കെ ഉപയോഗിക്കുന്നതില്‍ ജോണി ആന്റണിയ്‍ക്കുള്ള കൈയ്യടക്കം ചിത്രത്തിനു ഗുണപ്പെടുന്നില്ല. തിരക്കഥയിലെ പോരായ്‍മകള്‍ തിരിച്ചറിയുവാനുള്ള ശേഷിക്കുറവും അതിനെ മറികടക്കുവാനുള്ള പ്രാപ്തിക്കുറവുമാവാം ഇതിനു കാരണം. വല്ലാതിഴഞ്ഞാണ്‌ ചിത്രം പുരോഗമിക്കുന്നതെങ്കിലും രാജ രത്നത്തിന്റെ ഛായാഗ്രഹണ മികവുകൊണ്ട് കണ്ടിരിക്കുവാന്‍ മുഷിച്ചിലില്ല. ഒരൊറ്റ ഗാനമുള്ളത് ("ഊരും പേരും പറയാതെ...") ആദ്യം തന്നെയങ്ങ് തീരും എന്നൊരു ആശ്വാസമുണ്ടെങ്കിലും, നായകന്റെ ഒരിടിക്ക് അരക്കിലോമീറ്റര്‍ പറന്നു പോവുന്ന പൂ പോലത്തെ വില്ലന്മാരെത്തുന്ന സംഘട്ടന രംഗങ്ങള്‍ ആ-ശ്വാസം തീര്‍ത്തുകൊള്ളും.

മമ്മൂട്ടിയിങ്ങനെ ആദ്യാവസാനം നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കിലും, വില്ലന്‍ വേഷത്തിലെത്തുന്ന മുരളി ഗോപിയാണ്‌ കൂടുതല്‍ ശ്രദ്ധ നേടുന്നത്. വില്ലന്റെ കൈയ്യില്‍ നിന്നും രണ്ടടി അവസാന സംഘട്ടനത്തില്‍ നായകന്‍ വാങ്ങുന്നുണ്ട് എന്നത് ഒരു പുതുമയായി പറയാം. 'ലൗഡ് സ്പീക്കറി'ലേയും 'മായാവി'യിലേയും തന്റെ തന്നെ കഥാപാത്രങ്ങളെ അനുകരിച്ച് മമ്മൂട്ടി സാംസണെന്ന കഥാപാത്രത്തിന്റെ ഉള്ള രസം കൂടി കളഞ്ഞു. കൊഞ്ഞയുള്ള സാംസണായി മമ്മൂട്ടി അഭിനയിക്കുകയാണോ അതോ സാംസണെന്ന കഥാപാത്രം ഇടയ്‍ക്കിടെ കൊഞ്ഞ അഭിനയിക്കുകയാണോ എന്നിനിയും മനസിലായിട്ടില്ല. നായികാ സ്ഥാനത്തുള്ള മല്ലികയെ ചാര്‍മ്മി നന്നായി അവതരിപ്പിച്ചു. ചമയവും വസ്‍ത്രാലങ്കാരവുമൊക്കെ ആ കഥാപാത്രത്തിനിണങ്ങുന്ന രീതിയിലായതും ചാര്‍മ്മിയെ തുണച്ചു. വിജയരാഘവന്റെ പോലീസ് അല്‍പം ഓവറായിരുന്നെങ്കില്‍ സുരേഷ് കൃഷ്ണയുടെ ഗുണ്ടാവേഷം ചിത്രത്തിനൊരു അധികപ്പറ്റായിരുന്നു. കലാഭവന്‍ ഷാജോണിനാണ്‌ 'താപ്പാന'യില്‍ നായകന്റെ അകമ്പടിക്കാരനാകുവാന്‍ നിയോഗം. സജിത ബേട്ടി, സാദിഖ്, മാള അരവിന്ദന്‍, അനില്‍ മുരളി തുടങ്ങി അഭിനേതാക്കളുടെ നീണ്ട നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

'എന്നെ തല്ലണ്ടമ്മാവാ, ഞാന്‍ നന്നാവൂല്ല...' മനോഭാവമുള്ള മരുമകന്റെ ഉയിരാണ്‌ മലയാളത്തിലെ പല തിരക്കഥാകൃത്തുകള്‍ക്കും സംവിധായകര്‍ക്കുമുള്ളത്. തങ്ങളേയും ആ വകുപ്പില്‍ പെടുത്താമെന്ന് ആവര്‍ത്തിച്ച് പറയുകയാണ്‌ 'താപ്പന'യിലൂടെ എം. സിന്ധുരാജും ജോണി ആന്റണിയും. ഇത്തരം കഥയൊക്കെ വിട്ട് ഒന്നു മാറ്റിപ്പിടിക്കാന്‍ സിന്ധുരാജിനും ജോണി ആന്റണിക്കും ശ്രമിച്ചു കൂടേ? ഒരേ അച്ചില്‍ വാര്‍ത്തെടുക്കുന്ന ഈ ടൈപ്പ് കഥാപാത്രങ്ങള്‍ ഇനിയും തനിക്ക് വേണോ എന്ന് മമ്മൂട്ടിക്കും ചിന്തിക്കാം. അത്തരത്തിലുള്ള ശ്രമങ്ങളും ചിന്തയുമൊക്കെ വരണമെങ്കില്‍ ഇത്തരം 'താപ്പാന'കള്‍ക്ക് കൂച്ചുവിലങ്ങിടുവാന്‍ ആരെങ്കിലുമൊക്കെ വേണം. അത് ഏറ്റവും ഭംഗിയായി ചെയ്യുവാന്‍ കഴിയുന്നത് ഇവിടുത്തെ പ്രേക്ഷകര്‍ക്കു തന്നെയാണു താനും. അതു ചെയ്യുവാന്‍ പ്രേക്ഷകരൊന്ന് മനസുവെച്ചാല്‍ അടുത്ത ഓണത്തിനെങ്കിലും ഇമ്മാതിരി കെട്ടുകാഴ്ചകളല്ലാതെ നല്ലതെന്തെങ്കിലും പ്രതീക്ഷിക്കാം. അങ്ങിനെ ചെയ്യുവാന്‍ മനസില്ലെങ്കില്‍ തന്നെയും പിന്നെയും ഇതൊക്കെ തന്നെ വിശേഷങ്ങളായി നമുക്ക് പറഞ്ഞിരിക്കുകയും ചെയ്യാം!

ഇന്നത്തെ ചിന്താവിഷയം: ഈ ചിത്രത്തിനു 'താപ്പാന' എന്നു പേരിട്ടതിനു പിന്നിലെ ചേതോവികാരം ആരെങ്കിലുമൊന്ന് പറഞ്ഞിരുന്നെങ്കില്‍ ഉപകാരമായിരുന്നു. മറ്റുള്ളവരെ മെരുക്കുന്നൊരു താപ്പനയാണ്‌ നായകന്‍ എന്നോ മറ്റോ ആണോ ഉദ്ദേശിക്കുന്നത്? (അങ്ങനെ വിശേഷിച്ചൊരു മെരുക്കലൊന്നും ചിത്രത്തില്‍ കണ്ടില്ല.) അതോ ഇനിയിതിന്‌ മറ്റെന്തെങ്കിലും അര്‍ത്ഥമുണ്ടോ?

14 comments :

 1. ജോണി ആന്റണിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാവുന്ന 'താപ്പാന'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  Haree
  ‏@newnHaree
  #Thappana: The makers try to entertain the viewers, but fails miserably. #Chithravishesham
  6:30 AM - 20 Aug 12 via Twitter for Android
  --

  ReplyDelete
 2. ഓടും ഓടും; വാലും ചുരുട്ടി ഓടും!

  ReplyDelete
 3. //ഈ ചിത്രത്തിനു 'താപ്പാന' എന്നു പേരിട്ടതിനു പിന്നിലെ ചേതോവികാരം ആരെങ്കിലുമൊന്ന് പറഞ്ഞിരുന്നെങ്കില്‍ ഉപകാരമായിരുന്നു. മറ്റുള്ളവരെ മെരുക്കുന്നൊരു താപ്പനയാണ്‌ നായകന്‍ എന്നോ മറ്റോ ആണോ ഉദ്ദേശിക്കുന്നത്? (അങ്ങനെ വിശേഷിച്ചൊരു മെരുക്കലൊന്നും ചിത്രത്തില്‍ കണ്ടില്ല.) അതോ ഇനിയിതിന്‌ മറ്റെന്തെങ്കിലും അര്‍ത്ഥമുണ്ടോ?//
  മല്ലിക എന്നാ പടിയാനയെ മെരുക്കാനായി സാംസണ്‍ ശ്രമിയ്ക്കുകയും അതില്‍ വിജയിയ്ക്കുകയും ഒക്കെ ചെയ്യുന്നുണ്ടല്ലോ. ഒരു പക്ഷെ അതായിരിയ്ക്കും ഹരീ.

  ReplyDelete
 4. വളരെ മികച്ച ഒരു ചിത്രം മലയാളത്തിലേക്ക് സമ്മാനിച്ച ജോണി ആന്റണി ക്കും സിന്ധുരാജ്നും മിലന്‍ ജലീലിനും ആശംസകള്‍.. മെഗാസ്റാര്‍ മമ്മൂട്ടി യോട് രൂപ സാദ്ര്യശ്യം ഉള്ള ഒരു നടന്‍ ആണ് ഈ ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്... അദേഹം തന്റെ കഥാപത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്തി.. ഈ നടന്റെ മുന്‍ ചിത്രങ്ങളും ഉദാ: കോബ്ര, ലവ് ഇന്‍ സിങ്കപ്പൂര്‍, തുറുപ്പുഗുലാന്‍, ഡബില്സ് , മയബസ്സാര്‍ മുതലായവ വന്‍ വിജയങ്ങള്‍ ആയിരുന്നു.. അമരത്തിലും വടക്കന്‍ വീരഗാഥയിലും പൊന്തന്‍ മാടയിലും ഈ അടുത്ത സമയത്ത് പലെരിമാനിക്യതിലും പ്രാഞ്ചിയെട്ടനിലും കഥാപാത്രമായി ജീവിച്ച മമ്മൂട്ടിക്ക് ഒരു മികച്ച എതിരാളി തന്നെയാണ് ഈ നടന്‍.. ഉജ്വലമായ ഡാന്‍സ് രംഗങ്ങള്‍, ശരീരം അനങ്ങാത്ത അടി-ഇടി രംഗങ്ങള്‍, നവരസങ്ങള്‍ എല്ലാം ഈ നടനില്‍ ഭദ്രം... കഴിയുമെങ്ങില്‍ നിങ്ങള്‍ എല്ലാവരും ഈ ചിത്രം കാണണം. മള്‍ടി പ്ലക്സില്‍ തന്നെ കാണണം.. കാരണം സാധാരണ തിയെറ്റരുകളില്‍ ആരാതകരുടെ ബഹളങ്ങള്‍ കാരണം പല സംഭാഷണങ്ങളും മനസിലാവാതെ വരും... സിന്ധുരാജ് നമുക്ക് വേണ്ടി വളരെ കഷ്ടപ്പെട്ട് എഴുതിയതല്ലേ... ജോണി ആന്റണി കഷ്ടപ്പെട്ട് സംവിധാനിച്ചതല്ലേ...

  ReplyDelete
 5. @ മുകില്‍വര്‍ണ്ണന്‍ :- സമ്മതിച്ചിരിക്കുന്നു സുഹൃത്തേ...
  @ ഹരീ :- "ഊരും പേരും പറയാതെ..." എന്ന ഗാനത്തിന്‍റെ choreography ഗംഭീരമായിട്ടില്ലേ? ആ ഷര്‍ട്ട്‌ ന്‍റെ കോളര്‍ അങ്ങോട്ടും ഇങ്ങോട്ടും വലിക്കുന്ന സ്റ്റെപ്പ് ഒക്കെ? അതെന്താ പറയാഞ്ഞേ ? ആ ഗാനത്തില്‍ നായികയുടെ ഫോട്ടോ ഏതാണ്ട് ലബോറട്ടറിയിലെക്ക് എന്തോ പരിശോധിക്കാന്‍ കൊണ്ടുപോകുന്നത് പോലെ കൊണ്ട് നടക്കുന്നത് പരമ ബോര്‍ ആയി തോന്നി.
  എന്‍റെ ഓര്‍മ്മക്കുറവു ശരിയാണെങ്കില്‍ ജോണി ആന്റണി സംവിധായകന്‍ തുളസീദാസിന്റെ കൂടെ അസിസ്റ്റന്റ്‌ ഡയരക്ടര്‍ ആയി പ്രവര്‍ത്തിച്ച ആളാണ്‌ .. അപ്പോള്‍ ആ സ്റ്റാന്‍ഡേര്‍ഡ് പ്രതീക്ഷിക്കണം.

  ReplyDelete
 6. ഫ്രൈഡേ യുടെ വിവരം ചേര്‍ക്കുമോ?

  ReplyDelete
 7. "വില്ലന്റെ കൈയ്യില്‍ നിന്നും രണ്ടടി അവസാന സംഘട്ടനത്തില്‍ നായകന്‍ വാങ്ങുന്നുണ്ട് എന്നത് ഒരു പുതുമയായി പറയാം"
  :) lol...

  ReplyDelete
 8. http://www.mathrubhumi.com/story.php?id=296325

  Director Tony Scott suicide after watching this movie??

  ReplyDelete
 9. M. Sindhuraj is a product of SD College Alappuzha, a follower of Fazil, Nedumudi Veenu, etc....Probably Haree may be knowing...

  ReplyDelete
 10. 'താപ്പാന'യെ പേടിച്ച് കാണികള്‍ ഓടുമോ എന്നാണെങ്കില്‍ ചിലപ്പം ഓടിയേക്കും. ;-) ഏതായാലും സാംസണ്‍ മല്ലികയെ മെരുക്കുന്നെന്നല്ല മറിച്ച് സാംസണെ മല്ലിക മെരുക്കുന്നതായാണ്‌ (ഇന്‍ഡയറക്ടലി) തോന്നിയത്! പിന്നെ Tony Scott ആത്മഹത്യ ചെയ്തത് ഇതു കണ്ടിട്ടാകുവാന്‍ സാധ്യതയില്ല. കാരണം ഇതു കണ്ടു കഴിഞ്ഞെങ്കില്‍ പിന്നെ പുള്ളിക്ക് ആത്മഹത്യ ചെയ്യേണ്ടി വരില്ലായിരുന്നു. :-D അപ്പോളഭിപ്രായം രേഖപ്പെടുത്തിയ ഏവര്‍ക്കും വളരെ നന്ദി. :)

  I do not know M. Sindhuraj personally and the fact that he is from SD college is new to me. Thank you for sharing the info.
  --

  ReplyDelete
 11. @Haree N
  ഞാന്‍ സിനിമ കണ്ടോന്നും ഇല്ല. ചുമ്മാ ഒരു ഊഹം പറഞ്ഞതല്ലേ.
  //ഏതായാലും സാംസണ്‍ മല്ലികയെ മെരുക്കുന്നെന്നല്ല മറിച്ച് സാംസണെ മല്ലിക മെരുക്കുന്നതായാണ്‌ (ഇന്‍ഡയറക്ടലി) തോന്നിയത്! //
  അപ്പൊ പിന്നെ എന്താ സംശയം? സിനിമയ്ക്ക് നായകന്‍റെ പേര് തന്നെ വേണം എന്നില്ലല്ലോ, നായികയുടെ പേരും ഇടാമല്ലോ. അപ്പൊ ഇതിലെ താപ്പാന മല്ലിക തന്നെ!!!!!!

  ReplyDelete
 12. മലയാള സിനിമക്ക് മാര്‍ക്കിടുവാന്‍, സരുമാര് ആരാണാവോ...?

  ReplyDelete
 13. പ്രേക്ഷകരെ കുഴിയിലേക്ക് ഇടുന്ന താപ്പാന

  ReplyDelete