ഉന്നം (Review: Unnam)

Published on: 2/12/2012 12:11:00 PM

ഉന്നം: ലക്ഷ്യം കാണാത്ത ഉന്നങ്ങള്‍!

ഹരീ, ചിത്രവിശേഷം

Unnam: A film by Sibi Malayil starring Asif Ali, Sreenivasan, Lal, Rima Kallingal, Swetha Menon etc. Film Review by Haree for Chithravishesham.
'വയലിനു' ശേഷം സിബി മലയില്‍ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ്‌ 'ഉന്നം'. ആസിഫ് അലി, റിമ കല്ലിങ്കല്‍, ലാല്‍, ശ്വേത മേനോന്‍, ശ്രീനിവാസന്‍ തുടങ്ങിയവരൊക്കെയാണ്‌ ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിനു മുന്‍പ് 'കറന്‍സി' എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ച സ്വാതി ഭാസ്കറാണ്‌ ഹിന്ദി ചിത്രമായ 'ജോണി ഗദ്ദാറി'നെ അധികരിച്ച് 'ഉന്ന'ത്തിനു വേണ്ടി തിരനാടകവും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. കുനിയില്‍ പ്രൊഡക്ഷന്‍സിന്റെയും ആര്‍.ആര്‍. എന്റര്‍ടൈന്മെന്റ്സിന്റെയും സം‍യുക്ത ബാനറില്‍ നൗഷാദ്, ബഷീര്‍ എന്നിവരൊരുമിച്ചാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണം. സ്ഥിരം ശൈലിയിലുള്ള പ്രമേയങ്ങള്‍ വിട്ട്, വ്യത്യസ്തമായ വിഷയങ്ങള്‍ കാലാനുസൃതമായി അവതരിപ്പിക്കുവാനുള്ള സിബി മലയിലിന്റെ ശ്രമം അഭിനന്ദനീയമെങ്കിലും; അദ്ദേഹം ഉന്നം വെയ്‍ക്കുന്ന ലക്ഷ്യത്തിലേക്കെത്തുവാന്‍ ഇനിയുമേറെ പോകുവാനുണ്ടെന്ന് 'അപൂര്‍വരാഗ'മെന്ന പോലെ 'ഉന്ന'വും അടിവരയിട്ടു പറയുന്നു.

ആകെത്തുക     : 4.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 4.00 / 10
: 4.00 / 10
: 4.00 / 10
: 3.00 / 05
: 2.00 / 05
പ്രമേയത്തിന്റെ ക്രെഡിറ്റ് 'ജോണി ഗദ്ദാര്‍' എഴുതി സംവിധാനം ചെയ്‍ത ശ്രീരാം രാഘവനു നല്‍കാം, അതു മലയാളത്തിലാക്കിയപ്പോള്‍ ഉണ്ടായ ദോഷങ്ങള്‍ക്ക് സ്വാതി ഭാസ്‍കറിനെ പഴിക്കുകയും ചെയ്യാം. ഹിന്ദി ചിത്രം കണ്ടിട്ടില്ലാത്തവര്‍ക്ക് 'ഉന്നം' പറയുന്ന കഥയ്‍ക്ക് പുതുമ തോന്നും. എന്നാല്‍ അതിനിടയില്‍ വരുന്ന പല രംഗങ്ങളും അവയിലെ സംഭാഷണങ്ങളും മുഷിപ്പിക്കുകയും ചെയ്യും. വില്ലനാരെന്ന് ഒടുവില്‍ പറയുക എന്ന പതിവില്‍ നിന്നും മാറി, വില്ലനെ കാണിച്ചു തന്നതിനു ശേഷം പിന്നെ കഥ ഉദ്വേഗഭരിതമാക്കി കൊണ്ടുപോകുവാനാണ്‌ രചയിതാവിന്റെ ശ്രമം. അയാളെങ്ങിനെ തന്റെ ചെയ്‍തികള്‍ മറച്ച് രക്ഷപെടുന്നു അല്ലെങ്കില്‍ കൂട്ടാളികള്‍ എങ്ങിനെ അയാളെ കണ്ടുപിടിക്കുന്നു എന്നതാണ്‌ കാണികളുടെ ആകാംക്ഷ, അല്ലെങ്കില്‍ കാണികള്‍ക്ക് ഉണ്ടാകേണ്ടിയിരുന്ന ആകാംക്ഷ. പക്ഷെ, കാണികള്‍ക്ക് അനുമാനിക്കാവുന്നതിനപ്പുറം ഒന്നും തുടര്‍ന്നു വരുന്ന ഭാഗങ്ങളില്‍ കരുതുവാന്‍ കഴിയാത്തതിനാല്‍ ആ ശ്രമത്തില്‍ വിജയത്തിലെത്തുവാന്‍ സ്വാതി ഭാസ്‍ക്കറിനു കഴിയുന്നില്ല. പലപ്പോഴും യുക്തിയില്‍ വരുന്ന കല്ലുകടികളും* ചിത്രത്തിനു വിനയാവുന്നുണ്ട്. അതിനിടയില്‍ നന്മയുള്ള മുന്‍-കൊള്ളത്തലവനും ഭാര്യയെ വേശ്യയാക്കില്ലെന്ന് സത്യം ചെയ്യുന്ന വേശ്യാലയ മുതലാളിയും ഭര്‍ത്താവിനെ വഞ്ചിച്ച് കാമുകനോട് വീട്ടിനുള്ളിലെ വീര്‍പ്പുമുട്ടല്‍ പറയുന്ന ഭാര്യയുമൊക്കെ കൂടിയാവുമ്പോള്‍ ചിത്രം പലപ്പോഴും അസഹ്യമായി മാറുകയും ചെയ്യുന്നു. സിബി മലയിലിന്റെ സംവിധാനത്തിനുമുണ്ട് ഇവയൊക്കെ ഇത്രകണ്ട് അസഹ്യമാക്കിയതില്‍ ചെറുതല്ലാത്തൊരു പങ്ക്.
*ഉദാ: ബഷീറും സണ്ണിയും പിരിഞ്ഞത് ആശുപത്രിയില്‍ നിന്നാണെന്ന് അലോഷി എങ്ങിനെയറിഞ്ഞു എന്നതിനുത്തരമായി അലോഷി പറയുന്നത് സണ്ണി ഫോണില്‍ പറഞ്ഞു, സണ്ണി ഇപ്പോള്‍ പറഞ്ഞു എന്നൊക്കെയാണ്‌. ബഷീറിന്‌ എന്തു സംഭവിച്ചു എന്ന് അലോഷിക്ക് അറിയാവുന്നതിനാല്‍, ബഷീര്‍ ഫോണില്‍ പറഞ്ഞു എന്ന് അലോഷിക്ക് പറയാവുന്നതേയുള്ളൂ. അത് സണ്ണിക്ക് നിരാകരിക്കുവാന്‍ കഴിയുകയുമില്ല! പക്ഷെ, അങ്ങിനെ അലോഷി പറഞ്ഞാല്‍ കഥ മുന്നോട്ടൂ നീക്കുവാന്‍ കഥാകൃത്ത് പാടുപെടും!

Cast & Crew
Unnam

Directed by
Sibi Malayil

Produced by
Noushad, Basheer

Story / Screenplay, Dialogues by
Sriram Raghavan / Swathi Bhaskar

Starring
Asif Ali, Sreenivasan, Lal, Nedumudi Venu, Prashant Narayanan, Rima Kallingal, Shweta Menon, Rajesh Hebbar, KPAC Lalitha etc.

Cinematography (Camera) by
Ajayan Vincent

Editing by
Bijith Bala

Production Design (Art) by
Prasanth Madhav

Music by
John P. Varkey

Lyrics by
Rafeeq Ahmed, Engandiyoor Chandrasekharan

Make-Up by
Ranjith Ambady

Costumes by
Sameera Saneesh

Action (Stunts / Thrills) by
Mafia Sasi

Banner
Kuniyil Productions / RR Entertainments

തിരക്കഥാകൃത്തും സംവിധായകനും കൂടി കുറേ രംഗങ്ങള്‍ അസഹ്യമാക്കിയെന്നു മുകളില്‍ പറഞ്ഞു. ആ രംഗങ്ങളും പിന്നെ കുഴപ്പമില്ലാതെ പോവുമായിരുന്ന മറ്റു ചില രംഗങ്ങളും അഭിനേതാക്കളുടെ പ്രകടനം കൂടി ചേരുമ്പോള്‍ അസഹ്യതയ്ക്കപ്പുറം അറുവഷളായി മാറുന്നു. ആസിഫ് അലിക്ക് ഇതുവരെ കിട്ടിയിട്ടുള്ള കഥാപാത്രങ്ങളില്‍ ഏറ്റവും സാധ്യതയുള്ള ഒന്നായിരുന്നു ചിത്രത്തിലെ അലോഷി. 'മാനത്തെ വെള്ളിത്തേരി'ലെ വിനീതിന്റെ കഥാപാത്രത്തോടൊക്കെ വേണമെങ്കില്‍ താരതമ്യം ചെയ്യാവുന്നത്രയും ആഴമുള്ളൊരു കഥാപാത്രം. അതിനെ ഇത്തരത്തിലൊരു കോമാളി വേഷമാക്കിയതിന്‌ ആസിഫിന്‌ ഇനി സ്വയം പഴിക്കാം. പ്രശാന്ത് നാരായണന്‍ അവതരിപ്പിച്ച ടോണി ഈപ്പനാണ്‌ പിന്നെയും അഭിനേതാക്കളില്‍ ശ്രദ്ധ നേടുന്നത്. സംസാരത്തിലെ ഒരു ഏച്ചുകെട്ടല്‍ ആ കഥാപാത്രത്തിന്റെയും ശോഭ കുറയ്‍ക്കുന്നുണ്ട്. മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത് ലാലാണ്‌. മൂന്നോ നാലോ വെടിയേറ്റ് താഴെ വീണതിനു ശേഷം, പാതി എഴുനേറ്റ് ടേപ്പ് റിക്കാര്‍ഡറില്‍ പാട്ടുവെയ്‍ക്കുന്ന ലാലിന്റെ അഭിനയമൊന്നും എഴുതി ഫലിപ്പിക്കുവാനാവില്ല, കണ്ടു തന്നെ അനുഭവിക്കണം. ശ്വേത മേനോനും നെടുമുടി വേണുവുമൊക്കെ തങ്ങളുടെ സ്ഥിരം രൂപഭാവങ്ങളില്‍ ചിത്രത്തിലുണ്ട്. സ്വാഭാവികത തൊട്ടു തീണ്ടാത്ത രണ്ടു കഥാപാത്രങ്ങളായി ശ്രീനിവാസനും റിമ കല്ലിങ്കലും കൂടി ചേരുമ്പോള്‍ പ്രധാന അഭിനേതാക്കളുടെ നിര പൂര്‍ണമാവുന്നു. രാജേഷ് ഹെബ്ബാര്‍, കെ.പി.എ.സി. ലളിത, ചിത്ര നാരായണന്‍ തുടങ്ങിയ മറ്റു ചിലരും ചിത്രത്തില്‍ മുഖം കാണിക്കുന്നുണ്ട്.

ഇത്തരമൊരു ത്രില്ലര്‍ ആവശ്യപ്പെടുന്ന സാങ്കേതിക മികവ് നല്‍കുവാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്നു പറയാം. സ്ഥിരം കാഴ്ചകളല്ലാതെ പുതുമയുള്ള ഒരു ഫ്രയിമും അജയന്‍ വിന്‍സന്റിന്റെ ക്യാമറ പ്രേക്ഷകര്‍ക്കു നല്‍കുന്നില്ല. ആഖ്യാനത്തിനു വേഗം നല്‍കുന്നതിലും ഛായാഗ്രാഹകനും കൂട്ടത്തില്‍ ചിത്രസം‍യോജകന്‍ ബിജിത്ത് ബാലയും പിന്നിലാണ്‌. രഞ്ജിത്ത് അമ്പാടിയുടെ ചമയങ്ങളും സമീറ സനീഷിന്റെ വസ്‍ത്രാലങ്കാരവും കഥാപാത്രങ്ങള്‍ക്കിണങ്ങുന്നു. ഒരു അപവാദമായി പറയാവുന്നത് ശ്രീനിവാസന്റെ ബാലകൃഷ്ണന്‍ എന്ന കഥാപാത്രമാണ്‌. ആ കഥാപാത്രത്തെ ത്രിശങ്കുവിലാക്കുന്ന മട്ടിലായിപ്പോയി അയാള്‍ക്കു നല്‍കിയ വേഷങ്ങള്‍. റിമ കല്ലിങ്കലിന്റെ തലയിലെ കേശാലങ്കാരവും അനാവശ്യമെന്നു തോന്നി. റഫീഖ് അഹമ്മദും എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനും എഴുതിയെന്നും ജോണ്‍ പി. വര്‍ക്കി ഈണമിട്ടുവെന്നും പറയുന്ന ഗാനങ്ങള്‍ ചിത്രത്തിലെവിടെയാണ്‌ എന്നു മനസിലായില്ല. ഉന്നം പിടിക്കെന്നോ വെടി വെയ്ക്കെന്നോ ഒക്കെ നിലവിളിക്കുന്നൊരു സാധനം ഇടയ്‍ക്ക് കേട്ടിരുന്നു, അതെങ്ങാനുമാണോ ഗാനമെന്നുദ്ദേശിച്ചത് എന്നറിയില്ല.

സിനിമയിലെ പുതുപ്രവണതകളോട് കിടപിടിക്കുന്നൊരു ചിത്രം ചെയ്യുവാന്‍ വ്യത്യസ്തമായൊരു പ്രമേയം (അതൊരു അന്യഭാഷയില്‍ നിന്നാണെന്നത് തത്കാലം വിടാം) കണ്ടെത്തുന്നത് ആദ്യ പടി മാത്രമേ ആവുന്നുള്ളൂ. അതിനെ ഒരു നല്ല സിനിമയാക്കി മാറ്റുവാന്‍ കാര്യമായ അധ്വാനം തന്നെ അണിയറപ്രവര്‍ത്തകരില്‍ നിന്നും, പ്രധാനമായും സംവിധായകനില്‍ നിന്ന് ഉണ്ടാവേണ്ടതുണ്ട്. ഛായാഗ്രഹണത്തിലും ചിത്രസന്നിവേശത്തിലും പശ്ചാത്തലത്തിലുമൊക്കെ പ്രമേയത്തിനിണങ്ങുന്ന വേറിട്ടൊരു പരിചരണം സ്വീകരിക്കേണ്ടതുമുണ്ട്. താത്പര്യമുള്ള അഭിനേതാക്കളെ സഹകരിപ്പിക്കുന്നതിനു പകരം കഥാപാത്രങ്ങള്‍ക്ക് ഇണങ്ങുന്ന അഭിനേതാക്കളെ നിശ്ചയിക്കുക എന്നതും പ്രധാനമാണ്‌. ഇങ്ങിനെ പല കാര്യങ്ങളിലും സിബി മലയിലും ഒപ്പം അണിയറ പ്രവര്‍ത്തകരും പിന്നിലാവുന്നതു കാരണമായി തന്നെയാണ്‌ 'ഉന്നം' ലക്ഷ്യം കാണാതെ പോവുന്നത്. ഒപ്പം തന്നെ പറയട്ടെ, സംവിധായകന്റേതായി തൊട്ടു മുന്‍പിറങ്ങിയ 'വയലിന്‍' പോലെയുള്ള ചിത്രങ്ങളൊക്കെ ചെയ്യുന്നതിലും നല്ലത് ഇത്തരത്തില്‍ ഉന്നം തെറ്റുന്ന ചിത്രങ്ങളെടുത്ത് പഠിക്കുന്നതുമാണ്‌. കുറഞ്ഞപക്ഷം സംവിധായകന്‍ എന്ന നിലയില്‍ ചില പുതിയ അറിവുകള്‍ നേടുവാനെങ്കിലും സിബി മലയിലിന്‌ ഇത്തരം ചിത്രങ്ങളില്‍ അവസരം ലഭിക്കുമല്ലോ!

ഏതായാലും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തുടക്കത്തില്‍ തന്നെ 'ജോണി ഗദ്ദാറി'ന്റെ ഔദ്യോഗിക മലയാളം പതിപ്പാണിതെന്ന് എഴുതിക്കാണിക്കുവാന്‍ തയ്യാറായി. അത്രയെങ്കിലും മാറ്റം സോഷ്യല്‍ മീഡിയ(യും) കാരണമായി മലയാള സിനിമയില്‍ വന്നുവല്ലോ! അതു തന്നെ വലിയൊരു കാര്യം!

12 comments :

 1. 'വയലിനു' ശേഷം ആസിഫ് അലിയെ നായകനാക്കി സിബി മലയില്‍ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'ഉന്ന'ത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  Haree
  @newnHaree
  #Unnam, definitely the director aims something different but sadly he misses the target!
  3:09 PM - 11 Feb 12 via web
  --

  ReplyDelete
 2. കുറെ കാലമായി സിബി മലയില്‍ കാലത്തിനൊപ്പം സഞ്ചരിക്കാന്‍ ഉള്ള ഈ ശ്രമം തുടങ്ങീട്ട്.അതില്‍ ഒരു പരാജയം കൂടി.എന്തായാലും ഇത്ര കൊപ്പിയടിച്ചിട്ടും പ്രിയദര്‍ശന്‍ കാണിക്കാത്ത ധൈര്യം അദേഹം കാണിച്ചു . 'ജോണി ഗദ്ദാറി'ന്റെ ഔദ്യോഗിക മലയാളം പതിപ്പാണിതെന്ന് എഴുതിക്കാണിക്കുവാന്‍ തയ്യാറായി . അതിന് congrats.സോഷ്യല്‍ മീടിയക്ക്‌ തീര്‍ച്ചയായും ഇതില്‍ അഭിമാനിക്കാം.

  ReplyDelete
 3. ജോണി ഗദ്ദാറിനെ അധികരിച്ച് ഒരു തിരക്കഥ ഉണ്ടാക്കിയിട്ട് അത് കുളമാക്കിയെങ്കില്‍ പിന്നെ ഒന്നും പറയാനില്ല! ഞാന്‍ ജോണി ഗദ്ദാര്‍ ഒന്നൂടെ കണ്ടോളാം.. :)

  ReplyDelete
 4. ജോണീ ഗദ്ദാറിലേ കാസ്റ്റിംഗ്‌ എടുത്തു പറയേണ്ടതായിരുന്നു. നീല്‍ നിഥിന്‍ മുകേഷും, ധര്‍മേന്ദ്രയും ഒക്കെ തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമായി അവതരിപ്പിച്ചിരുന്നു.തന്റെ മരണത്തിനു മുന്‍പ്‌ ടേപ്പ്‌ റീക്കോര്‍ഡറില്‍ പാട്ട് വക്കുന്ന സീനൊക്കെ ധര്‍മേന്ദ്ര ഉഗ്രനായി ചെയ്തിരുന്നു. കുറച്ചു കൂടി ഹോം വര്‍ക്‌ ഒക്കെ ചെയ്തിരുന്നെങ്കില്‍ വളരെ നന്നാക്കാമായിരുന്ന ഒരു തീം ആയിരുന്നു.

  ഹരീ.. മാനത്തെ വെള്ളിത്തേരിലെ വിനീതിന്റെ കഥാപത്രവുമായുള്ള സാമ്യം മനസിലായില്ല.

  ReplyDelete
 5. ഉന്നം സിബി മലയില്‍ ഒരു ഫാമിലി ആക്കാന്‍ ശ്രമിച്ചു ഒടുവില്‍ ഫാമിലിയും അല്ല ത്രില്ലറും അല്ല എന്ന പരുവം ആയി, ആസിഫ് അലി ഉയരങ്ങളിലെ മോഹന്‍ ലാല്‍ പോലെ ഒരു കഥാപാത്രം കിട്ടിയിട്ട നശിപ്പിച്ചു , ഉയരങ്ങളില്‍ എന്നാ ചിത്ര ബസ് ചെയ്ത ചേസ് നോവല്‍ തന്നെയാണ് ജോണി ഗദാറും അവലബം ആക്കിയത് , ജോണി ഗദ്ദര്‍ ഞെരിപ്പ് പടം ആയപ്പോള്‍ ഉന്നം ഒരു തണുപ്പ പടം ആയി തീര്‍ന്നു, ആഗസ്റ്റ്‌ ഒന്ന് എടുത്ത സിബി മലയില്‍ ആ സ്പീഡ് ഈ പടത്തില്‍ കാണിച്ചില്ല ,നെടുമുടി ആപ്റ്റ് അല്ല , റീമ കല്ലിങ്ങല്‍ ബിപാഷ ബസു ആകാന്‍ പറ്റുമോ? ഈ നടി ഔട്ട്‌ ആകാറായി , ലാല്‍ പിന്നെ ഓവര്‍ ആക്റ്റ് ആണ് , ഒറിജിനലില്‍ ധര്‍മേന്ദ്ര വയസ്സായിട്ടും എന്തായിരുന്നു പെര്‍ഫോര്‍മന്‍സ് , അത് പോലെ ഹിന്ദിയില്‍ ട്രെയിന്‍ വഴി ആണ് പണം കൊണ്ട് പോകുന്നത് ഇത് ചുമ്മാ കാറില്‍ അതൊന്നും വിശ്വസനീയമായി തോന്നിയില്ല . ആ നടനും ഒരു സുമാര്‍ ആയില്ല , ഒരിജിനലിലെ കാരക്ടര്സ് അതുപോലെ നിര്‍ത്തിയാല്‍ മതിയായിരുന്നു , ആസിഫ് അലി ഉയരങ്ങളില്‍ എന്ന പടം സീ ഡി ഇട്ടു കാണുക ലാല്‍ എങ്ങിനെ അത് പെര്‍ഫോം ചെയ്തു താന്‍ എങ്ങിനെ ഉന്നം ആക്കി എന്ന് കണ്ടു പഠിക്കുക , ശരിക്കും ഹിന്ദി പടത്തിലെ വിനയ് പതക് ഒക്കെ എന്തായിരുന്നു പെര്‍ഫോര്‍മന്‍സ് ?

  അജയന്‍ വിന്സന്റ് തന്നെ അല്ലെ ഭ്രമരം ചെയ്തത് , ഇത് ഒരു ഭരതം സെറ്റപ്പില്‍ ആണ് പടം ചെയ്തിരിക്കുന്നത് അതിനാല്‍ തന്നെ ആദ്യ പകുതി സപീടെ ഇല്ല ഇത് ഒരു തണുത്ത ത്രില്ലര്‍

  ReplyDelete
 6. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)

  കാസ്റ്റിംഗാണ്‌ ഇവിടെ ആകെ കുഴപ്പമാക്കിയതെന്ന് തോന്നുന്നു. 'മാനത്തെ വെള്ളിത്തേരി'ലെ വിനീതിന്റെ കഥാപാത്രവുമായി സാമ്യമുണ്ടെന്നല്ല, അത്രയും സാധ്യതകളുള്ള ഒരു കഥാപാത്രമായിരുന്നു ഇതിലെ അലോഷി എന്നാണ് ഉദ്ദേശിച്ചത്.
  --

  ReplyDelete
 7. അടുത്ത മോഹൻലാൽ സൂപ്പർസ്റ്റാർ എന്നൊക്കെ പറഞ്ഞിട്ട് ആസിഫിന്റെ ഇത്തരം പടങ്ങളാണോ ഇറങ്ങുന്നതെല്ലാം.

  കുറച്ചുകൂടി നല്ല ഒരു തിരക്കഥാകൃത്തിനെ ഏൽപ്പിച്ചിരുന്നെങ്കിൽ തന്നെ പടം കൂടുതൽ മെച്ചപ്പെട്ടേനേ എന്ന് തോന്നുന്നു. ബാബു ജനാർദ്ധനൻ മതിയായിരുന്നു.

  ReplyDelete
 8. ഏതായാലും ജോണിഗദ്ദാര്‍ കാണാന്‍ തീരുമാനിച്ചു. ഉന്നം അവിടെ നില്‍ക്കട്ടെ.

  ലാലിനെ പണ്ടേ എനിക്ക് അഭിനേതാവായി ഇഷ്ടമല്ല, മെയിന്‍ പ്രോബ്ലം പറയുന്നതൊന്നും തിരിയില്ല എന്നാണ്..ഒരു മാതിരി കൊഴുക്കട്ട വായിലിട്ടപോലെയാണ് സംസാരം. ഹോളിവുഡ്ഡില്‍ ഇതുപോലെ മനസ്സിലാവാത്തത് നിക്കോളാസ് കേജും , ഏറ്റവും ജെഫ്ഫ് ബ്രിഡ്ജസ്സും ആണ്. അതുകൊണ്ടു തന്നെ പടം മടുത്തുപോകും.

  ReplyDelete
 9. അങ്ങിനെ നല്ല ഒരു ചിത്രം കൂടി കൊളമാക്കി .ജോണി ഗദ്ദാര്‍ ഒരു പാട് പഴയ ചിത്രങ്ങള്‍ക്കുള്ള ഒരു ട്രീബ്യുട്ട് കൂടി ആയിരുന്നു .അമിതാബിന്റെ പര്‍വാനയിലെ ചില രംഗങ്ങള്‍ അതെ പടി ഉണ്ടായിരുന്നു. ഡയരക്ടര്‍ വിജയ്‌ ആനന്ദിന്റെ ചിത്രങ്ങള്‍ക്കുള്ള ട്രീബ്യുട്ട് .
  എന്നാല്‍ മറ്റൊരു ചിത്രവുംയും നേരിട്ട് ഒരു ബന്ധവുമില്ലാത്തത്‌.എന്തിനു ധര്‍മേന്ദ്രയുടെ കഥാപാത്രം കൊല്ലപ്പെടുമ്പോള്‍ കേള്‍ക്കുന്ന ഗാനം അദ്ധേഹത്തിന്റെ പഴയ ഒരു ചിത്രത്തിലേതാണ്‌.
  അങ്ങിനെ പല വഴിയിലും നോസ്ടള്ജിയ ഉണര്‍ത്തുന്ന ഒരു ചിത്രത്തെ അടിച്ചു പരത്തിയത് വളരെ മോശമായി.ഇതിലും നീലിന്റെ ക്യാരക്ടര്‍ പിടിക്കപെടുന്നത് റെയില്‍വേ സ്റെഷനില്‍ ധര്‍മേന്ദ്ര കൊണ്ട് വിട്ട കാര്യം അറിയാതെ നീല്‍ പറയുന്നതും അതെങ്ങനെ അറിഞ്ഞു എന്ന് ചോദിക്കുന്നതും . അവസാനം കുറ്റം ഏറ്റു പറയുന്നതും വളരെ തനമയത്വതോടെ ചിത്രീകരിച്ചിട്ടുണ്ട് .
  അത് കൊളം ആക്കിയതാവും മേല്‍ വിവരിച്ച ബഷീര്‍ സണ്ണി രംഗം എന്ന് കരുതുന്നു.

  ReplyDelete
 10. haree watched ee adutha kalathu yesterday 6 pm from ekm..ts a brilliant movie..dont miss it..
  yu can read my review of the movie here
  http://nikhimenon.blogspot.in/2012/02/movie-review-ee-adutha-kalathu-is-must.html

  expecting a gud review of the mvie from yu

  ReplyDelete
 11. ഹരീ..

  'നിദ്ര' , ' ഈ അടുത്തകലത്ത്' എന്നീ ചിത്രങ്ങളുടെ റിവ്യൂ ഉടനെ ഇടുമല്ലോ അല്ലേ?

  ReplyDelete