പതിനാറാമത് അന്താരാഷ്‍ട്ര ചലച്ചിത്രോത്സവം, കേരളം

Published on: 12/05/2011 06:47:00 AM
16th International Film Festival of Kerala, 9-16 Dec 2011. Article by Haree for Chithravishesham.
തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാമത് അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തിന്‌ സാക്ഷ്യം വഹിക്കുവാന്‍ തലസ്ഥാന നഗരം സജ്ജമായി. 2011 ഡിസംബര്‍ 9-ന്‌ വൈകുന്നേരം നിശാഗന്ധിയില്‍ ചലച്ചിത്രമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. വ്യത്യസ്‍ത വിഭാഗങ്ങളിലായി ഏതാണ്ട് നൂറ്റി തൊണ്ണൂറോളം ചിത്രങ്ങളാണ്‌ മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഇവയില്‍ പതിമൂന്നെണ്ണം മത്സരവിഭാഗത്തിലും എഴുപത്തിമൂന്നെണ്ണം ലോകസിനിമ വിഭാഗത്തിലുമാണുള്ളത്. സലിം അഹമ്മദിന്റെ 'ആദാമിന്റെ മകന്‍ അബു', അദിതി റോയുടെ ബംഗാളി ചിത്രമായ 'അബോഷെഷേ (At the End of it All)', പ്രശാന്ത് നായരുടെ ഹിന്ദി-ഇംഗ്ലീഷ് ചിത്രമായ 'ഡെല്‍ഹി ഇന്‍ എ ഡേ' എന്നീ ചിത്രങ്ങളാണ്‌ മത്സരവിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നും മാറ്റുരയ്‍ക്കുന്നത്. ഇന്നത്തെ മലയാളം സിനിമ വിഭാഗത്തില്‍ കമലിന്റെ 'ഗദ്ദാമ', വി.കെ. പ്രകാശിന്റെ 'കര്‍മ്മയോഗി', ജയരാജിന്റെ 'പകര്‍ന്നാട്ടം', ശാലിനി ഉഷ നായരുടെ 'അകം', രഞ്ജിത്തിന്റെ 'പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്', ടി.വി. ചന്ദ്രന്റെ 'ശങ്കരനും മോഹനനും', രാജേഷ് പിള്ളയുടെ 'ട്രാഫിക്' എന്നീ മലയാളം സിനിമകളും പ്രദര്‍ശിക്കപ്പെടുന്നുണ്ട്.
ഗോവയില്‍ നടന്ന അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തില്‍ പുരസ്കാരം നേടിയതിനാല്‍ 'ആദാമിന്റെ മകന്‍ അബു'വിനെ മേളയിലെ മത്സരവിഭാഗത്തില്‍ നിന്നും ഇപ്പോള്‍ ഒഴിവാക്കിയിട്ടുണ്ട്. മേളയുടെ നിയമാവലി പ്രകാരം ഇന്ത്യയിലെ ഏതെങ്കിലും രാജ്യാന്തര ചലചിത്രമേളയില്‍ പുരസ്കാരാര്‍ഹമായ സിനിമയ്‍ക്ക് IFFK-യില്‍ മത്സരവിഭാഗത്തില്‍ പങ്കെടുക്കുവാന്‍ കഴിയില്ല. ഒരുപക്ഷെ, ഇന്നത്തെ മലയാളം സിനിമ വിഭാഗത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കുവാന്‍ സാധ്യതയുണ്ട്.

മത്സരവിഭാഗം ചിത്രങ്ങള്‍, ലോകസിനിമ വിഭാഗത്തില്‍ വരുന്ന ചിത്രങ്ങള്‍ എന്നിവ കൂടാതെ അറബ് വസന്തം വിഭാഗത്തിലെ ചിത്രങ്ങള്‍, ഫുട്ബോള്‍ ചിത്രങ്ങള്‍, ജാപ്പനീസ് ഹൊറര്‍ ചിത്രങ്ങള്‍, ചിലിയന്‍ സംവിധായകന്‍ റോള്‍ റൂയിസിന്റെ ഓര്‍മ്മച്ചിത്രങ്ങള്‍ എന്നിവയും ഈ വര്‍ഷത്തെ രാജ്യാന്തര മേളയിലെ ആകര്‍ഷണങ്ങളാണ്‌. അഡോള്‍ഫസ് മെകാസ്, മധു, മാമ്പെറ്റി, നാഗിസ ഒഷിമ, റോബേര്‍ട്ട് ബ്രെസ്സോണ്‍, തിയോ ആന്‍ജെലോപോലോസ്, യസൂസോ മാസുമുര എന്നിവരുടെ ചിത്രങ്ങളിലേക്കും മേള തിരിഞ്ഞു നോക്കുന്നു. മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ചിത്രങ്ങളുടെ പൂര്‍ണവിവരങ്ങളും മറ്റും ചലച്ചിത്രമേളയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാ‌ണ്.

ഉദ്ഘാടന ചിത്രം: ഹോതോണ്‍ മരച്ചുവട്ടില്‍

Cast & Crew
Under the Hawthorn Tree

Directed by
Zhang Yimou

Produced by
Zhang Weiping, Cao Yuayi, Hugo Shong, Bill Kong

Story / Screenplay, Dialogues by
Ai Mi / Yin Lichuan, Gu Xiaobai, Mei Ah

Starring
Zhou Dongyu, Shawn Dou, Xi Meijuan, Li Xuejian, Chen Taisheng, Rina Sa, Lü Liping, Sun Haiying

Cinematography (Camera) by
Zhao Xiaoding

Editing by
Meng Peicong

Production Design (Art) by
Ming Wu

Music by
Qigang Chen

Visual Effects by
Gu Pinghu

Banner
Film Partner International, Inc.

ഇരുപതാം നൂറ്റാണ്ടിലെ അറുപതുകളിലും എഴുപതുകളിലും ചൈനയിലുണ്ടായ സാംസ്‍കാരിക വിപ്ലവ കാലഘട്ടത്തില്‍ നടന്നൊരു യഥാര്‍ത്ഥ സംഭവത്തെ ആസ്പ്‍ദമാക്കി എയ് മിയ് എഴുതിയ 'ഹോതോണ്‍ ട്രീ ഫോ‍റെവര്‍' എന്ന ജനപ്രിയ നോവലിന്റെ ചലച്ചിത്രരൂപമാണ്‌ രണ്ടായിരത്തിപ്പത്തില്‍ പുറത്തിറങ്ങിയ 'അണ്ടര്‍ ദി ഹോതോണ്‍ ട്രീ' (Under the Hawthorn Tree or The Love of the Hawthorn Tree). ചൈനയിലെ അഞ്ചാം തലമുറ സംവിധായകരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ചങ്ങ് യിമോയുടെ ഈയൊരു പ്രണയചിത്രമാണ്‌ ഈ വര്‍ഷത്തെ രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനചിത്രം. 115 മിനിറ്റാണ്‌ ചിത്രത്തിന്റെ ദൈര്‍ഘ്യം. 'റെയ്‍സ് ദി റെഡ് ലാന്റേണ്‍', 'ഹൗസ് ഓഫ് ഫ്ലൈയിംഗ് ഡാഗാഴ്‍സ്' എന്നീ ചിത്രങ്ങളിലൂടെ അന്താരാഷ്‍ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയ സംവിധായകനാണ്‌ ചങ്ങ് യിമോ. രണ്ടായിരത്തിയെട്ടില്‍ ചൈന ആതിഥേയത്വം വഹിച്ച ബീജിംഗ് ഒളിമ്പിക്സിന്റെ പ്രാരംഭ ചടങ്ങുകളുടെ സംവിധായകന്‍ എന്ന നിലയിലും ചങ്ങ് അറിയപ്പെടുന്നു.

ഹൈസ്‍കൂള്‍ വിദ്യാര്‍ത്ഥിനിയായ ചങ്ങ് ജിങ്‍ക്യുവും ലോ സാന്‍ എന്ന യുവാവും തമ്മിലുണ്ടാവുന്ന പ്രണയവും അവര്‍ക്കിടയില്‍ വരുന്ന പ്രതിബന്ധങ്ങളുമൊക്കെയാണ്‌ 'ഹോതോണ്‍ മരച്ചുവട്ടിലി'നു വിഷയമാവുന്നത്. ഇവരിരുവരുടേയും പ്രണയത്തോടൊപ്പം ആ കാലഘട്ടത്തിലെ ചൈനീസ് രാഷ്‍ട്രീയ/സാമൂഹികാവസ്ഥകള്‍ കാട്ടിത്തരുവാനും ചിത്രം ശ്രമിക്കുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ജിങ്‍ക്യുവിനേയും ലോ സാനിനേയും അവതരിപ്പിക്കുന്നത് പുതുമുഖങ്ങളായ ചോ ഡോം‍ഗ്‍യുവും ഷോണ്‍ ഡോവുമാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2010-ലെ ബുസാന്‍ അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തില്‍ ഉദ്ഘാടനചിത്രമായായിരുന്നു ഈ സിനിമയുടെ ആദ്യ പ്രദര്‍ശനം. ഹവാലി അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ഹോംങ്ങ് കോംങ്ങ് ഏഷ്യന്‍ ചലച്ചിത്രോത്സവം, ബെര്‍ളിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നീ മേളകളിലും തുടര്‍ന്ന് ഈ ചിത്രം പ്രദര്‍ശിപ്പിക്കപ്പെടുകയുണ്ടായി.

ബുസാന്‍ ചലച്ചിത്രമേളയുടെ ഔദ്യോഗിക വെബ്‍സൈറ്റ് ചിത്രത്തെക്കുറിച്ച് ഇങ്ങിനെ പറയുന്നു: Zhang Yimou conjures an age of innocence in the love between Jing Qiu and Lao Shan. He renders it as something now tainted under the weight of age and ever-changing worlds. In an unbelievably delicate observance for a male director, Zhang expresses his view of innocence in a soft, almost feminine, approach. Also known for cultivating young talents, he successfully draws enticing portrayals of innocence from Zhou Dongyu and Dou Xiao. Returning to intimate filmmaking after a series of mega-projects, Zhang Yimou appears to reclaim his own innocence as a youthful creator. (Kim Ji-seok)

ജൂറി അംഗങ്ങള്‍

ആസ്‍ട്രേലിയന്‍ ചലച്ചിത്ര സംവിധായകനായ ബ്രൂസ് ബേര്‍സ്‍ഫോര്‍ഡ് അധ്യക്ഷനായ ജൂറിയാണ്‌ ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലെ മത്സരങ്ങളെ വിലയിരുത്തുക. അദ്ദേഹത്തിന്റെ 1980-ല്‍ പുറത്തിറങ്ങിയ 'ബ്രേക്കര്‍ മൊറാന്റ്' എന്ന ചിത്രം ജൂറി ചിത്രങ്ങളുടെ വിഭാഗത്തില്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുമുണ്ട്. ഫ്രഞ്ച് സംവിധായികയും എഴുത്തുകാരിയും നിശ്ചല ഛായാഗ്രാഹകയുമായ ലോറന്‍സ് ഗാവ്‍രോണ്‍, ഫിലിപ്പീനോ സംവിധായിക ജെഫ്രെ ജെറ്റൂറിയാന്‍, തുര്‍ക്കി സംവിധായകന്‍ സെമിഹ് കപ്ലാനഗോളു, ഇന്ത്യന്‍ അഭിനേതാവായ രാഹുല്‍ ബോസ് എന്നിവരാണ്‌ ഇതര ജൂറി അംഗങ്ങള്‍. സെമിഹ് കപ്ലാനഗോളുവിന്റെ നാല്‌ ചിത്രങ്ങളും, ജെഫ്രെ ജെറ്റുറിയാന്റെ 'ദി ബെസ്റ്റ് കളക്ടര്‍', ലോറന്‍സ് ഗാവ്‍രോണിന്റെ 'നിന്‍ക നന്‍ക: ദി പ്രിന്‍സ് ഓഫ് കൊളോബേന്‍' എന്നീ ചിത്രങ്ങളും ജൂറികളുടേതായി വ്യത്യസ്‍ത വിഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. NETPAC, FIPRESCI, ഹസന്‍ കുട്ടി തുടങ്ങിയ ജൂറികളും വിവിധ പുരസ്കരങ്ങള്‍ക്കായി മത്സരച്ചിത്രങ്ങളെ വിലയിരുത്തും.

ചലച്ചിത്രമേളയില്‍ പങ്കെടുക്കുവാനായി രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കാതിരുന്നവര്‍ക്ക് ഇനിയും അതിന്‌ അവസരമുണ്ട്. ഡിസംബര്‍ 5 മുതല്‍ 7 വരെ രജിസ്‍ട്രേഷന്‍ ഉണ്ടായിരിക്കും. 600 രൂപയായിരിക്കും ഈ സമയത്ത് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കുള്ള ഫീസ്. (അവലംബം: Delegate registration for IFFK to reopen on Dec 5 - The Hindu)

1 comment :

  1. കേരളത്തിന്റെ പതിനാറാമത് അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തിന്‌ വരുന്ന വെള്ളിയാഴ്ച തുടക്കമാവും. ചലച്ചിത്രമേളയുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    --

    ReplyDelete