അരികെ (Review: Arike)

Published on: 5/22/2012 07:53:00 AM

അരികെ: പേര് 'അരികെ', പക്ഷെ കാണികള്‍ അകലെ!‌

ഹരീ, ചിത്രവിശേഷം

Arike: A film by Shyamaprasad starring Dileep, Mamta Mohandas, Samvrutha Sunil etc. Film Review by Haree for Chithravishesham.
രണ്ടായിരത്തിയൊന്‍പതില്‍ പുറത്തിറങ്ങിയ 'ഋതു'വിനു ശേഷം ശ്യാമപ്രസാദിന്റേതായി തിയേറ്ററുകളിലെത്തിയ (വ്യാപകമായി റിലീസ് ചെയ്യപ്പെട്ട) മുഴുനീള ചിത്രമാണ്‌ 'അരികെ'. പിക്ചര്‍ പെര്‍ഫക്ടിന്റെ ബാനറില്‍ എന്‍.ബി. വിന്ധ്യന്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ദിലീപ്, മംമ്‌ത മോഹന്‍ദാസ്, സംവൃത സുനില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബംഗാളി സാഹിത്യകാരനായ സുനില്‍ ഗംഗോപാധ്യയുടെ ചെറുകഥയെ ആധാരമാക്കി (ശ്യാമപ്രസാദിന്റെ 'ഒരേ കടല്‍' ആധാരമാക്കിയതും ഇദ്ദേഹത്തിന്റെ രചന തന്നെ.) ചിത്രത്തിനു വേണ്ടി തിരനാടകവും സംഭാഷണവും ശ്യാമപ്രസാദ് തയ്യാറാക്കിയിരിക്കുന്നു. നായികമാരില്‍ ഒരാളിലൂടെ പ്രണയത്തെ നോക്കിക്കാണുക, കാല്‍പനികമായ പ്രണയകഥയാക്കി ചിത്രത്തെ മാറ്റുവാന്‍ മനഃപൂര്‍വ്വം ശ്രമിക്കാതിരിക്കുക എന്നിങ്ങനെ ചില വ്യത്യസ്തതയൊക്കെ ചിത്രത്തിനുണ്ടെങ്കില്‍ പോലും കാണികളെ ചിത്രത്തിന്‌ അരികിലേക്ക് കൊണ്ടുവരുന്നതില്‍ സംവിധായകന്‍ വിജയിച്ചില്ലെന്നു മാത്രമല്ല, ചിത്രത്തിന്റെ ടാഗായി നല്‍കിയ 'so close' എന്നതിനു പകരമായി 'so closed' എന്നെഴുതിയിരുന്നെങ്കില്‍ കൂടുതല്‍ യോജിക്കുമെന്നു കരുതുവാന്‍ തക്കവണ്ണം അടഞ്ഞൊന്നാവുകയും ചെയ്തു സിനിമ.

ആകെത്തുക     : 4.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 3.00 / 10
: 3.00 / 10
: 6.00 / 10
: 3.50 / 05
: 2.50 / 05
മേല്‍സൂചിപ്പിച്ചതു പോലെ ഒരു നായികയുടെ പക്ഷത്തു നിന്നു കഥപറയുവാനുള്ള ശ്രമത്തെയാണ്‌ ചിത്രത്തിന്റെ പ്രധാനഗുണവശമായി പറയാവുന്നത്. ശന്തനു, കല്‍പന, അനുരാധ എന്നിങ്ങനെ അര്‍ത്ഥഗര്‍ഭങ്ങളായ പേരുകള്‍ കഥാപാത്രങ്ങള്‍ക്ക് ഉപയോഗിച്ചതും കൗതുകകരം. ഇതിനപ്പുറമൊന്നും ചെയ്യുവാന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ശ്യാമപ്രസാദിന്‌ കഴിഞ്ഞില്ല. ഏച്ചുകെട്ടിയ സംഭാഷണങ്ങളും ആത്മാര്‍ത്ഥത ലവലേശമില്ലാത്ത രംഗങ്ങളുമെല്ലാം വേണ്ടതിലേറെയുണ്ട് ചിത്രത്തില്‍. അനുരാധയുടെ ജീവിതം കാണിക്കുവാനായി ചേര്‍ത്തിരിക്കുന്ന പല രംഗങ്ങളും സംവിധായകന്റെ പരിമിതികള്‍ വെളിച്ചത്തു കൊണ്ടുവരുന്നവയാണ്‌. ഭാര്യ തളര്‍ന്നു കിടക്കുന്ന ഭര്‍ത്താവിന്റെ ഇംഗിതം അനുരാധയെ അറിയിക്കുവാനെന്തിനാണ്‌ ആ കഥാപാത്രത്തിന്റെ കൈയ്യിലൊരു പെര്‍ഫ്യൂം? അതിന്റെയൊപ്പം പരിഹാസ്യമായ സംഭാഷണങ്ങളും!

Cast & Crew
Arike

Directed by
Shyamaprasad

Produced by
N.B. Vindhyan

Story / Screenplay, Dialogues by
Sunil Gangopadhyay / Shyamaprasad

Starring
Dileep, Mamta Mohandas, Samvrutha Sunil, Urmila Unni, Innocent, Chithra Iyer, Vineeth, Ajmal Ameer, Madambu Kunjukkuttan, Prakash Bare, Sreenath Bhasi etc.

Cinematography (Camera) by
Azhagappan

Editing by
Vinod Sukumaran

Production Design (Art) by
Vinesh Banglan

Music by
Ouseppachan

Lyrics by
Shibu Chakravarthy

Make-Up by
Sreejith

Costumes by
Sakhi Thomas

Banner
Picture Perfect

Release Date
2012 May 18

തന്റെ കഥാപാത്രങ്ങള്‍ക്ക് ഇണങ്ങുന്ന അഭിനേതാക്കളെ കണ്ടെത്തി അവരെ വേണ്ടും വിധം ഉപയോഗിക്കുന്നതില്‍ ശ്യാമപ്രസാദിന്‌ ഇപ്പോഴും തെറ്റുപറ്റുന്നു എന്നതിനു തെളിവായി മാത്രമേ ദിലീപിന്റെ ശന്തനുവിനെ കാണുവാന്‍ കഴിയുകയുള്ളൂ. ആ കഥാപാത്രത്തിനു പ്രതീക്ഷിക്കാവുന്ന പ്രായമോ ശരീരഭാഷയോ ഒന്നുമല്ല ദിലീപില്‍ കാണുന്നത്. സ്വാഭാവികമായി അഭിനയിച്ച് ദിലീപ് വിയര്‍ക്കുക കൂടി ചെയ്തതോടെ, 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും...' എന്ന മട്ടിലായി ആ കഥാപാത്രം. സംവൃത സുനില്‍ തന്റെ സ്ഥിരം രൂപഭാവങ്ങളില്‍ തന്നെ, ഇടയ്‍ക്കു ലയിച്ചിരുന്ന് ഒരു ഭജനപാടുന്നത് അഭിനയിച്ചൊരു വഴിക്കാക്കിയെന്നു മാത്രം! മം‍മ്‍ത മോഹന്‍ദാസ് വളരെ പക്വമായി ആ കഥാപാത്രത്തെ സമീപിച്ചു എന്നതിനാല്‍, ഒരല്‍പമെങ്കിലും കാണികളുടെ അരികിലെത്തുന്നത് അനുരാധയാണ്‌. മറ്റാരുടെയെങ്കിലും കൈയ്യില്‍ ഈ വേഷമെത്തിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ ഇത്രയുമൊക്കെ ഈ ചിത്രത്തെക്കുറിച്ച് എഴുതേണ്ടി വരുമായിരുന്നോ എന്നു പോലും സംശയിക്കാം. ഊര്‍മ്മിള ഉണ്ണി, ഇന്നസെന്റ്, പ്രകാശ് ബാരെ, ശ്രീനാഥ് ഭാസി തുടങ്ങിയവരൊക്കെ വന്നുപോവുന്നുണ്ട് എന്നല്ലാതെ കാര്യമായ ശ്രദ്ധ നേടുന്നില്ല. ചിത്ര അയ്യരുടെ കഥാപാത്രം വര്‍ത്തമാനം പറഞ്ഞും മുഖം കൊണ്ട് എന്തൊക്കെയോ ഗോഷ്ടികള്‍ കാട്ടിയും കാഴ്ചക്കാരെ വെറുപ്പിക്കും. കുറഞ്ഞ സമയത്തെക്കാണെങ്കിലും, ചിത്രത്തിന‍ല്‍പമെങ്കിലുമൊരു ചലനം കിട്ടുന്നത് വിനീത്, മാടമ്പ് കുഞ്ഞിക്കുട്ടന്‍, അജ്മല്‍ അമീര്‍ തുടങ്ങിയവര്‍ തലകാണിക്കുമ്പോഴാണ്‌ എന്നതും പറയേണ്ടതായുണ്ട്.

വിനേഷ് ബംഗ്ലന്റെ കലാസംവിധാനവും ശ്രീജിത്തിന്റെയും (ചമയം) സഖി തോമസിന്റെയും (വസ്‍ത്രാലങ്കാരം) ശ്രമങ്ങളുമാണ്‌ സാങ്കേതികമേഖലയില്‍ മികച്ചു നില്‍ക്കുന്നത്. ഇവര്‍ മൂവരും ചേര്‍ന്നു സൃഷ്ടിക്കുന്ന കഥാന്തരീക്ഷം ചിത്രത്തിനു നന്നായുതകുന്നു. അഴകപ്പന്റെ ക്യാമറ അവയെ ഭംഗിയായി പകര്‍ത്തുകയും, വിനോദ് സുകുമാരനവയെ തരക്കേടില്ലാതെ സന്നിവേശിപ്പിക്കുകയും കൂടി ചെയ്തിട്ടുള്ളതിനാല്‍, വെറുതേ കണ്ടിരിക്കാവുന്ന ഒന്നായി സിനിമ മാറുന്നുണ്ട്. അനുരാധയുടെ ചിന്തകള്‍ക്ക് പശ്ചാത്തലമായി ഇടയ്‍ക്കിടെ മം‍മ്‍തയുടെ ശബ്ദത്തില്‍ തന്നെ കേള്‍ക്കുവാനുള്ള "ഇരവില്‍ വിരിയും..." എന്ന ഗാനം ശ്രദ്ധ നേടുന്നു. അതേ സമയം കൂടുതല്‍ പ്രാധാന്യത്തോടെ ചിത്രത്തില്‍ ചേര്‍ത്തിരിക്കുന്ന ഭജനഗാനം വെറുതേ ഒരു പാട്ട് എന്നതിനപ്പുറം ചിത്രത്തിനൊരു പ്രയോജനവും ചെയ്യുന്നുമില്ല. "ശ്യാമ ഹരേ..." എന്ന ഈ ഗാനം പാടിയിരിക്കുന്നത് ശ്വേത മോഹന്‍. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ഇണം നല്‍കിയിരിക്കുന്നത് ഔസേപ്പച്ചന്‍.

ഈ ചിത്രത്തിലൂടെ സംവിധായകന്‍ എന്താണ്‌ പറയുവാന്‍ ഉദ്ദേശിച്ചത് എന്നു വ്യക്തമല്ല, അദ്ദേഹത്തിന്‌ അങ്ങിനെയെന്തെങ്കിലും ഉദ്ദേശമുണ്ടായിരുന്നോ എന്നു പോലും വ്യക്തമല്ല. കൈയ്യേറ്റം ചെയ്തുള്ള ഒരു വിദ്യാര്‍ത്ഥിയുടെ രാഷ്‍ട്രീയ പിരിവ്, പിന്നീട് അതേ വിദ്യാര്‍ത്ഥിയുടെ പക്കല്‍ നിന്നും പോലീസ് ബോംബ് കണ്ടെടുക്കുന്നത് എന്നിങ്ങനെ ചിലതും ഇടയ്‍ക്ക് സിനിമയില്‍ കണ്ടു. ഈ സിനിമയിലെന്താണ്‌ ഇങ്ങിനെ ചിലതിനൊക്കെ പ്രസക്തി എന്നു ചോദിച്ചാല്‍ കേള്‍ക്കുന്നവന്‍ വിയര്‍ക്കുകയേയുള്ളൂ! പല ചിത്രങ്ങളിലായി പ്രണയത്തെ തലങ്ങനെയും വിലങ്ങനെയും ഇടയ്‍ക്കൂടെയുമൊക്കെ നോക്കിക്കാണുവാന്‍ ശ്രമിച്ചിട്ടും, പ്രണയം എന്താണെന്നു പറയുവാന്‍ ശ്യമപ്രസാദിന്‌ ഇതുവരെ കഴിഞ്ഞില്ല. ഇതിലും അതിനു കഴിഞ്ഞില്ല എന്നു കണ്ടുതന്നെ അറിയണമെന്നുള്ളവര്‍ക്ക് വേണമെങ്കില്‍ കാണാവുന്നൊരു പടം എന്ന് ഒട്ടും അരികെയല്ലാത്ത 'അരികെ'യെക്കുറിച്ചു ചുരുക്കി പറയാം.

8 comments :

 1. ശ്യാമപ്രസാദിന്റെ സംവിധാനത്തില്‍ ദിലീപ്, മം‍മ്‍ത മോഹന്‍ദാസ്, സംവൃത സുനില്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'അരികെ'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  Haree
  ‏@newnHaree
  #Arike fails to keep the promise, the film is never 'so close' to you! @mamtamohan's Anuradha alone try to get closer.
  9:00 AM - 20 May 12 via web
  --

  ReplyDelete
 2. മമ്തയുടേയും മാടമ്പിന്റേയും കഥാപാത്രങ്ങൾ നന്നായിട്ടുണ്ട് . കാണുന്നതിനു മുൻപേ പല തവണ വന്നു നോക്കി . റിവ്യൂ കുറച്ചു വൈകി അല്ലേ ?
  അരികിലുള്ള പ്രണയം അറിയാതെ പോകുന്നു എന്നാവും സംവിധായകൻ ഉദ്ദേശിച്ചതെന്നു തോന്നുന്നു . അഗ്നിസാക്ഷിയും അകലെയും ഒരേകടലുമൊക്കെ അല്പം കൂടി മെച്ചപ്പെട്ട ചിത്രങ്ങളായിരുന്നു . സദാചാരമൂല്യങ്ങൾ എന്നു പറയപ്പെടുന്നവയിൽ നിന്ന് അകന്നുള്ള കഥാപാത്രങ്ങളും ജീവിതങ്ങളും പറയാനായിട്ടാണ് പലപ്പോഴും ശ്യാമപ്രസാദ് ശ്രമിച്ചിട്ടുള്ളതെന്നു തോന്നുന്നു . ഒരു നല്ല സംവിധായകൻ എന്നു തോന്നിപ്പിക്കാൻ ഇനിയും ബുദ്ധിമുട്ടേണ്ടി വരും അദ്ദേഹം .

  ReplyDelete
 3. ഇത്രയൊക്കെ പടത്തെ പട്ടി മോശം പറഞ്ഞിട്ടും 4.5Ratngo????....മനസിലാവുന്നില്ല

  ReplyDelete
 4. പക്ഷെ അല്ല.. പക്ഷേ, അത് പോലെ പക്ഷേ, എന്ന് എഴുതി കഴിഞ്ഞാല്‍ ഇപ്പോഴും കോമ ഇടണം..! :)

  ReplyDelete
 5. മമ്തയുടെയും വിനീതിന്റെയും സീനുകൾ നന്നായിരുന്നു. മൊത്തത്തിൽ ആവശ്യത്തിലധികം സംഭാഷണങ്ങളുള്ളതാണ് പ്രശ്നമായി തോന്നിയത്.

  ReplyDelete
 6. മഞ്ചാടിക്കുരു???

  ReplyDelete
 7. ഈ സിനിമ ഇതേ രൂപത്തിൽ വല്ല രഞ്ജിത്ത് സംവിധാനം ചെയ്യുകയും, പൃഥ്വിരാജ് അഭ്മനയിക്കുകയും ചെയ്യ്തിരുന്നെൺകിൽ ഇതൊരു noted ആർട്ട് ഫിലിം അയേനേന്നു തന്നെ ആണു എനിക്കു തോന്നണെ.. :)

  ReplyDelete
 8. ശ്യാമ പ്രസാദിന്റെ ചിത്രം ആയതു കൊണ്ട് തന്നെ ജീവിതവുമായി വളരെ ബന്ദമുള്ള ചിത്രമാകും ഇത്. പക്ഷെ ഇത്തരം ചിത്രത്തില്‍ ദിലീപിനെ നായകനാക്കാന്‍ മാത്രം ശ്യാമ പ്രസധിനു എന്ത് ഗതികേടാണ് ഉണ്ടായതെന്ന് അറിയില്ല. ഇത്തരം ഗൗരവമുള്ള കഥാപാത്രങ്ങള്‍ തനിക്കു ചെയ്തു ഫലിപ്പിക്കാന്‍ ആവില്ലെന്ന് ദിലീപ് നേരത്തെ തെളിയിച്ചിട്ടുള്ളതാണ്.. ഋതുവിന് ശേഷം ശ്യാമ പ്രസാദിന്റെ ഇലക്ട്ര എന്നൊരു ചിത്രം പൂര്‍ത്തിയായിരുന്നു. നയന്‍‌താര, പ്രകാശ്‌ രാജ് , മനീഷ കൊയ് രാള തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം മേളകളില്‍ മാത്രം ഒതുങ്ങി പോവുകയും. ബോക്സ്‌ ഓഫീസില്‍ എത്താതെ പോയതിനാലും ആകും ദിലീപിനെ നായകനാകിയതെന്നു കരുതുന്നു.
  എങ്കിലും ചിത്രത്തിലെ ഒരു കതപത്രമെങ്ങിലും നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കും എന്ന കാര്യം ഉറപ്പാണ്‌..

  ReplyDelete