ദൈവത്തിരുമഗള്‍ (Deiva Thirumagal)

Published on: 8/02/2011 08:28:00 AM
Deiva Thirumagal: A film by A.L. Vijay starring Vikram, Anushka Shetty, Amala Paul, Baby Sarah etc. Film Review by Haree for Chithravishesham.
രണ്ടായിരത്തിപ്പത്തില്‍ ശ്രദ്ധേയമായ വിജയം നേടിയ 'മദ്രാസിപ്പട്ടണ'ത്തിനു ശേഷം എ.എല്‍. വിജയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രമാണ്‌ 'ദൈവത്തിരുമഗള്‍'. ശാരീരികവളര്‍ച്ചയുണ്ടെങ്കിലും ആറുവയസുകാരന്റെ മാനസികാവസ്ഥ മാത്രമുള്ള കൃഷ്ണയെ വിക്രം അവതരിപ്പിക്കുന്നു. കൃഷ്ണയുടെ മകളായ നിലായായി ബേബി സാറയും, കൃഷ്ണയ്ക്കൊപ്പം നിലകൊള്ളുന്ന വക്കീലായി അനുഷ്‍ക ഷെട്ടിയും ചിത്രത്തില്‍ വേഷമിടുന്നു. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രം ശ്രീ രാജകാളിയമ്മന്‍ മീഡിയാസിന്റെ ബാനറില്‍ എം. ചിന്താമണിയും റോണി സ്‍ക്രൂവാലയും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നു. സംവിധായകന്‍ പ്രധാന കഥാപാത്രത്തെ മാത്രമേ കടമെടുത്തിട്ടുള്ളൂ എന്ന് പറയുന്നുണ്ടെങ്കില്‍ കൂടി, ഇംഗ്ലീഷ് ചിത്രമായ 'ഐ ആം സാ'മില്‍ നിന്നുമാണ്‌ ചിത്രത്തിന്റെ പ്രമേയവും കടം കൊണ്ടിട്ടുള്ളത്. തമിഴിലേക്ക് മാറ്റിയപ്പോള്‍, പ്രേക്ഷകര്‍ക്ക് രുചിക്കുന്ന രീതിയില്‍ ചില ചില്ലറ മിനുക്കുപണികളും കൂട്ടിച്ചേര്‍ക്കലുകളും മറ്റും നടത്തിയിട്ടുണ്ടെന്ന് മാത്രം!

ആകെത്തുക     : 7.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 5.00 / 10
: 7.00 / 10
: 7.50 / 10
: 4.50 / 05
: 4.00 / 05
ഒരു കടങ്കഥയായി കണ്ടിരുന്നാല്‍, വലിയ പ്രശ്നങ്ങളൊന്നും തോന്നാത്ത തരത്തിലാണ്‌ വിജയ് ചിത്രത്തിന്റെ തിരനാടകം എഴുതിയിട്ടുള്ളത്. എന്നാല്‍, അല്‍പമൊന്ന് യുക്തിസഹമായി ചിന്തിക്കുവാന്‍ തുടങ്ങിയാല്‍ പലതിനും ഉത്തരം കിട്ടുകയുമില്ല. ആറുവയസുകാരന്റെ ബുദ്ധിയുള്ള കൃഷ്ണയ്ക്ക് കുഞ്ഞുണ്ടാവുമോ എന്ന് സംശയിക്കുന്നവര്‍ക്ക്, 'രണ്ടിലൊരാള്‍ക്ക് ബുദ്ധിവളര്‍ച്ച മതി...' എന്നൊരു തൊടുന്യായം മറ്റൊരു സന്ദര്‍ഭത്തിലൂടെ സംവിധായകന്‍ പറഞ്ഞു വെയ്ക്കുന്നുണ്ട്. ഈയൊരു യുക്തി തത്കാലത്തേക്ക് വിശ്വസിച്ചാലും; വഴി തെറ്റാതെ സഞ്ചരിക്കുക, കടയില്‍ പോയി സാധനങ്ങള്‍ വാങ്ങുക, കൃത്യമായി മരുന്നുകള്‍ വാങ്ങുക, മകള്‍ക്കായി ഇഷ്ടമുള്ള ആഹാരം പാകം ചെയ്യുക എന്നിങ്ങനെ ഒരു ആറുവയസുകാരന്റെ ബുദ്ധിയില്‍ നിന്നും പ്രതീക്ഷിക്കാത്ത പലതും കൃഷ്ണ ചിത്രത്തില്‍ ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ക്കു നേരേയും 'കഥയില്‍ ചോദ്യമില്ല...' എന്നു കരുതി കണ്ണടയ്ക്കാം, അപ്പോഴും ഒരു സംശയം ബാക്കി നില്‍ക്കുന്നു; ഒരാറു വയസുകാരന്‍ എപ്പോഴും കൃഷ്ണയെപ്പോലെ വകതിരുവോടെ മാത്രമേ പെരുമാറുകയുള്ളോ? അല്‍പം കുസൃതികളും വേണ്ടാപ്പണികളുമൊക്കെ അവനില്‍ കാണില്ലേ? ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും ഇടവരുത്താതെ യുക്തിസഹമായൊരു ചിത്രമല്ല വിജയ് ഉദ്ദേശിച്ചിട്ടുള്ളത് എന്നും ആര്‍ക്കാണറിയാത്തത്!

Cast & Crew
Deiva Thirumagal
Directed by
A.L. Vijay
Produced by
M. Chinthamani, Ronnie Screwvala
Story, Screenplay, Dialogues by
A.L. Vijay
Starring
Vikram, Anushka Shetty, Amala Paul, Baby Sarah, Nassar, Santhanam, M.S. Bhaskar, Sachin Khedekar, Y. Gee. Mahendra, Krishnakumar, Pandi, Karthik Kumar etc.
Cinematography (Camera) by
Nirav Shah
Editing by
Anthony
Production Design (Art) by
Santhanam
Background Score / Music by
G.V. Prakash Kumar
Lyrics by
Na. Muthukumar
Make-Up by
Ramana
Costumes by
Deepali Noor
Choreography by
Gayathri Raghuram
Action (Stunts / Thrills) by
Chinni Prakash
Banner
Sree Rajakaliamman Medias
സംവിധാനത്തില്‍ പ്രിയദര്‍ശന്റെ ശിഷ്യനായി ആവശ്യത്തിനു പരിചയം നേടിയ ശേഷമാണ്‌ എ.എല്‍. വിജയ് സ്വന്തം നിലയ്ക്ക് സംവിധാനം ചെയ്തു തുടങ്ങിയത്. യുക്തിസഹമല്ലാത്തൊരു പ്രമേയം, മറ്റു കാര്യങ്ങളൊക്കെ ഭംഗിയാക്കി, എങ്ങിനെയൊരു ജനപ്രിയ ചിത്രമാക്കി മാറ്റാമെന്ന് വിജയ് എന്തായാലും പ്രിയദര്‍ശനില്‍ നിന്നും പഠിച്ചിട്ടുണ്ട്. ചിത്രത്തില്‍ ഇടയ്ക്കുള്ള ഹോട്ടല്‍ രംഗങ്ങളും, അവിടുത്തെ ആശയകുഴപ്പവുമൊക്കെ കാണിച്ചിരിക്കുന്നതില്‍ പ്രിയദര്‍ശന്റെ സ്വാധീനം പ്രകടമാണ്‌. ആ ഭാഗങ്ങള്‍ മാത്രം സംവിധായകന്റെ കൈവിട്ടു പോയതുപോലെ തോന്നിക്കുകയും ചെയ്തു. ഞെക്കിപ്പഴുപ്പിച്ച ചില തമാശകളും ഉണ്ടെങ്കിലും, അങ്ങിനെയല്ലാത്ത നര്‍മ്മസന്ദര്‍ഭങ്ങളും ചിത്രത്തില്‍ ധാരാളമുണ്ട്. കഥാപാത്രങ്ങള്‍ക്ക് യോജിച്ച അഭിനേതാക്കളെ നിശ്ചയിച്ച് അവരില്‍ നിന്നും ആവശ്യമുള്ളത് നേടിയെടുക്കുവാന്‍ സംവിധായകനു കഴിഞ്ഞു എന്നതാണ്‌ പ്രധാന കാര്യം. സാങ്കേതികമേഖലയില്‍ പ്രവര്‍ത്തിച്ചവരെ ചിത്രത്തിനുതകുന്ന വിധത്തില്‍ പ്രയോജനപ്പെടുത്തുവാനും വിജയ്‍ക്കായി. ചുരുക്കത്തില്‍; കഥയിലെ പ്രശ്നങ്ങളൊന്നും ചിന്തിക്കുവാന്‍ ഇടനല്‍കാത്ത വിധത്തില്‍ കഥപറഞ്ഞു പോകുന്നതില്‍ എ.എല്‍. വിജയ് മിടുക്കുകാട്ടി എന്നയിടത്താണ്‌ ചിത്രം വിജയിക്കുന്നത്.

അഭിനേതാക്കളില്‍ കൃഷ്ണയായി വേഷമിട്ട വിക്രം തന്നെയാണ്‌ ചിത്രത്തില്‍ ശ്രദ്ധാകേന്ദ്രമാവുന്നത്. പ്രേക്ഷകര്‍ക്ക് ഇഷ്ടം തോന്നുന്ന തരത്തില്‍ കഥാപാത്രത്തെ അറിഞ്ഞഭിനയിക്കുവാന്‍ വിക്രത്തിനു കഴിഞ്ഞിട്ടുണ്ട്. കൃഷ്ണ എന്ന കഥാപാത്രം എത്രത്തോളം യാഥാര്‍ത്ഥ്യത്തോട് അകന്നു നില്‍ക്കുന്നുവോ അത്രത്തോളം പൊരുത്തക്കേടുകള്‍ വിക്രത്തിന്റെ അഭിനയത്തിലുമുണ്ടെന്നു പറയാം. കൃഷ്ണയുടെ മകള്‍, നിലായായി വേഷമിട്ട ബേബി സാറയും, തന്റെ കുട്ടിത്തം നിറഞ്ഞ അവതരണത്തിലൂടെ കാണികളുടെ മനസില്‍ ഇടം നേടുന്നുണ്ട്. ഇവരെ ഇരുവരെയും പിന്തുണയ്ക്കുക എന്നതിലപ്പുറമൊന്നും നായികമാരായി ചിത്രത്തിലുള്ള അനുഷ്‍ക ഷെട്ടിക്കും അമല പോളിനും ചെയ്യേണ്ടതില്ല. ഇരുവരും അത് തരക്കേടില്ലാതെ ചെയ്യുകയും ചെയ്‍തിട്ടുമുണ്ട്. ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച നാസര്‍, സന്താനം, എം.എസ്. ഭാസ്‍കര്‍, സച്ചിന്‍ ഘടേക്കര്‍, കൃഷ്ണകുമാര്‍ തുടങ്ങിയ അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളോട് നീതിപുലര്‍ത്തുന്നു.

ഊട്ടിയുടെ ഗ്രാമന്തരീക്ഷവും ചെന്നൈയിലെ നഗരാന്തരീക്ഷവും ഒരു പോലെ ഭംഗിയായി പകര്‍ത്തുവാന്‍ ഛായാഗ്രാഹകനായ നിരവ് ഷായ്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഏതോ ഒരു സ്വപ്‍നം കാണുന്ന അനുഭവമാണ്‌ ചിത്രത്തിലെ ഊട്ടിക്കാഴ്ചകള്‍ സമ്മാനിക്കുന്നത്. അന്തോണിയുടെ ചിത്രസന്നിവേശ മികവില്‍ നിരവിന്റെ ദൃശ്യങ്ങളൊക്കെയും നല്ല ഒഴുക്കോടെ ചേര്‍ന്നുപോവുന്നുമുണ്ട്. സന്താനം ഒരുക്കിയിരിക്കുന്ന ചോക്ലേറ്റ് ഫാക്ടറിയും മറ്റ് കഥാപരിസരങ്ങളുമൊക്കെ സംവിധായകന്റെ ഉദ്ദേശത്തിനു യോജിച്ചവ തന്നെ‌. രമണയും ദിപാലി നൂറും യഥാക്രമം ചമയത്തിലും വസ്‍ത്രാലങ്കാരത്തിലും മികവു പുലര്‍ത്തുന്നു. ജി.വി. പ്രകാശ് കുമാറിന്റെ പശ്ചാത്തല ശബ്ദശകലങ്ങളും ചിത്രത്തോട് ചേര്‍ന്നു പോവുന്നു. ന. മുത്തുകുമാര്‍ എഴുതി ജി.വി. പ്രകാശ് കുമാര്‍ ഈണമിട്ടിരിക്കുന്ന ഏതാനും ഗാനങ്ങളും ചിത്രത്തിലുണ്ട്. ചിലതൊക്കെ ചിത്രത്തില്‍ ആവശ്യമുണ്ടോ എന്ന് സംശയിക്കാമെങ്കിലും കാഴ്ചയ്‍ക്കും കേള്‍വിക്കും കൗതുകം തോന്നിക്കുന്നവയാണ്‌ ചിത്രത്തിലെ ഗാനരംഗങ്ങളും ഗാനങ്ങളും എന്നതിനാല്‍ അവ മടുപ്പിക്കില്ല.

വൈകാരികമായി മനസില്‍ തൊടുന്ന ചിത്രങ്ങളെ ഇഷ്ടപ്പെടുന്ന ബഹുഭൂരിപക്ഷം കുടുംബപ്രേക്ഷകരെയും തൃപ്തിപ്പെടുവാന്‍ തക്കവണ്ണം 'ദൈവത്തിരുമഗളെ' ഒരുക്കിയെടുക്കുന്നതില്‍ എ.എല്‍. വിജയ്‍ക്ക് സാധിച്ചിട്ടുണ്ട്. അഭിനേതാക്കളും സാങ്കേതിക മേഖലകളില്‍ സഹകരിച്ചവരുടേയും പിന്തുണയോടെയാണ്‌ സംവിധായകന്‍ ഇത് സാധിച്ചിരിക്കുന്നത്. കഥയിലെ യുക്തിയും മറ്റു വശങ്ങളുമൊക്കെ സൂക്ഷ്മമായി വിലയിരുത്തുന്നവരെ സംബന്ധിച്ചിടത്തോളം ഇതൊരു മണ്ടന്‍ ചിത്രമായി മാറുകയും ചെയ്തേക്കാം. ഇപ്പോഴുള്ളതിലും മെച്ചപ്പെട്ടൊരു പരിണാമഗുപ്തി ആലോചിക്കുവാനും സംവിധായകന്‌ അവസരമുണ്ടായിരുന്നു. (ഉദാ: കോടതി നിലായോട് ആരോടൊപ്പം പോവണമെന്നു ചോദിക്കുന്നു - നിലായാവട്ടെ അച്ഛനോടൊപ്പം പോവണമെന്നല്ല മറിച്ച് അച്ഛനെ തന്റെ കൂടെ അയയ്ക്കണം, ഡോക്ടറായി അച്ഛനെ താന്‍ നോക്കും എന്നു പറയുന്നു - കോടതി ഒടുവില്‍ രണ്ടുപേരേയും നിലായുടെ അമ്മയുടെ അച്ഛന്റെ സം‍രക്ഷണയില്‍ അയയ്‍ക്കുന്നു - ഈയൊരു രീതിയിലോ മറ്റോ ചിന്തിച്ചിരുന്നെങ്കില്‍ കൂടുതല്‍ നന്നാവില്ലേ?‍) വ്യക്തമായ ധാരണകളൊന്നും പ്രേക്ഷകന്‌ നല്‍കാതെയാണ്‌ ഇപ്പോള്‍ ചിത്രം അവസാനിക്കുന്നത്. കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ തന്നെയെങ്കിലും, കുടുംബപ്രേക്ഷകരെ ചിത്രം ഏറെ തൃപ്തിപ്പെടുത്തുന്നുണ്ട് എന്നതിനാല്‍ തന്നെ, വിക്രത്തിന്റെയും എ.എല്‍. വിജയുടേയും കരിയറില്‍ മറ്റൊരു തിളക്കമാര്‍ന്ന വിജയമായി 'ദൈവത്തിരുമഗള്‍' മാറും എന്നു തന്നെ ഉറപ്പിക്കാം.

13 comments :

 1. വിക്രമിനെ നായകനാക്കി എ.എല്‍. വിജയ് സംവിധാനം ചെയ്ത 'ദൈവത്തിരുമഗള്‍' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. :) Not expecting this to get released alpy in the near future.. any way, looks like this is a familiar theme.. alley haree?

  ReplyDelete
 3. പിതാമഹൻ എന്തൊക്കെയോ ഓവർ ആക്റ്റിംഗ് ആണെന്ന് തോന്നിപ്പോയി..ഇതങ്ങനെയല്ല എന്നങ്ങ് പ്രതീക്ഷിക്കട്ടോ ഹരീ ?

  ReplyDelete
 4. ചിത്രം കണ്ടില്ല, പക്ഷേ വായിച്ചിടത്തോളം, ഇതിന്റെ കഥയുമായി സാമ്യം ഉള്ള ഒരു ഹിന്ദി ചിത്രം കണ്ടതായി ഓര്‍ക്കുന്നു. അജയ് ദേവ്ഗണ്‍, സുസ്മിത സെന്‍ എന്നിവരാണ്‍ അഭിനയിച്ചിരിക്കുന്നത്....

  ReplyDelete
 5. ചെറിയ സംശയം
  ഹരിയോട്:
  ഇത്രയൊക്കെ വിമര്‍ശിച്ചിട്ടും മാര്‍ക്ക് 7.00 എപ്പടി???
  __________________________________________

  ആറു വയസ്സുകാരന്‍റെ ബുദ്ധിയുള്ള ഒരാള്‍ക്കെ കല്യാണം കഴിക്കാന്‍ എങ്ങനെ പെണ്ണ് കിട്ടി അതോ ലവ് മാര്യേജ് ആണോ?

  ReplyDelete
 6. ദൈവതിരുമകൻ ഒരു നല്ല ചിത്രത്തിന്റെ അനുഭവമാൺ തീര്ച്ചയായും സമ്മാനിക്കുക.
  ക്ലൈമാക്സിൽ താൻകൾപറഞ്ഞതുപോലെ ഒരു പ്രതീക്ഷയാണ് ഏതൊരു പ്രേക്ഷകനും ഉണ്ടാകുക. അത്തരത്തിൽ ചിത്രം അവസാനിച്ചാൽ ആതൊരു വിജയമാകുന്നില്ല.

  ReplyDelete
 7. Hari, Am afraid, your page is taking a bit too long to display, may be a transient problem only, but you may want to check.

  കഥയിലെ യുക്തിയും മറ്റു വശങ്ങളുമൊക്കെ സൂക്ഷ്മമായി വിലയിരുത്തുന്നവരെ സംബന്ധിച്ചിടത്തോളം ഇതൊരു മണ്ടന്‍ ചിത്രമായി മാറുകയും ചെയ്തേക്കാ --- It is actually looking less stupid than My Name is Khan, which many Malayaalees accepted as a great entertainer.
  In reality, the court scenes etc are even subdued than in the original I am Sam, for me at least, which was rated poorly by most western critics. Some of the reasonings in this movie also is even better than the original. For eg: here the girls mother dies during delivery. In I am Sam, actually the mother is walking out after the delivery. Most critics found that a horrible way to portray a woman and a mother. I am Sam was rated as a cheap tear jerker. I would rather see this movie as a good entertainer.

  ReplyDelete
 8. അഭിപ്രായം രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി. :)

  ഇപ്പോഴത്തെ ക്ലൈമാക്സിന്റെ കുഴപ്പമെന്തെന്നാല്‍; നാസറിന്റെ കഥാപാത്രം കോടതിയില്‍ പറഞ്ഞത് മനസിലാക്കി, പിന്നെ രാത്രിയില്‍ മകളെ ഉറക്കിയതിനു ശേഷം അങ്ങിനെയൊരു തീരുമാനമെടുത്ത്, രാത്രിയില്‍ അവളെ തിരികെ കൊടുക്കുക; ഇത്രയുമൊക്കെ പ്രായോഗികബുദ്ധി ആ കഥാപാത്രത്തോട് ചേര്‍ന്നു പോവുന്നുണ്ടോ? അതിനാല്‍ മറ്റൊരു രീതിയിലായിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുനു.

  ഒരര്‍ത്ഥത്തിലും ഈയൊരു വിശേഷം 'ഐ ആം സാ'മുമായി താരതമ്യപ്പെടുത്തുവാന്‍ തുനിഞ്ഞിട്ടില്ല. തീര്‍ച്ചയായും, സ്‍ക്രിപ്റ്റിലെ യുക്തിരാഹിത്യങ്ങള്‍ സിനിമയ്ക്ക് വിനയാവാതെ ഒരു നല്ല എന്റര്‍ടൈനര്‍ ഒരുക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്.

  റേറ്റിംഗ്: കഥയിലെ യുക്തിരാഹിത്യത്തിന്‌ ആവശ്യത്തിന്‌ മാര്‍ക്ക് കുറച്ചിട്ടുണ്ട്. ബാക്കി മേഖലകളും കൂടി കണക്കാക്കുമ്പോള്‍ ഇത്രയുമൊക്കെ കൊടുക്കുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു. :p
  --

  ReplyDelete
 9. ഹരീ.. പടം ഞാന്‍ കണ്ടില്ല. പക്ഷെ "Main Aisa Hi Hoon" എന്ന പടവുമായി കുറച്ചു സാമ്യം ഉണ്ടെന്ന് ആരൊക്കെയോ പറഞ്ഞ കേട്ടു. ബാക്കി കണ്ടിട്ട് പറയാം. എന്തായാലും തമിഴില്‍ മുന്‍ നിര നടന്മാരില്‍ അഭിനയശേഷി കൂടുതല്‍ വിക്രത്തിന് തന്നെ.

  ReplyDelete
 10. ലോജിക്കിന്റെ പ്രശ്നങ്ങൾ ഉണ്ടല്ലെ.

  'ഐ ആം സാ'മിന്റെ ഒരു കോപ്പിയാണ്‌ ഇതിന്റെ മൂലകഥ എന്ന് നേരത്തേ കേട്ടിരുന്നു. എന്നിട്ട് Titlesൽ ഒറിജിനൽ എഴുത്തുകാർക്ക് ഒരു നന്ദിയെങ്കിലും എഴുതിക്കാണിക്കുന്നുണ്ടോ? അതോ നമ്മുടെ അമൽനീരദും അനൂപ്മേനോനും കാണിച്ചതുപോലെയാണോ?

  ReplyDelete
 11. In the movie Vikram is suffering from "developmental disability". That can affect either mental or physical growth or both. That doesn't mean the patient should act like a child most of the times, but his body language and sound resembles a <10 year old. All the other metabolism inside will be that of a adult. So he could very well become a father, remember things (but not like in the movie), cook and at times acts like a grown adult.

  ReplyDelete
 12. ചിത്രം കണ്ടിരുന്നു... ഇഷ്ടപ്പെട്ടു

  ReplyDelete
 13. etho oru interview il samvidhayakan paranjirunu ithu i am sam nte remake anenu

  ReplyDelete