ബെല്‍ജിയന്‍ കലാകാരനായ ഹെര്‍ജിന്റെ (Georges Prosper Remi) '
ദി അഡ്വെഞ്ചേഴ്സ് ഓഫ് ടിന്‍ടിന്‍' ചിത്രകഥാപരമ്പരയ്ക്ക് ലോകമാകമാനം ആബാലവൃദ്ധം ജനങ്ങള്‍ ആരാധകരായുണ്ട്. 'ലോഡ് ഓഫ് ദി റിംഗ്സ്' സിനിമകളിലൂടെ പ്രശസ്തനായ സംവിധായകന് പീറ്റര്‍ റോബേര്‍ട്ട് ജാക്സണ് നിര്‍മ്മിച്ച്, അയാഥാര്‍ത്ഥ കല്പനകളെ വിശ്വസിനീയമായി ചിത്രീകരിക്കുന്നതില്‍ എന്നും മിടുക്കു കാണിച്ചിട്ടുള്ള സ്റ്റീവന്‍ സ്പില്‍ബെര്‍ഗിന്റെ സംവിധാനത്തില്‍ ടിന്ടിനുടെ സാഹസികയാത്രകള്‍ ചലച്ചിത്രമാവുമ്പോള്‍ കണ്ടു കണ്ണു തള്ളിപ്പോവുന്ന ഒരു ദൃശ്യവിരുന്നില്‍ കുറഞ്ഞൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. സ്പില്‍ബെര്‍ഗിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ആദ്യ ആനിമേഷന്‍ / 3D ചിത്രമെന്ന വിശേഷണവും ടിന്‍ടിന്‍ ചലച്ചിത്ര പരമ്പരയിലെ ആദ്യ ചിത്രമായ '
ദി അഡ്വെഞ്ചേഴ്സ് ഓഫ് ടിന്‍ടിന്‍: ദി സീക്രട്ട് ഓഫ് ദി യുണീക്കോണി'നു സ്വന്തം. [
ചിത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്] പീറ്റര്‍ ജാക്സണോടൊപ്പം സ്റ്റീവന്‍ സ്പില്‍ബെര്‍ഗ്, കാത്ലീന് കെന്നഡി തുടങ്ങിയവരും നിര്‍മ്മാണത്തില്‍ പങ്കാളികളാവുന്ന ഈ ചിത്രത്തിനു വേണ്ടി സ്റ്റീവന്‍ മൊഫാറ്റ്, എഡ്ഗാര്‍ റൈറ്റ്, ജോയ് കോര്‍ണിഷ് എന്നിവര്‍ ചേര്‍ന്ന് തിരനാടകം തയ്യാറാക്കിയിരിക്കുന്നു. പാരമൗണ്ട് പിക്ചേഴ്സിന്റെയും കൊളംബിയ പിക്ചേഴ്സിന്റെയും സംയുക്ത ബാനറിലാണ് ചിത്രം പൂര്‍ത്തിയായി തിയേറ്ററുകളിലെത്തുന്നത്.
ആകെത്തുക : 7.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 5.00 / 10
: 8.00 / 10
: 6.50 / 10
: 4.00 / 05
: 4.50 / 05
കൊള്ളക്കാരുടെ ആക്രമണത്തിനിരയായി കടലില്‍ മുങ്ങിത്താണ യൂണിക്കോണ്‍ എന്ന കപ്പലിനേയും അതിന്റെ ഉള്ളറകളിലുണ്ടെന്ന് കരുതപ്പെടുന്ന നിധിയേയും ചുറ്റിപ്പറ്റി ഹെര്‍ജ് എഴുതിയ മൂന്നു ചിത്രകഥകളെ (
The Crab with the Golden Claws,
The Secret of the Unicorn and
Red Rackham's Treasure) ആധാരമാക്കിയാണ്
ചിത്രത്തിന്റെ കഥാരൂപം തയ്യാറാക്കിയിരിക്കുന്നത്. ടിന്‍ടിന്‍ എന്ന ചുറുചുറുക്കുള്ള പത്രപ്രവര്ത്തകന്, കൂട്ടിനു സ്നോവി എന്ന നായ, ഏതുസമയവും വെള്ളത്തിലായ ക്യാപ്റ്റന്‍ ഹാഡോക്, വിഡ്ഢിത്തരങ്ങള്‍ കുറവല്ലാത്ത ഡിറ്റക്ടീവുകളായ തോംസണും തോംപ്സണും, വില്ലനായ റെഡ് റെഖാം, സമ്പന്നനായ ഒമര്‍ ബെന്‍ സലാദ് തുടങ്ങി ചിത്രകഥയിലൂടെ പരിചിതരായ കഥാപാത്രങ്ങള്‍, അതേ സ്വഭാവത്തോടെ തിരശ്ശീലയില്‍ കാണുന്നത് ടിന്‍ടിന്‍ ആരാധകരെ കുറച്ചൊന്നുമല്ല ആഹ്ലാദിപ്പിക്കുക. ചിത്രകഥയായി ടിന്ടിനെ വായിക്കുമ്പോള്‍ ചിരിയോടൊപ്പം എന്താണ് സംഭവിക്കുക എന്ന ഉദ്വേഗവും ചേര്‍ന്നാണ് വായനക്കാരനെ കഥയില്‍ പിടിച്ചു നിര്‍ത്തുന്നത്. സിനിമയുടെ തിരനാടകവും ഇതേ മട്ടില്‍ തന്നെയെങ്കിലും ചിത്രകഥയോളം ഈ സംഗതികള്‍ കാണികളെ തൃപ്തിപ്പെടുത്തുന്നുണ്ടോ എന്നു സംശയം. ഒരുപക്ഷെ, സിനിമയ്ക്ക് വേറിട്ടൊരു സമീപനമായിരുന്നിരിക്കാം കൂടുതല്‍ ചേരുമായിരുന്നത്. പുരുഷന്മാര് മാത്രമുള്ളൊരു ലോകത്താണോ കഥ നടക്കുന്നതെന്നു പോലും സംശയിച്ചു പോവുന്ന തരത്തില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് നേരിയ പ്രാധാന്യം പോലും വരുന്നില്ല എന്ന ചിത്രകഥയുടെ പരാധീനതയും സിനിമ പങ്കുവെയ്ക്കുന്നു. വിരോധാഭാസമെന്നു തോന്നാമെങ്കിലും, ടിന്‍ടിന്‍ കഥകളിലെ തീര്‍ത്തും അനാകര്ഷകമായൊരു കഥാപാത്രം ഏതെന്നു ചോദിച്ചാല്‍ അത് ടിന്‍ടിന്‍ തന്നെയാണെന്നു വരും. ചിത്രകഥയുടെ ഈയൊരു കുറവ്, സിനിമയിലും പരിഹരിക്കപ്പെടാതെ അവശേഷിക്കുന്നു. ക്യാപ്റ്റന്‍ ഹാഡോക്കിന്റെ ആശ്ചര്യ / ദേഷ്യ വചനങ്ങളായ 'Billions of bilious blue blistering barnacles!', 'Ten thousand thundering typhoons!' തുടങ്ങിയവയുടെ ഉപയോഗം ചിത്രത്തില്‍ പരിമിതപ്പെടുത്തിയത് എന്തിനെന്നും മനസിലാവാതെയുണ്ട്.
Cast & Crew
The Adventures of Tintin
Directed by
Steven Spielberg
Produced by
Peter Jackson, Steven Spielberg, Kathleen Kennedy
Story by
Hergé (Georges Prosper Remi)
Screenplay, Dialogues by
Steven Moffat, Edgar Wright, Joe Cornish
Starring
Jamie Bell, Andy Serkis, Simon Pegg, Nick Frost, Daniel Craig, Tony Curran, Toby Jones, Gad Elmaleh, Mackenzie Crook, Cary Elwes, Ron Bottitta, Kim Stengel etc.
Cinematography (Camera) by
Janusz Kamiński
Editing by
Michael Kahn
Production Design (Art) by
Andrew Jones, Jeff Wisniewski
Music by
John Williams
Visual Effects by
Joe Letteri, Scott E. Anderson
Animations by
Jamie Beard
Banner
Columbia Pictures, Paramount Pictures
കറുപ്പു മഷിയും ജലച്ഛായവും ചേര്‍ത്തു വരച്ച ഹെര്‍ജിന്റെ ചിത്രകഥയിലെ കഥാപാത്രങ്ങളുടെ സ്വഭാവം നിലനിര്‍ത്തുവാന്‍ കഴിയുന്നവണ്ണം പെര്‍ഫോര്‍മന്‍സ് മോഷന്‍ ക്യാപ്ചര്‍ സാങ്കേതിക വിദ്യയുടെ ഫലവത്തായ ഉപയോഗം ഇതില്‍ കാണാം. അഭിനേതാക്കളെ കഥാപാത്രങ്ങളായി സങ്കല്പിക്കുകയല്ല, മറിച്ച് സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവര്‍ ആ കഥാപാത്രങ്ങളായി മാറുക തന്നെയാണിതില്‍ ചെയ്യുന്നതെന്നു സാരം. 'ലോഡ് ഓഫ് ദി റിംഗ്സ്', '
അവതാര്‍', 'കിംഗ് കോംഗ്' തുടങ്ങി മോഷന്‍ ക്യാപ്ചര്‍ അധിഷ്ഠിത ചിത്രങ്ങളിലൂടെ വിഷ്വല്‍ ഇഫക്ടിന് ഓസ്കര് പുരസ്കാരങ്ങള്‍ നേടിയ, പീറ്റര്‍ ജാക്സണിനു കൂടി പങ്കാളിത്തമുള്ള, 'വെറ്റ ഡിജിറ്റല്‍' എന്ന വിഷ്വല്‍ ഇഫക്ട്സ് കമ്പനിയിലെ സാങ്കേതികവിദഗ്ദ്ധരുടെ മികവിലൂടെയാണ് ടിന്‍ടിനും സംഘവും വെള്ളിത്തിരയില്‍ പുനര്‍ജനിക്കുന്നത്. സ്റ്റീവന്‍ സ്പില്‍ബെര്‍ഗിന്റെ ചിത്രങ്ങളുടെ സ്ഥിരം ഛായാഗ്രാഹകനായ ജാനുസ് കാമിന്‍സ്കി ടിന്‍ടിന്‍ ചിത്രത്തിന്റെ ദൃശ്യവിന്യാസങ്ങള്ക്കു മേല്‍നോട്ടം വഹിക്കുന്നു. സ്പില്‍ബെര്‍ഗ് ചിത്രങ്ങളിലൂടെ രണ്ടു വട്ടം ജാനുസ് കാമിന്‍സ്കി ഓസ്കര് പുരസ്കാരം നേടിയിട്ടുമുണ്ട്. സ്പില്‍ബെര്‍ഗിന്റെ ചിത്രങ്ങളിലൂടെ തന്നെ മൂന്നു പ്രാവശ്യം ചിത്രസന്നിവേശത്തിനുള്ള ഓസ്കര് പുരസ്കാരം നേടിയ മൈക്കല്‍ കാനാണ് ചിത്രസംയോജകന്‍. ഇവരോടൊപ്പം; സ്പില്‍ബെര്‍ഗ് ചിത്രങ്ങള്‍ക്ക് ഇതിനു മുന്‍പും സംഗീതമൊരുക്കിയിട്ടുള്ള ജോണ്‍ വില്ല്യംസിന്റെ പശ്ചാത്തലസംഗീതത്തിനും ചിത്രത്തിന്റെ മികവുയര്‍ത്തുന്നതില്‍ പ്രധാന പങ്കുണ്ട്. ചിത്രം 3D-യിലെങ്കിലും, ത്രിമാന സാധ്യതകള്‍ പരിമിതമായി മാത്രമേ ചിത്രത്തില്‍ കാണുവാനുള്ളൂ. ഒരു 2D ചിത്രമായി ഇതു കണ്ടാലും കാര്യമായൊരു നഷ്ടവും കാണികള്‍ക്ക് വരുവാനില്ല. മോഷന്‍ ക്യാപ്ചര്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുക വഴി, ഒരു ലൈവ് ആക്ഷന്‍ ചിത്രത്തില്‍ അസാധ്യമെന്നു തന്നെ പറയാവുന്ന കുറേയേറെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തുവാന്‍ സംവിധായകനു കഴിഞ്ഞു. എന്നാല്‍ കഥാപാത്രങ്ങളുടെ ഭാവങ്ങള്‍ ശരിയായി ആവാഹിക്കുവാന്‍ ഈ സാങ്കേതികവിദ്യ ഇനിയും വളരേണ്ടതുണ്ട് എന്നതും ചിത്രം കണ്ടാല്‍ വ്യക്തമാവും. മീഡിയം / ക്ലോസപ്പ് ഷോട്ടുകള്‍ പരമാവധി കുറച്ചാണ് സംവിധായകന് സാങ്കേതികവിദ്യയുടെ ഈയൊരു പരിമിതി മറികടക്കുവാന്‍ ശ്രമിക്കുന്നത്.
ചിത്രകഥയിലെന്ന പോലെ സിനിമയിലും ക്യാപ്റ്റന്‍ ഹാഡോക് നിറഞ്ഞു നില്ക്കുന്നു. മോഷന്‍ ക്യാപ്ചര്‍ സാങ്കേതികവിദ്യയില്‍ ഇതിനു മുന്‍പും അഭിനയിച്ച് പരിചയമുള്ള ('ലോഡ് ഓഫ് ദി റിംഗ്സി'ലെ ഗോളം, 'റൈസ് ഓഫ് ദി പ്ലാനറ്റ് ഓഫ് ഏപ്സി'ലെ സീസര്‍, 'കിംഗ് കോംഗി'ലെ കോംഗ്) ആന്‍ഡി സെര്കിസാണ് ഹാഡോക്കായി വേഷമിടുന്നത് എന്നതും ആ കഥാപാത്രത്തിന്റെ മികവിന് കാരണമായി പറയാം. ടിന്ടിനായി ജാമി ബെല്‍, റെഡ് റെഖാമായി ഡാനിയേല്‍ ക്രെയ്ഗ് തുടങ്ങിയവര്‍ക്കൊന്നും സിനിമയില്‍ ഏറെയെന്നും ചെയ്യുവാനായിട്ടില്ല. തോംസണ്‍ & തോംപ്സണായി സൈമണ്‍ പെഗ്, നിക്ക് ഫ്രോസ്റ്റ് എന്നിവരാണെത്തുന്നത്. ചില ചില്ലറ ചിരികള്‍ ഇരുവരും ചേര്‍ന്ന് സമ്മാനിക്കുന്നുണ്ട്. ഗാഡ് എല്മലെഹ് അവതരിപ്പിക്കുന്ന ഒമര്‍ ബെന്‍ സലാദിനും ചിത്രത്തില്‍ കാര്യമായ പ്രാധാന്യം വരുന്നില്ല. കിംഗ് സ്റ്റെംഗല്‍ അവതരിപ്പിക്കുന്ന ബിയാന്‍ക കാസ്റ്റഫറെ എന്ന ഓപ്പറ ഗായിക മാത്രമുണ്ട് ചിത്രത്തിലെ ഒരേയൊരു സ്ത്രീ സാന്നിധ്യമായി.
മറ്റൊരു സാഹസികയാത്രയുടെ സൂചന നല്‍കിയാണ് ടിന്‍ടിന്‍ ചലച്ചിത്രപരമ്പരയിലെ ആദ്യഭാഗം അവസാനിക്കുന്നത്. രണ്ട് തുടര്‍ ചിത്രങ്ങള്‍ കൂടി പരിഗണനയിലുണ്ടെന്നും, അടുത്ത ചിത്രം പീറ്റര്‍ ജാക്സണാവും സംവിധാനം ചെയ്യുക എന്നതും ഏതാണ്ടുറപ്പായിട്ടുണ്ട്. ഒരുപക്ഷെ, ആദ്യ ചിത്രത്തിലെ പരാധീനതകള്‍ മനസിലാക്കി, യഥാര്‍ത്ഥ കഥയില്‍ നിന്നും അല്പമൊക്കെ വ്യതിചലിച്ചാല്‍ കൂടിയും, ഒരു സിനിമയ്ക്കിണങ്ങുന്ന രീതിയിലേക്ക് ടിന്‍ടിന്‍ കഥകളെ മാറ്റിയെഴുതിയതിനു ശേഷം ചലച്ചിത്രമാക്കിയാല്‍; ദൃശ്യങ്ങളുടെ മാസ്മരികതയിലുപരി ഒരു നല്ല സിനിമാനുഭവം കൂടി നല്കുവാന് ടിന്‍ടിന്‍ കഥകള്‍ക്ക് കഴിയുമെന്നു കരുതാം. സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് അഭിപ്രായപ്പെട്ടതു പോലെ കുട്ടികള്ക്കായുള്ളൊരു ഇന്‍ഡ്യാന ജോണ്‍സായി ടിന്ടിനെ കണ്ടാല്‍ ടിന്ടിനുടെ സാഹസികയാത്രകള്‍ ഇനിയുമേറെ ഉദ്വേഗഭരിതമാവേണ്ടതുണ്ട്. കേവലം ഒരു ലിഖിതത്തിന്റെ പിന്നാലെ പോയി നിധി കണ്ടുപിടിക്കുന്നതൊക്കെ ഒരു ചിത്രകഥയ്ക്ക് മതിയാവും, പക്ഷെ ചലച്ചിത്രരൂപത്തില്‍ അതത്ര ആവേശകരമായി അനുഭവപ്പെടുന്നില്ല. യഥാര്‍ത്ഥ കഥാതന്തു അതാണെങ്കില്‍ കൂടിയും മറ്റു ചില നിഗൂഢതകളും, അതിന്റെ അനാവരണവുമൊക്കെ സിനിമയിലുള്പ്പെടുത്തുന്നത് ഭംഗിയാവുമെന്ന് കരുതുന്നു. സംവിധായകനും നിര്‍മ്മാതാവിനും ഏറെയൊന്നും അഭിമാനിക്കുവാന് 'ദി അഡ്വെഞ്ചേഴ്സ് ഓഫ് ടിന്‍ടിന്‍: ദി സീക്രട്ട് ഓഫ് ദി യുണീക്കോണി'ലില്ലെങ്കിലും, ടിന്‍ടിന്‍ ചലച്ചിത്രപരമ്പരയുടെ ഒരു തുടക്കമെന്ന നിലയില്‍ ഒരു വട്ടം കാണുവാനുള്ള വകയൊക്കെ ഇരുവരും ഈ ചിത്രത്തില്‍ കരുതിയിട്ടുമുണ്ട്.
ഈ ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങള്‍
ഇവിടെ കാണാം. പെര്‍ഫോമന്‍സ് മോഷന്‍ ക്യാപ്ചര്‍ എന്ന സാങ്കേതികവിദ്യ എങ്ങിനെ ഉപയോഗിക്കപ്പെടുന്നു എന്നറിയുവാന്‍ ആ വീഡിയോ കാണുക. പീറ്റര്‍ ജാക്സണ് എന്ന നിര്‍മ്മാതാവ് എങ്ങിനെ ഒരു സിനിമയുടെ ആവിഷ്കാരത്തില്‍ പങ്കാളിയാവുന്നു എന്നതും ശ്രദ്ധേയം.
ഹെര്‍ജിന്റെ കഥകളെ ആധാരമാക്കി, പീറ്റര്‍ ജാക്സണ് നിര്‍മ്മിച്ച് സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് സംവിധാനം ചെയ്ത 'ദി അഡ്വെഞ്ചേഴ്സ് ഓഫ് ടിന്‍ടിന്‍: ദി സീക്രട്ട് ഓഫ് ദി യൂണിക്കോണി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteചിത്രവിശേഷം ഗൂഗിള്‍+ പേജില്‍ പിന്തുടരുക.
@newnHaree
Haree
The Adventures of #Tintin: Worth a watch for its wonderful visual sequences, apart from that nothing much to boast about! #Chithravishesham
13 hours ago via web
--
നല്ല റിവ്യൂ .
ReplyDeletemotion capture നെ കുറിച്ച് എഴുതിയത് നന്നായിടുണ്ട് .ഇതൊക്കെ എവിടെ പോയി പഠിച്ചതാണ്.
good
velayudham?
ReplyDelete"blistering barnacles" ഇത് ഒരു പടത്തില്‍ സുരേഷ് ഗോവിയണ്ണന്‍ വളരെ ആന്ഗ്രി ഡെസ്പെറേറ്റ് ആയിട്ട് പൂശുന്നുണ്ട്..പേരു മറന്നു പോയി..തൊലി ചുളുങ്ങിപ്പോയ സമയം!
ReplyDeleteഎന്തായാലും ഇത് കാണും.
:-)
പടം കണ്ടിരുന്നു. ഒരു പ്രാവശ്യം കാണാം. റേറ്റിങ്ങ് 7 കൊടുക്കാനും മാത്രം എന്തെങ്കിലും ഉള്ളതായി തോന്നിയില്ല.
ReplyDelete