ചാപ്പാ കുരിശ് (Chaappa Kurish)

Published on: 7/16/2011 08:41:00 AM
Chaappa Kurish: A film by Sameer Thahir starring Vineeth Sreenivasan, Fahad Fazil, Ramya Nambeesan, Niveditha Thomas, Roma Asrani etc.
രണ്ടായിരത്തിപ്പതിനൊന്നിലെ ആദ്യ ഹിറ്റ് ചിത്രമായ 'ട്രാഫിക്കി'ന്റെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍, മേജിക് ഫ്രയിംസിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന പുതിയ ചിത്രമാണ്‌ 'ചാപ്പാ കുരിശ്'. അമല്‍ നീരദ് ചിത്രമായ 'ബിഗ് ബി', ആഷിക് അബുവിന്റെ 'ഡാഡി കൂള്‍' എന്നീ ചിത്രങ്ങളില്‍ ഛായാഗ്രാഹകനായിരുന്ന സമീര്‍ താഹിര്‍ സംവിധായകനാവുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും 'ചാപ്പാ കുരിശി'നുണ്ട്. വിനീത് ശ്രീനിവാസന്‍, ഫഹദ് ഫാസില്‍, രമ്യ നമ്പീശന്‍, നിവേദിത തോമസ്, റോമ അസ്രാനി തുടങ്ങിയ പുതുതലമുറ അഭിനേതാക്കളാണ്‌ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ത്രില്ലര്‍ ജനുസ്സില്‍ പെട്ട ഒരു ചിത്രമാണെന്ന് പറയുന്നതു കേട്ട് മറ്റൊരു 'ട്രാഫിക്' പ്രതീക്ഷിച്ചാല്‍‍, സിനിമയുടെ പേരിലെ 'ചാപ്പാ' മാറ്റി മിച്ചമുള്ളതെടുത്ത് തോളില്‍ വെച്ച അവസ്ഥയാവുമെന്നതാണ്‌ കാണുവാന്‍ കയറുന്ന പ്രേക്ഷകരുടെ തലവര! (ഇനി ത്രില്ലറായി നോക്കേണ്ട, ഒരു ഡ്രാമയായി കണ്ടാലും ചിത്രത്തിന്റെ വിശേഷം ഇതു തന്നെ!)

ആകെത്തുക     : 4.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 3.00 / 10
: 4.00 / 10
: 5.00 / 10
: 3.00 / 05
: 3.00 / 05
നാണയം കറക്കി മുകളിലേക്കെറിഞ്ഞ് 'തലയോ വാലോ?' എന്നു ചോദിക്കുന്നതിന്‌ പകരമായി മധ്യകേരളത്തില്‍ ചോദിച്ചു വരുന്നതാണത്രേ 'ചാപ്പാ കുരിശ്?'! ചിത്രത്തിന്റെ ട്രൈലര്‍ പുറത്തിറങ്ങിയപ്പോള്‍ അമേരിക്കന്‍ ചിത്രമായ '21 ഗ്രാംസു'മായി ചിത്രത്തിനു ബന്ധമുണ്ടായേക്കാമെന്ന് ഒരു അഭ്യൂഹം കേട്ടിരുന്നു. ട്രൈലറിന്റെ ആശയമൊഴികെ ചിത്രത്തിനു വേണ്ടി മറ്റൊന്നും രചയിതാക്കള്‍ ആ ചിത്രത്തില്‍ നിന്നും കടം കൊണ്ടിട്ടില്ല. മലയാളത്തില്‍ ഇതുവരെയൊരു സിനിമയായിട്ടില്ലാത്ത, കാലികപ്രസക്തിയുള്ള ഒരു പ്രമേയമാണ്‌ സമീര്‍ താഹിറും ഉണ്ണി ആറും ചേര്‍ന്ന് ചിത്രത്തിനു വേണ്ടി കണ്ടെത്തിയിരിക്കുന്നത്. പക്ഷെ, അതിനെ അധികരിച്ചൊരു നല്ല തിരനാടകം എഴുതിവെയ്‍ക്കുവാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല എന്നയിടത്ത് സിനിമയുടെ കഥ തീരുന്നു. ഇതിനോടൊപ്പം ജീവച്ഛവങ്ങളായ കഥാപാത്രങ്ങളും, മടുത്തുപോവുന്ന മന്ദഗതിയും കൂടെയാവുമ്പോള്‍ കുരിശു വരച്ച് പെട്ടിയടയ്‍ക്കാം! (ആശ്വാസത്തിന്‌ ചില ചില്ലറ ചിരികള്‍ അവിടെയുമിവിടെയുമുണ്ട് എന്നതും മറക്കുന്നില്ല. ഇംഗ്ലീഷില്‍ ഫോണ്‍ വിളിച്ച് വെച്ച്, എഴുതുവാന്‍ അന്‍സാരിയുടെ സഹായം തേടുന്നയാള്‍ വരുന്ന രംഗം ഒരു ഉദാഹരണം.)

Cast & Crew
Chaappa Kurish
Directed by
Sameer Thahir
Produced by
Listen Stephen
Story / Screenplay, Dialogues by
Sameer Thahir / Unni R., Sameer Thahir
Starring
Fahad Fazil, Vineeth Sreenivasan, Remya Nambeesan, Roma Asrani, Niveditha Thomas, Jinu Jose, Sunil Sukhada, Dinesh Panickar, Jaya MuRali, Balachandran, Shyamala etc.
Cinematography (Camera) by
Jomon T. John
Editing by
Don Max
Production Design (Art) by
Banglan
Music by
Rex Vijayan
Sound Effects by
Arun Seenu
Lyrics by
Engandiyoor Chandrasekharan
Make-Up by
Manoj Angamaly
Costumes by
Sameera Saneesh
Action (Stunts / Thrills) by
Rajasekhar
Banner
Magic Frames
രണ്ട് പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തുവാന്‍ ഒട്ടേറെ സമയം സംവിധായകന്‍ തുടക്കത്തില്‍ കളയുന്നെങ്കിലും അവയങ്ങോട്ട് ഏശുന്നില്ലെന്നതാണ്‌ പരമാര്‍ത്ഥം. പട്ടിണിയും പരിവട്ടവുമൊക്കെ വിശദമായി കാണിച്ചിട്ടു പോലും വിനീത് ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന അന്‍സാരിയോട് ഒരലിവും പ്രേക്ഷകര്‍ക്ക് തോന്നുന്നില്ലെന്നത് അഭിനേതാവിന്റെ കൂടി കഴിവു കേടാണ്‌. തുടുത്ത കവിളുകളും ഉണ്ണിക്കുടവയറുമൊക്കെയുള്ള വിനീത് ശ്രീനിവാസന്റെ രൂപം അന്‍സാരിക്ക് ഇണങ്ങുന്നുമില്ല. കാര്യക്ഷമമായി കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിവുള്ളൊരു ചെറുപ്പക്കാരന്‍ എന്നൊരു തോന്നലുണ്ടാക്കി അടുത്ത നിമിഷം പകച്ചു നില്‍ക്കുന്നൊരു വിഡ്ഢിയാവുകയും ചെയ്യും ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന അര്‍ജ്ജുന്‍ എന്ന കഥാപാത്രം. അതൊരുപക്ഷെ സംവിധായകന്‍ അര്‍ജ്ജുന്‍ എന്ന കഥാപാത്രത്തിനു നല്‍കിയ വ്യക്തിത്വത്തിന്റെ കൂടെ കുഴപ്പമാവാം. കാമുകനാല്‍ വഞ്ചിക്കപ്പെടുകയും സമൂഹത്തില്‍ പരിഹാസ്യയാവുകയും ചെയ്യുന്ന സോണിയയെ മികവോടെ അവതരിപ്പിച്ച രമ്യ നമ്പീശനാണ്‌ അഭിനേതാക്കളില്‍ മുന്നില്‍ നില്‍ക്കുന്നത്. സോണിയയ്ക്കൊരു കുടുംബമോ ഒരു സാമൂഹിക ജീവിതമോ ഉള്ളതായി സംവിധായകന്‍ സങ്കല്‍പിച്ചിട്ടില്ല എന്നത് ആ കഥാപാത്രത്തിനു വിനയായി. ആന്‍, നഫീസ എന്നീ പേരുകളില്‍ പേരിന്‌ ചേര്‍ക്കപ്പെട്ട നായികമാരായി റോമ അസ്രാനിയും നിവേദിത തോമസും ചിത്രത്തിലുണ്ട്.

'ട്രാഫിക്കി'ന്റെ ഛായാഗ്രഹണത്തില്‍ പങ്കാളിയായിരുന്ന ജോമോന്‍ ടി. ജോണ്‍ ആദ്യമായി ക്യാമറ ചലിപ്പിക്കുകയാണ്‌ 'ചാപ്പാ കുരിശി'ല്‍. ചില ഫ്രയിമുകളൊക്കെ നന്നെങ്കിലും മൊത്തത്തിലെടുത്താല്‍ ശരാശരിക്കപ്പുറം പോവുന്നില്ല ജോമോന്റെ ഛായാഗ്രഹണം. ചിത്രത്തിന്റെ മെല്ലെപ്പോക്കില്‍ ഡോണ്‍ മാക്സിന്റെ എഡിറ്റിംഗിനും പങ്കുണ്ട്. പരിണാമഗുപ്തിയിലെ ഓട്ടത്തില്‍, ഓടിയണയ്‍ക്കുന്ന നായകരെ കാണിച്ച ശേഷം തൊട്ടടുത്ത ഫ്രയിമിലെത്തുമ്പോള്‍ അവര്‍ക്കൊരു ക്ഷീണവുമില്ല! അല്‍പം കൂടി ശ്രദ്ധ ഡോണ്‍ മാക്സ് നല്‍കേണ്ടിയിരുന്നു ഇവിടങ്ങളില്‍. റെക്സ് വിജയന്റെ സംഗീതമോ അരുണ്‍ സീനുവിന്റെ ഇഫക്‍ടുകളോ കാര്യമായൊരു മികവും ചിത്രത്തിനു നല്‍കുന്നില്ല. യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്ന തരത്തില്‍ രാജശേഖര്‍ ഒരുക്കിയ സംഘട്ടനരംഗങ്ങള്‍ തീര്‍ച്ചയായും സവിശേഷ പരാമര്‍ശം അര്‍ഹിക്കുന്നു. ബംഗ്ലന്റെ കലാസംവിധാനം, സമീറ സനീഷിന്റെ വസ്‍ത്രാലങ്കാരം മനോജ് അങ്കമാലിയുടെ ചമയം എന്നിവയൊക്കെ ചിത്രത്തിനുതകുന്നവയാണ്‌. ചിത്രത്തിലിടയ്‍ക്കിടെ ഉപയോഗിച്ചിട്ടുള്ള ചില ഗാനശകലങ്ങള്‍ പശ്ചാത്തലമായി മാത്രമേ കാണേണ്ടതുള്ളൂ. എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനെഴുതി റെക്സ് വിജയന്‍ ഈണമിട്ടിരിക്കുന്ന ഇവയില്‍ "തീയേ തീയേ..." എന്ന ഗാനം മാത്രമാണ്‌ ഓര്‍ത്തെടുക്കുവാന്‍ കഴിയുന്നത്. അതു തന്നെ പിന്നീടൊരു കേള്‍വിക്ക് ഉതകുമോ എന്നതും സംശയമാണ്‌.

'മൈസൂര്‍ മല്ലിഗൈ' എന്ന പേരില്‍ കുപ്രസിദ്ധി നേടിയ ഒരു വീഡിയോ ക്ലിപ്പിനെക്കുറിച്ച് പറഞ്ഞു കേട്ട കഥയോട് എവിടെയൊക്കെയോ ഒരു സാമ്യം ചിത്രത്തിനുണ്ട്. സമാന രീതിയിലുള്ള മൊബൈല്‍ വീഡിയോ ചിത്രങ്ങള്‍ ക്ഷിപ്രപ്രചാരം നേടുന്ന കാലഘട്ടത്തില്‍, അത്തരത്തിനൊരു വീഡിയോയെങ്ങിനെ ഇന്റര്‍നെറ്റിലെത്താം എന്നൊരു സാധ്യതയെക്കുറിച്ചാണ്‌ ചിത്രം പറഞ്ഞു വെയ്‍ക്കുന്നത്. മൊബൈല്‍ ഫോണുകളിലെ ക്യാമറ വകതിരിവോടെ ഉപയോഗിച്ചില്ലെങ്കില്‍ അതൊരു കുരിശാവുമെന്ന് ചിത്രത്തിന്റെ സാരാംശം. അത്തരം ക്ലിപ്പുകള്‍ കണ്ടാനന്ദിക്കുമ്പോള്‍, ഇങ്ങിനെ കുറേപ്പേരുടെ വേദനയും അതിനു പിന്നിലുണ്ട് എന്നൊന്ന് ഓര്‍ക്കുകയുമാവാം. പക്ഷെ, ഇതെല്ലാം പറഞ്ഞു വെയ്‍ക്കുവാന്‍ രണ്ടു രണ്ടേകാല്‍ മണിക്കൂര്‍ പാഴാക്കണമായിരുന്നോ എന്നതാണ്‌ ഇവിടെയുയരുന്ന ചോദ്യം. കേവലമൊരു മൊബൈല്‍ നഷ്ടപ്പെടലിനെ ചുറ്റിപ്പറ്റി മാത്രം ചിത്രം കിടന്ന് കറങ്ങാതിരുന്നെങ്കില്‍ എന്നു വെറുതേ ആശിച്ചു പോവുന്നു. "ആനകൊടുത്താലും കിളിയേ ആശകൊടുക്കാമോ?" എന്നാണ്‌ കവി പാടിയിരിക്കുന്നത്. 'ട്രാഫിക്കി'ന്റെ പേരില്‍ ആളെ കയറ്റുന്ന ലിസ്റ്റിന്‍ സ്റ്റീഫനു വേണ്ടി ആ ഗാനം സമര്‍പ്പിച്ചു കൊണ്ട്, 'ചാപ്പാ കുരിശി'ലെ കുരിശ് ഇവിടെയിറക്കുന്നു!

ബിരിയാണിക്ക് അമ്പതു രൂപ തരാമെന്നു പറഞ്ഞ് കളിയാക്കുന്നയാളോട് അമ്പതു രൂപ വാങ്ങി അന്‍സാരി വിജയശ്രീലാളിതനായി നടന്നു നീങ്ങുന്നൊരു സീനുണ്ട് ചിത്രത്തിന്റെയൊടുവില്‍‍; അവിടെ തിയേറ്ററിലുയര്‍ന്ന കമന്റ്: "(#()%#$ ഞങ്ങളുടെ അമ്പതു കൂടി തന്നിട്ടു പോടാ..."

33 comments :

 1. സമീര്‍ താഹിറിന്റെ സംവിധാനത്തില്‍ മലയാളത്തിലെ യുവതാരങ്ങള്‍ അണിനിരക്കുന്ന 'ചാപ്പാ കുരിശി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  @newnHaree
  Haree
  #ChaappaKurish: Remove the word chappa, what remains is the verdict of the film! Disappointed! Coming soon: bit.ly/cv-reviews
  10 hours ago via web
  --

  ReplyDelete
 2. ചില ചില്ലറ ദൌര്‍ബല്യങ്ങളൊഴിച്ചാല്‍ നല്ലൊരു സിനിമയായി ചാപ്പാ കുരിശ് വകതിരിവുള്ള പ്രേക്ഷകര്‍ക്ക് തോന്നിയേക്കും. ആധുനിക സൈബര്‍, മൊബൈല്‍ ലോകത്തിന്റെ പ്രതിസന്ധികളെ സാമാന്യം രസകരമായി അടയാളപ്പെടുത്താനാണ് സമീര്‍ താഹിര്‍ ശ്രമിക്കുന്നത്. അതിലദ്ദേഹം പൂര്‍ണ്ണമായി വിജയിച്ചെന്നൊന്നും പറയവതല്ല. എന്നാല്‍, ഒട്ടും സൂക്ഷ്മതയും ശ്രദ്ധയും കാണിക്കാത്ത പരസ്യചിത്രങ്ങള്‍ പോലും വിശ്വോത്തരങ്ങളായി ദേശീയജൂറിമാരാലും പ്രേക്ഷകരാലും വാഴ്ത്തപ്പെടുന്ന മലയാള്‍ സിനിമാക്കാലത്ത് ഇതിലുണ്ടായിട്ടുള്ള ചില്ലറ വീഴ്ചകള്‍ അവഗണനീയമാകുന്നു.

  ജീവിതാവസ്ഥകളിലെ അന്തരം മുതല്‍ ആധുനിക ജീവിതത്തിന്റെ നിര്‍വികാരത, സ്വാര്‍ത്ഥത, വികസനവുമായി ബന്ധപ്പെട്ട സാമൂഹികവും പാരിസ്ഥിതികവുമായ അധാര്‍മികതകള്‍ തുടങ്ങി ചിത്രത്തിന്റെ പ്രമേയങ്ങള്‍ പലതാണ്. തീരെച്ചെറിയൊരു കഥയുടെ പശ്ചാത്തലത്തില്‍ ഈ ആശയങ്ങള്‍ വികസിപ്പിച്ച ഘടനയും എത്ര ദൌര്‍ബ്ബല്യങ്ങളാരോപിച്ചാലും സവിശേഷമാണ്. (ചുംബനവും ആശ്ലേഷവുമൊക്കെ മറയില്ലാതെ കാണിച്ചാലേ ചിത്രത്തിന് അന്തര്‍ദ്ദേശീയ മാനം വരൂ എന്ന് പക്ഷേ ചലച്ചിത്രകാരന്‍ തെറ്റിദ്ധരിച്ചിട്ടുണ്ടോന്നറിയില്ല. അത്തരമൊരവതരണ രീതി ഒഴിവാക്കാമായിരുന്നു).

  ReplyDelete
 3. സമീര്‍ അല്ലാരുന്നു സാഗര്‍ ഏലിയാസ് ജാക്കിയുടെ സിനിമാടോഗ്രഫേര്‍. അമല്‍ നീരദ്‌ തന്നരുന്നു അതില്‍ ക്യാമറ ചെയ്തത്. :)

  ReplyDelete
 4. കൊറിയന്‍ ചിത്രമായ ഹാന്‍‌ഡ്‌ഫോണിന്റെ പകര്‍പ്പാണീ കുരിശെന്ന് കേട്ടിരുന്നു.സത്യമാണോ ആവോ?

  ReplyDelete
 5. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)

  'ഹാന്‍ഡ്‍ഫോണി'ന്റെ പ്ലോട്ട് വായിച്ചിട്ട് വീഡിയോ ക്ലിപ്പ് ഉള്ള മൊബൈല്‍ നഷ്ടപ്പെടുന്നു എന്നത് മാത്രമൊരു സാമ്യമായി കാണുന്നു. കൊറിയന്‍ ചിത്രം കണ്ടിട്ടില്ലാത്തതിനാല്‍ കൂടുതലായി അറിയില്ല.

  തിരുത്തിന്‌ പ്രത്യേകം നന്ദി. ആഷിക് അബുവിന്റെ 'ഡാഡി കൂളാ'ണ്‌ മറ്റൊരു ചിത്രം. തിരുത്തിയിട്ടുണ്ട്.
  --

  ReplyDelete
 6. കുറവുകള്‍ ഉണ്ടെങ്കിലും സിനിമ നന്നായി എന്നാണ് ഞാന്‍ കേട്ടത് ...ഇപ്പൊ ബസില്‍ വെള്ളയും ഏതാണ്ട് അത് തന്നെ പറഞ്ഞു ...എന്തായാലും കാണാന്‍ തീരുമാനിച്ചു . വാല്‍ക്കഷണം ഇഷ്ട്ടപ്പെട്ടില്ല :)

  ReplyDelete
 7. ഒരു മലയാള സിനിമ കണ്ടിട്ട് ആദ്യമായി എനിക്ക് അതിന്റെ സംവിധായകനെ വിളിച്ച് അഭിനന്ദിക്കണമെന്ന് തോന്നി.

  ഈ സിനിമയെക്കുറിച്ച് കേൾക്കാനിടയുള്ള ഏറ്റവും വലിയ ആക്ഷേപം, ഒരു കൊറിയൻ സിനിമയുടെ മോഷണം ആണെന്നുള്ളതാണ്. എന്നാൽ മൂലകഥയുമായി സാമ്യമുണ്ടെന്നുള്ളതല്ലാതെ, ചാപ്പാക്കുരിശിലെ കഥാപത്രങ്ങളെല്ലാം തന്നെ നമ്മളിവിടെ നാട്ടിൽ കാണുന്നവർ തന്നെയണ്. വേറൊരു പ്രധാന പരാതി കേൾക്കാനിടയുള്ളത്, സിനിമയുടെ തുടക്കത്തിലെയുള്ള ഇഴച്ചിലിനെപ്പറ്റിയായിരിക്കും. സംഗതി ശരിയാണ്. കെട്ടിയിട്ടിരിക്കുന്ന കുറ്റിക്ക് ചുറ്റും കറങ്ങുന്ന പശുവിനെപ്പോലെ സിനിമ വളരെ നേരം നിൽക്കും. ഈ പടത്തിൽ ഇടവേള ഇല്ലേ എന്ന് സംശയിക്കുമാറ് നിങ്ങൾ മുഷിഞ്ഞ് പോയേക്കാം. And that is because, though it employs some clever techniques, writing is generally poor. പക്ഷെ ഈ മുരുക്കിൻ തടിയിൽ നിന്ന് കരിവീട്ടിയോളം ബലമുള്ള ഒരു ശില്പമാണ് സമീർ താഹിർ എന്ന സംവിധായകൻ കൊത്തിയെടുത്തിരിക്കുന്നത്. (ഇരുപത് മിനിട്ടോളം മുറിച്ച് നീക്കി പുതിയ ഒരു cut ഉണ്ടാക്കിയിരുന്നെങ്കിൽ വളരെ നന്ന്.)

  Malayalam cinema has come of age, when you were expecting the least. സാധാരണ ഇന്ത്യൻ ‘new age’ സിനിമയിലെ കഥാപാത്രങ്ങൾ, സായിപ്പിനെ അനുകരിച്ച് ഇംഗ്ലീഷ് പറയുന്ന, sexually free ആയ (അല്ലെങ്കിൽ അങ്ങിനെ നമ്മെ തോന്നിപ്പിക്കാൻ പാട് പെടുന്ന), ചെറിയ വായിൽ വലിയ വർത്തമാനം പറയുന്ന, മന്ദബുദ്ധികളെ ഓർമ്മിപ്പിക്കുന്ന, പരിഹാസ്യരാണ്. ചാപ്പാക്കുരിശിലെ ആളുകൾ ഇംഗ്ലീഷ് പറയുമ്പോൾ നമ്മുടെ തൊലി ഉരിയില്ല. ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ, ആദ്യം പതറുന്നുവെങ്കിലും പ്രശംസയർഹിക്കും വിധം തന്റെ ഭാഗം ഭംഗിയാക്കിയിട്ടുമുണ്ട്.

  I can’t remember the last time I got so excited in a cinema. They could have gone a bit austere with the music, but is still good. Action? Thrilling. Cinematography? Top notch. Art direction? World class. Movie? Despite its flaws, BRILLIANT!

  ReplyDelete
 8. So without Korea or Maria, it is impossible to make a malayalam movie ? :)

  ReplyDelete
 9. @Jayan Rajan :- സിനിമ എന്തായാലും കാണണം എന്നുണ്ട് . Your comment is a catalyst for that. പക്ഷെ ഭൂരിപക്ഷം ആളുകള്‍ കോട്ടുവാ ഇടുന്ന ഒരു സിനിമക്ക് , കഥാന്ത്യം തെറിവിളിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സിനിമ എങ്ങനെ തീയേറ്ററില്‍ പോയി കാണാന്‍ കഴിയും എന്നതാണ് സംശയം.

  ReplyDelete
 10. violinu 4 marku kodutha hari chappa kurishinu 4.5 ee koduthollo? athu moshamayippoyi... 70 kalile pranayavum nariya sentimentsinum 4 markk!

  ReplyDelete
 11. ഇന്നു കണ്ടു . അത്രയ്ക്കു വലിയ കുരിശായൊന്നും തോന്നിയില്ല . കൂവാനും കയ്യടിക്കാനുമെല്ലാം അവസരമുള്ള ഒന്നായിട്ടേ തോന്നിയുള്ളൂ . ഒരു ലോജിക്കുമില്ലാതെ എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന എത്രയോ ചിത്രങ്ങൾ കാണുന്നു . പിന്നെ രണ്ടു മണിക്കൂർ നിറച്ചാലേ ഒരു വാണിജ്യ സിനിമയാകൂ എന്ന കാഴ്ചപ്പാട് മാറ്റി ഒരുക്കിയിരുന്നെങ്കിൽ ഇടക്കുണ്ടായ മടുപ്പിക്കൽ ഒഴിവാക്കാമായിരുന്നു .
  വിനീതിന്റെ അഭിനയത്തെക്കുറിച്ചും കഥാപാത്രത്തിന്റെ രൂപത്തെക്കുറിച്ചും പറഞ്ഞതിനോട് 100% യോജിക്കുന്നു .
  പിന്നെ ഓടിക്കിതച്ച് ക്ഷീണിക്കാത്ത നായകർ തന്നെയല്ലെ ട്രാഫിക്കിലും ഉണ്ടായിരുന്നത്?
  ആവശ്യത്തിനു കൂവലും കയ്യടിയും ഉണ്ടായിരുന്നു . കമന്റുകളും ധാരാളം .പക്ഷേ ആ അവസാന സീനിൽ കയ്യടിയായിരുന്നു കേട്ടിരുന്നത് (എറണാകുളം സവിത). അതു കഴിഞ്ഞ് കൂവലും ഉണ്ടായിരുന്നു .

  ReplyDelete
 12. മൈസൂര്‍ മല്ലിഗൈയിലേതു പോലെ രമ്യാ നമ്പീശന്‍ ഇതില്‍ കാണിക്കുന്നുണ്ടോ?

  ReplyDelete
 13. എന്താ ഈ മൈസൂര്‍ മല്ലിഗൈ :)

  ReplyDelete
 14. ചാപ്പാ കുരിശിലെ കഥാപത്രങ്ങളൊക്കെയും നമ്മുടെ ചുറ്റുവട്ടത്ത് കണ്ട് പരിചയമുള്ളവ തന്നെയാണ്... ഈ സിനിമയിലൂടെ നല്ലൊരു മെസ്സേജും യുവതലമുറക്കായി നല്കാന്‍ കഴിയുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നു.
  ഈ സിനിമയെ എല്ലാ പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലാക്കാന്‍ അനാവശ്യ കഥാപാത്രങ്ങളെയോ അനാവശ്യ തമാശാ സീനുകളോ ഒന്നും ഉള്‍ക്കൊള്ളിച്ചിട്ടുമില്ല

  പിന്നെ ഇതേരീതിയില്‍ ഇംഗ്ലീഷ് പോലുള്ള മറുഭാഷാ ചലച്ചിത്രങ്ങള്‍ പലവട്ടം കണ്ടും (പല ചിത്രങ്ങളും ആദ്യ കാഴ്ച്ചയില്‍ ഒരു സാധാരണ മലയാളിക്ക്‌ മനസ്സിലാവണമെന്നില്ല) അതിലെ നല്ല ആശയങ്ങള്‍ക്ക് ജയ്‌ വിളിക്കുന്നവര്‍ എന്തുകൊണ്ട് മലയാളത്തില്‍ ഇങ്ങനെ ഒരു പ്രയത്നത്തിനെ കണ്ടില്ല എന്ന് നടിക്കുന്നു എന്ന് എനിക്ക് മനസ്സിലാകുന്നില്ല.
  ---------------------------------------
  മലയാളിക്ക്‌ എന്നും ഇഷ്ടപ്പെടുന്നത് പോക്കിരിരാജ, ശിക്കാര്‍, സീനിയെര്സ്, ചൈനടൌണ്‍ പോലുള്ള ചിത്രങ്ങളാണ്‌... ഇത്രയും ചിത്രങ്ങള്‍ ഭൂരിപക്ഷമായ മലയാളികള്‍ക്ക് വേണ്ടി ഒരുക്കുമ്പോള്‍ ന്യൂനപക്ഷമായ എന്നെ പോലുള്ളവര്‍ക്ക് വല്ലപ്പോഴും കിട്ടുന്ന ചിത്രങ്ങളില്‍ ഒന്നാണ് ഇത് :)

  ReplyDelete
 15. ഹരിയണ്ണന്റെ റേറ്റിംഗ് കണ്ട് അന്തംവിട്ട് കുന്തംവിഴുങ്ങി നില്‍ക്കുവാ... ഉറുമി - 7.75
  ചാപ്പാ കുരിശ് - 4.5

  ReplyDelete
 16. ബോറടിച്ചില്ല എന്ന് പറയുന്നില്ല.. എന്നാലും ഒരു മാർക്ക് കൂടി കൊടുക്ക് ഹരി.. :)

  ReplyDelete
 17. പാക്കരന്മാഷ് പറഞ്ഞതിനോട് യോജിക്കാതിരിക്കാൻ കഴിയില്ല. പല ലോകക്ളാസ്സിക്കുകളും എടുത്ത് നോക്കിയാൽ ഇതിലും ബോറായ പരീക്ഷണ ചിത്രങ്ങൾ കാണാം. നമ്മൾ അവയൊക്കെ വാഴ്ത്തുകയും അതുപോലെയുള്ള പരീക്ഷണങ്ങൾ ഇവിടെ ഉണ്ടാവുമ്പോൾ മുഖം തിരിക്കുകയും ചെയ്യുന്നു.
  പതിവ് മസാലക്കൂട്ടുകളിൽ നിന്ന് വേറിട്ട ശ്രമമെന്ന നിലയ്ക്ക് ഒരു പ്രാവശ്യം കാണാമെന്നു തോന്നുന്നു.

  ReplyDelete
 18. ഈ പടം ഞാന്‍ കണ്ടു.വളരെ അതികം ഇഷ്ടപ്പെട്ടു.ഹരിയെട്ടന്റെ കൊടുത്ത മാര്‍ക്കു വളരെ കുറഞ്ഞു പോയി എന്ന എന്റെ അഭിപ്രായം.
  പദത്തിന് ഇത്തിരി വലിച്ചു നീട്ടല്‍ ഉണ്ട്.അത് സമ്മതിച്ചു .പക്ഷെ ഇത് പോലെ ഒരു ചെറിയ കഥ നന്നായി അവതിരിപികാന്‍ കാണിച്ച ദൈര്യത്തെ നമ്മള്‍ അം ഗീകരികണം ..നായകന്മാരായ ഫഹദ് ,വിനീത് വളരെ നന്നായി അഭിനയിച്ചു. സ്ത്രീ കഥാപാത്രങ്ങളില്‍ നിവേതിതനന്നായി.കുറച്ചേ ഉള്ളു എങ്കിലും റോമ ആ കഥ പത്രത്തെ ഉള്ള കൊണ്ട് അഭിനയിച്ചു."ഫ്രഞ്ച് കിസ്സ്‌ " സീന്‍ ഒഴികെ രമ്യ വളരെ നിരാസപെടുത്തി..താന്‍ ചതിക്കപെട്ടു എന്ന് കാറില്‍ വെച്ച് അറിയുമ്പോള്‍ ഒരു പാട് വികാരങ്ങള്‍ ആ മുഘത് വരുത്തുവാന്‍ രമ്യ കഷ്ടപെടുന്നതായി തോന്നി..ക്ലൈമക്സിലെ സം ഘ ട്ടണ്ണം വളരെ നാച്ചുറല്‍ ആയി തോന്നി.
  മനസ്സില്‍ ഒരു പ്രതീക്ഷയും വെകാതെ പോയി കാണു..നിങ്ങള്ക് ഇഷ്ടപെടും..എന്റെ മാര്‍ക്ക്‌ 8/10

  ReplyDelete
 19. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)

  'ചാപ്പാ കുരിശി'നെപ്പോലെയുള്ള പരീക്ഷണങ്ങളെ ഇഷ്ടപ്പെടുന്നവരും പ്രോത്സാഹിപ്പിക്കുന്നവരും ഉണ്ടെന്നുള്ളത് നല്ല കാര്യം. എന്നാല്‍ പോലും, ചിത്രത്തിലെ കുറവുകള്‍ ഇത്രത്തോളം പ്രകടമായതിനാല്‍ നല്ലൊരു ചിത്രമായി ഇതിനെ കണക്കാക്കുവാന്‍ കഴിയും എന്ന തോന്നലില്ല. വേറിട്ടൊരു പ്രമേയം, മലയാള സിനിമക്ക് പരിചിതമല്ലാത്ത ഒരു ശൈലിയില്‍ ചെയ്യുവാന്‍ ധൈര്യം കാണിച്ചു എന്നതിലപ്പുറം സംവിധായകന്‍ പോലും മികവ് പുലര്‍ത്തിയെന്നും കരുതുന്നില്ല. ഉദാഹരണമായി ചിത്രത്തിലെ ഒരു രംഗം സൂചിപ്പിക്കാം: പെന്റാമേനകയില്‍ ഫോണ്‍ നല്‍കുവാനായി ആദ്യ തവണ പോയി വന്നതിനു ശേഷം മാര്‍ട്ടിന്റെ ചീത്തയും കേട്ട് ബാത്ത്റൂം കഴുകുവാന്‍ ആരംഭിക്കുന്ന അന്‍സാരി. അപ്പോഴത്തെ മുഖഭാവം കൊണ്ട് അഭിനേതാവ് എന്താണ്‌ ഉദ്ദേശിച്ചത്? അതു കാണിക്കുന്നതാവട്ടെ നഫീസയോടും! കഴിവുള്ളൊരു നടന്‌ സാധ്യതയുള്ളൊരു രംഗമായിരുന്നു അത്. പക്ഷെ, വിനീത് അത് ആകെ കുളമാക്കി എന്നാണ്‌ (‍എന്റെ) അഭിപ്രായം. സംവിധായകന്റെ കൂടി കഴിവുകേടുണ്ട് അവിടെ. അന്‍സാരിയവിടെ മിഴിച്ചു നോക്കി നില്‍ക്കാതെ, നഫീസയെ നോക്കുവാനുള്ള ശക്തിയില്ലാതെ തിരിഞ്ഞ് മെല്ലെ വാതിലടച്ച്, ശക്തിയായി കൈയ്യിലുള്ള തുടക്കുന്ന സാധനം എറിയുന്നതും (അത് ഉള്ളില്‍ നിന്നുള്ള ശബ്ദം മാത്രമായി മതി, കാണിക്കേണ്ടതില്ല) അതിനുള്ള നഫീസയുടെ റിയാക്ഷനും കാണിച്ചിരുന്നെങ്കില്‍ എത്ര നന്നാവുമായിരുന്നു ആ രംഗം! (ഇത് ഒരു സാധ്യത, ഇങ്ങിനെ എത്രയോ സാധ്യതകള്‍ അവിടെ മാത്രം ചിന്തിക്കാം!) ഡോണ്‍മാക്സാവട്ടെ, എഡിറ്റിംഗില്‍ ആ ഭാഗം ഒതുക്കാതെ, ഈ ഭാവത്തിലുള്ള വിനീതിനെ രണ്ട് തവണയായി അല്‍പം കൂടുതല്‍ നേരം കാണിക്കുകയും ചെയ്തു. കുറഞ്ഞപക്ഷം ജോമോനത് നേരെയുള്ള മീഡിയം ഷോട്ടാക്കാതെ മറ്റേതെങ്കിലും ഷോട്ടെങ്കിലും ആക്കാമായിരുന്നു. കഥയ്ക്ക് ആവശ്യമായ ഇഴച്ചില്‍ വേണമെന്നു കരുതിയാല്‍ പോലും, രംഗങ്ങള്‍ കൂടുതല്‍ താത്പര്യജന്യമാക്കുവാന്‍ ഇത്തരത്തിലുള്ള എല്ലാവരുടേയും വേറിട്ട ഇടപെടലുകളിലൂടെ സാധിക്കുമായിരുന്നു. അത്തരത്തില്‍ ഓരോ രംഗവും കൂടുതല്‍ മികച്ചതാക്കുവാനുള്ള സാധ്യതയുണ്ടായിട്ടും, അങ്ങിനെയൊന്നും ആരും ശ്രമിച്ചതായി തോന്നിയില്ല.

  'വയലിന്‍', 'ഉറുമി' എന്നിവയൊക്കെ, അതാത് ചിത്രങ്ങളുടെ ഉദ്ദേശം സാധിച്ചെടുക്കുന്നതില്‍ എത്രത്തോളം വിജയിച്ചു എന്നൊന്ന് ചിന്തിച്ചാല്‍, അവയ്ക്ക് നല്‍കിയ റേറ്റിംഗ് നീതീകരിക്കത്തക്കതാണ്‌ എന്നാണ്‌ എന്റെ വിശ്വാസം. രണ്ട് സിനിമകള്‍ തമ്മിലുള്ള താരതമ്യത്തില്‍ തന്നെ വലിയ അര്‍ത്ഥമൊന്നുമില്ല, അപ്പോള്‍ അവയ്ക്ക് അവയുടേതായ ആസ്വാദനരീതികളുടെ അളവുകോലുകള്‍ വെച്ച് നല്‍കുന്ന റേറ്റിംഗുകള്‍ തമ്മില്‍ താരതമ്യം നടത്തുന്നതില്‍ എന്തു കാര്യം! (അങ്ങിനെ നടത്തേണ്ടവര്‍ക്ക് നടത്താം, അത് (എനിക്ക്) ഒരു വിഷയമായി തോന്നിയിട്ടില്ല എന്നൊന്നു കൂടി (മുന്‍പും പലയാവര്‍ത്തി ഇത് പറഞ്ഞതാണ്‌) സൂചിപ്പിച്ചു എന്നു മാത്രം. :))
  --

  ReplyDelete
 20. വളരെ ചെറിയ ന്യൂനതകള്‍ മാറ്റി വെച്ചാല്‍ മലയാളത്തില്‍ അടുത്ത കാലത്ത് ഇറങ്ങിയ ഒരു ഉഗ്രന്‍ സിനിമ എന്ന് പറയേണ്ടിയിരിക്കുന്നു .സിനിമ എന്ന് ധൈര്യപൂര്‍വം പറയാന്‍ പറ്റുന്ന ഒരു സിനിമ . ഇടയ്ക്കു കയറി വന്ന അപശബ്ദങ്ങള്‍ (അനാവശ്യ സന്ദര്‍ഭങ്ങളില്‍ വരുന്ന പാശ്ചാത്തല സംഗീതവും ആദ്യ രണ്ടു പാട്ടുകളും) ഒഴിച്ച് നിര്‍ത്തിയാല്‍ ഒരു മലയാള സിനിമ തന്നെയാണോ കാണുന്നത് എന്ന് സംശയിച്ചു പോയി .
  സിനിമയുടെ സര്‍പ്രൈസ് വിനീത് ആയിരുന്നു ...അയാളില്‍ നിന്നും ഇത്ര ഒട്ടും പ്രതീക്ഷിച്ചില്ല .സംഭാഷങ്ങള്‍ക്ക് പകരം ദ്രിശ്യങ്ങളാല്‍ കഥ പറയാന്‍ ശ്രമിക്കുന്ന രീതി മലയാളിക്ക് ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടോ?! ഭൂരിപക്ഷത്തിനും ഉണ്ടെന്നാണ് സിനിമയുടെ പ്രതികരണത്തില്‍ നിന്നും മനസ്സിലാവുന്നത് . എന്നെ സംബന്ധിച്ച് ഇതിലെ കഥയും കഥാപാത്രങ്ങളും എല്ലാം തന്നെ വളരെ നല്ല രീതിയില്‍ തന്നെയാണ് ഡെവലപ്പ് ചെയ്തിരിക്കുന്നത് . അതെല്ലാം ചെയ്തവര്‍ ആത്മാര്‍ത്ഥമായി അവതരിപ്പിച്ചിട്ടുമുണ്ട് . കഥയും കഥാപാത്രങ്ങളും 3/10 ??. അഭിനയം 5/10 ??. ഞാന്‍ കണ്ട സിനിമ ചാപ്പാ കുരിശു അല്ലെ?!

  ഹരി പറഞ്ഞ ഭാഗം വളരെ നന്നായി ചെയ്ത ഒന്നാണ് . വിനീത് അവതരിപ്പിക്കുന്ന കഥാപാത്രം മറ്റൊരാള്‍ക്ക് നേരെ നിന്ന് വര്‍ത്തമാനം പറയാന്‍ പോലും ധൈര്യമില്ലാത്ത ഒരു പാവമല്ലേ ... തുടയ്ക്കുന്ന സാധനം എറിയുന്നത് പോലുള്ള എക്സ്ട്രീം റിയാക്ഷന്‍ കൊണ്ടുവന്നാല്‍ അതുവരെയുള്ള കഥാപാത്രത്തിന്റെ നിര്‍മ്മിതിയെ മൊത്തം നിരാകരിക്കല്‍ ആവും അത് . മറിച്ചു ഫഹദ്‌ അവതരിപ്പിക്കുന്ന കഥാപാത്രം emotionally extreme ആയാണ് ചില സന്ദര്‍ഭങ്ങളില്‍ പെരുമാറുന്നത് . അങ്ങനെയല്ലല്ലോ അന്‍സാരി ! .

  ReplyDelete
 21. കഥയും കഥാപാത്രങ്ങളും / അഭിനയം നന്നായി എന്ന വിനയന്റെ അഭിപ്രായം മാനിക്കുന്നു, പക്ഷെ അതിനോട് തീര്‍ത്തും വിയോജിക്കുകയും ചെയ്യുന്നു, പ്രത്യേകിച്ചും വിനീതിന്റെ അഭിനയത്തിന്റെ കാര്യത്തില്‍. ദൃശ്യങ്ങളിലൂടെ കാര്യങ്ങള്‍ പറയുവാന്‍ ശ്രമമുണ്ട് എന്നതു കൊണ്ടു മാത്രം ഒരു സിനിമ നല്ലതെന്ന് പറയുവാന്‍ കഴിയില്ല. അങ്ങിനെ ദൃശ്യങ്ങള്‍ക്ക് പ്രാധാന്യം വരുമ്പോള്‍ തിരക്കഥ / ഛായാഗ്രഹണം എന്നിവയൊക്കെ മറ്റു തലങ്ങളിലേക്ക് പോവേണ്ടതുമുണ്ട്. അതായത് സാധാരണ രീതിയില്‍ നിന്നും കുറേ സംഭാഷണങ്ങള്‍ ഒഴിവാക്കിയാല്‍ മാത്രം മതിയാവില്ലെന്ന് സാരം. അതിനപ്പുറം എന്തെങ്കിലും ചെയ്യുവാനുള്ള തീവ്രമായ ശ്രമമൊന്നും ഇതിലുണ്ടെന്ന് തോന്നിയില്ല. അങ്ങിനെയായിരുന്നെങ്കില്‍ ഭൂരിപക്ഷത്തെയും കൂടുതല്‍ engage ചെയ്യുവാന്‍ സിനിമയ്ക്ക് സാധിക്കുമായിരുന്നു.

  ആ പറഞ്ഞ ഭാഗത്തെക്കുറിച്ച്: നേരം വൈകിയെത്തുന്നതിന് ഇതിനു മുന്‍പ് ചീത്ത കേള്‍ക്കുമ്പോള്‍ ബാത്ത്റൂമില്‍ കയറി അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട് അന്‍സാരി. കൈയ്യിലിരിക്കുന്ന ബക്കറ്റ് + ചൂല്‌ (തുടക്കുന്ന സാധനം) സ്വാഭാവികമല്ലാതെ ചലിപ്പിച്ചായിരുന്നു അത് പ്രകടമാക്കിയത്. ഫഹദ് ഒളിച്ചുവെയ്ക്കാതെ റിയാക്ഷന്‍ പ്രകടമാക്കുമ്പോള്‍ അന്‍സാരി ഒളിച്ചത് ചെയ്യുന്നു എന്നേയുള്ളൂ, അതല്ലാതെ റിയാക്ഷനുകളില്ല എന്നില്ല. അതിനാല്‍ തന്നെ, കൂടുതല്‍ റിയാക്ട് ചെയ്യുന്നതില്‍ സാധുതയുണ്ട്. മാത്രമല്ല, മൊബൈല്‍ കൈയ്യിലെത്തുമ്പോള്‍ എന്തോ ഒരു ധൈര്യം തോന്നുന്നുണ്ട് എന്നും ആ കഥാപാത്രം പറയുന്നുണ്ട്. ആ നിലയ്ക്ക് ബാത്ത്റൂമിനുള്ളില്‍ കയറി അല്‍പം ശക്തിയില്‍ ചൂല്‌ നിലത്തേക്കിട്ടാല്‍ അവിടെ ചേര്‍ച്ചക്കുറവില്ല. കഥാപാത്രത്തിന്റെ സ്വതേ പാവമായുള്ളതില്‍ നിന്നുള്ള വളര്‍ച്ചയും അതിലൂടെ കാട്ടാമായിരുന്നു. അന്‍സാരിയില്‍ പ്രതീക്ഷിക്കാത്ത ഈയൊരു മാറ്റം തന്നെയാണ്‌ നഫീസയും കാണേണ്ടിയിരുന്നത്. അന്‍സാരിയുടെ പാത്രസൃഷ്ടി+വളര്‍ച്ചയെ അത് കൂടുതല്‍ സാധൂകരിക്കുമായിരുന്നു എന്നാണ്‌ എന്റെ പക്ഷം. അതിനാല്‍ അത് നിരാകരിക്കല്‍ ആവും എന്നതിനോടും യോജിപ്പില്ല. :)

  ReplyDelete
 22. ഒരു കാലിക പ്രാധാന്യമുള്ള സബ്ജക്റ്റ്‌ എന്നതിലപ്പുറം ആഴമുള്ള ഒരു തിരക്കഥ ഒരുക്കുവാന്‍ പോന്ന സബ്ജക്റ്റ്‌ ആണോ ഇത് എന്ന് സംശയം . ഇനി അങ്ങനെ ഒരു തിരക്കഥ ഒരുക്കിയാലും സിനിമക്ക് വേഗത കുറവാണ് എന്നത് അപ്പഴും പ്രശ്നമാവും. നല്ലൊരു തിരക്കഥ ഒരുക്കിയാലും അത് character development / character study ആവശ്യമുള്ള സിനിമയെങ്കില്‍ ഒരു കഥാപാത്രത്തിന് വികസിക്കുവാനുള്ള സമയം കൊടുക്കേണ്ടി വരും. മറിച്ചു ഹരി നല്ലൊരു തിരക്കഥ ഡെവലപ്പ് ചെയ്യുക എന്നത് കൊണ്ട് വേഗത വരുത്തി പ്രേക്ഷകനു മുഷിയാത്ത വിധത്തില്‍ eventful ആക്കുക എന്നാണു ഉദ്ദേശിക്കുന്നത് എങ്കില്‍! . പ്രേക്ഷകനെ തൃപ്തിപ്പെടുത്താന്‍ സിനിമക്ക് കഴിയണം.സംവിധായകന്‍ ഇവിടെ ശ്രമിക്കുന്നത് നല്ലൊരു സിനിമ ഒരുക്കുവാനാണ് . അയാള്‍ ഒരു ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടി തന്റെ സിനിമയില്‍ നീക്കുപോക്കുകള്‍ വരുത്തിയാല്‍ പിന്നെ അതിനെ സിനിമ എന്ന് വിളിക്കെണ്ടല്ലോ . ഭൂരിപക്ഷത്തിനെ ത്രിപ്തിപ്പെടുത്തിയ സിനിമകള്‍ പാക്കരന്‍ പറഞ്ഞ പോലെ ഇവിടെ വിജയിക്കുന്നുണ്ട് . ട്രാഫിക്‌ ഒഴിച്ച് മറ്റൊന്നും ആവറേജ് എന്ന് പറയാന്‍ പോലും കൊള്ളില്ല .

  ഇനി ആ പറഞ്ഞ രംഗം ഹരി വിശദീകരിച്ചതിനോടും വിയോജിക്കുന്നു . ഞാന്‍ പറയുന്നതു extreme റിയാക്ഷനെക്കുറിച്ചാണ്.ധൈര്യവും emotional റിയാക്ഷനും തമ്മില്‍ എന്ത് ബന്ധം?! മൊബൈല്‍ ഉപയോഗിച്ച് തന്റെതായ സ്പേസില്‍ നിന്നുകൊണ്ടാണ് അയാള്‍ ധൈര്യം എന്ന അവസ്ഥ കൈവരിക്കുന്നത് . മൊബൈല്‍ കയ്യിലുള്ളപ്പോള്‍ തന്നെ സൂപ്പര്‍ മാര്‍ക്കറ്റിലോ , കൂടെ ആരെങ്കിലും ഉള്ളപ്പോഴോ അയാള്‍ക്ക്‌ ധൈര്യം വരുന്നില്ല. ഒപ്പം അയാള്‍ ധൈര്യം നേരിട്ട് പ്രകടിപ്പിക്കുന്നുമില്ല . കാറിനു മേല്‍ കരി ഓയില്‍ ഒഴിക്കുന്നത് പോലുള്ള രംഗങ്ങള്‍ക്ക് മൊബൈലിനെ ഹേതുവാക്കുകയാണ് ചെയ്യുന്നത് . നേരിട്ട് ധൈര്യമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്ന ആളായി /അന്തര്‍മുഖത്വം മാറി അയാള്‍ അവതരിക്കുന്നുമില്ല .ഇരയും വേട്ടക്കാരനും തമ്മിലുള്ള അവസാന സംഘട്ടനരംഗത്തിനു (ഒരു മലയാള സിനിമയും ഇത്ര നന്നായി വയലന്‍സ്‌ അവതരിപ്പിച്ചു കണ്ടിട്ടില്ല) ശേഷമാണല്ലോ അയാളുടെ മേക്‌ ഓവര്‍ . അത് ശരിക്കും അയാളുടെ സര്‍വൈവല്‍ ആയി തന്നെയാണ് അവതരിപ്പിച്ചത് .

  രണ്ടു പേര്‍ ഒരേ സിനിമ കാണുന്നില്ല എന്നാണു . എങ്കിലും ഇത്രയും വിയോജിപ്പുകള്‍ :)

  ReplyDelete
 23. ധൈര്യം എന്നതും മനസിന്റെ ഒരു നില തന്നെ, അതും ഇമോഷണല്‍ റിയാക്ഷനുമായി ബന്ധമില്ലാതെയില്ല. അന്തര്‍മുഖത്വം മാറുന്നില്ല എന്നു തന്നെയല്ലേ ഞാനും പറഞ്ഞത്, ബാത്ത്റൂമിനുള്ളില്‍ കയറി തന്റെ ഇമോഷനുകള്‍ പുറത്തുവിടുന്നു. അതു തന്നെ പ്രേക്ഷകന്‍ കാണേണ്ടതില്ല എന്നാണ്‌ ഞാന്‍ പറഞ്ഞതെന്നും ശ്രദ്ധിക്കുക. വാതില്‍ മെല്ലെ ചാരുന്നു, ഉള്ളില്‍ നിന്നൊരു ശബ്ദം കേള്‍ക്കുന്നു, നഫീസയുടെ റിയാക്ഷനില്‍ അത് അന്‍സാരിയുടെ സ്വാഭാവിക രീതികളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നതായി കാണികള്‍ മനസിലാക്കുന്നു; ബാക്കി പ്രേക്ഷകര്‍ മനസില്‍ കണ്ടുകൊള്ളട്ടെ. അതല്ലാതെ എന്തോ അമളി പറ്റിയ മട്ടില്‍ നില്‍ക്കുന്ന അന്‍സാരിയുടെ ഒരു ദീര്‍ഘമായ ഷോട്ട് പ്രത്യേകിച്ചൊന്നും സാധിക്കുന്നില്ല. പിന്നെ, കഥാപാത്രത്തിനു വികസിക്കുവാന്‍ സമയം കൊടുത്തതിന്റെ കാര്യമൊക്കെ വിശേഷത്തില്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്‌.

  തൃപ്തിപ്പെടുത്തലും എന്‍ഗേജ് ചെയ്യിക്കലും രണ്ടും രണ്ടാണ്‌, അത് സംഭവങ്ങള്‍ തിരുകുക എന്നതില്‍ ഒതുങ്ങുന്നുമില്ല. വൈവിധ്യമുള്ള ഷോട്ടുകള്‍, താത്പര്യം ജനിപ്പിക്കുവാന്‍ ഉതകുന്ന പ്രകാശവിന്യാസം, സംവിധായകന്റെ സൂക്ഷ്മമായ ചില ഇടപെടലുകള്‍, കാണികള്‍ക്ക് സ്വന്തമായി എന്തെങ്കിലുമൊക്കെ മനസില്‍ കണ്ട് തന്റേതായൊരു കാഴ്ച രൂപപ്പെടുത്തുവാനുള്ള ഇടങ്ങള്‍ - ഇതൊക്കെ എന്‍ഗേജ് ചെയ്യിക്കുവാന്‍ ആവശ്യമായെന്നു വരാം. ഇനി, ഇതൊക്കെ ചെയ്താലും അത് ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്തണമെന്നുമില്ല.

  ReplyDelete
 24. "ധൈര്യം എന്നതും മനസിന്റെ ഒരു നില തന്നെ, അതും ഇമോഷണല്‍ റിയാക്ഷനുമായി ബന്ധമില്ലാതെയില്ല. അന്തര്‍മുഖത്വം മാറുന്നില്ല എന്നു തന്നെയല്ലേ ഞാനും പറഞ്ഞത്, ബാത്ത്റൂമിനുള്ളില്‍ കയറി തന്റെ ഇമോഷനുകള്‍ പുറത്തുവിടുന്നു. അതു തന്നെ പ്രേക്ഷകന്‍ കാണേണ്ടതില്ല എന്നാണ്‌ ഞാന്‍ പറഞ്ഞതെന്നും ശ്രദ്ധിക്കുക. വാതില്‍ മെല്ലെ ചാരുന്നു, ഉള്ളില്‍ നിന്നൊരു ശബ്ദം കേള്‍ക്കുന്നു, നഫീസയുടെ റിയാക്ഷനില്‍ അത് അന്‍സാരിയുടെ സ്വാഭാവിക രീതികളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നതായി കാണികള്‍ മനസിലാക്കുന്നു"
  -----------------------------------
  ഒരു ചീത്ത പറച്ചില്‍ കേള്‍ക്കുമ്പോള്‍ അതിനോട് പ്രതികരിക്കാന്‍ കഴിയുന്ന ഒരാള്‍ അല്ല അന്‍സാരി, സിനിമയുടെ തുടക്കത്തില്‍ അന്‍സാരിയെ കാണിക്കുമ്പോഴും (നടന്ന് പോകുമ്പോള്‍ ഒരാള്‍ തട്ടിയിട്ടും ഒന്നും മിണ്ടാതെ പോകുന്ന)അവസാന സീനിലും ആയി കഥ പറയുന്നതും അതാണ്...

  ReplyDelete
 25. "ഒരു ചീത്ത പറച്ചില്‍ കേള്‍ക്കുമ്പോള്‍ അതിനോട് പ്രതികരിക്കാന്‍ കഴിയുന്ന ഒരാള്‍ അല്ല അന്‍സാരി" - തീര്‍ച്ചയായും; പക്ഷെ നേരിട്ട് - എല്ലാവരുടേയും മുന്‍പില്‍ പ്രതികരിക്കുവാന്‍ കഴിയുന്ന ഒരാളല്ല എന്നാണ്‌; അതല്ലാതെ പ്രതികരണമില്ല എന്നല്ല. അതിനാലാണ്‌ ബാത്ത്‍റൂമിന്റെ ഉള്ളില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നത്.

  ReplyDelete
 26. ഇന്നു കണ്ടൂ.. അനാവശ്യമായ വലിച്ച് നീട്ടൽ തന്നെയാണ് അരോചകമായി തോന്നിയത്.. ബാക്കി ഒക്കെ ക്ഷമിക്കാവുന്നതേ ഉള്ളൂ..

  ReplyDelete
 27. മാനസികമായ ധൈര്യം ഒരാള്‍ക്കുണ്ട് എന്ന് വെച്ചാല്‍ അയാള്‍ക്ക് ആ ഒരു പ്രത്യേക സന്ദര്‍ഭത്തെ മാനസികമായി നേരിടാന്‍ കഴിയും എന്നേ അര്‍ത്ഥമുള്ളൂ. ശരിയായ രീതിയില്‍ പ്രതികരിക്കുവാന്‍ മനോധൈര്യം കഴിവ് നല്‍കുന്നുണ്ട് . അത്രേ ഉള്ളു . അല്ലാതെ മനോധൈര്യം കൈവരുന്ന ആള്‍ ഒറ്റയ്ക്ക് പോയിട്ട് ആണെങ്കിലും ഒരു റിയാക്ഷന്‍ പ്രകടിപ്പിക്കണം എന്നര്‍ത്ഥമില്ല . മാത്രവുമല്ല നാണയത്തിന്റെ ഒരു വശത്ത് നില്‍ക്കുന്നു/ഇന്‍വിസിബിള്‍ എന്നതു കൊണ്ടുള്ള ധൈര്യം മാത്രമേ അയാള്‍ക്കുള്ളൂ എന്ന് സിനിമ തന്നെ കാണിച്ചു തരുന്നുണ്ട് .
  മനോധൈര്യത്തിനു റിയാക്ഷനുമായി ബന്ധമുണ്ട് ;ശരിയായി പ്രതികരിക്കുക എന്ന റിയാക്ഷന്‍ .പക്ഷെ അത് ഇമോഷണല്‍ റിയാക്ഷന്‍ ആവണം എന്നില്ല.

  ReplyDelete
 28. ഒന്നാം പകുതി മികച്ചതാണെന്ന് പറയാതെ വയ്യ. സ്വയം emasculate ആയി തോന്നുന്ന ഒരു യുവാവിന്റെ rite of passage സാമാന്യം നന്നായി കാണിച്ചിട്ടുണ്ട്. അത് എന്ഗേജിങ്ങും ആണ്, അതിന്റെ പേസും ശരിയാണ്. ഈ transition ഒരു abrupt and complete makeover അല്ല എന്നുള്ളത് ആ മാറ്റത്തിന്റെ വിശ്വാസ്യതയും കഥാപാത്രത്തിന്റെ ആഴവും കൂട്ടുന്നു. പേസ് കൂട്ടിയിരുന്നെങ്കില്‍ ചളമായേനെ. അന്‍സാരി എന്ന കഥാപാത്രം തീരെ എന്ഗേജിംഗ് അല്ല എന്ന് പറഞ്ഞത് അത്ഭുതപ്പെടുത്തുന്നു. കുറച്ചു കൂടി അയാളില്‍ ചിത്രം ഫോകസ്ദ് ആയിരുന്നെങ്കില്‍ (കുറച്ചു കൂടി സ്ലോയും) അല്പം കൂടി എന്ഗേജിംഗ് ആക്കാമായിരുന്നു.

  രണ്ടാം പകുതി തീരെ ദുര്‍ബലമായിപ്പോയി. മലയാള മുഖ്യധാരാചിത്രമെന്നാല്‍ ഏതൊക്കെയോ കല്പിത ഫോര്‍മുലകള്‍ അനുസരിക്കണം എന്ന മട്ടില്‍ കഴമ്പില്ലാതെ എന്തൊക്കെയോ കാട്ടിക്കൂട്ടിയിട്ടുണ്ട്. ദിശാബോധമില്ലാതെ സംഭാവാധിഷ്ടിതമായിപ്പോയി ചിത്രം ഇന്റെര്‍വലിനു ശേഷം.

  ഒരു എവല്യൂഷനും ആഴവുമില്ലാത്ത അര്‍ജുനു ഇത്രയും സ്പേസ് വേണമായിരുന്നോ? സോണിയയെ ഒരു conquest ആയി കരുതുന്ന narcissistic young male , കംഫര്‍ട്ട് സോണിനു പുറത്താകുമ്പോള്‍ ചെറുതായൊന്നു പകയ്ക്കുന്നു - ഇവയാണ് പൊള്ളയായ ആ കഥാപാത്രത്തിന്റെ സേവിംഗ് ഗ്രേസ്. ഉള്ളത്രയും ഷോട്ട് പോലും ആവശ്യമില്ലാതിരുന്ന സോണിയയുടെ കുടുംബ പശ്ചാത്തലമൊക്കെ സിനിമയ്ക്ക് പുറത്തു നിര്‍ത്തിയതിനു നന്ദി.

  വിനയന്‍ പറഞ്ഞ പലതിനോടും യോജിക്കുന്നു. എക്സ്പ്ലോസിവ് വൈകാരിക പ്രകടനം അന്‍സാരിക്ക് യോജിക്കില്ല. ചൂലൊക്കെ വലിച്ചെറിയുന്നത് കൂടുതലും സിനിമകളിലെ ക്ലീഷേ മാത്രമാണ്. ഹരിയുടെ ചില വിമര്‍ശനം തീരെ ടെക്നിക്കലും കുറച്ചു കടുത്തും പോയി.

  ഉണ്ണിക്കുടവയറുള്ള ദരിദ്രനാരായണന്മാര്‍ നമ്മുടെ നാട്ടില്‍ ഒരുപാടില്ലേ?

  ട്രെയിലറില്‍ മാത്രമല്ല, ചിത്രത്തിന്റെ ദൃശ്യഭാഷയിലും അതിനോട് സ്കോര്‍ ചേര്‍ക്കുന്നതിലും ഇനാരിത്തുവിന്റെ പ്രചോദനം കാണാം, പ്രത്യേകിച്ചും ആദ്യ പകുതിയില്‍.

  ReplyDelete
 29. അഭിപ്രായങ്ങള്‍ക്ക് നന്ദി. :)

  സോണിയയെന്ന കഥാപാത്രത്തിന്റെ കുടുംബപശ്ചാത്തലം കാണിക്കുന്നില്ല എന്നതിലുപരി, ജോലിയും അര്‍ജ്ജുനുമായുള്ള വേഴ്ചയും ഒഴികെ മറ്റൊരു സാമൂഹിക ജീവിതം തന്നെ ആ കഥാപാത്രത്തിന്‌ ഉണ്ടെന്ന തോന്നല്‍ ചിത്രത്തില്‍ നിന്നും വരുന്നില്ല. ഷോട്ട് കാണിക്കുന്നതല്ല, അങ്ങിനെയൊരു തോന്നല്‍ നല്‍കുക എന്നതാണ്‌ പ്രധാനമെന്ന് കരുതുന്നു. പ്രത്യേകിച്ചും സോണിയ ഇരയും അര്‍ജ്ജുന്‍ വേട്ടക്കാരനുമാവുന്ന മറ്റൊരു വൈകാരിക തലം കൂടി ചിത്രം മുന്നോട്ടുവെയ്ക്കുമ്പോള്‍, ആ കഥാപാത്രത്തെ അങ്ങിനെയങ്ങ് വിട്ടുകളഞ്ഞത് ശരിയായെന്നു തോന്നിയില്ല.

  ചൂല്‌ വലിച്ചെറിയുന്നത് കാണിക്കുന്നതാണ്‌ ക്ലീഷേ, അടച്ചതിനു ശേഷം എന്തോ ശബ്ദം കേള്‍ക്കുന്നു; അതെന്താണ്‌ എന്ന് പ്രേക്ഷകന്‍ ചിന്തിച്ചു കൊള്ളട്ടേ! (ഇതൊരു സാധ്യത മാത്രമാണ്‌, ഇപ്പോഴുള്ള അന്‍സാരിയുടെ അന്തിച്ചു നോട്ടത്തിനു പകരമായി നല്‍കാമായിരുന്നത്.) പിന്നെ അന്‍സാരിയുടെ അകത്തുള്ള എക്സ്‍പ്ലോസീവ് വൈകാരിക പ്രകടനത്തിന്‌ ഒട്ടും യോജിപ്പ് കുറവുണ്ടെന്ന് കരുതുന്നില്ല (ഒരു അന്തര്‍മുഖനില്‍ നിന്നും അങ്ങിനെ ഉണ്ടായിക്കൂട എന്നുമില്ല), പ്രത്യേകിച്ചും അന്‍സാരിയുടെ ആ അവസ്ഥയില്‍ സിനിമയുടെ ആ ഭാഗത്ത്.

  ഉണ്ണിക്കുടവയറുള്ള ദരിദ്രനാരായണന്മാര്‍ ഉണ്ടായിരിക്കാം, പക്ഷെ അവര്‍ക്കാര്‍ക്കും ഇത്രയും ഓജസ്സും ഊര്‍ജ്ജവും ഉണ്ടാവുമെന്ന് കരുതുന്നില്ല. രാവിലെ രണ്ട് പൊറോട്ട, ഉച്ചയ്ക്ക് പഴവും നാരങ്ങാവെള്ളവും, രാത്രിയില്‍ കഴിക്കുന്നതായി കാണിക്കുന്നില്ല, ഉണ്ടെങ്കിലും ഇതിനപ്പുറം എന്തെങ്കിലും ആഹരിക്കുമെന്ന് തോന്നിയില്ല. അങ്ങിനെയൊരാളുടെ ശരീരപ്രകൃതി ഇതായിരിക്കുമെന്ന് ധരിക്കുവാന്‍ ബുദ്ധിമുട്ടുണ്ട്. ശരീരഭാഷയിലെ കുറവുകള്‍ തന്നെയാണ്‌ അന്‍സാരി എന്‍ഗേജ് ആവാതിരിക്കുന്നതിന്റെയും കാരണം.

  ഓഫ്: ഇതിങ്ങനെ തിരിച്ചും മറിച്ചും പറഞ്ഞിരുന്നിട്ട് കാര്യമില്ലല്ലോ! പ്രസക്തമായ മറ്റെന്തെങ്കിലും പോയിന്റ് വരുന്നെങ്കിലേ ഇതിനെക്കുറിച്ച് കൂടുതലെന്തെങ്കിലും പറയുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുന്നുള്ളൂ!

  ReplyDelete
 30. ചിത്രത്തിലെ ആ കഥാപാത്രത്തിന്റെ പ്രസക്തി ആവശ്യപ്പെടുന്നത്രയും ധാരണ സോണിയയെക്കുറിച്ച് പ്രേക്ഷകന് ലഭിക്കുന്നുണ്ട്. രണ്ടു കഥാപാത്രങ്ങളിലൂടെ കഥ പറയുന്ന നിലപാടാണ് ചിത്രത്തിന് തുടക്കം മുതലേ. അതിലെ സംഭവങ്ങള്‍ മൂന്നാമതൊരു കഥാപാത്രത്തെ ബാധിക്കുന്നുണ്ട് എന്ന് കരുതി മാത്രം ആ കഥാപാത്രത്തെ എക്സ്പ്ലോര്‍ ചെയ്തു പോകേണ്ട ബാധ്യത രചയിതാവിനില്ല. രണ്ടു രംഗത്തിലൊഴിച്ചു സോണിയയെ കാണിക്കുന്നതെല്ലാം അര്‍ജുനിലൂടെയാണ്. ഒരു deliberate distancing എന്നേ തോന്നിയുള്ളൂ. ഇവ രണ്ടും കൂടി മാറ്റി സോണിയയുമായുള്ള പ്രേക്ഷകന്റെ അകലം ഒന്ന് കൂടി കൂട്ടാമെന്നാണ് എന്റെ അഭിപ്രായം. പക്ഷെ, അര്‍ജുന്റെ ഡെവലപ്മെന്റില്‍, അയാളെ ചിത്രത്തിലെ സംഭവങ്ങളൊക്കെ എങ്ങനെ ബാധിക്കുമെന്ന് കുറച്ചു കൂടി നന്നായി കാണിക്കേണ്ടിയിരുന്നു. കഥയുണ്ടാക്കാന്‍ ബന്ധമുണ്ടാക്കി, ഇനിയത് എന്ത് ചെയ്യും എന്ന മട്ടിലാണ് ചിലപ്പോള്‍ ബന്ധത്തെ സമീപിച്ചിട്ടുള്ളത്.

  ബാത്രൂമിനകത്താണെങ്കിലും അല്ലെങ്കിലും സ്റ്റോറിലെ സാഹചര്യം അന്‍സാരിക്ക് തന്റെ ദൌര്‍ബല്യത്തിന്റെയും വിധേയത്വത്തിന്റെയും അപകര്‍ഷതയുടെയും സിംബലാണ്. എല്ലാവരും frustration വരുമ്പോള്‍ ഒരു പോലാകണമെന്നില്ല പ്രതികരിക്കുന്നത്. അന്‍സാരി ഏറ്റവും ധൈര്യം പ്രകടിപ്പിക്കുന്ന രംഗങ്ങളെല്ലാം സ്ടോറിനു പുറത്താണ്, ഫോണ്‍ നല്‍കുന്ന അനോണിമിറ്റിയിലാണ്. പിന്നീട് കസ്റ്റമറുമായുള്ള രംഗത്തില്‍ പോലും മുഖത്തടിക്കുന്ന ഉറച്ച ധൈര്യമല്ല, ഒലിച്ചിറങ്ങുന്ന ഒരു നേര്‍ത്ത ധൈര്യമാണയാള്‍ക്കുള്ളത്. 'അതെന്താണ്‌ എന്ന് പ്രേക്ഷകന്‍ ചിന്തിച്ചു കൊള്ളട്ടേ!' അതെ, അതിനെന്താണ് കുഴപ്പം? അന്‍സാരിയുടെ uneasiness കമ്മ്യൂണികെറ്റ് ചെയ്തു കഴിഞ്ഞു. അന്‍സാരി എക്സ്പ്ലോസിവ് വികാരപ്രകടനം നടത്തുന്നത് കാണിക്കുന്നത് ഒരു strong visual image ആണ് . അത് ദൃശ്യഭാഷയെയും കഥാപാത്രവികസനത്തെയും ബാധിക്കും.

  അന്‍സാരി തേജസ്സോടെ ഓടിനടക്കുന്നത് കണ്ടില്ല. കുറച്ചെങ്കിലും മാറ്റം സംഭവിക്കുന്നത്‌ വരെ അയാളുടെ ശരീരഭാഷ ക്ഷീണിതന്റെതാണ്. അന്‍സാരിയുടെ അത്ര പോലും ഭക്ഷണം കഴിക്കാത്തവര്‍ വയര്‍ കുറയുന്നില്ലേ എന്ന് പരാതി പറയുന്നത് നമ്മുടെ നാട്ടില്‍ സാധാരണം. അതിനു വേണ്ടി നോക്കുന്നവരുടെതല്ലാതെ അയാളുടെ 'വയര്‍' ആരുടേയും ശ്രദ്ധ പിടിച്ചു പറ്റുന്നില്ല. ഇത് പോലെ ഉപരിപ്ലവമായ ഒരു സാങ്കേതികത നുള്ളിയെടുത്ത് കഥാപാത്രവുമായി disconnect ആരോപിക്കണോ?

  ReplyDelete
 31. ഞാന്‍ ശരിക്കും പടം ആസ്വദിച്ചു ... മലയാളത്തില്‍ ഇങ്ങനെയുള്ള സിനിമ ഇറങ്ങേണ്ട ടൈം കഴിഞ്ഞു. . നായകനും നായികയും പാട്ടും ഇടിയും നെടുനീള്ളന്‍ ഡയലോഗ് ഒകെ വേണ്ടവര്‍ ഈ പടത്തിന്പോകരുത് .

  ReplyDelete
 32. രാഫിക്കി'ന്റെ ഛായാഗ്രഹണത്തില്‍ പങ്കാളിയായിരുന്ന ജോമോന്‍ ടി. ജോണ്‍ ആദ്യമായി ക്യാമറ ചലിപ്പിക്കുകയാണ്‌ 'ചാപ്പാ കുരിശി'ല്‍. ചില ഫ്രയിമുകളൊക്കെ നന്നെങ്കിലും മൊത്തത്തിലെടുത്താല്‍ ശരാശരിക്കപ്പുറം പോവുന്നില്ല ജോമോന്റെ ഛായാഗ്രഹണം.

  There is a reason for bad photograpy.. film shot with canon 7D DSLR ( still camera with HD movie mode, same case in The Train ) ..

  ReplyDelete
 33. ഈ റിവ്യു തീര്‍ത്തും അടിസ്ഥാനരഹിതമാണ്.ചാപ്പാ കുരിശ് കൊള്ളാവുന്ന സിനിമ തന്നയാണ്. നോണ്‍ ലീനിയര്‍ രീതിയിലാണ് കഥ പറഞ്ഞത്.പുതുമയുള്ള ആഖ്യാന രീതിയും ഉണ്ട്.രമ്യ നംബീശനോടപ്പം ഫഹദ് ഫാസിലും അംഭരപ്പിക്കുന്ന പ്രകടനമാണ് കാഴിച്ചവെചിട്ടുള്ളത്.പ്രേഷകനെ സംപ്രതിപ്പെടുത്തും ഈ സിനിമ.

  ReplyDelete