
അപാകതകള്‍ ഉണ്ടായേക്കാമെങ്കിലും ക്രിയാത്മക വിമര്ശനത്തിലാവണം മാധ്യമങ്ങള്‍ ശ്രദ്ധവെയ്ക്കേണ്ടതെന്ന് അക്കാദമി ചെയര്മാന് പ്രിയദര്ശന് ആമുഖ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. അധ്യക്ഷ പ്രസംഗത്തില്‍ കെ.ബി. ഗണേഷ് കുമാറും ഇതേ അഭിപ്രായം പങ്കുവെച്ചു. ആറായിരത്തോളം സീറ്റുകള്‍ മാത്രമാണ് എല്ലാ തിയേറ്ററുകളിലുമായി ഉള്ളതെങ്കിലും, പതിനായിരത്തിലധികം ഡെലിഗേറ്റ് പാസുകളാണ് നല്‍കിയിരിക്കുന്നത് എന്നുമദ്ദേഹം പറയുകയുണ്ടായി. മലയാള സിനിമയുടെ ഗുണപരമായ പുരോഗതിക്കായി ഒരു അന്താരാഷ്ട്ര വിപണനവേദി ഈ ചലച്ചിത്രമേള മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്നതായും മന്ത്രി അറിയിച്ചു. ഡെലിഗേറ്റുകളാണ് ഈ മേളയുടെ ശക്തിയെന്നും, അവര്‍ക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാവാത്ത തരത്തില്‍ മേള നടത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്റെ ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ഇരുപതു വര്‍ഷം മുന്‍പ് കുട്ടികളുടെ ചലച്ചിത്രോത്സവത്തിനായി തിരുവനന്തപുരത്തെത്തിയ തനിക്ക് അന്നത്തെ മുഖ്യമന്ത്രി കരുണാകരന് നല്കിയ പിന്തുണയെ ജയ ബച്ചന് തന്റെ പ്രസംഗത്തില്‍ അനുസ്മരിച്ചു. മൂന്നാഴ്ച പ്രായമുള്ള പേരക്കുട്ടിയെ സിനിമ പഠിപ്പിക്കേണ്ടതു കൊണ്ട് തിടുക്കത്തില്‍ മടങ്ങേണ്ടതുണ്ട് എന്നുള്ള ജയ ബച്ചന്റെ വാക്കുകളെ സദസ്യര്‍ സ്വീകരിച്ചത് അവരുദ്ദേശിച്ച രീതിയിലായിരുന്നിരിക്കില്ല. ചലച്ചിത്ര ആസ്വാദകരുടെ കാര്യത്തിലും, സാഹിത്യത്തിന്റെ കാര്യത്തിലും, ബൗദ്ധിക നിലവാരത്തിലുമെല്ലാം മലയാളികള്‍ ബംഗാളികളെ അനുസ്മരിപ്പിക്കുന്നു എന്നു പറഞ്ഞാണ് ഓം പുരി തന്റെ പ്രസംഗം ആരംഭിച്ചത്. മേളയ്ക്കായി തിങ്ങിനിറഞ്ഞിരിക്കുന്ന ഇത്രയും ആസ്വദകര്‍ മലയാളികള്‍ സിനിമയെ ഗൗരവമായി സമീപിക്കുന്നു എന്നതിനു തെളിവാണെന്നും അദ്ദേഹം പറയുകയുണ്ടായി.
പോയ വര്‍ഷത്തെപ്പോലെ വ്യത്യസ്ത ഭാഷകളില്‍ സംസാരിച്ച് ശ്രദ്ധ നേടുവാനായിരുന്നു ശശി തരൂരിന്റെ ശ്രമമെങ്കിലും ഇപ്രാവശ്യം അതത്ര വിലപ്പോയില്ല. കൂട്ടത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനോടായി "നമസ്കാരം സാറേ! വന്നതിനു നന്ദി..." എന്നൊക്കെ പറഞ്ഞതും അലോസരമുണ്ടാക്കി. സാധാരണയായി പ്രസംഗങ്ങള്‍ കേട്ട് കൈയ്യടിക്കുവാന്‍ മാത്രം തയ്യാറാവാറുള്ള പ്രേക്ഷകര്‍ ഇന്നലെ പലപ്പോഴും പ്രതിഷേധസ്വരമുയര്‍ത്തി. ചിലപ്പോഴൊക്കെ സദസ്യരുടെ ഇടയില്‍ നിന്നും ചില മുദ്രാവാക്യങ്ങളും ഉയര്‍ന്നു കേട്ടു. പലരുടേയും വാക്കുകളെ കൂവലോടെ എതിരേല്ക്കുവാനും അവര്‍ മടിച്ചില്ല. മലയാള സിനിമാരംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളോടുള്ള പ്രേക്ഷകരുടെ പ്രതിഷേധമാണ് പലപ്പോഴും പ്രതിഷേധരൂപത്തില്‍ മുഴങ്ങിക്കേട്ടത്.
ഉദ്ഘാടന ചടങ്ങിനു ശേഷം ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത 'നിയതിയുടെ ചതുരംഗം' എന്ന പേരില്‍ 'ദുര്യോധനവധം' കഥയിലെ തിരഞ്ഞെടുത്ത ഭാഗങ്ങളുടെ അവതരണവും ഉണ്ടായിരുന്നു. ഒട്ടേറെ വേഷങ്ങളെ വേദിയില്‍ അണിനിരത്തുക എന്നല്ലാതെ കഥകളിയെ തനതു ശൈലിയില്‍ അവതരിപ്പിക്കുക എന്നത് രാജീവ് കുമാറിന്റെ ലക്ഷ്യമായിരുന്നിരിക്കില്ല. കഥകളി എന്ന കലയുടെ രീതികള്‍ വെച്ചു നോക്കിയാല്‍ യാതൊരു കലാമേന്മയും ഇതിനുണ്ടായിരുന്നില്ല എന്നു മാത്രമല്ല കഥകളിയില്‍ ഇല്ലാത്ത വേഷങ്ങള്‍ പോലും അരങ്ങിലെത്തിച്ച് പരിഹാസ്യമായൊരു പ്രകടനമായി, അക്ഷരാര്‍ത്ഥത്തില്‍ ഒരു 'വധ'മായി, അതിനെ രാജീവ് കുമാര്‍ മാറ്റുകയും ചെയ്തു!
ഉദ്ഘാടന ചിത്രം: ഹോതോണ്‍ മരച്ചുവട്ടില്‍
Cast & Crew
Under the Hawthorn Tree
Under the Hawthorn Tree
Directed by
Zhang Yimou
Produced by
Zhang Weiping, Cao Yuayi, Hugo Shong, Bill Kong
Story / Screenplay, Dialogues by
Ai Mi / Yin Lichuan, Gu Xiaobai, Mei Ah
Starring
Zhou Dongyu, Shawn Dou, Xi Meijuan, Li Xuejian, Chen Taisheng, Rina Sa, Lü Liping, Sun Haiying
Cinematography (Camera) by
Zhao Xiaoding
Editing by
Meng Peicong
Production Design (Art) by
Ming Wu
Music by
Qigang Chen
Visual Effects by
Gu Pinghu
Banner
Film Partner International, Inc.
ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയായ ചങ്ങ് ജിങ്ക്യുവും ലോ സാന്‍ എന്ന യുവാവും തമ്മിലുണ്ടാവുന്ന പ്രണയവും അവര്‍ക്കിടയില്‍ വരുന്ന പ്രതിബന്ധങ്ങളുമൊക്കെയാണ് 'ഹോതോണ്‍ മരച്ചുവട്ടിലി'നു വിഷയമാവുന്നത്. ഇവരിരുവരുടേയും പ്രണയത്തോടൊപ്പം ആ കാലഘട്ടത്തിലെ ചൈനീസ് രാഷ്ട്രീയ/സാമൂഹികാവസ്ഥകള്‍ കാട്ടിത്തരുവാനും ചിത്രം ശ്രമിക്കുന്നു. ജനറല്‍ മാവോയുടെ കമ്മ്യൂണിസ്റ്റ് പരിഷ്കരണങ്ങളെ പരിഹസിക്കുന്ന തരത്തില്‍ ഏകപക്ഷീയമായൊരു സമീപനമാണ് ചിത്രത്തില്‍ കാണുവാനുള്ളത്. പലപ്പോഴും വിമര്‍ശനങ്ങള്‍ ഉപരിപ്ലവമാണെന്നു മാത്രമല്ല, അവയുടെ ഗുണപരമായ വശങ്ങളെക്കുറിച്ച് ചിത്രം പൂര്‍ണമായും മൗനം പാലിക്കുകയും ചെയ്യുന്നു. പുതുമുഖങ്ങളായ ചോ ഡോംഗ്യുവും ഷോണ്‍ ഡോവും പക്വമായി തങ്ങളുടെ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നതിനാല്‍ ചില സുന്ദരമായ പ്രണയമുഹൂര്‍ത്തങ്ങളും ചിത്രത്തില്‍ കാണുവാനുണ്ട്. ഒപ്പം തന്നെ, ചിലപ്പോഴെങ്കിലും അവ പൈങ്കിളി നിലവാരത്തിലേക്ക് തെന്നിവീഴുന്നുണ്ട്. ഛായാഗ്രഹണം, പശ്ചാത്തലസംഗീതം, കലാസംവിധാനം തുടങ്ങിയ മേഖലകളിലുള്‍പ്പടെ ചിത്രം കൈവരിച്ചിരിക്കുന്ന മികവും എടുത്തു പറയത്തക്കതാണ്.

വാല്‍ക്കഷണം: കുടിക്കാനോ ഒന്ന് കൊറിക്കാനോ ഏതെടുത്താലും പത്ത് എന്നതാണ് ഫെസ്റ്റിവല്‍ ക്യാന്റീനിലെ അവസ്ഥ. ചിലതിന് ഇരുപതുമായേക്കാം. എന്നാലും കരിക്കിന് ഇരുപത്തിയഞ്ച് എന്നത് ഒരല്പം കടുപ്പമായില്ലേ? തിയേറ്ററുകള്‍ക്ക് പുറത്തുള്ള കടകളില്‍ ഇതിലും കുറഞ്ഞ വിലയില്‍ ഇതേ സാധനങ്ങള്‍ ലഭ്യമാണെന്നുമുണ്ട്.
പതിനാറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി. മേളയുടെ ഉത്ഘാടന ദിന വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--