മാണിക്യക്കല്ല് (Manikyakkallu)

Published on: 5/06/2011 01:37:00 PM
Manikyakkallu: A film by M. Mohanan starring Prithvijraj, Samvritha Sunil etc. Film Review by Haree for Chithravishesham.
ഏറെ ജനപ്രീതി നേടിയ 'കഥ പറയുമ്പോള്‍' എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം എം. മോഹനന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ്‌ 'മാണിക്യക്കല്ല്'. ശ്രീനിവാസനായിരുന്നു ആദ്യ ചിത്രത്തില്‍ രചനയെങ്കില്‍ ഇവിടെ എം. മോഹനന്‍ തന്നെ ചിത്രത്തിനു വേണ്ടി കഥ-തിരക്കഥ-സംഭാഷണ രചന നിര്‍വ്വഹിച്ചിരിക്കുന്നു. സംവൃത സുനിലും പൃഥ്വിരാജുമാണ്‌ ചിത്രത്തില്‍ നായികാനായകന്മാരായി വേഷമിടുന്നത്. നെടുമുടി വേണു, സലിം കുമാര്‍, ജഗതി ശ്രീകുമാര്‍ തുടങ്ങി നീണ്ടൊരു താരനിരതന്നെ ഇവര്‍ക്കൊപ്പം ചിത്രത്തിലുണ്ട്. ഗൗരി മീനാക്ഷി മൂവീസിന്റെ ബാനറില്‍ എ.എസ്സ്. ഗിരീഷ് ലാലാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളിലൂടെ കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്തിലെ അപാകതകള്‍ തുറന്നു കാട്ടുവാനാണ്‌ സംവിധായകന്റെ ശ്രമം.

ആകെത്തുക     : 5.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 3.00 / 10
: 4.00 / 10
: 6.50 / 10
: 3.50 / 05
: 3.00 / 05
ശ്രീനിവാസന്റെ രചനയില്‍ സിബി മലയില്‍ സംവിധാനം നിര്‍വ്വഹിച്ച 'ദൂരെ ദൂരെ ഒരു കൂടു കൂട്ടാം'(‍1986) എന്ന ചിത്രമാണ്‌ സിനിമ കഴിഞ്ഞപ്പോള്‍ പെട്ടെന്ന് ഓര്‍മ്മയിലെത്തിയത്. അതേ മട്ടിലൊരു കഥ തന്നെയാണ്‌ എം. മോഹനന്‍ ഇതിലും പറയുന്നത്. ശോചനീയമായ അവസ്ഥയിലുള്ള ഒരു സര്‍ക്കാര്‍ വക സ്‍കൂള്‍, നായകന്റെ പരിശ്രമഫലമായി മികച്ച ഒരു വിദ്യാലയമായി മാറുന്നു. രണ്ട് ചിത്രങ്ങളിലേയും കഥാപാത്രങ്ങളേയും നമുക്ക് വേണമെങ്കില്‍ ചേരും‍പടി ചേര്‍ക്കാം, അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ മാറ്റങ്ങളുണ്ടെന്നു മാത്രം. സിബി മലയില്‍ ചിത്രത്തില്‍ ചിരിയോടൊപ്പം ചിന്തയുമുണര്‍ത്തുന്ന കുറേയധികം മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ('സാള്‍ട്ട് മാംഗോ ട്രീ'യെന്ന് സാറു പഠിപ്പിക്കുന്നതും, അതു കേട്ട് പാചകക്കാരി ചിരിക്കുന്നതും ഇപ്പോഴും ഓര്‍മ്മയിലില്ലേ?) 'മാണിക്യക്കല്ലി'ല്‍ അത്തരം രംഗങ്ങള്‍ നന്നേ കുറവാണ്‌. പിന്നെ ചില കാര്യങ്ങള്‍ പറഞ്ഞുവെയ്ക്കുന്നുണ്ട്, അതിനായി എഴുതിച്ചേര്‍ത്തിരിക്കുന്ന സംഭാഷണങ്ങള്‍ പലപ്പോഴും ഉപദേശിപ്രസംഗം ആയിപ്പോവുന്നത് ഒരു ന്യൂനതയാണെന്നു മാത്രം. കഥ ഇങ്ങിനെയൊക്കെയെങ്കിലും; ഇതോടൊപ്പം മനസില്‍ തൊടുന്ന ചില രംഗങ്ങളുമുള്ളത് കാരണമായി കാണികള്‍ക്ക് ഒരല്‍പം ഇഷ്ടം ചിത്രത്തോട് തോന്നിക്കൂടായ്കയുമില്ല.

Cast & Crew
Manikyakkallu

Directed by
M. Mohanan

Produced by
A.S. Gireesh Lal

Story, Screenplay, Dialogues by
M. Mohanan

Starring
Prithviraj, Samvrutha Sunil, Nedumudi Venu, Salim Kumar, Jagathy Sreekumar, Muthumani, Suresh Krishna, K.P.A.C. Lalitha, Jagadish, Indrans, Kottayam Nazeer, Anoop Chandran, P. Sreekumar, Anil Murali, Bindu Panicker, Sasi Kalinga, Anil Panachooran etc.

Cinematography (Camera) by
P. Sukumar

Editing by
Ranjan Abraham

Production Design (Art) by
Santosh Raman

Music by
M. Jayachandran

Lyrics by
Anil Panachooran, Ramesh Kaavil

Make-Up by
Mohan Surabhi

Costumes by
Suresh Fitwell

Choreography by
Kala, Dinesh, Sujatha

Banner
Gowri Meenakshi Movies

'അമ്മക്കിളിക്കൂടി'ല്‍ അല്ലെങ്കില്‍ 'പുതിയ മുഖ'ത്തിന്റെ തുടക്കത്തില്‍; ഇതിലൊക്കെ കണ്ട പൃഥ്വിരാജിനെ തന്നെ നമുക്കിതിലും കാണാം, വിനയചന്ദ്രനെന്നാണ്‌ ഇതിലെ പേരെന്നു മാത്രം. കഥാപാത്രമായി മാറുന്നതില്‍ മോഹന്‍ലാലും മറ്റും ആദ്യകാലങ്ങളില്‍ കാട്ടിയിരുന്ന മിടുക്ക് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രങ്ങളില്‍ കാണുവാനില്ല. (ഇപ്പോള്‍ കഥാപാത്രങ്ങള്‍ ലാലായി മാറുകയാണ്‌ എന്നുമുണ്ട്.) നായകനെ ഏകദിശയില്‍ പ്രണയിക്കുക എന്ന ജോലി പല സിനിമകളില്‍ ചെയ്തിട്ടുള്ള സംവൃത സുനിലിന്‌ അതല്ലാതെ എന്തെങ്കിലും ചെയ്യുവാനുണ്ട് ഇതില്‍ ചാന്ദ്‍നിയായി. വാറ്റുകാരനായ പുത്തന്‍ പണക്കാരനെ ജഗതി ശ്രീകുമാര്‍ നന്നായി അവതരിപ്പിച്ചു വന്നെങ്കിലും, ഒടുവിലത്ര വിശ്വസനീയമല്ലാത്ത രീതിയില്‍ അവസാനിക്കുന്നു. നെടുമുടി വേണുവിന്റെ ഹെഡ് മാസ്റ്ററും, ഇന്ദ്രന്‍സിന്റെ ചായക്കടക്കാരനുമെല്ലാം പതിവിന്‍പടി തന്നെ. സലിം കുമാറിന്റെ പ്യൂണ്‍, അനില്‍ മുരളി, കോട്ടയം നസീര്‍, അനൂപ് ചന്ദ്രന്‍ എന്നിവരുടെ അധ്യാപകര്‍; ഈ കഥാപാത്രങ്ങള്‍ മികച്ചു നിന്നു. ജഗദീഷ്, മുത്തുമണി, ബിന്ദു പണിക്കര്‍, ശശി കലിംഗ, പി. ശ്രീകുമാര്‍, സുരേഷ് കൃഷ്ണ, KPAC ലളിത, സായി കുമാര്‍ തുടങ്ങിയവരൊക്കെയാണ് മറ്റു വേഷങ്ങളില്‍. ഇവരെയൊക്കെക്കാളും ചിത്രത്തില്‍ മികവു പുലര്‍ത്തുന്നത്; സ്കൂള്‍ വിദ്യാര്‍ത്ഥികളായി അഭിനയിച്ച കുട്ടികളാണ്‌. തീര്‍ച്ചയായും അവരൊരു നല്ല കൈയ്യടി അര്‍ഹി‍ക്കുന്നു.

വണ്ണാന്മല എന്ന ഗ്രാമത്തിന്റെ പ്രകൃതിഭംഗി, മനോഹരമായ ഫ്രയിമുകളിലാക്കി പി. സുകുമാര്‍ നമുക്കായി ഒരുക്കിയിട്ടുണ്ട്. ദൃശ്യങ്ങളുടെ ഭംഗികൊണ്ടു മാത്രമാണ്‌ പല രംഗങ്ങളും ഗാനങ്ങളും ഇരുന്ന് കാണുവാന്‍ ക്ഷമയുണ്ടാവുന്നത്. സായി കുമാര്‍ അവതരിപ്പിച്ച ഡി.ഇ.ഓ. കഥാപാത്രം വരുന്ന രംഗങ്ങളൊക്കെ രണ്ടാമതൊന്ന് ആലോചിക്കാതെ എടുത്തു കളയാവുന്നതായിരുന്നു. അത്തരം അനാവശ്യ രംഗങ്ങളും, അനാവശ്യ ഗാനങ്ങളുമൊക്കെയായി ചിത്രം സാമാന്യം നന്നായി ഇഴയുന്നുണ്ട്. രഞ്ജന്‍ എബ്രഹാമാണ്‌ ചിത്രസന്നിവേശകന്‍. വണ്ണാന്മല സ്കൂളിന്‌ ഭൗതികമായി ഉണ്ടാവുന്ന മാറ്റങ്ങള്‍ വിശ്വസിനീയമായി കൊണ്ടുവരുവാന്‍ കലസംവിധായകന്‍ സന്തോഷ് രാമന്‍ നന്നായി അധ്വാനിച്ചിരിക്കുന്നു. എന്നിരുന്നാലും വര്‍ഷമേറെക്കഴിഞ്ഞിട്ടും നായകന്റെ അച്ഛന്റെ കല്ലറ ഇന്നലെ കെട്ടിയ മട്ടിലായത് വിചിത്രമായി തോന്നി. കഥാപാത്രങ്ങള്‍ക്കിണങ്ങുന്ന ചമയങ്ങളും വേഷങ്ങളുമായി മോഹന്‍ സുരഭിയും സുരേഷ് ഫിറ്റ്‍വെല്ലും ഒപ്പമുണ്ട്. എം. ജയചന്ദ്രന്‍ ഒരുക്കിയ പശ്ചാത്തലസംഗീതം ചിത്രത്തിന്‌ നന്നായിണങ്ങുന്നു.

അനില്‍ പനച്ചൂരാന്‍, രമേഷ് കാവില്‍ എന്നിവരെഴുതി എം. ജയചന്ദ്രന്‍ ഈണമിട്ട നാലു ഗാനങ്ങളാണ്‌ ചിത്രത്തിലുള്ളത്. പുതുതായി സ്കൂളിലെത്തുന്ന മാഷ് കുട്ടികളുമായി കൂട്ടുകൂടിയാല്‍ ഉടനെയൊരു യാത്ര, ഒരു പാട്ട്; പുതിയ മാഷ് സ്‍കൂള്‍ പെയിന്റടിക്കുന്നു, പാട്ട്; ഈ മാഷിന്‌ കൈയ്യടി കിട്ടിയാല്‍ കാമുകിക്ക് സന്തോഷം, പാട്ട്; ഈ പതിവു രീതികളൊക്കെ ഈ ചിത്രത്തിലും ആവര്‍ത്തിക്കുന്നു. സ്‍കൂള്‍ വൃത്തിയാക്കുമ്പോഴുള്ള പാട്ടു മാത്രം ചിത്രത്തില്‍ ആവശ്യമുള്ളതായുണ്ട്. ശ്രെയ ഗോശാലും രവി ശങ്കറും ചേര്‍ന്നു പാടുന്ന "ചെമ്പരത്തി..." എന്ന പാട്ട് കേട്ടിരിക്കുവാന്‍ കൊള്ളാം. കലയും ദിനേശും സുജാതയും ചേര്‍ന്ന് ഈ പാട്ടിനിടയ്ക്ക് പൃഥ്വിയേയും സംവൃതയേയും ഡാന്‍സ് കളിപ്പിച്ചത് പരമബോറായി. ഷെര്‍ദിന്‍ ആലപിച്ച "നാടായാലൊരു..." എന്ന ഗാനത്തിനൊരു രസമൊക്കെയുണ്ട്. ഈ ഗാനരംഗത്തില്‍ കലയും കൂട്ടരും ചേര്‍ത്തിട്ടുള്ള ചുവടുകളും നന്ന്.

സംവിധായകന്റെ ആദ്യ ചിത്രമായ 'കഥ പറയുമ്പോളു'മായി തട്ടിച്ചു നോക്കിയാല്‍ ഏറെ പിന്നിലാണ്‌ ഈ ചിത്രം. സംവിധായകനെന്ന നിലയില്‍ എം. മോഹനന്‍ പുറകോട്ടു പോയതാണോ, അതോ രചനയില്‍ കൂടി കൈവെച്ചതിന്റെ ഫലമാണോ; ഇതിലേത് കാരണമായാണ്‌ ഇങ്ങിനെ സംഭവിച്ചതെന്നേ സംശയമുള്ളൂ. ഇതു രണ്ടും കാരണമായിക്കൂടെന്നുമില്ല. ഒടുവില്‍ ഗ്രൂപ്പ് ഫോ‍ട്ടോയ്ക്ക് പോസ് ചെയ്യുവാന്‍ എല്ലാവരും കൂടി നായകനെ തേടിവരുന്ന ക്ലൈമാക്സ് രംഗമൊക്കെ കാണുമ്പോള്‍, എങ്ങിനെ ഇതൊന്ന് തീര്‍ക്കണമെന്നറിയാതെ വിഷമിക്കുന്ന സംവിധായകനെ പരിചയപ്പെടാം. പിന്നെ, മലയാളത്തില്‍ ജനപ്രിയതയില്‍ മുന്നില്‍ നില്‍ക്കുന്ന പല ചിത്രങ്ങളും പ്രേക്ഷകരെ വെറുപ്പിച്ചാണ്‌ അവസാനിക്കുന്നതെങ്കില്‍ ഇത് അങ്ങിനെയാവുന്നില്ല എന്നൊരു ആശ്വാസമുണ്ട്. ചാരം മൂടിയ മാണിക്യക്കല്ലുകളാണ്‌ ഇത്തരം സ്‍കൂളുകളിലെ വിദ്യാര്‍ത്ഥികള്‍, അവരെ പൊടിതട്ടി തിളക്കമുള്ളവരാക്കണം; ഗംഭീരമായ ആശയമൊക്കെയാവാം 'മാണിക്യക്കല്ലെ'ന്ന പേരിനു പിന്നില്‍. പക്ഷെ, ആ ഗാംഭീര്യമൊന്നും ചലച്ചിത്രത്തിനില്ല എന്നതുകൊണ്ട് എത്ര നാള്‍ ഈ 'മാണിക്യക്കല്ല്' തിയേറ്ററുകളില്‍ പ്രകാശിക്കുമെന്നേ സംശയമുള്ളൂ!

• നായിക ചാന്ദ്നിക്ക് ജോലി കിട്ടുന്നത് അച്ഛന്റെ മരണശേഷം; പക്ഷെ കളിക്കൂട്ടുകാരനുമായുള്ള കുട്ടിക്കാലം ഓര്‍ത്തെടുക്കുമ്പോള്‍, കൂട്ടുകാരന്റെ അച്ഛന്‍ ഓര്‍മ്മയിലെത്തുമ്പോഴും, സ്വന്തം അച്ഛന്‍ എവിടെയും വരുന്നില്ല! എന്താ കഥ!
• ഇവരുടെ കുടുംബങ്ങള്‍ ഒരുമിച്ചൊരു വീട് പങ്കിടുകയായിരുന്നോ? ഒടുവില്‍ അതിനു മുന്നില്‍ നായകന്റെ അച്ഛന്റെ കല്ലറ, നായികയാവട്ടെ മറ്റൊരു വീട്ടില്‍. അപ്പോള്‍ ആ വീട് ആരുടെയാണ്‌? സിനിമ തീര്‍ന്നാലും കണ്‍ഫ്യൂഷനുകള്‍ തീരുന്നില്ല!
- 'സംവിധായകന്‍ പോലും ഇതൊന്നും ചിന്തിച്ചിട്ടില്ല, പിന്നെ നിനക്കൊന്നും വേറേ പണിയില്ലേ?' കാണികളോടാണ്‌ ചോദ്യം! :-D
--

20 comments :

 1. എം. മോഹനന്റെ സംവിധാനത്തില്‍ പ്രിഥ്വിരാജ് നായകനാവുന്ന 'മാണിക്യക്കല്ലി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  @newnHaree
  Haree
  #Manikyakkallu: Carries a message but dialog become too preachy at times. Somewhat enjoyable. Coming Soon: http://bit.ly/cv-reviews
  6 hours ago via web
  --

  ReplyDelete
 2. ശ്രീനിവാസൻ-സത്യൻ അന്തിക്കാട് ശൈലി സംവിധായകനെ നല്ലപോലെ സ്വാധീനിച്ചിട്ടുണ്ടെന്ന് തോന്നുന്നല്ലോ.. :)

  ReplyDelete
 3. എം മോഹനന്റെ കഥ പറയുമ്പോള്‍ എന്ന ചിത്രവും വളരെ ബോറായിരുന്നു .ആ സിനിമയുടെ വിജയം നെട്ടിക്കുന്നതായിരുന്നു .അതിലെ ആ പാട്ട് ഒഴിച്ചാല്‍ സിനിമ വളരെ ബോറായിരുന്നു .

  ReplyDelete
 4. ഇതൊരു അവിയല്‍ ചിത്രമാണ്‌ .ഹരി സൂചിപിച്ച പോലെ ദൂരെ ദൂരെ-ദൂരെയും ,സിബി മലയില്‍ -ലോഹിതദാസ് ടീമിന്റെ ,മമ്മൂട്ടി അഭിനയിച്ച മുദ്ര എന്ന ചിത്രവും ഒരു മിക്സിയില്‍ ഇട്ടു അടിച്ചിരിക്കുകയാണ് .സ്വന്തം അളിയനായ മലയാള സിനിമയിലെ ഏക ബുദ്ധിജീവി ശ്രീനിവാസന്‍ ആയിരിക്കും കോപ്പിയടി മോഹനനെ പഠിപ്പിച്ചത് .ഉദയനാണു താരം (bow finger -എന്ന ഹോളിവുഡ് ചിത്രത്തിന്റെ കോപ്പി )തീര്‍ച്ചയായും ആത്മ കഥപരവുമാണ് .സിദ്ധിക്ക് -ലാല്‍ തിരക്കഥ എഴുതിയ നാടോടികട്റ്റ് സ്വന്തം പേരിലാക്കിയ ആളാണ് ശ്രീനിവാസന്‍ (സ്റ്റോറി ഐഡിയ -സിദ്ധിക്ക് -ലാല്‍ -ഇന് കൊടുത്തു ).പ്രിയദര്‍ശന്‍ -ശ്രീനിവാസന്‍ ടീമിന്റെ കോപ്പി അടികള്‍ക്ക് കയ്യും കണക്കുമില്ല .ശ്രീനിവാസന്‍ മുമ്പ് ഒരു പീസ്‌ പടത്തിലും അഭിനയിച്ചിട്ടുണ്ട് .നെടുമുടിയാണ് ആ ചിത്രത്തില്‍ നായകന്‍ (ചിത്രത്തിന്റെ പേര് ഓര്‍മയില്ല -മുമ്പ് സുര്യ tv -യില്‍ രാത്രിപടത്തില്‍ കണ്ടതാണ് )

  ReplyDelete
 5. ഹരീ... ഒടുവില്‍ കൊടുത്തിരിക്കുന്ന ആ ചോദ്യങ്ങള്‍ വളരെ ന്യായം. എനിയ്ക്കും തോന്നിയിരുന്നു ഇതേ സംശയങ്ങള്‍. പക്ഷേ, റിവ്യൂ എഴുതുന്ന സമയത്ത്‌ ആ മാനസികാവസ്ഥയില്‍ ഇതൊന്നും ഓര്‍മ്മ വന്നില്ല. :)

  ReplyDelete
 6. ഈ കൂതറ പദത്തിന് 5 രാടിംഗ് കൊടുത്ത തന്നെ സമ്മതിക്കണം.ഒരു അപേക്ഷ ഉണ്ട് . ദയവു ചെയ്തു seniors പോയി കാണരുത്.
  തനിക്കൊന്നും പറ്റിയ പടം അല്ല അത്.
  china townum,ക്രിസ്ത്യന്‍ ബ്രോതെര്സും ഇഷ്ടപെടുന്ന ഞങ്ങളെ പോലുല്ലവര്‍ക്കുള്ള പദമാണ്‌.ഒരു മനുഷ്യന് പോലും വേണ്ടാത്ത സിറ്റി ഓഫ് ഗോടും,മനിക്യകല്ലിനും വേണമെങ്കില്‍ വീണ്ടും പോയി കാണൂ...
  എവിടെ എങ്കിലും ഓടുന്നുന്ടെകില്‍...

  ReplyDelete
 7. @sree-എന്തയാലും താങ്കള്‍ ഹരിയെ സമ്മതിച്ചല്ലോ ,അത് മഹാ ഭാഗ്യം !! താങ്കളുടെ ഉപദേശ പ്രകാരം ഹരി seniors കാണുന്നതല്ല ,എന്ന് മാത്രമല്ല ഏതൊക്കെ പടങ്ങള്‍ ഹരിക്ക് കാണാന്‍ യോഗ്യമാണ് എന്ന് താങ്കള്‍ തന്നെ പറഞു കൊടുത്താല്‍ അതിനു അനുസരിച്ച് കാണുകയും റിവ്യൂ ഇടുകയും ചെയുന്നതാണ് എന്ന് ഇതിനാല്‍ അറിയിക്കുന്നു .ചൈന ടൌണ്‍ ക്രിസ്ത്യന്‍ ബ്രോതെര്സ്‌ എന്നിവ ആസ്വദിച്ച തങ്ങളുടെ ആസ്വാദന മനോഭാവത്തിനു നമോവാകം !!

  ReplyDelete
 8. Senoirs is not a film like Chinatown and Christian Bros.
  Seniors is a good movie..
  unlike CT and CB, Seniors hav a good story,good casting and awesome climax..

  Iam woiting for Hari's Review..

  ReplyDelete
 9. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് നന്ദി.

  മറ്റു ചില തിരക്കുകള്‍ / യാത്രകള്‍ കാരണം 'സീനിയേഴ്സ്' ഇതുവരെ കാണുവാന്‍ കഴിഞ്ഞില്ല. സച്ചി-സേതുവിന്റെ തിരക്കഥ + വൈശാഖിന്റെ സംവിധാനം - വലിയ പ്രതീക്ഷയൊന്നും തോന്നുന്നില്ല. (മറ്റിടങ്ങളില്‍ ഇതിനെക്കുറിച്ച് നല്ലതെന്നും മോശമെന്നും പറഞ്ഞു കാണുന്നു.)
  --

  ReplyDelete
 10. ഹരീ,
  റിവ്യുവിന് നന്ദി. ഞാനും പടം കണ്ടു. പൃഥിരാജ് എന്ന നടനോടുള്ള ഇഷ്ടക്കേട് ഉണ്ടായിട്ടുപോലും റിലീസിംഗിന്‍റെ അന്നു പോയി കണ്ടു. [എന്നുവെച്ച് തുടക്കം മുതല്‍ ഈ നടനെ ഞാന്‍ ഒരുപാടിഷ്ടപ്പെട്ടിരുന്നു എന്നും പറയട്ടെ] എനിക്കും ചില സംശയങ്ങള്‍ തോന്നിയിരുന്നു. കഥപറയുമ്പോള്‍ എന്ന ചിത്രം പോലെ അവസാനം നായകന്‍ മൈക്കിനു മുന്നില്‍ നിന്നു കരയുന്നതുപോലെ ഈ വിനയചന്ദ്രനും കരയുമോ എന്ന്! ഭാഗ്യം അതുണ്ടായില്ല. പിന്നെ ഇത്ര ഉത്തരവാദിത്വമുള്ള ഒരു അദ്ധ്യാപകന്‍ ഒരു മന്ത്രി വരുന്ന പരിപാടി, അതും തന്നെ ആദരിക്കാന്‍ നടത്തുന്ന ഒന്നിനെക്കുറിച്ച് അറിയാതെ, അല്ലെങ്കില്‍ അറിയാത്ത ഭാവത്തില്‍ അഛന്‍റെ കുഴിമാടത്തിനു മുന്നില്‍ നില്ക്കുന്നതും, അയാളെത്തേടി ഒരു സമൂഹം വരുന്നതും കണ്ടപ്പോള്‍ സ്വല്‍പം അസ്കിത തോന്നി. പിന്നെ തോന്നിയത്, പൃഥിരാജ് എന്ന നടന്‍ അഭിനയിച്ചതിനാലാവാം എല്ലാം ’വിനയചന്ദ്രന്‍’ ആണെന്നു തോന്നുന്ന വിധത്തില്‍ ഒരു രീതി. [പോസ്റ്ററുകളിലും അങ്ങനെ കണ്ടുവോ എന്നു തോന്നുന്നു]
  ഒന്നുകൂടി, പ്രേക്ഷകനു മനസ്സിലാവേണമെന്ന രീതിയില്‍ ഒരു നാട്ടിലെ കഥകള്‍, അവിടെത്തന്നെ താമസിക്കുന്നവരോട് അവരറിയാത്ത രീതിയില്‍ സംസാരിക്കുന്ന രീതി ഇനിയും മാറ്റാവുന്നതല്ലേ എന്ന് ഒരു സംശയം! കുറെ സിനിമകളില്‍ കണ്ടിരിക്കുന്നു ഈ വിദ്യ!

  ReplyDelete
 11. സുരാജ് ഇല്ലതു തെന്നെ ഇതിന്റെ പ്ലസ് പൊയിന്റ്

  ReplyDelete
 12. കൂതറ പടം എന്ന വിശേഷണത്തോട് ഞാന്‍ വിയോജിക്കുന്നു .അങ്ങനെ വിശേശിപ്പിക്കുന്നവര്‍ക്ക് കാണാന്‍ പറ്റുന്ന സിനിമകള്‍ ഏതാണെന്ന് കൂടി അറിഞ്ഞാല്‍ കൊള്ളാം.
  വളരെ ലളിതമായൊരു പടമാണ്, അടുത്തകാലത്ത്‌ കണ്ട മലയാളിത്തമുള്ള ഒരു സിനിമ. മലയാള സിനിമയുടെ ഇപ്പോഴത്തെ ശാപം ആയ , 'ഹീറോയിസം ' ഈ പടത്തില്‍ ഇല്ല. അത് വ്യത്യസ്തമാവുന്നു .

  പക്ഷെ ചില അപാകതകള്‍ സംഭവിച്ചിരിക്കുന്നു . ജഗതിയുടെ കഥാപാത്രത്തിന്റെ മാറ്റം ഒരെത്തും പിടിയും കിട്ടാതെ പോകുന്നു .സയിക്കുമാരിന്റെ കഥാപാത്രം എന്തിനാണ് എന്ന് മനസിലായില്ല .ചില പാട്ടുകളും അനാവശ്യതിനായി .ക്ലൈമാക്സ്‌ 'കഥപറയുമ്പോള്‍' പോലെ ഒരു പ്രസംഗത്തില്‍ അവസാനിപ്പിക്കണ്ട എന്ന് കരുതിയാവണം അങ്ങനെ ഒന്നക്കിയത് .പക്ഷെ അത് നന്നായില്ല എന്നാണ് അഭിപ്രായം.

  നായികാ നായകന്മാരുടെ ബാല്യ കാലം അഭിനയിച്ച രണ്ടു പേരും മോശമാക്കി . പക്ഷെ ആ ക്ലാസിലെ ഓരോ കുട്ടികളെയും കുറിച്ച് പറയേണ്ടിയിരിക്കുന്നു .അവിടെ സംവിധായകന്‍ കാണിച്ചത്‌ നല്ലൊരു കാസ്റ്റിംഗ് ആണ് . അവര്‍ ഓരോരുത്തരും മികച്ച അഭിനയം കാഴ്ചവെച്ചു , സുരാജ് ഇല്ല എന്നത് വളരെ നല്ലൊരു പ്ലസ് പോയന്റ് ആണെന്ന അഭിപ്രായത്തോട് യോജിക്കുന്നു .ഒരു സവിധയകനെങ്കിലും പ്രേക്ഷകരുടെ മനസ്സറിയാന്‍ പറ്റിയല്ലോ !!

  ReplyDelete
 13. എന്താണ് സാറെ seniors -ഇന്റെ വിശേഷങ്ങള്‍ ഒന്നും കണ്ടില്ല ?

  ReplyDelete
 14. hariyum selective aayo... paadilla...!!!
  pinne seniors kaanuka... plus and minus equal aayittundu... review udan expect cheyyunnu....

  ReplyDelete
 15. ഹരി സീനിയേര്‍സ് കണ്ടില്ല എന്ന് തോനുന്നു....!!!!

  I am waiting for your review. Atho ippolathe malayala sinimayude oru pokkuvachitte nokkumbol DVDScr irangiytte kaanam enn karuthiyo..???!!! ;-)

  ReplyDelete
 16. ഹൊ! 'സീനിയേഴ്സ്' ഇത്രയും വലിയ തരംഗമാണോ!
  പടമിറങ്ങി രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ എഴുതുവാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എഴുതിയിട്ടും കാര്യമില്ല. മെയ് 20-ന്‌ പുതിയ റിലീസുകളിറങ്ങുമല്ലോ! ഇനി അതൊക്കെ കാണാം.
  --

  ReplyDelete
 17. ഒരു കൊച്ചു ഗ്രാമത്തില്‍ നടക്കുന്ന നന്മയുടെയും, സൗഹൃദത്തിന്റെയും കഥയുമായി പുറത്തിറങ്ങിയ കഥ പറയുമ്പോള്‍ എന്ന സിനിമയ്ക്ക് ശേഷം എം.മോഹനന്‍ സംവിധാനം ചെയ്ത സിനിമയാണ് മാണിക്യക്കല്ല്. പ്രിഥ്വിരാജ് നായകനാകുന്ന മാണിക്യക്കല്ലില്‍ സംവൃത സുനിലാണ് നായിക. ഇവരെ കൂടാതെ,നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ജഗദീഷ്, ഭരത് സലിം കുമാര്‍, സായി കുമാര്‍, ദേവന്‍, നാരായണന്‍കുട്ടി, കൊച്ചുപ്രേമന്‍, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ, കോട്ടയം‍ നസീര്‍, അനില്‍ മുരളി, അനൂപ്‌ ചന്ദ്രന്‍, പി.ശ്രീകുമാര്‍, അനില്‍ പനച്ചൂരാന്‍, എം. ജയചന്ദ്രന്‍, മനുരാജ്, കെ.പി.എ.സി.ലളിത, ബിന്ദു പണിക്കര്‍ എന്നിവരുമുണ്ട്.

  ഗൌരി മീനാക്ഷി മൂവീസിന് വേണ്ടി എസ്. ഗിരീഷ്‌ ലാലാണ് മാണിക്യക്കല്ല് നിര്‍മിച്ചിരിക്കുന്നത്. സംവിധായകന്‍ എം. മോഹനന്‍ തന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടി തിരക്കഥ രചന നിര്‍വഹിച്ചിരിക്കുന്നത്. ഒരിക്കല്‍ നല്ല സംവിധായകനാണെന്ന് തെളിയച്ച മോഹനന്‍ ആ പ്രതീക്ഷ ഒട്ടും തെറ്റിക്കാതെ തന്നെയാണ് മാണിക്യക്കല്ല് ഒരുക്കിയിരിക്കുന്നത്. വണ്ണാമല എന്ന കൊച്ചു ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഹൈ സ്കൂളും, നല്ലവരായ നാട്ടുകാരും ഒക്കെയടങ്ങുന്ന ഒരു കഥപശ്ചാത്തലം. വണ്ണാമല സ്കൂളില്‍ പഠിക്കുന്ന കുട്ടികളാകട്ടെ പഠിക്കാന്‍ വളരെ പിന്നോട്ടും. വല്ലപോഴുമാണ് അധ്യാപകരും, കുട്ടികളും സ്കൂളില്‍ വരാറ് . അങ്ങനെയുള്ള ഒരു സ്ഥലത്തേക്കാണ്‌ വിനയചന്ദ്രന്‍[പ്രിഥ്വിരാജ്] അധ്യാപക ജോലിയുമായി എത്തുന്നത്. ആ സ്കൂളിലെ പ്രധാന അധ്യാപകനടക്കം എല്ലാ അധ്യാപകരും മടിയന്മാരായി കഴിഞ്ഞിരിക്കുന്നു. ഒരു ലക്ഷ്യവുമായിയാണ് വിനയചന്ദ്രന്‍ വണ്ണാന്‍മലയില്‍ എത്തുന്നത്. ആ ലക്ഷ്യത്തില്‍ എത്തുവാനായി വിനയചന്ദ്രന്‍ ആ സ്കൂളിനെയും, കുട്ടികളെയും, അധ്യാപകരെയും, നാട്ടുകാരെയും സ്നേഹത്തിന്റെ ഭാഷയില്‍ നേര്‍വഴിക്കു നയിക്കുന്നു. ഇതാണ് മാണിക്യക്കല്ല് എന്ന സിനിമയുടെ കഥ.

  തിരക്കഥയോട് നീതിപുലര്‍ത്തുന്ന രീതിയിലാണ് എം.മോഹനന്‍ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ഗ്രാമത്തിലെ നന്മ മുഴുവന്‍ മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട് പി. സുകുമാര്‍ എന്ന ചായാഗ്രാഹകന്‍. സമീപകാലത്തിറങ്ങുന്ന വേഗതയുള്ള സിനിമകളുടെ രീതിയിലല്ല ഈ സിനിമയെ സംവിധായകന്‍ സമീപിച്ചിരിക്കുന്നത്.

  പ്രിഥ്വിരാജ് ഉള്ള്പടെ എല്ലാ അഭിനേതാക്കളും മോശമല്ലാത്ത പ്രകടനമാണ് ഈ സിനിമയില്‍ കാഴ്ച്ചവെചിരിക്കുന്നത്. നല്ല ടെക്ക്നിഷ്യന്സും അഭിനേതാക്കളും ഉണ്ടായിട്ടും മാണിക്യക്കല്ല് ഒരു നല്ല സിനിമയാകതിരുന്നത് ഈ സിനിമയുടെ കഥയിലും തിരക്കഥയിലുമുള്ള പോരായ്മകള്‍ തന്നെ. കാണുന്ന പ്രേക്ഷകര്‍ക്ക്‌ അടുത്ത രംഗങ്ങളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന വളരെ എളുപ്പത്തില്‍ മനസിലാകും. പുതുമയുള്ള കഥയല്ലത്തതാണ് ഈ സിനിമയുടെ പ്രധാന പ്രശ്നം. എങ്കിലും ഒരു കുടുംബത്തിനു ആസ്വദിക്കാനുള്ള ചേരുവകള്‍ ഈ സിനിമയിലുണ്ട്.

  അടിയും ഇടിയും, തട്ടിക്കൂട്ട് തമാശകളൊന്നും ഇല്ലാത്ത സിനിമകളും, ലളിതമായ രീതിയില്‍ പറഞ്ഞുപോകുന്ന കഥകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകര്‍ക്കും ഇഷ്ടമാകും മാണിക്യക്കല്ല്.

  ReplyDelete
 18. ഇന്നലെയാണു ഈ പടം കണ്ടത്. കഥയിൽ വലിയ പുതുമയൊന്നും ഇല്ല. ചുമ്മ കണ്ടിരിക്കാം എന്ന് മാത്രം. “ചമ്പരത്തിക്കമ്മലിട്ട് കുപ്പിവളകൊഞ്ചലിട്ട്..” എന്ന് തുടങ്ങുന്ന ഗാനം ഇഷ്ടപ്പെട്ടു. തീരെ ഇഷ്ടപ്പെടാത്തത് ജഗദീഷിന്റെ കഥാപാത്രം കാട്ടിക്കൂട്ടുന്ന അരോചകമായ കോപ്രായങ്ങൾ ആണു.

  ഈ ചിത്രത്തെപ്പറ്റിയുള്ള വിശദമായ വിവരങ്ങളും സോങ്ങ്സ് ലിറിക്സും മറ്റും ഞാൻ M3DB യിൽ [ ഇവിടെ ] ഏഡ് ചെയ്തിട്ടുണ്ട്.

  ReplyDelete
 19. ഈ സിനിമയുടെ ഓരോ സീന്‍ കാണുമ്പോഴും അടുത്ത സീന്‍ എന്താണെന്നു പറയാന്‍ പ്രേക്ഷകര്‍ക്ക്‌ നിഷ്പ്രയാസം സാധിക്കും. അത് ഇതിന്റെ തിരക്കഥയിലെ പോരായ്മ ആണോ സംവിധാനത്തിലെ പോരായ്മ ആണോ എന്നറിയില്ല. പ്രിത്വിരാജിന്റെ കഥാപാത്രം ഓരോ സീനിലും 'സല്‍ഗുണ സമ്പന്നതയും, മാത്രുകാപരതയും, വിജ്ഞാനവും' നിറഞ്ഞു തുളുമ്പി ഒഴുകി നടക്കുന്നത് കൊണ്ട് അരുബോറായി തന്നെ തോന്നുന്നു. പ്രിത്വിയുടെ അഭിനയവും അത്ര മെച്ചമായി തോന്നിയില്ല.

  ReplyDelete