No.66 മധുര ബസ്സ് (Review: No66. Madhura Bus)‌

Published on: 6/30/2012 09:37:00 AM

No.66 മധുര ബസ്സ്: ഒരേ റൂട്ടിലോടുന്ന മറ്റൊരു ബസ്സ്!

ഹരീ, ചിത്രവിശേഷം

No.66 Madhura Bus: Chithravishesham Rating (3.50/10)
പ്രതികാരം പ്രമേയമാവുന്ന ഒട്ടനവധി ചിത്രങ്ങള്‍ മലയാളസിനിമയില്‍ ഇറങ്ങിയിട്ടുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഏതെങ്കിലുമൊക്കെ രീതിയിലുള്ള പ്രതികാരം തന്നെയാണ്‌ ഭൂരിഭാഗം ചിത്രങ്ങള്‍ക്കും അടിസ്ഥാനമെന്നും പറയാം. അങ്ങിനെയൊരു സാഹചര്യത്തില്‍ നായകനൊറ്റയ്‍ക്കൊരു മൂര്‍ച്ചവെപ്പിച്ച കത്തിയുമായി പ്രതികാരത്തിനിറങ്ങുന്ന കഥ പിന്നെയും പറയുവാനായി ഉദ്യമിക്കുമ്പോള്‍ പ്രേക്ഷകര്‍ക്കതില്‍ താത്പര്യമുണ്ടാകുവാന്‍ ചെറിയ ശ്രമമൊന്നും പോര. അത്തരമൊരു ശ്രമം ഇല്ല എന്നതു തന്നെയാണ്‌ കെ.വി. അനില്‍ രചന നിര്‍വ്വഹിച്ച് എം.എ. നിഷാദ് സംവിധാനം ചെയ്ത 'No.66 മധുര ബസ്സി'നെ റിവേഴ്‍സ് ഗിയറിലാക്കുന്നതും. പറഞ്ഞു പഴകിയൊരു കഥയും, പുതുമ പറയുവാനാവാത്ത കഥാപാത്രങ്ങളും, മുഷിപ്പന്‍ പരിചരണവും ഒക്കെ കൂടി ചേരുമ്പോള്‍ ബാക്കി കാണാനിരിക്കണോ അതോ പോവണോ എന്ന ആശയകുഴപ്പത്തിലാവും ബസ്സ് പാതിവഴിയിലെത്തുമ്പോഴേ കാണികള്‍!

ആകെത്തുക: 3.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 2.00 / 10
: 6.00 / 10
: 3.00 / 05
: 2.00 / 05
കെ.വി. അനിലിന്റെ കഥ-തിരക്കഥ-സംഭാഷണ രചനയ്‍ക്കാണ്‌ സിനിമയെ പിന്നോട്ടാക്കുന്നതില്‍ പ്രഥമ പങ്ക്. സംവിധായകന്‍ നിഷാദിനാവട്ടെ അവയിലെ കുറവുകള്‍ പരിഹരിച്ചൊരു നല്ല ചിത്രമായി അവതരിപ്പിക്കുവാനുമായില്ല. മധുരയ്‍ക്കു പോവുന്ന ബസ്സെന്നൊക്കെയാണ്‌ ചിത്രത്തിന്റെ പേരെങ്കിലും സിനിമയില്‍ ബസ്സൊരു പ്രധാന സംഗതിയായേ മാറുന്നില്ല. ഇതിനൊക്കെ പുറമേ വിശ്വാസിക്കുവാന്‍ ബുദ്ധിമുട്ടുള്ള ആകസ്മികതകളും യുക്തിക്കു നിരക്കാത്ത സന്ദര്‍ഭങ്ങളും കൂടി ചേരുമ്പോള്‍ എല്ലാം ശുഭം! കുറഞ്ഞപക്ഷം സഞ്ജയനോട് എന്താണ്‌ ഇത്രത്തോളമൊരു ആത്മബന്ധം നായകനായ വരദരാജന്‌ തോന്നുവാന്‍ എന്നെങ്കിലുമൊന്ന് സൂചിപ്പിക്കാമായിരുന്നു.

Cast & Crew
No.66 Madhura Bus

Directed by
M.A. Nishad

Produced by
NFC Entertainments

Story, Screenplay, Dialogues by
K.V. Anil

Starring
Pasupathy, Makarand Deshpande, Mallika, Padmapriya, Shweta Menon, Jagadish, Rekha, Thilakan, Jagathy Sreekumar, Seema G. Nair, Lishoy, Vijay Babu, Sudheer Karamana, Chembil Ashokan, Sasi Kalinga, Anil murali etc.

Cinematography (Camera) by
Pradeep Nair

Editing by
Samjith Mhd.

Production Design (Art) by
Gireesh Menon

Background Score by
Rajamani

Effects by
Murukesh

Music by
M. Jayachandran

Lyrics by
Vayalar Sarathchandra Varma, Rajeev Alunkal

Make-Up by
Pradeep Rangan

Costumes by
Sunil Rehman

Choreography by
Gayathri Raghuram, Kathal Kandas

Action (Stunts / Thrills) by
Supreme Sundar, Michael Raj

Banner
NFC Entertainments

Release Date
2012 June 29

പശുപതിയുടെ നായകവേഷവും മല്ലികയുടെ ഭാവയാമിയും മകരന്ദ് ദേശ് പാണ്ഡെയുടെ വില്ലന്‍ വേഷവും ഒഴിച്ചു നിര്‍ത്തിയാല്‍ മിച്ചമുള്ള കഥാപാത്രങ്ങളൊക്കെയും ഓരോ സന്ദര്‍ഭത്തിനുമായി മുളപ്പിച്ചെടുത്ത പരുവത്തിലാണുള്ളത്. അഭിനേതാക്കളാരും മോശമായി എന്നിതിനര്‍ത്ഥമില്ല. ചുരുക്കം ചില രംഗങ്ങളില്‍ മാത്രമെത്തുന്ന ശ്വേത മേനോനും ജഗതി ശ്രീകുമാറും പത്മപ്രിയയും തിലകനുമുള്‍പ്പടെ എല്ലാവരും തന്നെ തങ്ങളുടെ വേഷങ്ങളെ ഭംഗിയാക്കുവാന്‍ കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്. പക്ഷെ, പാത്രസൃഷ്ടിയിലെ കുറവുകള്‍ കാരണമായി ഇവരുടെ ശ്രമങ്ങളൊന്നും വിജയിക്കുന്നില്ലെന്നു മാത്രം! സഞ്ജയനെന്ന കഥാപാത്രം മാത്രമാണ്‌ മകരന്ദിന്റെ സവിശേഷമായ രൂപഭാവം കൊണ്ടും ശൈലികൊണ്ടും ശ്രദ്ധ നേടുന്നത്.

മൗലികതയൊന്നും അവകാശപ്പെടുവാനില്ലെങ്കിലും പ്രദീപ് നായരുടെ ഛായാഗ്രഹണവും, സാംജിത്തിന്റെ ചിത്രസന്നിവേശവുമെല്ലാം ചിത്രത്തിനുതകുന്നുണ്ട്. പക്ഷെ, അതിനാടകീയമായി വലിഞ്ഞു നീങ്ങുന്ന ചില രംഗങ്ങളൊക്കെ ശരിക്കും രസം‍കൊല്ലിയായി ചിത്രത്തില്‍ അവശേഷിക്കുന്നു. പ്രദീപ് രംഗന്റെ മേക്കപ്പില്‍ ചില കഥാപാത്രങ്ങള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പെട്ടെന്ന് പ്രായമേറിയതു പോലെ തോന്നിച്ചു. രാജാമണിയുടെ പശ്ചാത്തലസംഗീതമോ മുരുകേഷിന്റെ ഇഫക്ടുകളോ വിശേഷിച്ചൊരു ഗുണവും ചിത്രത്തിനു നല്‍കിയതായി തോന്നിയില്ല. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, രാജീവ് ആലുങ്കല്‍ എന്നിവരെഴുതി എം. ജയചന്ദ്രന്‍ ഈണമിട്ട രണ്ടൂ ഗാനങ്ങളും കാര്യമായ ശ്രദ്ധയൊന്നും നേടുന്നില്ല.

എം.ടി. വാസുദേവന്‍ നായരെഴുതി ഭരതന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, സലിം ഖോസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ 'താഴ്‍വാര'ത്തിനോട് അത്ര വിദൂരമല്ലാത്ത സാമ്യമുണ്ട് ചിത്രത്തിന്റെ കഥാതന്തുവിന്‌. പ്രസ്തുത ചിത്രത്തിന്റെ പുനരാവിഷ്‍കാരമാണ്‌ ഇതെന്ന് ഈ പറഞ്ഞതിനര്‍ത്ഥമില്ല. ഇങ്ങിനെയൊരു പ്രതികാര കഥ വീണ്ടും വിഷയമാക്കുമ്പോള്‍ കുറഞ്ഞപക്ഷം 'താഴ്‍വാര'മൊന്ന് മനസിരുത്തി കാണുകയെങ്കിലും ചെയ്യാമായിരുന്നില്ലേ കെ.വി. അനില്‍ - എം.എ. നിഷാദ് സഖ്യത്തിനെന്ന് വെറുതേയൊന്ന് ഓര്‍ത്തെന്നു മാത്രം. 'താഴ്‍വാരം' കാലങ്ങളോളം കാണികളുടെ മനസില്‍ പച്ചപിടിച്ചു നില്‍ക്കുമ്പോള്‍ തന്നെ അതേ കഥാതന്തു വിഷയമാവുന്ന 'No.66 മധുര ബസ്സ്' ആളൊഴിഞ്ഞ വണ്ടിയായി സ്റ്റാന്‍ഡ് വിട്ടു പോവുന്നതില്‍ അതിശയിക്കുവാനൊന്നുമില്ല താനും! അതെന്തുകൊണ്ട് എന്നറിയുവാന്‍ ഇതു രണ്ടും കാണുക തന്നെ വേണം. അതിനായി കാണാമെന്നല്ലാതെ ഈ ചിത്രം കാണുവാനായി മറ്റൊരു കാരണവും ലേഖകനു പറയാനുമില്ല.

ബ്ലോഗുലകത്തിനു പരിചിതനായ 'നന്ദ‍പര്‍വ്വം' നന്ദന്‍ സ്വതന്ത്ര ഡിസൈനറായി അരങ്ങേറ്റം കുറിയ്‍ക്കുന്നു ഈ ചിത്രത്തിലൂടെ. ചിത്രത്തിനില്ലാത്ത മികവ് ഏതായാലും നന്ദന്റെ പോസ്റ്ററുകള്‍ക്കുണ്ട്. കൂടുതല്‍ നല്ല ഡിസൈനുകളുമായി ഈ രംഗത്ത് സജീവമാകുവാന്‍ നന്ദന്‌ എല്ലാ ആശംസകളും. :)

6 comments :

 1. പശുപതി, മല്ലിക, മകരന്ദ് ദേശ്‍പാണ്ഡെ എന്നിവരെ അണിനിരത്തി എം.എ. നിഷാദ് സംവിധാനം നിര്‍വ്വഹിച്ച 'മധുര ബസ്സി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. ബ്ലോഗുലകത്തിനു പരിചിതനായ 'നന്ദ‍പര്‍വ്വം' നന്ദന്‍ സ്വതന്ത്ര ഡിസൈനറായി അരങ്ങേറ്റം കുറിയ്‍ക്കുന്നു ഈ ചിത്രത്തിലൂടെ. ചിത്രത്തിനില്ലാത്ത മികവ് ഏതായാലും നന്ദന്റെ പോസ്റ്ററുകള്‍ക്കുണ്ട്. കൂടുതല്‍ നല്ല ഡിസൈനുകളുമായി ഈ രംഗത്ത് സജീവമാകുവാന്‍ നന്ദന്‌ എല്ലാ ആശംസകളും.

  ReplyDelete
 3. Thanks Haree... Eagerly waiting to see the review of "Usthad hotel"and "Namukku paarkkaam "

  ReplyDelete
 4. നന്ദന്റെ അരങ്ങേറ്റം ഡോക്റ്റർ ലൗ എന്ന ചിത്രത്തിനു വേണ്ടി ആയിരുന്നു എന്ന് തിരുത്താമോ. എന്റെ അറിവിൽ ഇതു നന്ദന്റെ രണ്ടാമത്തെ ചിത്രമാണ്

  ReplyDelete
 5. ഞാന്‍ ഇന്നലെ ഉസ്താദ്‌ ഹോട്ടല്‍ കണ്ടു. ട്രാഫിക്കിനെക്കാളും, സോള്‍ട്ട് ആന്‍ഡ്‌ പെപ്പറിനെക്കാളും എനിക്കിഷ്ടപെട്ട ചിത്രം. അന്‍വര്‍ റഷീദിനോടും അഞ്ജലി മേനോനോടും ഭയങ്കര ബഹുമാനം തോനുന്നു. Hats off to them. ഹരിയുടെ റിവ്യൂവിന് വേണ്ടി കാത്തിരിക്കുന്നു.

  ReplyDelete
 6. ഈ ഫോണ്ട് ഒന്നു പരിഷ്ക്കരിക്കാമോ..കാഴ്ച കുറഞ്ഞവര്‍ക്ക് പോലും ഇത്രയും വലിപ്പമുള്ള അക്ഷരങ്ങള്‍ വേണ്ടാ...

  ReplyDelete