സുരേഷ് ഗോപി നായകനായ '
ഹെയ്ലസാ...'യ്ക്കു ശേഷം താഹയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് '
പാച്ചുവും കോവാലനും'. മുകേഷും സുരാജ് വെഞ്ഞാറമ്മൂടുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ പാച്ചുവിനേയും കോവാലനേയും അവതരിപ്പിക്കുന്നത്. മേഖ്ന രാജ്, ജ്യോതിര്‍മയി തുടങ്ങിയവര്‍ നായികമാരായും ചിത്രത്തിലുണ്ട്. ഫ്രാന്‍സിസ് ടി. മാവേലിക്കര രചന നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രം ഇവ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എല്വിന് ജോണ്‍ നിര്‍മ്മിച്ചിരിക്കുന്നു. ഒരു സീരിയല്‍ സെറ്റില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന അപകടമരണവും അതിനെത്തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിനാധാരം. ഒറ്റ വരിയില്‍ കേള്‍ക്കുമ്പോള്‍ 'കൊള്ളാല്ലോ!' എന്ന് തോന്നുന്നൊരു കഥാതന്തു എങ്ങിനെ മോശമായി അവതരിപ്പിക്കാം എന്നുദാഹരണ സഹിതം വ്യക്തമാക്കുവാനാണ് രചയിതാവും സംവിധായകനും ഈ ചിത്രത്തിലൂടെ ശ്രമിച്ചതെങ്കില്‍ അതിലവര്‍ പൂര്‍ണമായും വിജയിച്ചു എന്നു പറയുവാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല! അതല്ലായെങ്കില്‍, ഇതൊരു സിനിമയാണ് എന്നു പറയുവാന്‍ തന്നെ പലവട്ടം ആലോചിക്കേണ്ടതായും വരും!
ആകെത്തുക : 1.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 1.00 / 10
: 3.00 / 10
: 1.00 / 05
: 1.00 / 05
ഒരു കോമഡി ചിത്രമായാണ് രചയിതാവും സംവിധായകനും 'പാച്ചുവും കോവാലനും' ഉദ്ദേശിച്ചിട്ടുള്ളതെന്ന് കരുതുന്നു. അതിനാലാവണം; കൈയ്യിലൊരു ഗ്ലാസില്‍ ചൂടുപാലുമായി ഇരിക്കുന്നയാളോട് മറ്റൊരാള്‍ സമയം ചോദിക്കുക, സീരിയല്‍ സംവിധായകന് നടിയുടെ അമ്മാവനോട് പട്ടി വില്‍പ്പനക്കാരനെന്ന് തെറ്റിദ്ധരിച്ച് സംസാരിക്കുക തുടങ്ങിയ 'ക്വോമഡി' രംഗങ്ങള്‍ ചേര്‍ത്തിരിക്കുന്നത്. വിവിധ ചാനലുകളില്‍ വരുന്ന കോമഡി സ്റ്റാര്‍സ് പോലെയുള്ള റിയാലിറ്റി ഷോകളെങ്കിലും കണ്ടാല്‍ തീര്‍ച്ചയായും ഇതിലും മെച്ചപ്പെട്ട ആശയങ്ങള്‍ ലഭിക്കുമെന്നുറപ്പ്. അടുത്ത തവണ (അങ്ങിനെയൊരു സാഹസം ഇനിയും ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍) രചയിതാവായ ഫ്രാന്‍സിസ് ടി. മാവേലിക്കരയും സംവിധായകന് താഹായും ആ വഴിക്കൊന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. തുടര്‍ച്ചയില്ലായ്മ, യുക്തിയില്ലായ്മ; ഇതിനൊക്കെ പുറമേ വിശ്വസനീയത തൊട്ടു തീണ്ടാത്തൊരു പരിണാമഗുപ്തിയും കൂടിയാവുമ്പോള്‍ ചിത്രം സഹിക്കുക ബുദ്ധിമുട്ടെന്നു വരുന്നു. കുറഞ്ഞ പക്ഷം; തോമസുകുട്ടിയും ജോസഫുകുട്ടിയും എങ്ങിനെ പാച്ചുവും കോവാലനുമായി എന്നെങ്കിലും മര്യാദയ്ക്കൊന്ന് പറഞ്ഞിരുന്നെങ്കില്‍ അത്രയെങ്കിലുമാവുമായിരുന്നു, ഇതതുമില്ല!
Cast & Crew
Paachuvum Kovalanum
Directed by
Thaha
Produced by
Elvin John
Story, Screenplay, Dialogues by
Francis T. Mavelikkara
Starring
Mukesh, Suraj Venjaramood, Meghna Raj, Jyothirmayi, Jagathy Sreekumar, Sivaji Guruvayoor, Innocent, Sruthi Lakshmi, Riyaz Khan, Indrans, Lakshmipriya, Kalpana, Chembil Ashokan, Baby Emily, Sona Nair, Idukki Jaffer etc.
Cinematography (Camera) by
Uthpal V. Nayanar
Editing by
V. Saajan
Production Design (Art) by
Arjun
Background Score by
Ratheesh Vega
Music by
Mohan Sithara
Lyrics by
Rajeev Alunkal
Make-Up by
Pattanam Shah
Costumes by
Manoj Alappuzha
Choreography by
Cool Jayanth
Action (Stunts / Thrills) by
Mafia Sasi
Banner
Eva Productions
ഇത്തരമൊരു ചിത്രത്തില്‍ മുകേഷിനെ എങ്ങിനെ നമുക്ക് പ്രതീക്ഷിക്കാമോ അവിടുന്ന് ഒരിഞ്ചു പോലും മാറാതെ പാച്ചുവിനെ മുകേഷ് അവതരിപ്പിച്ചിട്ടുണ്ട്. മറ്റ് ചിത്രങ്ങളിലെന്നതു പോലെ സുരാജ് ഇതിലുമുണ്ട്, ചിലപ്പോള്‍ ജോസഫെന്നും മറ്റു ചിലപ്പോള്‍ കോവാലനെന്നുമാണ് മറ്റു കഥാപാത്രങ്ങള്‍ ഇദ്ദേഹത്തിനെ ഈ ചിത്രത്തില്‍ വിളിക്കുന്നതെന്നു മാത്രം. ജ്യോതിര്‍മയി, ലക്ഷ്മിപ്രിയ, ശ്രുതി ലക്ഷ്മി, മേഖ്ന രാജ് തുടങ്ങിയ നായികമാര്‍ ഉള്ള ഭാഗം മോശമാക്കാതെ ചെയ്തെങ്കില്‍ കല്പന, സോന നായര്‍ എന്നിവരുടെ തുടക്കത്തിലെ പ്രകടനം അസഹനീയം. ജഗതി ശ്രീകുമാറും ഇന്നസെന്റും തങ്ങളുടെ തന്നെ ചില വേഷങ്ങളെ അനുകരിക്കുന്ന മട്ടില്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ശിവാജി ഗുരുവായൂര്‍, റിയാസ് ഖാന്, ചെമ്പില്‍ അശോകന്, ഇന്ദ്രന്‍സ് തുടങ്ങിയവരൊക്കെയാണ് മറ്റു വേഷങ്ങളില്‍. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ പ്രമുഖരുടെ ആരെങ്കിലുമായിരിക്കാം എന്നല്ലാതെ ബേബി എമിലി ഈ ചിത്രത്തില്‍ ഇടം നേടുവാന്‍ മറ്റൊരു കാരണവും പറയുവാനില്ല!
ഷൂട്ടിംഗൊക്കെ കഴിഞ്ഞ് എഡിറ്റിംഗ് ടേബിളില്‍ എത്തിയതിനു ശേഷമാവാം പലതും ഇപ്പോഴും ഷൂട്ട് ചെയ്തിട്ടില്ലെന്ന ബോധോദയം ഉണ്ടായത്. ഇടയ്ക്കിടെ അറ്റവും മുറിയുമൊക്കെയായി ഡിജിറ്റല്‍ ഫൂട്ടേജിലേക്കും മറ്റൊരു കളര്‍ ടോണിലേയ്ക്കുമൊക്കെ പോവുന്നതിന് ഇതല്ലാതെയൊരു കാരണം ആലോചിച്ചിട്ടു കിട്ടുന്നില്ല. ഉത്പല്‍ വി. നായനാരാണ് ഛായാഗ്രഹണം, ചിത്രസന്നിവേശം വി. സാജനും. മറ്റ് സാങ്കേതിക മേഖലകളും കാര്യമായ മികവൊന്നും ചിത്രത്തിനു നല്‍കാതെ പോവുന്നു. മാഫിയ ശശി ഒരുക്കിയിരിക്കുന്ന സംഘട്ടന രംഗങ്ങള്‍ കണ്ടാല്‍ ചിലപ്പോള്‍ ചിരിച്ചേക്കാം, താഹായ്ക്ക് അങ്ങിനെയൊരു ഉദ്ദേശം ഉണ്ടായിരുന്നിരിക്കില്ലെന്നു മാത്രം!
ചിത്രത്തില്‍ ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന ഒരു സീരിയല്‍ കഥയെഴുത്തുകാരനുണ്ട്. രചയിതാവൊരു ആത്മപരിശോധനയാണോ ആ കഥാപാത്രത്തിലൂടെ നടത്തിയതെന്ന് സിനിമ കാണുന്ന ആര്‍ക്കും തോന്നിപ്പോവും. പണിയറിയാത്ത സഹസംവിധായകന് സംവിധായകനാവുന്നതും ചിത്രം കാണിക്കുന്നുണ്ട്. അത് താഹാ തന്നെയല്ലേ എന്നും സംശയിക്കാം. ഈ സിനിമ പൂര്‍ത്തിയായി കണ്ടപ്പോള്‍ ഫ്രാന്‍സിസിനും താഹായ്ക്കും ഇങ്ങിനെയൊക്കെ തോന്നിയിട്ടുണ്ടെങ്കില്‍ ഈ പണിയുമായി ഇനിയും ഇറങ്ങില്ലെന്നു കരുതാം. കുറഞ്ഞ പക്ഷം; ഇവരെപ്പോലെയുള്ളവരുടെ ഇത്തരം പാച്ചു ചിത്രങ്ങള്‍ക്ക് കാശിറക്കുന്നതിനു മുന്‍പ് നിര്‍മ്മാതാക്കള്‍ കോവാലന്റെ ബുദ്ധിവെച്ചെങ്കിലും ചിന്തിക്കുമെങ്കില്‍ അത്രയുമായി. അതല്ലാതെ ഈ 'പാച്ചുവും കോവാലനും' എന്ന ചിത്രം കൊണ്ട് അണിയറപ്രവര്‍ത്തകര്‍ക്കോ കാണുന്നവര്‍ക്കോ എന്തെങ്കിലുമൊരു ഗുണമുണ്ടാവുമെന്ന് കരുതുവാന്‍ വയ്യ!
താഹയുടെ സംവിധാനത്തില്‍ മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പാച്ചുവും കോവാലനും' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
ഹഹ . . . കാണാതെ കണ്ടു . . . തൃപ്തി ആയി " അമ്മേ " . . . തൃപ്തി ആയി . . . :)
ReplyDeleteനന്ദിയണ്ണാ നന്ദി..!
ReplyDeleteസന്തോഷം ആയി താഹെ സന്തോഷം ആയി
ReplyDeleteസ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
'ചേമ്പില്‍ ' അശോകന് ആണോ അതോ 'ചെമ്പില്‍ ' അശോകനാണോ ശരി ? രണ്ടായാലും അശോകന് തന്നെ :)
ReplyDeleteചേമ്പില്‍ അല്ല ചെമ്പില്‍ ആണ്. മമ്മൂട്ടിയുടെ നാട്ടുകാരനും സുഹൃത്തും ഒക്കെയാണ് കക്ഷി
ReplyDeleteസുരേഷ് ഗോപി നായകനായ 'ഹെയ്ലസാ...'യ്ക്കു ശേഷം താഹയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'പാച്ചുവും കോവാലനും' പോയിക്കണ്ട് ഒരു റിവ്യൂ എഴുതാൻ മിനക്കെട്ട ഹരിയെ സമ്മതിക്കണം.
ReplyDeletey do u bother to write review for shit like this haree?
ReplyDelete